Wednesday, November 23, 2011

മഞ്ഞുകാലം വന്നില്ലെന്നാരാണ് പറഞ്ഞത്?





ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട് 
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം 
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

മഞ്ഞു കട്ടകള്‍
വീണു കിടക്കുന്ന
വഴികളില്‍,
ഒഴിവിടം നോക്കി
വരി വരിയായി
നടന്നു നീങ്ങുന്ന
മനുഷ്യര്‍..
മഞ്ഞു പോലുറഞ്ഞ മൌനം.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞുകാലം വന്നില്ലെന്നാരാണ് പറഞ്ഞത്?


ചിത്രം കടപ്പാട്: http://free-extras.com

16 comments:

majeed alloor said...

നല്ല വരികള്‍..

Anil cheleri kumaran said...

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില മനുഷ്യരെപ്പോലെ..

മഴയുടെ മകള്‍ said...

അഭിനന്ദനങ്ങള്‍...

Umesh Pilicode said...

എന്നിട്ടും..മഞ്ഞുകാലം വന്നില്ലെന്നാരാണ് പറഞ്ഞത്?

വീകെ said...

വരികൾ നന്നായിരിക്കുന്നു...
നല്ല മരവിച്ചു പോകുന്ന തണുപ്പു തോന്നി...!
ആശംസകൾ...

Kalam said...

വായനകള്‍ക്ക് നന്ദി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മഞ്ഞു കട്ടകള്‍
വീണു കിടക്കുന്ന
വഴികളില്‍,

നല്ല വരികള്‍ക്കിടയില്‍ ഈ മഞ്ഞുകട്ടകള്‍ എങ്ങിനെ വീണു?

പൊട്ടന്‍ said...

ഓരോ സ്ടാന്‍സയും ഉഗ്രന്‍
ആശംസകള്‍

Manoj vengola said...

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍...

മനോഹരമായിരിക്കുന്നു...
എത്ര ഗംഭീരം...

ജയരാജ്‌മുരുക്കുംപുഴ said...

aaranu paranjathu........ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

ഇലഞ്ഞിപൂക്കള്‍ said...

നല്ല വരികള്‍.. ഒരുപാടിഷ്ടായി.

priyag said...

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.....


തണുപ്പിന്റെ പൊള്ളല്‍ അനുഭവിക്കുന്നു ഈ വരികളില്‍ .......

ദേവന്‍ said...

:)

Anonymous said...

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍...........

Reshma said...

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

മഞ്ഞുകാലം എപ്പോഴും വരില്ലല്ലോ അല്ലേ ഭായ്