Tuesday, July 7, 2009

അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.

ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.

കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.

***

1 comment:

ഒരു നുറുങ്ങ് said...

ഒരു ജീവന്‍ മരക്കുരിശിലേറിയതും
പിടയാതെപോയതുമാ ആണിയറിഞ്ഞീല
തെരുവോരത്ത് വീണുപിടയുന്ന മന്നന്റ്റെ
രോദവേദനകളറിയുമോ,ബോംബിനുള്ളില്‍
തുരുമ്പെടുത്തൊരീ മുനകൂര്‍ത്തൊരാണി...