Tuesday, July 7, 2009

അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.

ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.

കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.

***

8 comments:

താരകൻ said...

കവിത ഒരു ചില്ലുജാലകത്തിലൂടെയുള്ളകാഴ്ചയാവണമെന്നു ശഠിക്കുന്നില്ല.പക്ഷെ വാക്കുകൾ സാൻഡ്ഗ്ലാസ് പോലെ വായനക്കാരന്റ് കാഴ്ച അവ്യക്തമാക്കിയാലെന്തു ചെയ്യും.ഇനിയും ഒന്നു കൂടി വായിച്ചു നൊക്കുകതന്നെ എന്നിട്ട് ഫൈനൽ ഒപ്പിനിയൻ പറയാം

പാമരന്‍ said...

"കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം." കൊള്ളുന്നുണ്ട്‌. പഴുക്കുന്നുണ്ട്‌.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട് ശിവേട്ടാ.

khader patteppadam said...

കവിത കണ്ടു. സംഭ്രമജനകം എന്നു പറയാം.ലാളിത്യത്തിന്റെ സുവര്‍ണ്ണ സ്പര്‍ശം ഇല്ലാതെ പോയി.

Sureshkumar Punjhayil said...

Apamanithanavuka, maranathullyavum.... !

Manoharam, Ashamsakal...!!!

ഗൗരി നന്ദന said...

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.

പരമകഷ്ടമാണ് കവികളുടെ കാര്യം!

അതേട്ടോ...ശിവേട്ടാ..പരമ കഷ്ടം തന്നെ....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

kollaam ... pakshe kure thavana vaayikkendi vannu,,ente arivu kuravaakaam ..

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എല്ലാ സ്നേഹിതര്‍ക്കും നന്ദി