Thursday, April 16, 2009

ബലി തര്‍പ്പണം...

ദിഗന്തങ്ങള്‍ ഭേധിക്കുമാറുമുച്ചത്തില്‍
ഇടി മുഴക്കം തുടരുന്നു വാനില്‍
മിന്നല്‍ പിണര്‍ അശനി പാതമായി
പിതാവിന്‍റെ ദുഖം മഹാമാരിയായി..

ഇരുളിന്‍റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
ഹിംസ്ര ജന്തുക്കള്‍ .പിറന്നു വീഴുന്നു
അമ്മെ മഹാകാളി മന്ത്രം ജപിച്ച്..
ശിരസുകളെല്ലാം അരിഞ്ഞു തള്ള‌ുന്നു..

വാളും ചിലമ്പും ചുഴറ്റിച്ചുഴറ്റി
കോമരം തുള്ളുന്ന കാവിലെയമ്മേ..
നെഞ്ഞു പിളര്‍ന്നു ചുടു ചോരക്കായി
നാവു നീട്ടി നാട് തെണ്ടുന്നതെന്തേ

വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു

നെഞ്ഞില്‍ കടും തുടിത്താളം തുടങ്ങി
പ്രാണന്‍ പറിഞ്ഞു പോകുന്ന പോലെ..
കണ്ണുകള്‍ അഗ്നി ഗോളങ്ങളായി
ഉരുകിയൊലിക്കും ലാവയായ്‌ മാറി

കോടി മുണ്ടില്‍ ഉറക്കിക്കിടത്തി
വായ്ക്കരിയിട്ടു തെക്കൊട്ടെടുത്തു..
കത്തിയമരും ചിതയിലെ ചാരം
ബലിക്കാക്കയായ് ഉണര്‍ന്നെണീക്കുന്നു

ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..
ബലി തര്‍പ്പണത്തിന്ന് മുങ്ങിക്കുളിച്ച്
ഈറനുടുത്തു കൈ കൂപ്പി നിന്ന്

ഓരിലപ്പുവ്വും എള്ളും വിതറി
ഓര്‍മകളൊക്കെയും ഉരുളയുരുട്ടി..
മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്‌
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..

ഗോപി വെട്ടിക്കാട്ട് .

4 comments:

Sureshkumar Punjhayil said...

മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്‌
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..
Athrayenkilum ullathuthanne bhagyamalle... Nannayirikkunnu. Ashamsakal...!!!

പകല്‍കിനാവന്‍ | daYdreaMer said...

ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..

നന്നായി..

ചിന്തകന്‍ said...

“വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു“

വികാരം വിചാരത്തെ കീഴടക്കുമ്പോള്‍
ചെയ്യുന്നതെല്ലാം ശരിയെന്നു തോ‍ന്നും..


കവിത നന്നായിരിക്കുന്നു. ആശംസകള്‍.

കറിവേപ്പില said...

പറഞ്ഞതിലേറെയറിയാന്‍ കൊതിച്ചു
അറിഞ്ഞതിലേറെ പറയുന്നതെങ്ങനെ ...?

നന്നായി..വളരെ നന്നായി..!