യൗവനത്തില്‍ എനിക്ക് പച്ച ജീവന്റെ തുടിപ്പായിരുന്നു
അന്ന് തിരക്കിനെ ത്യജിച്ചു നീയെന്നെ പുല്കാന് വെമ്പി
എത്ര പെട്ടെന്നാണ് നീ എന്നിലേക്കടുത്തത്
പക്ഷെ എന്നെ പ്രാപിച്ച ക്ഷണത്തില്‍
ഒരു പെണ് ചിലന്തിയുടെ ദുഷ്ടതയോടെ
നീ നിഷ്കരുണം ഓടി മറഞ്ഞു
ഒരിക്കല്‍...
എന്റെ തൊട്ടരികെ വന്ന്
ദൃഷ്ടി തരാതെ
വശം തിരിഞ്ഞു പോകുന്നതും ഞാനറിഞ്ഞു
നീയെപ്പോഴും ചിരിച്ചു കൈവീശി പോയി
പക്ഷെ ഒരിക്കലും എന്നെ കാത്തുനിന്നില്ല
ശരിക്കും നിന്റെ ഇഷ്ടം കപടമായിരുന്നോ?
എന്റെ പച്ചപ്പു ക്ഷണികമാണെന്നു തിരിച്ചറിഞ്ഞു...
പതുക്കെ എന്റെ അസ്ഥികള്‍ പഴുത്തു മഞ്ഞച്ചു
ഞാന്‍ മരിക്കുമെന്നുറപ്പായപ്പോള്‍
അതിവേഗത്തില്‍ നീയെന്നെ കടന്നു പോയി
പരിഭവമില്ല… എന്നാലും, മനസ്സിലൊരു വിങ്ങല്‍
നിന്നെ അനുഗമിച്ച അയല്‍ക്കാരിപ്പെണ്ണ്
സ്വല്പം താമസിച്ചു പോയിരുന്നു
ഞാന്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന നേരത്താണ്
അവള് ഇതുവഴി വന്നത്
അതുകൊണ്ട് ആസന്നമരണനായ എന്നെ
ചവുട്ടിക്കടക്കാന്‍ വയ്യാതെ
ശപിച്ചു കൊണ്ട് അവള് കാത്തു നിന്നു
ഏറ്റവും ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു ഞാന്‍ തളര്‍ന്നു
എന്റെ ശരീരം ചുവപ്പു ചോരയില്‍ കുളിച്ചു
അങ്ങനെ ഞാന്‍ മരിച്ചു...
അസഹിഷ്ണുക്കളായ നിന്റെ ബന്ധുക്കള്‍
എന്റെ ശവം എടുക്കാന്‍ അക്ഷമരായി
പക്ഷെ നീ ഒരു നോക്കു കാണാന്‍ വന്നില്ല
എന്നാലും എനിക്കു പരിഭവമില്ല
പിന്നെ ഞാന്‍ പുനര്‍ജനിച്ചപ്പോള്‍
എന്റെ അനുഭവങ്ങള്‍ എനിക്കെന്നോട് പറയണമെന്നുണ്ട്
പക്ഷെ മരിച്ചു ജനിച്ച ആത്മാക്കള്‍ക്ക് ഓര്‍മ്മകളില്ലല്ലോ
അതുകൊണ്ട് ഇനിയും നിന്നെ കാത്ത് ഞാന്‍ പച്ചയായി...
3 comments:
ട്രാഫിക് ലൈറ്റിനു ഇത്രയേറെ പറയാനുണ്ടെന്ന് ഇപ്പൊ മനസ്സിലായി. ഒന്ന് ചിന്തിച്ചാല്‍ ഒരു പാട് സത്യങ്ങള്‍ ഇതില്‍ കാണാന്‍ കഴിയുന്നു. തികച്ചും വ്യത്യസ്തമായ ഒരു വിഷയം കവിതയ്ക്ക് പ്രമേയമാക്കിയ കവി ഭാവനയെ അഭിനന്ദിക്കുന്നു.
പച്ചമുതൽ ചൊകല വരെ !
പച്ചയും മഞ്ഞയും ചുവപ്പുമുള്ള ട്റാഫിക് ലൈറ്റ് നന്നായി പ്രകാശിചു.പച്ചയുടെ പ്രതീക്ഷകളും മഞ്ഞയുടെ മുന്നറിയിപ്പുകളും ചുവപ്പിന്റെ അപകടങ്ങളും നന്നായി പ്രതിപാതിച്ചിരിക്കുന്നു. ആദ്യമായിട്ടാണു താങ്കളുടെ രചന വായിക്കുന്നത് . അഭിനന്ദനങ്ങള്‍.
Post a Comment