Saturday, January 15, 2011

എട്ടുകാലുള്ള വാർത്ത

കാടിറങ്ങിയ ആദിവാസിയെപ്പോലെ
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.

തകർക്കപ്പെട്ട പ്രതിരോധത്തിന്റെ
അവസാന പന്തവും കെടുത്തി
പകൽനക്ഷത്രം വിടപറയുന്നുണ്ട്.

മഴയെ തോറ്റിയുണർത്തുന്ന
മന്ത്രവാദിപ്പക്ഷിയുടെ ഉച്ചാരണബദ്ധമായ
ക്ഷുദ്രാക്ഷരങ്ങളിൽ ആരോ പ്രാകുന്നുണ്ട്.

പള്ളിക്കൂട വഴിയിൽ പല്ലാങ്കുഴിച്ചന്തം
രുചികൾ മധുരം വർണ്ണം രുധിരം
ഒളിച്ചിരിക്കുന്ന പന്തയപ്പേശുകളിൽ
ലഹരിപ്പാട്ടുകൾ കിനിഞ്ഞു പെയ്യുന്നുണ്ട്.

പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.

മത്ത നട്ടപ്പോൽ മുളച്ച കുമ്പളം
ചീര നട്ടപ്പോൾ തളിർത്ത ചൊറിതനം
വെണ്ടയ്ക്ക് വഴുതന
പാവലിന് പടവലം
നെല്ലിന് പുല്ല്… ഒടുവിൽ
തേങ്ങയ്ക്ക് ചുരയ്ക്കയും!

അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.

കിഴക്കൻ ചുരമിരങ്ങി ലോറികൾ
ഉച്ചിഷ്ടജീവിതത്തിന്റെ ജാതകവും
മരണച്ചുട്ടി കുത്തിയ ഉടൽപ്പെരുമയുമായി
ഞരങ്ങിഞരങ്ങി നാലുകാലിൽ വരുന്നുണ്ട്.

ഇതൊക്കെ ഇന്നത്തെ ഹെഡ്ലൈൻസ്.
കൊഴുപ്പുള്ള ദൃശ്യങ്ങൾ വരുന്നതേയുള്ളു
ദയവായി ഞങ്ങൾക്കൊപ്പം തുടരുക.

11 comments:

Unknown said...

''പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.''

മൈനാഗന്റെ കൈയ്യൊപ്പുള്ള വരികൾ...

kallyanapennu said...

അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.
നന്നായിട്ടുന്റ്...............

സുനിലൻ  കളീയ്ക്കൽ said...

ശിവേട്ടന്റെ രചനകളിലെ ശക്തി സൗന്ദര്യം ഒത്തിണങ്ങിയ
മനോഹരമായ കവിത സുഹൃത്താണെന്നതിൽ അഭിമാനിക്കുന്നു..

എം പി.ഹാഷിം said...

കാടിറങ്ങിയ ആദിവാസിയെപ്പോലെ
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.

ഒരു നല്ല വായന

എം പി.ഹാഷിം said...

ശിവേട്ടന്റെ കവിതയാണെങ്കില്‍ ആദ്യമൊക്കെ ഒരു കോപ്പിയെടുത്ത് വെയ്ക്കുമായിരുന്നു.
കാരണം ജോലി സമയത്തിനിടയില്‍ പൊടുന്നനെയൊരു വായന
കവിതകള്‍ സംവദിക്കാന്‍ സാധാരണ നിന്ന് തരില്ലായിരുന്നു .
അന്നത്തെ കവിതയുമായുള്ള പരിമിതമായ അറിവും വായനയുടെ കുറവും തന്നെയായിരുന്നു കാരണമെന്ന്
ഇപ്പോള്‍ ശിവേട്ടന്‍ കവിതകള്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നു.
ഇപ്പോഴും ഒരുപാടെഴുത്തുകളുടെ മനസ്സിലങ്ങിനെ തന്നെയുണ്ട്‌
"അരം , വാള്‍ , മരം "
"കിണറ്റുലോകം "
"വീട് ഒരു ദേവാലയം "
"ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്‍ "

സുനിലൻ  കളീയ്ക്കൽ said...

ശിവേട്ടന്റെ ഒറ്റ് എന്ന കവിത
കാവ്യാനുഭവം എന്നാലെന്തെന്ന് എന്നെ അറിയിച്ചു.. അതിനെപ്പറ്റി ഒരാസ്വാദനക്കുറിപ്പ് മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി

zephyr zia said...

headlines വായിച്ചു... ഇനി വാര്‍ത്തകൂടി വായിക്കാന്‍ ശേഷിയില്ല...
നല്ല അവതരണം.... ആശംസകള്‍...

T.S.NADEER said...

നല്ല കവിത, തീര്‍ച്ചയായും ഞങ്ങള്‍ പിന്‍ തുടരുന്നുണ്ട്‌, തുടരുക....

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi...... aashamsakal.......

Anonymous said...

"കാടിറങ്ങിയ ആദിവാസിയെപ്പോലെ
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.

തകർക്കപ്പെട്ട പ്രതിരോധത്തിന്റെ
അവസാന പന്തവും കെടുത്തി
പകൽനക്ഷത്രം വിടപറയുന്നുണ്ട്.

മഴയെ തോറ്റിയുണർത്തുന്ന
മന്ത്രവാദിപ്പക്ഷിയുടെ ഉച്ചാരണബദ്ധമായ
ക്ഷുദ്രാക്ഷരങ്ങളിൽ ആരോ പ്രാകുന്നുണ്ട്.

പള്ളിക്കൂട വഴിയിൽ പല്ലാങ്കുഴിച്ചന്തം
രുചികൾ മധുരം വർണ്ണം രുധിരം
ഒളിച്ചിരിക്കുന്ന പന്തയപ്പേശുകളിൽ
ലഹരിപ്പാട്ടുകൾ കിനിഞ്ഞു പെയ്യുന്നുണ്ട്.

പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.

മത്ത നട്ടപ്പോൽ മുളച്ച കുമ്പളം
ചീര നട്ടപ്പോൾ തളിർത്ത ചൊറിതനം
വെണ്ടയ്ക്ക് വഴുതന
പാവലിന് പടവലം
നെല്ലിന് പുല്ല്… ഒടുവിൽ
തേങ്ങയ്ക്ക് ചുരയ്ക്കയും!

അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.

കിഴക്കൻ ചുരമിരങ്ങി ലോറികൾ
ഉച്ചിഷ്ടജീവിതത്തിന്റെ ജാതകവും
മരണച്ചുട്ടി കുത്തിയ ഉടൽപ്പെരുമയുമായി
ഞരങ്ങിഞരങ്ങി നാലുകാലിൽ വരുന്നുണ്ട്.

ഇതൊക്കെ ഇന്നത്തെ ഹെഡ്ലൈൻസ്.
കൊഴുപ്പുള്ള ദൃശ്യങ്ങൾ വരുന്നതേയുള്ളു
ദയവായി ഞങ്ങൾക്കൊപ്പം തുടരുക."...

പിന്നല്ല! ഏണ്റ്റെ പൊലമാടനണ്ണോ ശരണം!

Muralee Mukundan , ബിലാത്തിപട്ടണം said...

ഉജ്ജ്വല വരികൾ തന്നെയിത് കേട്ടൊ ഭായ്
ഈ എട്ടുകാലുള്ള വാർത്ത കേട്ടിട്ട് മലയാളികൾ എട്ടുപൊട്ടും വിട്ടുണർന്നുന്നുവെങ്കിൽ....!