Friday, December 9, 2011

.........ഷാപ്പിലെ പൂച്ച...............

ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്റെ ഭാവമാണ്.
പനമ്പ് കൊണ്ട് തിരിച്ച അറകളിലെ
കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,
നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്
അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.

വകയിലെ പെങ്ങളേ പ്രാപിച്ചവന്റെ
വിലാപ സാഹിത്യത്തെ
സമാശ്വാസത്തിന്റെ പുറം തഴുകലുകൾ
സ്വയം ഭോഗമായി പരാവർത്തനം ചെയ്യുന്നത് കണ്ട്
അമൂർത്തമായൊരു നിശബ്ദതയിലഭിരമിച്ച്
അവയങ്ങനെ ചടഞ്ഞിരിക്കും.

വിലക്ഷണ ഹാസ്യത്തെ പതച്ചൊഴിച്ച-
പാനപാത്രം മുത്തി,
അഹം ഭാവത്തിന്റെ ആറ്റുമീൻ കറിയിൽ
വിരൽ മുക്കി നക്കി,
അപരനോടുള്ള പുച്ഛം അധോ വായുകൊണ്ട്
അടിവരയിടുന്നത് കണ്ട്
കണ്ണടയ്ക്കും..

അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചവന്റെ
ആഘോഷങ്ങൾ തെറിപാട്ടിന്
താളം പിടിക്കുമ്പോള്
വരട്ടിയ പോത്തിൻ കഷണം
വായ് വിട്ട് താഴെ വീണാലോ എന്ന്
പ്രതീക്ഷയോടെ കാത്തിരിക്കും.

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും.

18 comments:

വെള്ളരി പ്രാവ് said...

സമീപകാലത്ത് വായിച്ചതില്‍ ഏറ്റവും നല്ല രചന.തുടര്‍ന്നും എഴുതുക.ആശംസകള്‍.

Cv Thankappan said...

ക്ഷോഭവും,പ്രതിഷേധവും,ആത്മനൊമ്പരവും രചനയില്‍ ജ്വലിച്ചു നില്ക്കുന്നു!
നല്ലൊരു രചന.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

എം പി.ഹാഷിം said...

ആശംസകള്‍.

കൊമ്പന്‍ said...

ഈ കവിതയില്‍ ഹാസ്യം ഉണ്ട്
ഈ കവിതയില്‍ പരിഹാസം ഉണ്ട്
ഈ കവിതയില്‍ രോഷം ഉണ്ട്
ഈ കവിതയില്‍ ആത്മ നൊമ്പരം ഉണ്ട്
ഈ കവിത കൌതുകവും
ലളിതവും കാമ്പും കഴമ്പും ഉള്ള ഒന്നാണ്

ഒരു കുഞ്ഞുമയിൽപീലി said...

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും. നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ..........

ഉമ്മു അമ്മാര്‍ said...

എനിക്കും ഇഷ്ട്ടമായി ഈ കവിത ..


ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും. ആശംസകള്‍ ..

Abdulkader kodungallur said...

കാലമാകുന്ന ഷാപ്പിലെ വേര്‍തിരിച്ചിട്ട അറകളില്‍ ജീര്‍ണ്ണിക്കുന്ന ജീവിതങ്ങളുടെ ഉച്ഹിഷ്ടങ്ങ ളുതിര്‍ന്നു വീഴുന്നതും കണ്‍പാര്‍ത്ത്, കാതോര്‍ത്ത് തരംപോലെ അകത്താക്കി കൊഴുത്തു തടിക്കുന്ന അഭിനവ പൌരോഹിത്യത്തെയും , സാമൂഹ്യ തിന്മകളുടെ തലതൊട്ടപ്പന്‍മാരെയും ഷാപ്പിലെ പൂച്ചയിലൂടെ കവി കല്ലെറിയുന്നു . ക്രോധാക്ഷരങ്ങളില്‍ കോര്‍ത്തുവെച്ച കൂരമ്പുകള്‍ ലക്ഷ്യത്തില്‍ തുളച്ചു കയറുമ്പോള്‍ കവിയെ പോലെ അനുവാചകനും ആത്മ നിര്‍വൃതിയില്‍ അഭിരമിക്കുന്നു . വേറിട്ട ചിന്തയില്‍ നിന്നുയിര്‍കൊണ്ട ഈ കവിത അഭിനന്ദനീയം . ഭാവുകങ്ങള്‍

കണ്ണോര്‍ത്ത്‌ എന്ന പ്രയോഗത്തില്‍ അപാകതയില്ലെങ്കിലും കണ്‍പാര്‍ത്ത് എന്നുപയോഗിക്കുന്നതാണ് ആലങ്കാരികം എന്ന് തോന്നുന്നു .

khaadu.. said...

കവിത നന്നായിട്ടുണ്ട് സുഹൃത്തെ...
ആശംസകള്‍..


ഇന്നലെ ഇത് വായിച്ചു ഞാന്‍ കമ്മന്റിയിരുന്നു... അത് വേറെ ബ്ലോഗ്ഗ് ആണെന്ന് തോന്നുന്നു...

ഇതെന്ത സംഭവം...

പട്ടേപ്പാടം റാംജി said...

ലളിതമായ വരികള്‍

Mohamedkutty മുഹമ്മദുകുട്ടി said...

കവിത വായിക്കാത്ത എന്നെക്കൊണ്ട് കവിത വായിപ്പിച്ച കൊമ്പാ,....ഞാനെന്തു പറയാന്‍.പാവം പൂച്ച!

Artof Wave said...

കവിത ഇഷ്ടപ്പെട്ടു
നല്ല വരികള്‍
ആശംസകള്‍
ഇനിയും പ്രതീക്ഷിക്കുന്നു

kochumol(കുങ്കുമം) said...

കവിത നന്നായിട്ടുണ്ട്...
ആശംസകള്‍..

മനോജ് കെ.ഭാസ്കര്‍ said...

നല്ല കവിത. ആശംസകള്‍........

സേതുലക്ഷ്മി said...

നല്ല കവിത..

MOIDEEN ANGADIMUGAR said...

ആത്മ വഞ്ചനയുടെ പാഴാങ്കങ്ങൾക്കൊപ്പമുയരുന്ന
നെറികെട്ട നിലവിളികളേ
കാലുറയ്ക്കാത്ത ബെഞ്ചിന്റെ പുലയാട്ടുകൾ
തമസ്കരിക്കുന്നത് കേട്ട് കേട്ട്
അടക്കി ചിരിക്കും.

നല്ല രചന.ഈ ക്ഷോഭം ഇനിയും തുടരണം.

Vinodkumar Thallasseri said...

നല്ല മൂര്‍ച്ചയുള്ള വരികള്‍. ആക്ഷേപഹാസ്യത്തിണ്റ്റെ മൂര്‍ച്ച.

Muralee Mukundan , ബിലാത്തിപട്ടണം said...

കുമ്പസാര രഹസ്യങ്ങൾ കേട്ട്കേട്ടാവാം,
നരച്ച മീശ രോമങ്ങളേ നാവാലുഴിഞ്ഞ്
അടുത്തതെന്താവാം എന്ന് കണ്ണോർത്തിരിക്കും.

മാനത്ത് കണ്ണി //maanathukanni said...

ഷാപ്പിലെ പൂച്ചയും വീട്ടിലെ പൂച്ചയും ഒന്നന്നെ ..
തനിയെ ഇരിക്കുമ്പോള്‍ എനിക്ക് പൂച്ചയെ പേടിയാണ്.. .അല്ലാത്തപ്പോളും...
എനിക്ക് പൂച്ചയെ പേടിയാണ് .