Monday, January 9, 2012

പുരുഷവൃക്ഷങ്ങള്‍

അത്തി, ഇത്തി , അരയാല് , പേരാല്
പിന്നെ ,
പേരറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
തൊട്ടും തൊടാതെയും അറിഞ്ഞ
പുരുഷവൃക്ഷങ്ങള്‍ .

നിരാസത്തില്‍ ചുറ്റിപ്പടര്‍ന്ന
വേരുകളില്‍ ഒറ്റത്തടിയായുയര്‍ന്ന്
തെങ്ങുകള്‍ പോലെ ചിലര്‍ ,
ഇളനീരോ, പച്ചോലയോ
മൂപ്പെത്തിയ കായ്കളോ
വേണ്ടതെന്തുമെടുക്കുക
എന്നൊരു മുനിവാക്യം
പോലെ ഈര്‍ക്കില്‍ മുനകള്‍ ,
ചായാനും ചരിയാനുമില്ലെന്നു
കാറ്റിനോടും ഭരതവാക്യം.

ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍ ,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍ ,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍‌കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി.

ചിലര്‍ വാക പോലെ
ഇലച്ചാര്‍ത്തും പൂപ്പടര്‍പ്പും കാട്ടി കൊതിപ്പിച്ച്,
വരൂ , കൂടുകള്‍ കൂട്ടു എന്നു പ്രലോഭിപ്പിക്കും
ആഞ്ഞൊരു കാറ്റു വീശിയാല്‍
എല്ലാം തകര്‍ന്നേയെന്നൊരു നിലവിളിയില്‍
അടര്‍ന്നു വീഴുന്ന ചില്ലകള്‍ ,
ഒന്നു മയങ്ങിയുണര്‍ന്ന്
പച്ചച്ചിരി നാമ്പു കാട്ടി തിരിച്ചുവിളിക്കുമെങ്കിലും
ചിതറിത്തെറിച്ച കൂടുകളും കിളിമുട്ടകളും
തിരിച്ചു തരാനാവില്ലല്ലോ.

ചിലര്‍ , മലമുകളിലെ പാറക്കെട്ടിനിടെ
വേരാഴത്തിന്റെ അതുല്യതയില്‍
തലയുയര്‍ത്തി നില്‍ക്കുന്നവര്‍ .
ഏറ്റവും ഉയരത്തില്‍ പറക്കുന്ന
കിളിക്കേ കൂടുകൂട്ടാനാവൂ എന്നു
കാറ്റിന്റെ മുന്നറിയിപ്പ്.
താഴ്വരയില്‍ നിന്ന്
ഒരു വൃക്ഷപൂജ നടത്തി
ആരാധിക്കാമെന്നു മാത്രം.

ഇലയും പൂവും കായുമൊക്കെ
ഏതാണ്ടൊരേ തരത്തില്‍
പാഴ് മരങ്ങളേറെ,
കുലവും ഗോത്രവുമറിഞ്ഞിട്ടെന്തിനാണെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിപ്പോകും.

ഇത്തിള്‍‌ക്കണ്ണികള്‍ നിറഞ്ഞ
ശാഖികളില്‍ കൂടുകൂട്ടുന്ന മരണം
ചുമന്ന് പിന്നെയും ചിലര്‍ .

കാടും മരങ്ങളും ഇനിയുമെന്നു
വഴിക്കിളികള്‍ ചിലയ്ക്കുമ്പോള്‍
പിന്നിലേയ്ക്കോടി മറയുകയാണ്,
പച്ചച്ച മരകാഴ്ചകള്‍ .

11 comments:

khaadu.. said...

നല്ല താരതമ്യം... നല്ല ഭാവാന....

സ്നേഹാശംസകള്‍...

Cv Thankappan said...

നന്നായിരിക്കുന്നു.നല്ല വരികള്‍.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വ്യക്തിത്വവൈജാത്യങ്ങളെ വൃക്ഷവൈഭിന്ന്യങ്ങളുമായി താരതമ്യം ചെയ്ത് മിടുക്ക് പ്രശംസനീയം.

"ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍ ,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍ ,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍‌കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി."

ഈ വരികളിൽ നിന്ന് പ്രസരിക്കുന്ന സുഗന്ധം എത്ര സമാകർഷകം...

Anil cheleri kumaran said...

പുരുഷവൃക്ഷങ്ങൾ... അത് ഇഷ്ടപ്പെട്ടു.

മഹറൂഫ് പാട്ടില്ലത്ത് said...

നല്ല രസം തോന്നുന്ന വരികള്‍ ......നന്നായിട്ടുണ്ട് ആശംസകള്‍

kanakkoor said...

നല്ല ഒരു കവിത. രണ്ടു വട്ടം വായിച്ചു. ആയിരം മരങ്ങളില്‍ തെങ്ങും ചന്ദനവും വാകയും പിന്നെ മലയുടെ തുമ്പില്‍ നില്‍ക്കുന്ന ഒരു മരത്തിനും മാത്രം കവിത. മറ്റെല്ലാ പാഴ്മരങ്ങളും സമൂഹത്തില്‍ വെറുതെ നിലകൊള്ളുന്നു. ഒരു കിളിക്കുപോലും വേണ്ടാതെ...
അഭിനന്ദനങ്ങള്‍

കൈതപ്പുഴ said...

.നന്നായിട്ടുണ്ട് ആശംസകള്‍

വേണുഗോപാല്‍ said...

നല്ല കവിത ...
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ചാരിനിന്നാലും മുഖം ചേര്‍ത്തമര്‍ന്നാലും
ഉള്ളില്‍ തുളുമ്പുന്ന മണമറിയിക്കാതെ
ചന്ദനം പോലെ ചിലര്‍ ,
ഒന്നു ചീന്തിത്തുറന്നാലോ
വിടാതാലിംഗനം ചെയ്യും സുഗന്ധശാലകള്‍ ,
കൈവിട്ടു കാലം കഴിഞ്ഞാലും
വിരല്‍ത്തുമ്പിലോ മുന്‍‌കഴുത്തിലോ
തൂമണം തൂകിയൊരു സ്മൃതിക്കുറി.

ഹാരിസ് said...

എത്രയെത്ര പുരുഷ ഗന്ധാലിംഗനങ്ങള്‍....!
വനപുഷ്പങ്ങളുടെ
തീഷ്ണ ഗന്ധം പകര്‍ന്നവ
തുളസിത്തറ പോലെ
ശാന്തി പകര്‍ന്നവ
സ്വയംവിസ്മൃതിയുടെ ആഴച്ചുഴികളിലേക്ക്
ആത്മാവിനെ ഒഴുക്കിക്കളഞ്ഞവ
വാത്സല്ല്യ നിറവിന്റെ
ഇലത്തെന്നലായവ
ജീവന്റെ ജനല്‍‌പാതിയില്‍
സൌമ്യമായി തൊട്ടു വിളിച്ചവ
പ്രണയാഭമായ ആമ്പല്‍കുളങ്ങളെ
ഒളിപ്പിച്ചുവെച്ചവ
ഒറ്റപ്പെടലിന്‍ വേനല്‍ചൂടു പകര്‍ന്നവ
മുലയൂട്ടലിന്റെ ആലസ്യം പകര്‍ന്നവ
ഗര്‍ഭക്ഷീണത്തിന്റെ
ആത്മനിരാസം പകര്‍ന്നവ
അങ്ങനെ എത്രയെത്ര....

ഋതുഭേദങ്ങളെ മൊഹിച്ചവളാണവള്‍.
വസന്തത്തില്‍
ശിശിരമോഹങ്ങളെ താലോലിച്ചവള്‍.
ശിശിരത്തില്‍
വസന്തസ്മൃതികളില്‍ വിരഹിച്ചവള്‍.
ഭൂമിയുടെ മോഹങ്ങളെ
അവളെക്കാള്‍ ആര്‍ക്കറിയാം...?

പ്രയാണ്‍ said...

:)