Saturday, March 28, 2009

സാന്ത്വന വെള്ളി

വെള്ളി ഒരു സ്വാന്തനമാണ്

യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത

കര്‍ത്തവ്യ ബോധത്തിന്‍റെ ഉള്‍വിളികള്‍ ഇല്ലാത്ത

ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി .

പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും

ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി .

വിവരം ഇല്ലാത്തവരുടെ വിവരകെടുകള്‍ക്ക്

റാന്‍ മൂളി നില്കെണ്ടാത്തൊരു വെള്ളി .

ടിവി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍

ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .

വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍

വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി .

ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍

അലക്കി വെളുപ്പിക്കേണ്ട വെള്ളി .

ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന

പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .

പൊന്നും പണവും ഇല്ലെങ്കിലും ങ്ങള് വേഗം വന്നാ മതിന്ന

കിളിമൊഴിക്ക് മുന്നില്‍ വാക്കുകള്‍ മുറിയുന്ന വെള്ളി .

നള പാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി

സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാന്‍ ഒരു വെള്ളി.

വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍

തല പൂഴ്ത്തി അലിഞ്ഞില്ലതാകാന്‍ ഒരു വെള്ളി .

വെള്ളി ഒരു അനുഗ്രഹമാണ്

മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്

ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

Thursday, March 26, 2009

ബാല്യമായിരുന്നെങ്കിലും


വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നീ തന്ന പൂക്കളും ,
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയ
ചന്ദന കുറിയും ,
പിന്നെ എനിക്കായ്‌
നീ കാത്തു നിന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുന്നെന്ന്....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ .....

നിദ്രയിൽ എന്നും നീ
കിനാവായ്‌ വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും

ബാല്യമായിരുന്നെങ്കിലും
സ്നേഹമായിരുനെന്ന് ....
വെറുതെ ഞാൻ
ഒന്നു മോഹിച്ചോട്ടെ

Wednesday, March 25, 2009

പാട്ടുകഥ

ഭൂവുടമകളുടെ തലകള്‍ കൊയ്തെടുക്കപ്പെട്ട ശേഷമാണ്,
കമ്യൂണിസ്റ്റ്‌പച്ചയുടെ കമ്പിലിരുന്ന്‌
കണ്ടു മറന്ന മുഖങ്ങളോര്‍ത്തും
തലവിധിയില്‍ ചരിത്രം വരച്ചും
തലകള്‍ ഭൂമിയെ നോക്കികാണുമ്പോള്‍
വിളഞ്ഞ നെല്‍വയലുകളുമായൊരു പച്ചപനംതത്ത
പറന്നുവന്ന്‌ കണ്ണ്‌ കൊത്തിതിന്നാന്‍ തുടങ്ങിയത്.

ആട്ടിയോടിക്കാന്‍ കൈകളില്ലാതെ
തെറിവിളിച്ചാട്ടാന്‍ നാവനങ്ങാതെ
കമ്യൂണിസ്റ്റ്‌പച്ചയിലിരുന്നുണങ്ങി.
ഉണങ്ങികൊഴിഞ്ഞല്ലോ തലകളെന്ന്‌
കാറ്റ്‌ പാട്ടുംപാടി പറന്നുപോയ്‌
നെല്‍ക്കതിര്‍ കൊളുത്തിയ കൊക്കിന്‍ തെറ്റത്ത്‌
ഞങ്ങള്‍ വിതയ്ക്കും വിത്തെല്ലാമെന്ന്‌ കൊഞ്ഞനംകുത്തി
പനംതത്തയും കൂടെപോയി.

പഴയ പാട്ടുകഥയാണത്രെ!

അതിനിടയ്ക്കാണ്‌
ആരുമാരും എഴുതിവെക്കാത്തൊരു കൊല്ലവര്‍ഷത്തില്‍
കോട്ടയം താലൂക്കില്‍ കൂനിച്ചിറയാറ്റിന്‍കരയില്‍
തെക്കുവടക്കേതില്‍ വാസുപിള്ള
അയലത്ത്‌ ഔസേപ്പിന്‌റെ മണ്ണില്‍ തൂമ്പയിറക്കിയതും
മകള്‍ ആലീസിന്‌റെയുള്ളില്‍ വിത്ത്‌ വിതച്ചതും.

മുളച്ചതും,തളിര്‍ത്തതും പറിച്ചുകെട്ടി
കോഴിക്കോട്ടങ്ങാടിക്ക്‌ ബസ്സ്‌ കയറുകയും
നടന്നും കാളവണ്ടി കയറിയും
വയനാടിന്‌ നാടെന്ന്‌ പേരിടുകയും,
എട്ടും പത്തും പെറ്റതിനൊക്കെ
പിന്നേം പലതരം പേര്‌ ചാര്‍ത്തുകയും
കൊത്തിയും കിളച്ചും മറിച്ചും
മലഞ്ചരുവില്‍ തലപെരുക്കുകയും ചെയ്ത കാലക്കേടിലാണ്‌
തല കൊയ്യുന്നതെങ്ങിനെയെന്നൊരു സിനിമാപ്പാട്ട്‌
സി. ഡിയിലായതും,ചുരം കയറിവന്ന്‌
മലയിടുക്കിലും,മഞ്ഞിന്‍മറയിലും
തലയനക്കാന്‍ തുടങ്ങിയതും.

പഴയ പാട്ടുകഥയാണത്രെ!

ഉണങ്ങിക്കരിഞ്ഞു പോയ തലകളാണ്‌
മലകളായതെന്നും
തലകളിരുന്നോര്‍ത്ത കമ്യൂണിസ്റ്റ്‌പച്ചയാണ്‌
മലഞ്ചരുവില്‍ മരങ്ങളായതെന്നും
പിന്നെയും കഥകളുണ്ടത്രെ...

ആര്‍ക്കറിയാം,
കണ്ണ്‌ കൊത്തിതിന്ന പച്ചപനംതത്തയുടെ നിറം?

Tuesday, March 24, 2009

ഇതിനായിരുന്നോ?

നാല് പേര്‍ മേയുന്ന
അവളുടെ മാറില്‍
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.

അതു കണ്ട്
അതിലൊരുവന്റെ കൈയിലെ
പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.

“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”

“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.

ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

Monday, March 23, 2009

ഒരു യാത്രയുടെ അവസാനം.

Sunday, February 22, 2009 ന് പബ്ലിഷ് ചെയ്തത്

----------------------------------------------------


ഒരു അവധിക്ക് 

റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി

മറ്റൊരവധിക്ക്

നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും

ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്


റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എനിക്ക് എന്ത് പണിയാണറിയുക

         ?

ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍

സുപ്രഭാതങ്ങളേ..!

മനസ്സിന്‍റെ ഉള്‍നാട്ടില്‍ ഒരു മഴക്കാലം,തോരാതെ പെയ്തു നില്‍ക്കുന്നു,
തുള്ളികള്‍ താഴാതെ തങ്ങി നില്‍ക്കുന്നു,മഴവില്ലു മായാതെ മങ്ങി നില്‍ക്കുന്നു!

പതിനഞ്ചു സംവല്സരങ്ങള്‍ക്ക് മുന്‍പു ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന മുറ്റങ്ങളും,
ഇന്നെന്‍റെ കയ്കള്‍ക്കലങ്കാരം അക്ഷരം കുത്തിക്കുറിച്ചു പഠിച്ച മുറികളും,
നല്ലതും നല്ലതിന്നുള്ളതും നന്‍മയും കയ്പിടിച്ചെഴുതിച്ച വന്ദ്യഗുരുനാഥരും,
ഇന്നെന്‍റെ കണ്മുന്നില്‍ ഉണ്ടെങ്കിലെന്നു ഞാന്‍ ഏറെക്കൊതിക്കുന്ന കൂട്ടുകാരും,
ഒട്ടേറെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന കളിമുറ്റമാണാ കൊച്ചു കലാലയം!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!
ഒരുകുടം മെത്തുന്ന മാരിക്കണങ്ങളെ തെല്ലും വകക്കാതെ പോന്നകാലങ്ങളേ!
പച്ചക്കു കത്തുന്ന നട്ടുച്ച സൂര്യനെ വെല്ലുവിളിച്ചു നടന്ന ദിനങ്ങളേ!
കു‌കിയും കൂടുകരോത്ത് കൂത്താടിക്കളിച്ചു നടന്ന കഴിഞ്ഞ കാലങ്ങളേ!
എന്നുമെന്‍ ഓര്‍മ്മയില്‍ തോരാതെ പെയ്യുന്ന മഞ്ഞു കണങ്ങളേ ബാല്യകാലങ്ങളേ!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!

അന്നാ വരാന്തയില്‍ ആമണ്‍പരപ്പില്‍, അങ്ങേ തലക്കലുള്ളാ മുളംകൂട്ടില്‍,
ഇങ്ങേ തലക്കലെ കാണാതെ പോയൊരാ രാക്ഷസപ്പാലതന്‍ ശീതലചായയില്;
‍കുട്ടിയും കോലും ഗുസ്തിയും തല്ലും കിളിമാസും അരിയാസും ഏറുപന്തും,
കൂടെക്കളിച്ചവര്‍ കൂടെച്ചിരിച്ചവര്‍ തോറ്റുപിണങ്ങിപ്പിരിഞ്ഞു പോയോര്‍,
കള്ളം കളിച്ചിട്ടു തര്‍ക്കം പറഞ്ഞിട്ടു തല്ല് പിടിച്ചിട്ടു തല്ലുകൊണ്ടോര്‍,
എല്ലാരും ഓര്‍മ്മയില്‍ ഓടിവന്നെത്തുമ്പോള്‍,ഏകനായ് നിങ്ങള്‍ക്കു മുന്നിലീ ഞാന്‍!
ഏകനായ് ഈ മരുക്കാട്ടിലീ ഞാന്‍!

ഈ മരുക്കാട്ടിലെ കാറ്റിന്‍റെ കയ്കളില്‍ മാമല നാടിന്‍ സുഗന്ധമില്ല,
ഈ മണല്‍ക്കാട്ടിലെ മണ്ണിന്നു പൂക്കളെ പെറ്റുവളര്‍ത്താന്‍ മനസ്സുമില്ല!
ക്രൂരനാണിവിടുത്തെ സുര്യനല്ലേ?ക്രൂരനാം സുര്യനെ വെല്ലുവാന്‍ ഇന്നെനിക്കാവതില്ലതിനുള്ള ബാല്യമില്ല!ബാലികാ ബാലകന്‍മാരേ; ബാല്യമുണ്ടെങ്കില്‍;നിങ്ങളാനേറ്റവും ശക്തര്‍! നിങ്ങളാനേറെ സമ്പന്നര്‍!

Sunday, March 22, 2009

പ്രവാസത്തിലെ മൂന്നു വേളകള്‍

നശ്വരം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്:-

1
എന്തിനെന്നറിയാത്ത പരിവേദനത്തില്‍ ‍
എങ്ങുമെത്താത്ത വിദൂരതയില്‍ വെച്ച്
വാക്കുകള്‍ മുറിച്ച് വിട വാങ്ങുമ്പൊഴും
പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?

2
നിര്‍‌വികാരനായി നിരത്തിലൂടെ നടക്കവേ
ഇരയെ തിരഞ്ഞ നിരകളില്‍ നിന്ന്
ഇരച്ചു കയറിയ "ഹൗ ആര്‍ യൂ" വില്‍ ‍
നോവാതിരിക്കാന്‍ കരുതിയപ്പൊഴും
മനസില്‍ കിനിഞ്ഞ രക്തം
പിശാചിന്റേതു തന്നെയല്ലേ..
ഒരു വേള എന്റേതു തന്നെ. . ?

3
ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍ ‍
അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍ ‍
അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?

Saturday, March 21, 2009

*കൊറിയയിലെ അമ്മമ്മേ...

(2007-ല്‍ പ്രമാദം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)
കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിന്റെ മുന്നില്‍നിന്നും
എച്ചിലുകള്‍ എടുത്തുകൊണ്ടുപോകാന്‍
എല്ലാ ദിവസവും പുലര്‍ച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...

എനിക്കുമുണ്ടൊരമ്മമ്മ.

ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.
ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,
എന്നൊക്കെ നോക്കാമെന്നു വിചാരിച്ച്
മുറ്റത്തേക്കിറങ്ങിയാല്‍
ഞാന്‍,അച്ഛന് സിഗ്നല്‍ കൊടുക്കും.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.

ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
--------------------------------------------------------
*കൊറിയയില്‍ പ്രായമായവരാണ് വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. വ്യായാമമോ സേവനമോ ഒക്കെ ആയി പ്രായമായവര്‍ മിക്കവരും പുലര്‍ച്ചെ തന്നെ കൈവണ്ടിയുമായി ഇറങ്ങും.വീടുകള്‍ക്കു മുന്നില്‍ പ്രത്യേകം സഞ്ചികളിലാക്കി വെച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടുപോകും.

ഓണ്‍ലൈന്‍ കവിതാപുരസ്കാരം

പ്രിയരേ,
യുനെസ്കോ ആഹ്വാനം ചെയ്ത ലോക കവിതാ ദിനമായിരുന്നു മാര്‍ച്ച് 21 എന്നറയാമല്ലോ?
കവിതാസംബന്ധമായ വായനയെയും എഴുത്തിനെയും പഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും
പ്രോല്‍സാഹിപ്പിക്കുക എന്നുള്ളതാണ് ഈ ദിനത്തിന്റെ പ്രത്യേകത!

ഇത്തരമൊരു കാവ്യസുദിനത്തില്‍ പ്രവാസകവിതാപ്രവര്‍ത്തകര്‍
'ഓണ്‍ലൈന്‍ കവിതാപുരസ്കാരം' നല്‍കുവാന്‍ തീരുമാനിച്ച വിവരം
സസന്തോഷം അറിയിക്കട്ടെ,

ബ്ലോഗുകളിലോ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, പ്രസിദ്ധീകരിച്ചതോ
അല്ലാത്തതോ ആയ കവിതകള്‍, മലയാളം യൂണിക്കോഡ് ഫോണ്ടില്‍
ടൈപ് ചെയ്ത് ആണ് അയക്കേണ്ടത്!
പ്രാഥമിക തിരഞ്ഞെടുപ്പില്‍ നിന്ന് സ്വീകരിച്ച പതിനഞ്ച് രചനകളെ
വോട്ടിംഗിനായ് 'പ്രവാസകവിതകള്‍' എന്ന ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും
അതോടൊപ്പം പ്രശസ്ത കവികളടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയെ
ഏല്പ്പിക്കുകയും ചെയ്യും.
വോട്ടിംഗില്‍ നിന്നും ജഡ്ജിംഗ് പാനലില്‍നിന്നും കിട്ടിയ മികച്ച
റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ 2008-2009 വര്‍ഷത്തെ മികച്ച അഞ്ച് കവിതകള്‍
തിരഞ്ഞെടുക്കുന്നു.....

നിങ്ങളുടെ സൃഷ്ടികളോ, നിങ്ങള്‍ക്ക് താല്പ്പര്യമുള്ള മറ്റു സൃഷ്ടികളോ അയയ്ക്കാവുന്നതാണ്,
തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കവികള്‍ക്ക് യു.എ.യിലെ ബ്ലോഗര്‍മാര്‍ നല്‍കുന്ന
ആകര്‍ഷകമായ സമ്മാനങ്ങളും പുസ്തകപ്പാക്കറ്റുകളും പുരസ്ക്കാരമായി നല്‍കുന്നതാണ്...
യൂണിക്കോഡില്‍ ടൈപ്പ് ചെയ്തതോ, ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണെങ്കില്‍
പോസ്റ്റ് ലിങ്കോ അയച്ചാല്‍ മതിയാകും.......

രചനകള്‍ അയയ്ക്കേണ്ട വിലാസം : dubaiblogers@gmail.com
അയയ്ക്കേണ്ട അവസാന തിയ്യതി : April 15, 2009

Friday, March 20, 2009

ഒരു എന്‍. ആര്‍. ഐ. കൊളാഷ്

(2003 ജൂലായില്‍ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ച
ഒരു പഴയ കവിത! മണല്‍ക്കിനാവില്‍ നിന്നും...)

ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...

പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...

പ്രവാസിയുടെ മുറി,
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍‌പ്പുറ്റുകള്‍,
പാതിയടഞ്ഞ അടരുകളിള്‍
‍അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍,
കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍.

സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്,
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്...,

ഉണരുമ്പോള്‍ ‍സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്,
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം,
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം.

ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നിനച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,

വീട് :
തരംഗ സ്വീകരണികളുടെ
ആകെത്തുക,
അച്ചന്‍ :
മരുന്നുപുരട്ടിയ ഒരു ചാരുകസേര,
മൈക്രോവേവ് തരംഗ വാഹകയായമ്മ,
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍,
ഒരു ഡയല്‍‌ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി.

എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സം‌ഗനായയവെട്ടിക്കിടക്കുന്നു.
കാട് :
ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......

Wednesday, March 18, 2009

അകന്നുപോയവര്‍

അമ്മ തന്ന ചായപ്പെന്‍സിലെടുത്താണ്
ബാല്യം നിന്നെ കുത്തിവരച്ചിട്ടിരുന്നത്.

യാതനകളിലെന്നെ തനിച്ചാക്കിയകലുമ്പോള്‍
ചൊരിയാന്‍ മറന്ന
വാത്സല്യമെനിക്കേകിയ
നെരിപ്പോടുതിര്‍ത്തത്
ആദ്യകൂടിക്കാഴ്ചയവ്യക്തമാക്കി
നിന്റെ കണ്ണുകളെ
നീറ്റിനിറച്ചവെറുപ്പിന്റെ പുക.

പിടിച്ചുനടത്താന്‍
നിന്‍ വിരലുകളില്ലാതെ
ശാപങ്ങളില്‍
തട്ടിയിടറിവീണബാല്യം
കനലായ് കരുതിയ സ്നേഹം
ഉരുകിയൊലിച്ചപ്പോളും
നിന്നെപൊള്ളിച്ചത്
കാത്തുവച്ച പകയുടെ ചൂട്

ഇന്ന്
ഒട്ടുസ്നേഹിച്ചവരെല്ലാം
ചീന്തിവലിച്ചെറിഞ്ഞ്
വീണുകിടക്കുന്നെന്റെ മനസ്സിനെ
ജീവനോടെ നീറ്റിയെരിക്കുന്നത്
ലാളനകള്‍ കുത്തിക്കീറിതുണ്ടമാക്കി
അവഗണനയില്‍ പൊതിഞ്ഞ്
തിരിച്ചുസമ്മാനിക്കുമ്പോഴും
അളവില്ലാതെയാ മിഴികള്‍
ചൊരിഞ്ഞിട്ട
വാത്സല്യജ്വാലയില്‍
കാലം കാത്തുവച്ചിരുന്ന
ശാപമാകാം.

ഞാനണിഞ്ഞു നടക്കുന്ന
ചിരിയുടെ മുഖം മൂടി
ഒരുനോക്കിലലിയിക്കാനുള്ളഉള്‍ക്കാഴ്ച
നീ നേടിയെന്നയറിവാണ്
കാണാനൊരുപാട് കൊതിക്കുമ്പോഴും
അരികില്‍ വരാതെയെന്നെ
തടഞ്ഞുനിര്‍ത്തുന്നത്.


തീര്‍ത്തും തനിച്ചെങ്ങോ ഇരുന്ന്
ഞാനുതിര്‍ക്കുന്ന
മിഴിനീര്‍ തുള്ളികളൊന്നൊഴിയാതെ
യേറ്റുവാങ്ങുന്നാഹൃദയം
അകലെയീ മകള്‍
സുഖമായിരിക്കുന്നുവെന്നാശ്വസിക്കുന്നുണ്ടാവില്ലെങ്കിലും
അറിയുക

ഒരു കുഞ്ഞു ഞരമ്പുപിടഞ്ഞുതിര്‍ക്കുന്ന
മഴയിലാത്മാവൊഴുക്കാതെ
ഉപ്പുനീര്‍ കുടിച്ചു ദാഹം ശമിപ്പിച്ച്
മുന്നോട്ടിഴയാനെനിക്ക് പ്രേരണ
നിന്റേതടക്കം നാലുമുഖങ്ങളാണ്.

നിന്നെക്കാള്‍
നിസ്സഹായയായ
എന്റെ കയ്യിലിനി
"എവിടെയാണെങ്കിലും
ആര്‍ക്കും ഭാരമാകാതൊരുസുഖമരണമേകിയച്ഛനെയനുഗ്രഹിക്കുക"
യെന്നൊരു
പ്രാര്‍ത്ഥനമാത്രം
ബാക്കി.

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍
നീലനിറത്തില്‍ തന്നെയാവണമെന്നില്ല,
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
രാത്രിയോ പകലോ എന്നില്ലാതെ.

തലകുത്തി നിന്നാലും കണ്ടുകിട്ടില്ല
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
ഒളിച്ചുകളിക്കുന്ന നീല ഞരമ്പുകള്‍

ഉന്‍മാദം പോലെ
സ്വപ്നങ്ങളെല്ലാം ഭ്രാന്തുടുത്ത്‌
അലയാനിറങ്ങുമ്പോള്‍
നിറം കെട്ട ഉടുപ്പുകളിലേക്ക്‌
ശരീരങ്ങള്‍
കുട്ടികളായ്‌ ഓടിയോടി വരും.

കളിപ്പാട്ടങ്ങള്‍ക്കും ബലൂണുകള്‍ക്കും
താരാട്ടിനുമിടയിലൂടെ
ചിതറി മായും.

കാണാതായ കുട്ടികള്‍
പട്ടങ്ങളായി പറന്നേക്കാം
പക്ഷികളോട്‌ കൂട്ടുകൂടിയേക്കാം
മേഘത്തിലൊളിച്ചേക്കാം
മേല്‍ക്കൂരയില്‍ വീണുതറഞ്ഞ്‌
വീടുകളെക്കുറിച്ച്‌ നിലവിളിച്ചേക്കാം.

ആര്‍ക്കറിയാം സ്വപ്നങ്ങള്‍?

Tuesday, March 17, 2009

ശവങ്ങള്‍ പറയുന്നത്



കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.

എന്തിനാണ് ഇനിയും കര ;
പുതിയ ശവങ്ങള്‍ക്ക്
വന്നിരിക്കാനോ .

കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.

എന്തിനാണ് വീണ്ടും
പകല്‍ - കണ്ണടക്കാതെ
ഉറങ്ങി കിടക്കാനോ .

Saturday, March 14, 2009

ഞാന്‍ പഠിച്ചത് പ്രണയമായിരുന്നു...

കോമ്പസ്സിന്റെ ചുണ്ടു
ബെഞ്ചില്‍ കൊത്തിയതും
പേനയുടെ ചോര കടലാസ്സിന്റെ
നെഞ്ചില്‍ വരച്ചതും
'ഞാന്‍ നിന്നെ പ്രേമിക്കുന്നു'വെന്ന് ...

'എ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍'
കറുത്ത പുറത്തില് ‍വെള്ള കൊണ്ടെഴുതിയ
കട്ടി കണ്ണടയുള്ള കണാരന്‍ മാഷ്
എന്റെ കഴുത്തില്‍ പിടിച്ചു പറഞ്ഞു..
' ഇറങ്ങി പോടാന്ന് '....

ജൂണ്‍ തൊട്ടു മാര്‍ച്ച് വരെ
പ്രണയം പൂക്കുന്ന
വാക മരത്തണലില്
‍അവളിരിന്നു കൊഞ്ഞനം കുത്തി ....

മാനം മുട്ടെ വളരേണ്ട
എന്റെ അറിവിന്റെ
പ്രണയ ഗോപുരങ്ങളില്
‍അടിവയറ് കീറി മുറിച്ച
തവളയുടെ നെഞ്ചിടിപ്പ്
ഇന്നും മരണ മണിയായ്‌ മുഴങ്ങുന്നു...

അച്ചടിച്ച അക്ഷര തെറ്റുകള്‍
നിരക്ഷരതയുടെ ഇരുട്ടില്
‍വിവാദങ്ങള്‍ക്ക് കൂട്ടുകിടന്നപ്പോള്
‍പുസ്തകം പൂജക്ക്‌ വെച്ച്
അടുത്ത സിനിമാ പ്പുരയില്
‍പാതിയഴിച്ച മേനി കണ്ടു
കടല കൊറിച്ചു ചിരിച്ചു-
പ്രണയ സ്വപ്നങ്ങള്‍ക്ക് കൊഴുപ്പ്‌ കൂട്ടി

ഏപ്രില്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു.
എനിക്കൊന്നും എഴുതാന്‍ കഴിഞ്ഞില്ല.
കണ്ടിട്ടൊന്നും മനസ്സിലായതുമില്ല.
കാരണം ഞാനെഴുതി പഠിച്ചതെല്ലാം
പ്രണയ ലേഖനങ്ങള്‍ ആയിരുന്നു...

എന്നിട്ടും അഴികള്‍ക്കിടയിലൂടെ
കാമ്പസ് എന്നെ നോക്കി കണ്ണിറുക്കി...!
അവളുടെ നെഞ്ചോടു ചേര്‍ന്ന്‍ മൊഴിഞ്ഞു
'ഞാന്‍ നിന്നെ പ്രേമിക്കുന്നു'വെന്ന് ...!
<>

Friday, March 13, 2009

പ്രവാസി

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

സുഖപ്പെട്ടാലും
മായാത്ത മുദ്ര പേറും
ഭ്രാന്തനെപ്പോലെ..
നാട്ടുകാഴ്ചകളുടെ
പുറമ്പോക്കിലാണു നീയെന്ന്‌
ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നു
ഈ വിളിപ്പേര്‍.

Wednesday, March 11, 2009

ഇന്നത്തെ വാര്‍ത്ത (നാളത്തേയും)



ഇന്നത്തെ മാധ്യമത്തില്‍ കണ്ട വാര്‍ത്ത.

ഇന്നത്തെവാര്‍ത്ത (നാളത്തേയും)


ഇനിയും വാര്‍ത്തകള്‍
വരും പോകും.
ആ വാര്‍ത്തകള്‍ കൂട്ടി
നമ്മള്‍ പ്രാതല്‍ കഴിക്കും.
ഉള്‍ പേജുകളില്‍ കൂടുതല്‍
പീഡന വാര്‍ത്തകള്‍ക്കായ്
കണ്ണുകള്‍ തിരയും.
കാറ്റത്തു പൊന്തുന്ന
കുഞ്ഞുടുപ്പില്‍
കണ്ണുകള്‍ തിളങ്ങും.
ഒരു മുറിക്കു പുറത്ത്
അച്ഛന്‍ കാവല്‍ നില്‍ക്കും
അടുത്ത ഊഴക്കാരനോട്
വില പേശി.
വളരുന്ന മകളില്‍
നടക്കുന്ന സ്ക്രീനിംഗില്‍
ഒരു നായികയെക്കണ്ട്
അമ്മ മനക്കോട്ടകള്‍ കെട്ടും.
സഹോദരന്റെ
ഹൃദയമിടിപ്പ് കൂടും.
അദ്ധ്യാപകന്റെ
ഉറക്കം കെടും.
വേട്ട നായ്ക്കള്
കൊതി പൂണ്ട് നടക്കും.

മൂന്നിലും
തൊണ്ണൂറിലും
നീ പെണ്ണ് തന്നെ.

പെണ്ണായിപ്പിറന്നാല്‍
കുഞ്ഞേ...
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

കാലന്‍ മഴ..

ദ്രവിച്ച മേല്‍ക്കൂരപ്പുറത്തെ
ശീഘ്രഗതി പൂണ്ട
സുരതത്തിനൊടുവില്‍
തുള വീണ ചരുവത്തില്‍ വീണു
തുള്ളിപ്പാടിയ മഴത്തുള്ളി...,

നടുഭാഗം പോയൊരു
പഴം പായുടെ ചൂട് നക്കിത്തുടച്ച്
കാല്‍മുട്ടുകള്‍ക്കിടയില്‍
തലകുരുങ്ങിപ്പോയ
പോളവീര്‍ത്ത രാത്രി.....,

വറ്റിയ മുലഞെട്ടില്‍
ചോര നനച്ചു നുണയ്ക്കുന്ന
പൊള്ളിക്കുടുത്ത നാക്കിനെ
കൊത്തിവലിച്ച് കൊണ്ടു പോകാന്‍
വട്ടമിട്ടാര്‍ക്കുന്ന മഞ്ഞപ്പനി....,

മുറ്റത്തെ കറുത്ത വെള്ളത്തിലോ
ചത്തുമലച്ച് കിടപ്പുണ്ട്
ചാറ്റലിറ്റിയ നേരത്ത്
കൂക്കി വിളിച്ച് തുള്ളിയൊരു
പാവം കടലാസു വഞ്ചി...

പൊട്ടിയൊഴുകി കുത്തിപ്പാഞ്ഞിട്ടും
കനലുകെടാത്ത കൈവഴികളില്‍
വിറപൂണ്ട വിരലോടിച്ച്,
ജന്മങ്ങളോ മൂക്കളയും കുടിച്ച് കാത്തിരിക്കുന്നു.....,
പുഴ നീന്തി അക്കരെപോയ
ചുമ തുരന്ന ചങ്കിന്റെ ഉടയോനെ...!! .
..........
ഈ നാശം പിടിച്ച മഴയൊന്നു തീര്‍ന്നിരുന്നെങ്കില്‍....

Thursday, March 5, 2009

Blogmeet Dubai @Zabeel Park

മുഖമില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍, നിറഞ്ഞ ചിരിയുടെ സൗഹൃദ സാന്നിദ്ധ്യമായി മാറുന്നതിന്റെ
ഊഷ്മളമായ ജൈവീക സമാഗമമായിരുന്നു ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ യു.എ.ഇ. മീറ്റ് ഫെബ്രുവരി!!!!!

മീറ്റിനെകുറിച്ചുള്ള വിശദമായ ഫോട്ടോകളും റിപ്പോര്‍ട്ടുകളും താഴെയുള്ള ലിങ്കുകളില്‍കൂടി കാണാവുന്നതാണ്...
മീറ്റിനിടയിലെ ചില രസകരമായ നുറുങ്ങുകളും ചിത്രങ്ങളും നിങ്ങള്‍ക്കായി പങ്കു വെക്കുന്നു.....



"ഉപ്പാ, ഉപ്പാ​‍..., എന്റുപ്പാനെക്കണ്ടോ?"
ബിരിയാണി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍
ഒരു കുഞ്ഞു പയ്യന്‍ ഇങ്ങനെ ചോദിച്ചുകൊണ്ടാണ്
അവിടേയ്ക്ക് വന്നത്!!!

"നിന്റുപ്പാന്റെ ബ്ലോഗിന്റെ പേരു പറയടാ, എന്നാലേ ആളെ മനസ്സിലാവൂ,"
കോഴിക്കാലില്‍ മിഷന്‍ ഫെബ്രുവരി - 20, ഓപ്പറേഷന്‍ നടത്തുന്ന
ഏറനാടനാണ് കാലില്‍ നിന്ന് ചുണ്ടെടുത്ത് അങ്ങനെ ചോദിച്ചത്...

"തറവാടി"

ദി സ്മാര്‍ട്ട് യംഗ് ബോയുടെ ഉത്തരം ഉടനെ വന്നു...
"ആഹാ തറവാടിയുടെ മോനാ...അപ്പം നിനക്കും കാണുമല്ലോടാ ഒരു ബ്ലോഗ്!?
നിങ്ങള്‍ സകുടുംബ ബ്ലോഗേഴ്സല്ലേ"

ഏറനാടന്‍ കത്തിക്കറയുന്നു....

"നീയെവിടാ? നിന്നെ ഞാന്‍ എവിടെയൊക്കെ തിരക്കി, വാ വന്ന് ബിരിയാണി കഴിക്കാം.."

വല്യമ്മായി കുഞ്ഞുവാവയായ ബ്ലോഗറെയും എടുത്തുകൊണ്ട് കടന്നു വന്ന് അവനെയും കൊണ്ട് പോകുന്നു...


"നിനക്കറിയണോ? കഴിഞ്ഞയാഴ്ച ഞാന്‍ ഒരുറക്കത്തിനിടയില്‍ അര്‍ദ്ധരാത്രി ഉണര്‍ന്നെണീറ്റാണ്
അച്ചന്‍ എന്ന പുതിയ കവിതയെഴുതിയത്!!!!!"
ദോഹയില്‍ നിന്ന് ദുബായിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ
കവി, രാമചന്ദ്രന്‍ വെട്ടിക്കാട്ട് തിരക്കിനിടയിലും മീറ്റിനെത്തി തന്റെ സൃഷ്ടിയെക്കുറിച്ച്
വാചാലനാകുന്നു....

"ശിവേട്ടാ, നിങ്ങള്‍ 'കൂട്ട'ത്തില്‍ മാത്രം പോസ്റ്റാതെ ചിലപ്പോഴെങ്കിലും ബ്ലോഗിലും കവിതകള്‍ പോസ്റ്റണേ....
ഈയുള്ളവന്റെ അപേക്ഷയെ ശിവപ്രസാദ്/മൈനാഗന്‍ എന്ന പ്രിയ കവി ഇങ്ങനെ പ്രതിവചിച്ചു :
"ബ്ലോഗ്സ്പോട്ട് എന്ന സൈറ്റ് തന്നെ കമ്പനി സെര്‍‌വറില്‍ ബ്ലോക്ക് ചെയ്തതാ!! ഇനി എന്നാണാവോ
'കൂട്ടം'ബാന്‍ ചെയ്യുന്നത് അതു വരെയുണ്ടാകും ഈ പോസ്റ്റിംഗ്....

അള്‍ട്രാസര്‍ഫ് എന്ന പ്രോക്സിയ്ക്ക് വൈറസിനോടുള്ള ആഭുമുഖ്യത്തെ നീരസത്തോടെ കാവലാന്‍
ഓര്‍മ്മിപ്പിക്കുന്നു..സെര്‍വര്‍ കേടുവരുത്തിയതിന്റെ കലിപ്പ് ഇപ്പോഴും മാറിയിട്ടില്ല...

അമേരിക്കയില്‍ അനോണി ബ്ലോഗര്‍മാര്‍ക്കുള്ള പ്രസക്തിയെക്കുറിച്ച് മുന്‍പിലിരിക്കുന്ന
ബ്ലോഗേഴ്സിനോട് കൈപ്പള്ളി വാചാലനാകുന്നുണ്ട്....
"നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ഭായ്, നിന്റെ ബ്ലോഗില്‍ നാളെമുതല്‍ അനോണിമാരുടെ ഭരണിപ്പാട്ടാകും"
എന്ന് എന്റെ തൊട്ടുമുന്‍പിലുള്ള ബ്ലോഗര്‍ ആത്മഗതിച്ചത് ഇവിടെ എഴുതാതെ തരമില്ല..

"വീട് കൊടകരയില്‍ ജോലി ജെബലാലിയില്‍ ഡെയ്‌ലി പോയി വരും"
എന്ന് വിശാലമനസ്ക്കന്റെ പുത്തന്‍ പാജിറോയുടെ റിയര്‍ഗ്ലാസില്‍ വെളുത്ത നെടുങ്കന്‍
അക്ഷരത്തില്‍ എഴുതിവെച്ചതു കണ്ട്,
"ഇതു മലയാളത്തില്‍ അസ്സല് തെറിയാണെന്ന് പറഞ്ഞ് നിന്നെ ഞാന്‍ സി.ഐ.ഡി.യെക്കോണ്ട്
കസ്റ്റഡിയിലെടുപ്പിക്കും"
എന്ന് വിരട്ടിയത് മറ്റാരുമല്ല.... നമ്മടെ സ്വന്തം കാവലാന്‍ തന്നെ!!!!

അതിനിടയിലാണ് ആ ഫ്ലാഷ് ന്യൂസ് തേങ്ങാ മുതലാളി 'സുല്‍'സ്ക്രോളിംഗ് ചെയ്തത്!!!
ഏറനാടന്‍ മുഖ്യ വേഷത്തിലഭിനയിച്ച "മണല്‍ക്കാറ്റ്" എന്ന ടെലിഫിലിമിന്റെ
സി.ഡി. അബുദാബി പോലീസ് പിടിച്ചെടുത്തത്രേ!!!
എന്തിനാണെന്നല്ലേ?....
ഏതുവിധ മൂന്നാം പ്രയോഗത്തിലും സത്യം പറയാത്ത പെരുങ്കള്ളന്മാര്‍ക്ക് ഈ
ഫിലിം രണ്ടു തവണ കാട്ടിക്കൊടുത്താല്‍
"സാറേ, ഞങ്ങള്‍ക്ക് ഇനിയും ഈ സില്‍മ കാട്ടിത്തരല്ലേ സാറന്മാരേ...
നിങ്ങളെന്തുപറഞ്ഞാലും ഞങ്ങള്‍ സമ്മതിച്ചോളാം... അല്ലെങ്കില്‍ ഞങ്ങളുടെ തല വെട്ടിക്കൊന്നോളൂ...
എന്നാലും ഈ സിനിമ ഇനിയിടരുതേ" എന്ന് നിലവിളിച്ച് എല്ലാം തുറന്ന് സമ്മതിക്കുമത്രേ!!!

ഈ സി.ഡി.യുടെ കൂടുതല്‍ കോപ്പികള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങി മറ്റ് എമിറേറ്റ്സിലെ
ക്രൈം ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുകൂടി എത്തിച്ചുകൊടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നുണ്ടത്രേ...
(ഏറനാടാ എനിക്ക് ജാമ്യം, ഞാനല്ല, സുല്ലാണ് പറഞ്ഞത്!)

പ്രിയാ ഉണ്ണികൃഷ്ണന്റെ 'പ്രയാണം'എന്ന കവിതാസമാഹാരം നോക്കി
'പ്ര...ണ...യം...' എന്ന പേര് തെറ്റിവായിച്ച കുറുമാനെ നോക്കി
ബിരിയാണിയും കോളയും മിക്സ് ചെയ്ത് അടിച്ചാല്‍ ഇങ്ങനെ ഫിറ്റ് ആകുമോ?
എന്ന് അനോണി കമന്റിട്ടത് ആരെന്നറിയുമോ?.....

ലാപുടയുടെയും വിഷ്ണുമാഷിന്റെയും ലീലാ.എം. ചന്ദ്രന്റെയും പുസ്തകങ്ങള്‍ ബാക്കിയായപ്പോള്‍,
ഒരു ഫ്ലാസ്കില്‍ ചായയും മറ്റൊരുപാത്രത്തില്‍ കടല വറുത്തതുമായി,
'അഞ്ച് ദിര്‍ഹത്തിന് ഒരു ബുക്ക് വാങ്ങിയാല്‍ ഒരു ഗ്ലാസ് ചായയും നാല് മണിക്കടലയും
ഫ്രീ' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പുസ്തകവിതരണം ഏറ്റെടുത്ത കിച്ചുച്ചേച്ചിയെ
പ്രോല്‍സാഹിപ്പിച്ച്, " കടന്നു വരൂ 'നിലവിളികള്‍' വാങ്ങുമ്പോള്‍ വളയിട്ട കൈയ്യാല്‍ ചായ ഫ്രീ"
എന്ന് ചേച്ചിയെ പ്രോല്‍സാഹിപ്പിച്ചത് കൈതമുള്ള് മാഷ് തന്നെയായിരുന്നില്ലേ...?

ചുമയുണ്ടോ? അതിനിതാ ബെസ്റ്റ്! രണ്ട് വീതം മൂന്ന് നേരം ഇത് കഴിച്ചാല്‍ മതി
എന്ന് ഹരിയണ്ണന്‍ വിഷ്ണുമാഷിന്റെ കുളം+പ്രാന്തത്തിയുടെ കോപ്പി കൊടുത്ത്,
ഫാര്‍മസിയില്‍ ഇരിക്കുന്ന ഓര്‍മ്മയില്‍ മാറിപ്പറഞ്ഞത് ചിരി പടര്‍‌ത്തിയെന്ന് ആരോ നുണ
പറഞ്ഞതാണ്...
സലാലയില്‍ നിന്ന് വിശാഖ് ശങ്കര്‍ ബസ്സ് വഴി കൊടുത്തു വിട്ട വിഷ്ണുമാഷിന്റെ
പുസ്തകങ്ങളുടെ കോപ്പിയ്ക്കു വേണ്ടി ഹരിയണ്ണന്‍ കാത്തു നിന്നതോര്‍ക്കുമ്പോള്‍...!!!!

"ലിബിയയില്‍ ജനിച്ചതുകൊണ്ടാണോ കഥാകാരന്‍ സിമി ഫ്രാന്‍സിസ് ഇങ്ങനെ തടിച്ച് ഇരുണ്ടു
പോയത്"
എന്ന് സംശയം ചോദിച്ചപ്പോള്‍ മിണ്ടാണ്ടിരിയെടോ എന്ന് ഞാന്‍ കാലില്‍ ചവിട്ടിപ്പറഞ്ഞതാരോടാണ്..?


നിരര്‍ത്ഥകമായ ബുദ്ധിജീവി ചര്‍ച്ചകളോ സീനിയര്‍ ബ്ലോഗര്‍മാരുടെ
ജാഡാവിലാസങ്ങളോ ഇല്ലാതെ
ഒത്തൊരുമിച്ച് തളം കെട്ടി നിന്ന ഒരു സ്വപ്നതടാകം പോലെ
വശ്യവും സുന്ദരവുമായിരുന്നു 2009 ലെ ആദ്യ ബ്ലോഗ് മീറ്റ്..
എണ്‍പതിലധികം ഘടാഘടിയന്മാരായ ബൂലോഗ പുലികള്‍ ഒത്തു ചേര്‍ന്ന
ഈ മഹാമാമാങ്കം എല്ലാംകൊണ്ടും ഇതുവരെ നടത്തിയതില്‍ വെച്ച്
വിശാലവും അവിസ്മരണീയവുമാണെന്ന് സ്മരിക്കാതെ വയ്യ!!

ആദ്യാവസാനം വരെ ഓടി നടന്ന് മീറ്റിനുവേണ്ട എല്ലാ സൗകര്യങ്ങളും
ചെയ്ത സീനിയര്‍ ബ്ലോഗര്‍മാരായ ദേവേട്ടന്‍, അപ്പു, വിശാലമനസ്കന്‍, അഗ്രജന്‍
സിദ്ധാര്‍ത്ഥന്‍, കൈപ്പള്ളി തുടങ്ങി ഒട്ടനവധി പേര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ
കൂടി വിളവെടുപ്പാണിതെന്ന് പറയാതെ വയ്യ...!
അസാന്നിദ്ധ്യം കൊണ്ട് നിറസാന്നിദ്ധ്യമായ ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യേച്ചി, തണല്‍ തുടങ്ങി
ഒട്ടനവധി ബ്ലോഗര്‍മാരുടെ ഓര്‍മ്മകള്‍ മൊബൈല്‍ കോളുകളിലൂടെ പങ്കിട്ടെടുത്ത് അവരെയും
വേദിയിലേക്ക് ഓര്‍മ്മപ്പെടുത്തിയതോടെ നിറഞ്ഞ മനസ്സുകളുടെ കൂടിച്ചേരല്‍
അവിസ്മരണീയമായ അനുഭവമായി മാറി...!

യൂറൊപ്പിലെ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമായി
ഐ.ടി. ജോലി ഉപേക്ഷിച്ച് ദുബായിലെ ഊഷരതയിലേക്ക്
കുടിയേറിയ വരവൂരാന്റെ ഷാര്‍ജ്ജയിലെ ഫ്ലാറ്റിനു മുന്നിലൂടെയാണ്
ഈയിടെയായി ദിവസവും പോയി വരാറുള്ളത്...
തൊട്ടടുത്തുള്ള ഈയവതാരത്തെ ഈ മീറ്റില്ലെങ്കില്‍ ഇങ്ങനെ കാണാനും
അടുത്തറിയുവാനും കഴിയുമായിരുന്നോ?

നസീര്‍ കടിക്കാട്, നജൂസ്, മൈനാഗന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, വരവൂരാന്‍, പകല്‍ക്കിനാവന്‍, സുല്‍
തുടങ്ങി പ്രതിഭാധനരായ കവികളാലും സമ്പന്നമായിരുന്നു ഈ കൂട്ടായ്മ എന്ന് പറയാതെ വയ്യ,
കൊടകരപുരാണത്തിന്റെ മുതലാളി വിശാലമനസ്ക്കനെ കുടുംബസമേതം കാണാന്‍ സാധിച്ച നിറഞ്ഞ സന്തോഷം
പുതു ബ്ലോഗര്‍മാരും മറച്ചു വെച്ചില്ല....

ഹൃദ്യമായ വാചാലതയില്‍ പ്രിയങ്കരരായി കുറുമാനും കൈപ്പള്ളിയും
താരതമ്യേന പക്വമാര്‍ന്ന നിശബ്ദദതയാല്‍ ശ്രേഷ്ഠനായ് സീനിയര്‍ ബ്ലോഗര്‍ രാജീവ് ചേലനാട്ടും
നിറഞ്ഞു നിന്നപ്പോള്‍, കൈതമുള്ള് മാഷും അഞ്ചല്‍ക്കാരനും സജീവ സാന്നിദ്ധ്യമായി
ഓടി നടന്നു.....
പേരോര്‍മ്മയില്‍ നില്‍ക്കാത്തതും ഒറ്റപ്പരിചയപ്പെടലില്‍ പച്ചകത്താതെ നില്‍ക്കുന്ന
പുതിയ ബ്ലോഗര്‍മാരാലും, ബ്ലോഗ് രംഗത്ത് ഇപ്പോള്‍ സജീവ സാന്നിദ്ധ്യമാകാത്തതും
എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ബ്ലോഗിംഗ് തുടങ്ങിയ ആചാര്യന്മാരാലും സമ്പന്നമായ
വേദിയില്‍ കൊച്ചു കുഞ്ഞുങ്ങളുടെ ചടുല സാമീപ്യവും ഹരം പകര്‍ന്നു...

പതിവു പല്ലവി പ്രകാരം വെള്ളിയാഴ്ച ബ്രഞ്ചിനാണ് ഉണരുക...
ഇത്തവണ അലാറം വെച്ച് ഏഴുമണിക്കുണരുമ്പോള്‍
ഈന്തപ്പനംപട്ടകളില്‍ നിന്ന് മഞ്ഞുതിര്‍ന്ന് തുടങ്ങിയിട്ടില്ലായിരുന്നു...
തണുപ്പുകാലത്തിന്റെ നിത്യസന്ദര്‍ശകരായ,
കഴുത്തില്‍ കറുപ്പു രാശി കലര്‍ന്ന,
വെണ്മയാര്‍ന്ന കടല്‍ക്കാക്കകളുടെ വെള്ളച്ചിറകുകളിലേക്ക്
ഉദയം പടരുന്നതേയുണ്ടായിരുന്നുള്ളൂ...

ഷാര്‍ജ്ജ കോണ്‍കോര്‍ഡ് സിനിമയ്ക്ക് മുന്നില്‍ കാത്തു നിന്ന
'കാവലാ'നുമൊന്നിച്ച് തൊട്ടടുത്തുള്ള
പാര്‍ത്ഥന്‍ ചേട്ടന്റെ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴേക്ക്
ആവി പറക്കുന്ന സാമ്പാറും ഇഡ്ഡിലിയും ചട്നിയും,
മേമ്പൊടിയായ് ഞാലിപ്പൂവന്‍ പഴവും റെഡിയാക്കിവെച്ചിട്ടുണ്ടായിരുന്നു,
പാര്‍ത്ഥന്‍ ചേട്ടന്റെ ശ്രീമതിയും ബൂലോഗരുടെ പ്രിയ കവിയിത്രിയുമായ ചന്ദ്രകാന്തം!!!

പാര്‍ത്ഥന്‍ ചേട്ടന്റെ കാറില്‍ സബീല്‍ പാര്‍ക്കില്‍ എത്തിയതിനു ശേഷമുള്ള
ദൃശ്യ വിസ്മയങ്ങല്‍ ഫോട്ടോഗ്രാഫിയുടെ കുലപതികളായ മറ്റു ബ്ലോഗര്‍മാരുടെ
പോസ്റ്റുകളിലൂടെ ഇനിയും കാണാന്‍ തുടങ്ങുന്നതേയുള്ളൂ....

വിലകൂടിയ ക്യാമറകളും ലെന്‍സുകളുമായി ഒക്കെ എത്തിച്ചേര്‍ന്ന
പാര്‍ത്ഥന്‍, അപ്പു, ദേവേട്ടന്‍, വിശാലന്‍, കൈപ്പള്ളി, അനില്‍ശ്റീ, പകല്‍ക്കിനാവന്‍
തുടങ്ങിയവരുടെ പോട്ടത്തിനിടയില്‍ എന്റെ ഈ ചെറിയ കനോണില്‍ പതിഞ്ഞ
വികലമായ ചിത്രങ്ങള്‍ വെറുതേ ഇതോടൊപ്പം ചേര്‍ക്കുന്നു!
ഒരു മനസ്സമാധാനത്തിന്!!!






മഹോല്‍സവത്തിന്റെ വേദി, സബീല്‍ പാര്‍ക്ക് ദുബായ്





വഴി, ഇതിലേ നടന്ന് ഫസ്റ്റ് റൈറ്റ് എടുത്തോളൂ...





On Road....




ബ്ലോഗര്‍മാരായെലെന്താടോ? ഒന്നിറങ്ങി തള്ളിത്തന്നൂടെ ട്രാഫിക് ബ്ലോക് ആവുന്നത് കണ്ടില്ലേ?....
breakdown on the way...





തറവാടിയ്ക്ക് ചായ കിട്ടിയോന്നാര്‍‌ക്കറിയാം (വല്യമ്മായിയും സംഘവും)





വിശാല മനസ്ക്കനും വിശാല മനസ്ക്കിയും
വിശാല മനസ്ക്കിനി ജൂനിയേഴ്സും...




പകല്‍ക്കിനാവനും കിനാവിനിയും കിനാവാവയും





"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"






"വീട് കൊടകരയില് ജോലി ജബലലീല്, ഡെയ്‌ലി പോയി വരും"
ബ്ലോഗ് ഡിസ്ക്രിപ്ഷന്‍ വിശാലന്റെ വണ്ടിയിലും...




ഈ ഭൂമീന്ന് പറഞ്ഞത് ഉരുണ്ട ഒരു ഗോളമാണ്!!!!
കൈപ്പള്ളിയുടെ കത്തി....





കാവലാനാണോ കനലാണോ കൂടുതല്‍ ഉയരം...




ഞാന്‍ സമീഹ, ഇന്നെന്റെ പ്രോഗ്രാം കൈരളി ടി.വി. യിലുണ്ടേ
കാണാന്‍ മറക്കരുത്...




ഫോട്ടം കിടിലനായിരിക്കണം, അല്ലെങ്കിലതിന് മെനക്കെടരുത്





അത്തള പിത്തള തവളാച്ചി....
(ഇതതല്ല പോട്ടം പിടിക്കുന്നതാ)




ഞാന്‍ പാര്‍ത്ഥന്‍ ഗാണ്ഢീവം എന്ന ബ്ലോഗിന്റെ മൊയ്ലാളി...





ഇതിന്റെ ഓരോ അഡ്ജസ്റ്റ്മെന്റുകള്...ഓട്ടോ ഫോക്കസാ ഗഡീ നല്ലത്..




രണ്ട് സുന്ദരന്മാരോടൊപ്പം........
സാല്‍ജയോടും ഉഗാണ്ടയോടുമൊപ്പം...




ഡേയ് പുസ്തകത്തിന്റെ കാശ് തന്നിട്ട് പോഡേയ്..




ഇങ്ങനൊന്നും ആയാല്‍പ്പോരാ, ഗൗരവപരമായ ചര്‍ച്ചകളും നടക്കണ്ടേ?

പാര്‍ത്ഥന്‍, രാജീവ് ചേലനാട്ട്, ഷംസുദ്ധീന്‍....





ഉണ്ണിയപ്പം ....




മാഷേ 'പരോളൊ'ന്ന് കാണിച്ച് തര്വോ?...
സങ്കുചിതന്‍ പരിചയപ്പെടുത്തുന്നു.......




കല്യാണമിങ്ങനെ നീണ്ടതോണ്ടല്ലേ!!!!
അല്ലെങ്കില്‍ ഞാനും ഇങ്ങനെയൊരു കുഞ്ഞാവയെയും കൊണ്ട് വരുമായിരുന്നില്ലേ...
അടുത്ത മീറ്റാവട്ടെ കാട്ടിത്തരാം.... ഉഗാണ്ട രണ്ടാമന്റെ കുണ്ടിതം.!!!!!




ഈ വിഷ്ണു മാഷൊരു സംഭവം തന്നെ
എന്തായാലും 'കുളം + പ്രാന്തത്തി ഒന്ന് വാങ്ങിയേക്കാം)
യൂസുഫ്പയുടെ ചിന്തകള്‍..




ഈ ടെന്റിന്റുള്ളില്‍ കേറി രണ്ടെണ്ണം വീശിയാലോ?.
അഗ്രജന്‍ വലിയാനുള്ള പ്ലാനില്‍





പ്രിയ കവി നസീര്‍ കടിക്കാട്, മൈനാഗന്‍, രാമചന്ദ്രന്‍ എന്നിവരോടൊപ്പം.....






'ചിലന്തി'ക്കെങ്ങനെ ചിലവുണ്ടോ സിമീ?
ഒരു കോപ്പി ഫ്രീയായി എനിക്കു തര്വോ കൈയ്യൊപ്പിട്ട്.....
രാജീവ് ചേല്ലനാട്ട് സിമി ഫ്രാന്‍സിസിനോട്..





ഇങ്ങനൊന്നും ആയാ ശരിയാവൂലെടീ, നമുക്കും ഓരോ ബ്ലോഗ് തുടങ്ങണം....
എന്നാലേ ഇവരുടെയിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ...





ഈ കത്തി കേട്ടെന്റെ നടുവൊടിഞ്ഞു....





ദോഹയിലോട്ട് വരുമ്പൊ വിളിക്കണം...
രാമചന്ദ്രന്‍ വെട്ടിക്കാട്ടും അഞ്ചല്‍ക്കാരനും...ഏറനാടനും





ഇതൊന്ന് തീര്‍ത്തിട്ട് വേണം അടുത്ത ഫോട്ടോയെടുക്കാന്‍...
ഫോട്ടോഗ്രാഫര്‍ കൂടിയായ ഷംസുദ്ധീന്‍





കശ്മലന്‍ ഒരു നാണോമില്ല, ഒരു മുണ്ടുടുത്തൂടെ?...
അഗ്രജന്‍ മരത്തിന് മുണ്ടുടുപ്പിക്കുന്നു...!





ഒരു പപ്പടം കൂടി തര്വോ? കരീം മാഷിന്റെ വിഷമം





ആ വെള്ളം മുഴുവനും കുടിച്ചോ വിശാലേട്ടാ അടുത്ത പോസ്റ്റിടാനുള്ളതാ....





ഹൗ, മുളക് കടിച്ചെന്നാ തോന്നണേ....





മധുരം, ശ്ശി കുറവുണ്ടോ?....
ബ്ലോഗര്‍ കിച്ചു, അണ്ടര്‍ ക്വാളിറ്റി കണ്ട്രോള്‍ ടെസ്റ്റ്....





ആ വടം കിട്ടിയാല്‍........ ഒന്ന് വലിക്കാമായിരുന്നു....





പഞ്ഞിമുട്ടായി, പഞ്ഞിമുട്ടായിയേ.... ഇടവേള...





അല്പ്പം കോണ്‍ ആയാലോ?





ഇന്നലെ രാത്രി ഇത്രേ അടിച്ചുള്ളൂ..ന്നിട്ടും മണം വരുന്നുണ്ടോ?
കൈതമുള്ള് മാഷ്, രാമചന്ദ്രന്‍ ശിവപ്രസാദ്/മൈനാഗന്‍






അതേയ് കിലുക്കാം പെട്ടീ ഞങ്ങളിവിടെ തകര്‍ക്കുകയാ....
ശിവേട്ടന്‍, രാമചന്ദ്രന്‍, മീ, ഹരിയണ്ണന്‍, കൈതമുള്ള് മാഷ്...





എന്റെ പോട്ടം ഒറ്റക്കിടുത്താല്‍ മതി : പൊതുവാള്‍




കൈപ്പള്ളിയേക്കാള്‍ വല്യ ലെന്‍സെന്റമ്മോ!!!!!





ഹരിയണ്ണന്‍ കനല്‍ വിശാലന്‍ ഞാന്‍....





ഇതു കിടിലനായിരിക്കും!!!
ശിവേട്ടന്‍, കുറുമാന്‍, വിശാലന്‍, സിദ്ധാര്‍ത്ഥന്‍, സിമി....





ഞാന്‍ മൈനാഗന്‍...





ആരുവാടേ കൂടുതല്‍ ചുള്ളന്‍?
ഉഗാണ്ട രണ്ടാമന്‍ ഏറനാടന്‍





നമുക്കീ വാരഫലം ഇനി ദിവസഫലമാക്കിയാലോ?
അനില്‍ശ്റീയും ....അഞ്ചല്‍ക്കാരനും...





പുസ്തകവില്പ്പന.....




പുസ്തകവില്പ്പന.....




എന്റെ ക്യാമറ വലിച്ചെറിഞ്ഞ് ഞാനീ നാടു തന്നെ വിട്ടു പോകേണ്ടി വരും
ഇതിനിടയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല...കട്ടായം...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും
ഇവിടെയും കാണാം

യു.എ.യിക്ക് പുറത്ത് ആയിപ്പോയ മറ്റു ബ്ലോഗേഴ്സിനും.....
(ആഗ്നേയ, ബിന്ദു കെ.പി., ഉഷേച്ചി, ചന്ദ്രകാന്തം, അതുല്യ, തണല്‍....തുടങ്ങി ഒട്ടനവധി)

പിന്നെ ഈ ഭൂലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന എല്ലാ 'ബൂലോഗ' സൗഹൃദങ്ങള്‍ക്കും
ഈ മീറ്റ് സമര്‍പ്പിക്കുന്നു....

പനിപിടിച്ച് അവധിയെടുത്ത് വീട്ടിലിരിക്കുന്നതിനിടയിലാണ്
മീറ്റിന്റെ വിവരമറിഞ്ഞത്.
പങ്കെടുക്കാന്‍ കഴിയുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല!!!
ചില സൗഹൃദങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് മീറ്റിനെത്തിയത്...
ഇപ്പോള്‍ മനസ്സിലാക്കുന്നു...
പങ്കെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ഒരുപക്ഷേ ഏറ്റവും വലിയ
നഷ്ടമാകുമായിരുന്നു ഇത്.....