Tuesday, June 23, 2009

പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കാം …

പ്രണയമെന്നാല്‍ പ്രാണന്‍
പങ്കു വയ്ക്കലാണ് …
പുഞ്ചിരിക്കു പിന്നിലെ
സങ്കടം കാണാനാകുന്നത്,
പ്രാണന്‍ പ്രണയത്തെ
ഉള്‍ക്കൊള്ളുമ്പോഴായിരിക്കാം…

മിഴികളിലെ നൊമ്പരം
വായിച്ചെടുക്കാനാകുന്നത്,
കണ്ണീരിന്‍റെ ഉപ്പുരസം
നിത്യ പരിചയം
ആയതു കൊണ്ടാകാം…

തെറ്റുന്ന ശ്വാസ താളം,
ഹൃദയതാള ഗതി
പറഞ്ഞു തരുന്നത്,
കാലം തെറ്റി പെയ്യുന്ന
മഴ പതിവായതു കൊണ്ടാകാം…

വിറയാര്‍ന്ന വിരലുകളില്‍
നിന്നൂര്‍ന്ന അക്ഷരങ്ങള്‍ പറഞ്ഞത്,
ആത്മാവിന്‍റെ പിടച്ചിലാണെന്ന്
പറയാതെ അറിയുന്നത്,
ആത്മാവുകള്‍
ഒട്ടിച്ചേരുമ്പോഴാകാം …

എങ്കിലും ,
പ്രാണനില്‍ ലയിച്ച
പ്രണയത്തെ വേറിട്ടു കാണാന്‍
പാഴ്ശ്രമം നടത്തുന്നത്
പ്രാണനില്‍ കൊതിയില്ലാത്തതു
കൊണ്ടാകാം…

ചുടു നിശ്വാസവും
ചൂടുകാറ്റും
ഒരുപോലെ എന്ന തോന്നല്‍
ചുടുകാടിന്‍ അകലം
കുറവായതിനാലാകാം ...

3 comments:

Junaiths said...

:0)

M.K.KHAREEM said...

പ്രാണനില്‍ കത്തുപിടിക്കലോ പ്രണയം...

Sureshkumar Punjhayil said...

Puthiya pranayam ingineyallallo... Manoharam, Ashamsakal...!!!