Thursday, September 2, 2010
പിന്നെയും യാചനയോ? - മമ്മൂട്ടി കട്ടയാട്.
(ഒരു പഴയ കവിത / രണ്ടായിരത്തിയൊമ്പത് ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളെക്കുറിച്ച് ഒന്നും പറയുന്നില്ല എന്ന പരാതിക്ക് ഒരു വിയോജനക്കുറിപ്പ്)
പിന്നെയും യാചനയോ?
മമ്മൂട്ടി കട്ടയാട്.
ചോദിക്കുവാൻ മടിച്ചിട്ടാണു നാമേറെ
യാതനയേകും പ്രവാസം വരിച്ചത്.
യാചിക്കുവാൻ കഴിയാത്തതു കൊണ്ടാണ്
മോചനം തേടിയലഞ്ഞു തിരിഞ്ഞത്.
എന്നിട്ടു വന്നീ മരുപ്പച്ചയിൽ നിന്നു-
മന്നത്തെയന്നത്തിനായ് വേർപ്പൊഴുക്കവേ,
പിന്നെയും പിന്നെയും കൈനീട്ടി നാമിര-
ക്കുന്നതിലെന്തോരപാകത കാണുന്നു.
ആശ്രയമന്യേ ഭുജിക്കുവാനും പൂർണ്ണ
സ്വാശ്രയാനായിക്കഴിയാനുമുള്ള നി-
ന്നാശകൾക്കെന്തേ പ്രവാസ ബന്ധൂവിന്ന്
ശോഷണം വന്നുവോ, ഭൂഷണമല്ലത്.
* * * *
അകലെയിന്ദ്രപ്രസ്ഥമതിലൊന്നിനുപവിഷ്ഠ-
നാകിയ ധനമന്ത്രിയാറു മാസം കൊ-
ണ്ടുരുക്കിയുണ്ടാക്കിയ ബഡ്ജറ്റിലൊന്നിലും
പേരിനു പോലും പ്രവാസികളില്ലത്രെ!!
കക്ഷി രാഷ്ട്രീയങ്ങളെല്ലാം മറന്നൊരു
കക്ഷിയായ് മാറിയിരുന്നു വിലപിക്കു-
മക്ഷമരായൊരെൻ ചങ്ങാതിമാരോ-
ടപേക്ഷിച്ചു ഞാനുമന്നെല്ലാം പൊറുക്കുവാൻ.
എന്തിനാധി നമ്മളന്യ ജാതിയൊന്നു
പൂതി വെക്കാൻ പോലുമില്ലനുമതി
സമ്മതി ദാനവു(1)മസ്തിത്വവും കൂടി
നമ്മൾക്കയിത്തമാണീ ഭൂമിയിൽ
അകിടു ചുരത്തിയ പാലുപോലിന്നുനാം
തിരികെ മടങ്ങുവാൻ കഴിയാഥനാഥരായ്
ഏവരും പിഴിയുന്ന കറവപ്പശുക്കളാ-
യവസാനമറവിനു നൽകുന്ന മാടുമായ്.
ഇലകളിലേറ്റവും പോഷക മൂല്യമു-
ള്ളിലയായ കറിവേപ്പിലയ്ക്കു വരും ഗതി
പലയിടത്തും പരദേശി മാറാപ്പുമാ-
യലയുന്നവർക്കു ലഭിച്ചാലതൃപ്പമോ?
കൈകളിൽ വന്നു ലഭിച്ചോരനുഗ്രഹം
കൈമുതലാക്കുക, അതിനു ശേഷം മതി
കൈകളിലെത്താതെയകലെപ്പറക്കുന്ന
പൈങ്കിളിയെന്നതുമോർമ്മയിൽ വെക്കുക.
----------------------------------------
(1) വോട്ടവകാശം കിട്ടിയെന്നു കേൾക്കുന്നു. അതു കിട്ടിയാൽ പോലും വലിയ പ്രതീക്ഷയൊന്നും വേണ്ട. ആറു പതിറ്റാണ്ടായി നമ്മുടെ നാട്ടിലുള്ളവർ കുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കോരനു കഞ്ഞി കുമ്പിളിൽ തന്നെയല്ലേ?
Subscribe to:
Post Comments (Atom)
2 comments:
നന്നായി പ്രകടിപ്പിച്ചിരിക്കുന്നു..
കുഴപ്പമില്ല...കേട്ടൊ
Post a Comment