Friday, April 9, 2010

രാധാവിരഹം

അറിയാതെയാകാശപ്പൊയ്കയെപ്പാര്‍ത്തപ്പോള്‍
രാധേ നിന്‍ കരിമിഴി കവിഞ്ഞതെന്തേ?
കാര്‍മേഘജാലങ്ങള്‍ നീന്തിയ ചേലിനാല്‍
കാര്‍വര്‍ണ്ണന്റെ ലീലകളോര്‍ത്തുപോയോ?
കരളില്‍ കദനകാളിന്ദിയൊഴുക്കിയവന്‍
മഥുരയ്ക്കു പോയിട്ടിന്നേറെയായില്ലേ?
മുകുന്ദപാദങ്ങളാടിയ വൃന്ദാവനിയിലിന്നു
മൂകത മാത്രം കളിയാടി നില്പ്പൂ
കടമ്പിലെ ഭാഗ്യമറ്റ പുതിയ പൂക്കള്‍
വനമാലി കാണാതെ വെറുതേ കൊഴിയുന്നു
ഗോകുലവും ഗോപികളും വിരഹാര്‍ത്തരെങ്കിലും
നിന്‍ മുഖപങ്കജമുലഞ്ഞേറെ വാടിയല്ലോ
കൂന്തലില്‍ ചന്തത്തില്‍ മയില്‍പ്പീലി ചൂടാനും
മുരളീനാദം കേട്ടു മാറില്‍ മയങ്ങാനും കൂടെ -
കാലിയെ മേയിച്ചു മേടുകളിലോടാനും
സാധിച്ച നീ തന്നെ പുണ്യവതിയോര്‍ക്കുകില്‍ .
ദേവകളുമൊരുനോക്കു കാണുവാന്‍ മോഹിക്കും
നവനീതചോരന്റെ ബാല്യം കവര്‍ന്നു നീ.
ദുഷ്ടനിഗ്രഹം സാധുസംരക്ഷണം ധര്‍മ്മസംസ്ഥാപനം
ഭൂവില്‍ കണ്ണനു കര്‍മ്മങ്ങളേറെയേറെ
യമുനയിലോളങ്ങള്‍ നുരയാതിരിക്കില്ല
യാദവമനം നിന്നെയോര്‍ക്കാതിരിക്കില്ല.
ആര്‍ദ്രമാം ശ്രീകൃഷ്ണമേഘത്തിനാകുമോ നീയാ-
മേകാന്ത താരകം പുണരാതിരിക്കുവാന്‍ ?

2 comments:

Junaiths said...

രാധേ നിന്നിലേക്കുള്ള കവിതകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കവിതയുടെ ഓളങ്ങൾ തിരതല്ലും അലകൾ...
നന്നായിട്ടുണ്ട് ഉണ്ണി.