Sunday, October 24, 2010

തൂലിക...!!!!

തൂലികേ....എഴുതുവാനെന്തേ മറന്നു സഖീ
എന്‍ ഹൃദയരക്തത്തിലുന്മാദമടയാഞ്ഞോ
കദനത്തിന്‍ ശീലുകള്‍ ചൊല്ലിത്തളര്‍ന്നിട്ടോ
കഥ മുഴുമിപ്പിക്കാതെന്തെ എഴുത്ത് നിര്‍ത്തി നീ
മുക്തഹാസത്തിലെന്‍ ചിരിപ്പൂക്കള്‍ കോര്‍ത്തും
അശ്രു ബിന്ദുക്കളില്‍ മൌനമായ് തേങ്ങിയും
മായകിനാക്കളാം ചിതല്‍ കാര്‍ന്ന താളില്‍
നേരിന്റെ നിറവാര്‍ന്നു വരച്ചിട്ടു നീയെന്നെ
ആര്‍ദ്രമാം ഏകാന്തത കുറുകുമെന്‍ തപ്തമാം മനസ്സില്‍
കുളിരാര്‍ന്നൊരു പദനിസ്വനം പോലെ
നിശ്വാസമകലെ നിന്നെന്നുമെന്നെ പുണര്‍ന്നു നീ
പ്രകൃതി രൌദ്രമാര്‍ന്നിടുന്നൊരു തുലാവര്‍ഷ രാവില്‍
അണയ്ക്കുമാ കരങ്ങള്‍ക്കായിരുട്ടില്‍ ഞാന്‍ തിരയവെ
കണ്ണുനീരൊപ്പി നീ അമ്മ വാത്സല്യമായ്
നഷ്ടബോധത്തിന്റെ പുസ്തകത്താളില്‍
ഒളിപ്പിച്ച പീലിയായ് ബാല്യം വരച്ച നീ
ഏഴു വര്‍ണ്ണങ്ങളില്‍ പ്രണയം വരയ്ക്കവേ
കണ്ണുനീര്‍ വീണോ ചായം പടര്‍ന്നു.....
പറയുവാനിനിയും ബാക്കിവച്ചെന്റെ
മൌന രാഗങ്ങള്‍ക്കായ് നീ ശ്രുതി ചേരവേ...
അരുതെ സഖീ....ചക്രവ്യൂഹത്തിലായുധമില്ലാതെ
തളരുമീയെന്നെ തനിച്ചാക്കി മടങ്ങായ്ക
കണ്ണീരിനിന്നലെകളെരിഞ്ഞടങ്ങിയ ചാരത്തില്‍
നാളെയെനിക്കായ് പുലരികളുദിക്കാതിരിക്കില്ല
അന്നെന്റെ നിറമില്ലാ ചിത്രങ്ങള്‍ക്കുണര്‍വ്വേകുവാന്‍
അര്‍ത്ഥശൂന്യതയ്ക്കര്‍ത്ഥം പകരുവാന്‍
ഇനിയും ചലിക്കണം നീയെന്‍ ജീവഗന്ധിയായ്

5 comments:

മുകിൽ said...

അരുതെ സഖീ....ചക്രവ്യൂഹത്തിലായുധമില്ലാതെ
തളരുമീയെന്നെ തനിച്ചാക്കി മടങ്ങായ്ക“
നല്ല വരികൾ..

asrus irumbuzhi said...

കൊള്ളാം...നല്ല വരികള്‍
ആര്‍കും പെട്ടെന്ന് മനസ്സിലാവുന്ന വരികള്‍ !
ആശംസകള്‍

അസ്രൂസ്‌
http://asrusworld.blogspot.com/

SUJITH KAYYUR said...

Varikalil Puthuma illennu thonni.

മോഹനമീ ജീവിതം, എത്ര മധുരം മനോജ്ഞം. said...

സുഹൃത്തേ 'തൂലിക' നന്നായിട്ടുണ്ട്. ഇവിടെ മുംബയില്‍ ഒരു സംരംഭാമുണ്ട്. I invite you to visit www.Whitelineworld.com/profile/mohancnair and join with us. Publish your stories, let mumbaites also enjoy it.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ജീവഗന്ധിയായ തൂലിക.....