Tuesday, May 19, 2009

ഓര്‍‌ക്കാപ്പുറത്ത്

പറഞ്ഞു കേട്ടതാണ്

ഓര്‍‌ക്കാപ്പുറത്താണത്രെ,
ചെത്തുകാരന്‍ ഭാസ്കരന്‍
തെങ്ങില്‍ നിന്നു വീണ്
നട്ടെല്ലൊടിഞ്ഞ് കിടപ്പിലായത്
ചൊണിയന്‍ മുസ്തഫ
കൂട്ടുകാരന്റെ ഭാര്യയേയും മക്കളേയും കൊണ്ട്
ഒളിച്ചോടിയത്
കാറ്റിലും കടലേറ്റത്തിലും പെട്ട്
മന്ദലാംകുന്നിലെ വീടുകള്‍ കാണാതായത്.

അങ്ങിനെയൊക്കെ തന്നെയാണ് ഇപ്പോഴും

ഓര്‍‌ക്കാപ്പുറത്ത്
ആലിക്കുട്ടിക്കാടെ ആകെയുള്ള ആണ്‍‌തരി
കാശ്മീരിലേക്ക് വണ്ടി കയറും
ഒരു തീവണ്ടി പൊട്ടിത്തെറിക്കും
കണ്ണൂര്‍‌ക്കുള്ള ബസ്സ് തെറ്റി,ചുറ്റിത്തിരിഞ്ഞ്
സതീശന്‍ കൊച്ചിയില്‍ അറസ്റ്റിലാവും
പത്തുസെന്റിലെ അമ്മിണിയുടെ ചെക്കന്‍
മനയ്ക്കലെ പറമ്പും
മേനോന്മാരുടെ കണ്ണെത്താത്ത പാടവും
വാങ്ങിക്കൂട്ടും.

ഓര്‍ക്കാപ്പുറത്തിങ്ങനെ ഇരുന്നിരുന്ന്
പേടിയാവുന്നു,
താഴേക്കൊന്നിറക്കി തരാമോ?
നിലം തൊടാനാണ്
മണ്ണില്‍ ചവുട്ടി നടക്കാനാണ്.

11 comments:

നസീര്‍ കടിക്കാട്‌ said...

ഓര്‍ക്കാപ്പുറത്ത്

Sabu Kottotty said...

ഓര്‍ക്കാപ്പുറത്തു തന്നെയാണ്‌ ഇതു വായിച്ചതും...

Junaiths said...

സംഭവിച്ചേക്കാം...

വരവൂരാൻ said...

താഴേക്കൊന്നിറക്കി തരാമോ?
നിലം തൊടാനാണ്
മണ്ണില്‍ ചവുട്ടി നടക്കാനാണ്

ഇഷ്ടപ്പെട്ടു. മനോഹരം

sHihab mOgraL said...

touching .. :)

Ranjith chemmad / ചെമ്മാടൻ said...

തൊട്ടറിയുന്നത്,
വരികളിലൂടുറഞ്ഞുകൂടി
ഉള്ളില്‍ ചിനക്കുന്നു.....

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍ക്കാപ്പുറത്ത് ആണ് വന്നതും വായിച്ചതും ഇഷ്ടമായതും.. :)

സന്തോഷ്‌ പല്ലശ്ശന said...

വെട്ടിയിട്ട തലപോലെ മുറിച്ചു വച്ച തലച്ചൊറു പോലെ വായനക്കരണ്റ്റെ പാതി ഉരുക്കിച്ചേര്‍ത്തു വേണം നസ്സീറിണ്റ്റെ കവിത വായിച്ചു തീര്‍ക്കാന്‍.

നല്ല ഒരു സംവേദന ശീലം വേണം ഈ കവിതകളെ ഉള്‍ക്കൊള്ളാന്‍ അതുകൊണ്ട്‌ തന്നെ ഈ കവിതകള്‍ മുന്നുവട്ടം വായിച്ചിട്ടും എണ്റ്റെ വായന ചില വരികാളീല്‍ തന്നെ ഉടക്കി നില്‍ക്കുന്നു നസീറെ...കലക്കീട്ടോ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇപ്പോള്‍ ഓര്‍ക്കാപ്പുറത്തെ സഞ്ചാരം കൊണ്ടാവാം ഒന്നും ഓര്‍ക്കാപ്പുറത്തെ സംഭവങ്ങളാകാത്തത്.
അതു കൊണ്ടാവാം, ഒരു മൂന്നു വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്ത ഒന്നാം പേജില്‍ വായിച്ചുകൊണ്ട് ചൂട് ചായ ഊതിക്കുടിച്ച് നിസ്സംഗതയോടെ അടുത്ത താളിലെ സിനിമാ പരസ്യം നോക്കുന്നത്.

ഇതില്‍ പറയാതെ പറയുന്ന രാഷ്ട്രീയമുണ്ട്.

Sureshkumar Punjhayil said...

Athuvenda.. Avideyirikkunnathanu utham. Nannayirikkunnu. Ashamsakal..!!!

Ranjith chemmad / ചെമ്മാടൻ said...

ഓര്‍ക്കാപ്പുറത്തെ ഇരുട്ടടികളാണ് നിന്റെ വരികള്‍!