Friday, September 11, 2009

ഉറക്കം വിട്ടുണരുന്നത്

ഉറക്കം വിട്ടുണരുന്നത്


ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്‍ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.

പിന്‍ബെഞ്ചില്‍
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര് മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.

സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!

ഇന്റര്‍ ബെല്ലിന്
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും
കടന്ന് പോകുമ്പോള്‍
ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നവള്‍
ഇടം കണ്ണിടുന്നോയെന്ന്
വെറുതെയാശിച്ച് തിരിഞ്ഞ് നോക്കും.

മാരാര്‍ മാഷിപ്പോഴും വേലിക്കല്‍ നിന്ന്
“അമ്മിണീ‍.., ഒരു കപ്പ് കഞ്ഞി വെള്ളം...”
എന്ന നീട്ടിവിളിയിലൂടെയാണ്
കടന്നു വരുന്നത്.
ഉറക്കത്തില്‍ തന്നെ തുട വേദനിക്കും,
ട്രൌസര്‍ കൂട്ടിപ്പിടിച്ച്
തിരുമ്മിയ കരിവാളിപ്പില്‍.

തിരിച്ചെന്നത്തേയും പോലെ
അമ്പലപ്പറമ്പിലെ ഊട് വഴിയില്‍ കയറി
മൂത്രമൊഴിച്ച് കിടക്ക നനച്ചാണിന്നും
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നത്.
--------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

17 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതാണ്.

കാപ്പിലാന്‍ said...

നേരത്തെ വായിച്ചിരുന്നു . എന്നാലും ഇപ്പോള്‍ വായിച്ചപ്പോള്‍ ഒരു ഇതും ഒരു ലതും :)

ഒരു നുറുങ്ങ് said...

ഉറക്കം വിട്ടുണരുന്നതു,പിന്നേയും ഉറക്കിലേക്കങ്ങിനെ
പതിയെ വഴുതി...സ്വപ്നം കണ്ട്,ഒരര്‍ദ്ധമയക്കത്തി
ലെപ്പോഴോ കയറി വന്നതോ ഈ സ്വപ്നം?

തൃശൂര്‍കാരന്‍ ..... said...

നന്നായിട്ടുണ്ട്.
:-)

മനോജ് മേനോന്‍ said...

മുമ്പേ വായിച്ചതാണു....നന്നായിരിക്കുന്നു....

അരുണ്‍ കരിമുട്ടം said...

:)

Anil cheleri kumaran said...

good ..

ramanika said...

സ്കൂളും കുട്ടിക്കാലവും ഓര്‍മിപ്പിച്ചു നന്ദി

പാവപ്പെട്ടവൻ said...

മാരാര്‍ മാഷിപ്പോഴും വേലിക്കല്‍ നിന്ന്
“അമ്മിണീ‍.., ഒരു കപ്പ് കഞ്ഞി വെള്ളം...”
ഇതൊരു ബിംബമാണ് അങ്ങനെയുള്ള സ്കുളും ചുറ്റുപാടും ഒരു ഓര്‍മയാണ് പകരുന്നത്

Unknown said...

:)

Typist | എഴുത്തുകാരി said...

നേരത്തേ വായിച്ചിരുന്നു.

Vinodkumar Thallasseri said...

സ്വപ്നാടനം.

ബിനോയ്//HariNav said...

നേരത്തെ വായിച്ചിട്ടില്ല. കവിത ഇഷ്ടായി :)

B Shihab said...

സ്വപ്നം?നന്നായിട്ടുണ്ട്.

girishvarma balussery... said...

ശരിക്കും ഞാന്‍ എന്റെ സ്കൂള്‍ കാലഘട്ടത്തിലേക്ക് തിരിച്ചു പോയി. ചെവി ആരോ തിരിച്ചു പോന്നാക്കിയപോലെ. നന്ദി ഓര്‍മ്മകളിലേക്ക് ഒരു പാലം ഇട്ടു തന്നതിന്.

lekshmi. lachu said...

nannayirikkunu..oru nimisham kuttikalathilekku poiii...

saleem ayankalam said...

EACH AND EVRY LINES ARE REMEMBERABLE
VERY GOOD!