കരയരുത് നീയിനി കരയരുത്
കടലുകള്‍ നിന്‍ കണ്ണീരിന്‍
ഉപ്പു ഏറ്റു വാങ്ങുമെന്ന്
കരുതരുത് ...
അവയ്ക്കുണ്ട് മറ്റു ധര്‍മ്മങ്ങള്‍
എന്നത് മറക്കരുത് .
ചിരിക്കരുത് ...
അത് ഭ്രാന്തിന്‍റെ തുടക്കവും
ഒടുക്കവുമെന്നു വിധിയെഴുതാന്‍
കച്ചകെട്ടിയ വമ്പന്‍ ഭ്രാന്തുകളിവിടെ
കാത്തിരിക്കുന്നു ... മറക്കരുത് ...
മിണ്ടരുത് ...
നിന്‍ വാക്കുകള്‍
തേനില്‍ മുക്കിയ വിഷമെന്നും
വിഷം പുരട്ടിയ ശരമെന്നും
വിലപിക്കുവാന്‍ തൂലികകള്‍
ഉറക്കമിളയ്ക്കുന്നു .
എന്നിട്ടും ,
നിന്‍ മിഴികള്‍ വരണ്ടുണങ്ങുന്നതു വരെ
ചിരിച്ചു കൊണ്ടു നീ പുലമ്പുന്നുവോ ..
നിന്‍ ഭാഷണങ്ങള്‍ പതിച്ച കര്‍ണ്ണങ്ങള്‍
കണ്ണ് ചൂഴ്ന്നെടുക്കപ്പെടുന്ന കുരുന്നുകളുടെ
നിലവിളികള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നുവോ ...?
അറിയാ തീരത്തെവിടെയോ
ഉപ്പു പരലുകള്‍ തിരയുന്നുവോ
ആ വിരലുകള്‍ ..?
ചക്രവാളങ്ങള്‍ മൌനം പാലിക്കുന്നത്
നിന്‍ തേങ്ങലുകള്‍ക്ക് കാതോര്‍ക്കാനെന്നോ ...
ചിറകടിച്ചു പറന്നകലുന്നത്
മോക്ഷം തേടുന്ന ആത്മാക്കളെന്നോ ...
അപ്പോഴും ,
മുന്നിലും പിന്നിലും എന്നിലും
നിറയുന്ന ശൂന്യതയില്‍ മുഴങ്ങുന്നത്
നിന്‍ പ്രഭാഷണങ്ങളല്ലോ
എങ്ങും പ്രതിധ്വനിക്കുന്നതും അവയല്ലോ ...
അരുതുകള്‍ ഒത്തിരി ..
എന്നിട്ടുമെന്തേ ഇന്നു നീയെനിക്കു
നല്‍കിയീ മഹാ ശൂന്യത ..?
കാലമേ നിയതമാം നിന്‍ വഴിക്കു നീ പോകവേ
കഥയറിയാതെ ആട്ടം കാണുവോര്‍ ഞങ്ങള്‍
പിന്നാലെയും...
നമ്മെ ബന്ധിപ്പിക്കുവാന്‍
കാലപാശവും ...
2 comments:
Aruthukalallathathenthenkilum undo.... Nannayirikkunnu... Ashamsakal...!!!
കഥയറിയാതെ ആട്ടം കാണുവോര്‍..
Post a Comment