Tuesday, September 15, 2009

ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്‍

ഭാവിയെ ഷൂട്ട് ചെയ്യാവുന്ന
പുതിയതരം ക്യാമറ
ഇന്നലെ വാങ്ങി.
മാര്‍ക്കറ്റിലിറങ്ങും മുമ്പെ
ബുക്ക് ചെയ്ത് കാത്തിരുന്നതിനാല്‍
കിട്ടിയ പാടേ ടെറസില്‍ക്കേറി
ടില്‍റ്റും വൈഡും ഇണക്കി
മുന്നാക്കം പിന്നാക്കം
മേലേ കീഴെ നീക്കി
കൈത്തഴക്കം കണ്ടെത്തി.

സന്ധ്യക്ക്
ഗ്രാമത്തിലെ മൈതാനത്ത്
ആല്‍മരത്തിന്റെ താഴെ
യൂണിഫോമില്ലാത്ത കുട്ടികള്‍
കവിത ചൊല്ലിപ്പഠിക്കുന്നതും
ആശാന്‍ അതിന്റെ താളം
ഈണത്തില്‍ ബന്ധിപ്പിക്കുന്നതും
കൊടുങ്കാറ്റിനെ ഗര്‍ഭം ധരിച്ച
പുസ്തകങ്ങള്‍ ജാഥ നടത്തുന്നതും...

ദാരിദ്ര്യരേഖയുടെ മുകളില്‍
പതാകയുയര്‍ത്തുന്ന
ക്രിക്കറ്റ് താരത്തിന്റെ കൂറ്റന്‍ ചിത്രം
തകര്‍ന്നു വീണ്
ഓഹരിവിപണിയുടെ ആസ്ഥാനത്ത്
ഗതാഗതം മുടങ്ങി
തെരുവില്‍ ഉത്സവമാകുന്നതും....

(രാത്രിയില്‍
കളിക്കൂട്ടുകാരിയെ കണ്ടു കൊതിച്ച്
നെല്ലിക്കാവര്‍ത്തമാനത്തില്‍
ഒളിച്ചിരുന്ന മധുരം കുടിച്ച്
പുഴയിലേക്ക് തെന്നിവീണപ്പോള്‍...
വെറുതെയെങ്കിലും തോന്നി
സ്വപ്നത്തെ ഷൂട്ട് ചെയ്യാവുന്ന ക്യാമറയും
വൈകാതെ കണ്ടെത്തണമെന്ന്!)

വെളുപ്പിനുണര്‍ന്ന്
ബാല്‍ക്കണിയില്‍ ട്രൈപോഡ് വച്ച്
പുകമഞ്ഞിലേക്ക് കണ്ണു തുറന്ന്
മുഷിഞ്ഞ് മയങ്ങുമ്പോള്‍,
നഗരമാലിന്യത്തിനരികില്‍
കുടിവെള്ളത്തിനായി ഏറ്റുമുട്ടുന്ന
ഗ്രാമീണരുടെ രോഷവും
പട്ടാളത്തിന്റെ വീറും
ബുള്‍ഡോസറിന്റെ ഇരമ്പവും...
ക്രമത്തില്‍ ഷൂട്ടായി.

മനസ്സിന്റെ അനന്താകാശങ്ങള്‍
തുറന്നുകിട്ടിയ അനുഭവങ്ങളാല്‍
പില്‍ക്കാല ദിനങ്ങളില്‍
ഒരു കോസ്മൊനോട്ടായി
വായുവില്‍ നൃത്തം ചെയ്ത്
ഞ്ഞാന്‍ ചിറകില്ലാതെ പറന്നുപോയി.

സൂര്യനും ചന്ദ്രനും
ചെറുവിളക്കുകളായി
അച്ഛന്റെയും അമ്മയുടെയും
മുഖമെടുത്തണിഞ്ഞു.
ചിരിക്കാനും കരയാനും മത്രമല്ല
എതിര്‍ക്കാനും കൊതിപ്പിക്കാനും കഴിയുന്ന
ദീപ~തനക്ഷത്രങ്ങള്‍ക്ക്
കാമിനിയുടെ ഭാവങ്ങളുണ്ടായി.
ഗുര്‍ത്വാകര്‍ഷണത്താല്‍ ത്രസിപ്പിക്കുന്ന
കുഞ്ഞുങ്ങളുടെ ആലിംഗനങ്ങളില്‍
വിശപ്പും നിലവിളിയും
ഉറഞ്ഞ ചോരയുടെ ചൂടും അറികെ
ഊര്‍ജ്ജപ്രവാഹത്തില്‍ മുഴുകി
ഒഴുകിത്തെറിച്ചു പോകുന്ന
വേദനകളുടെ ഉള്‍ക്കയായി ഞാന്‍.

നട്ടെല്ലില്ലാത്ത ഒരു മഴവില്ല്
താന്‍ പണ്ടേതോ രാജാവിന്റെ
യുദ്ധം ജയിക്കുവാനായി
വളഞ്ഞുവളഞ്ഞാണ്
ഏഴുനിറമുള്ള രാജഹംസമായതെന്ന്
വീമ്പ് പറയുമ്പോഴും....
ഇരുള്‍ക്കിണറിന്റെ കണ്ണറയില്‍
വീണുമരിക്കാനിടയാക്കാതെ
ഒഴിച്ചു തള്ളിവിട്ടതിന്
ദൈവത്തിന് നന്ദി പറയാന്‍
അതിപ്രവേഗമുള്ള ഒരു സന്ദേശം
വിഫലമായി എഴുതിക്കൊണ്ടേയിരുന്നു.

അപ്പോഴേക്കും...
താണുപറന്നു വന്ന മിസൈലുകളിലൊന്ന്
പൂത്തിരി കൊളുത്തിവിട്ട
രാത്രിയുടെ ശവപേടകത്തിലേക്ക്
കാലം കടന്നുപോകുമ്പോള്‍
ആരോ അടക്കം പറഞ്ഞു:
നമ്മള്‍ ഒരു തമോദ്വാരത്തിലാണ്
സ്നേഹിതാ...
തിരിച്ചിറങ്ങാനാവാത്ത വിധം
അടയ്ക്കപ്പെട്ട
ഒരു ചീഞ്ഞ കണ്ണിനുള്ളില്‍.

000

7 comments:

Unknown said...

അകക്കണ്ണ് തുറക്കൂ...കാഴ്ചകള്‍ കാണൂ :)

Junaiths said...

വെളുപ്പിനുണര്‍ന്ന്
ബാല്‍ക്കണിയില്‍ ട്രൈപോഡ് വച്ച്
പുകമഞ്ഞിലേക്ക് കണ്ണു തുറന്ന്
മുഷിഞ്ഞ് മയങ്ങുമ്പോള്‍,
നഗരമാലിന്യത്തിനരികില്‍
കുടിവെള്ളത്തിനായി ഏറ്റുമുട്ടുന്ന
ഗ്രാമീണരുടെ രോഷവും
പട്ടാളത്തിന്റെ വീറും
ബുള്‍ഡോസറിന്റെ ഇരമ്പവും...
ക്രമത്തില്‍ ഷൂട്ടായി.

ഷൈജു കോട്ടാത്തല said...

ഇനിയും.....ഷൂട്ട്

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

മനോഹര്‍ മാണിക്കത്ത് said...

എന്റെ അഭിപ്രായം
മുന്നേ പറഞ്ഞതാണ്
നന്നായി ഈ എഴുത്ത്

thabarak rahman said...

സമകാലിക ഇന്ത്യയുടെ നേര്‍പകുതി താങ്കളുടെ കവിതയില്‍ കണ്ടു.
വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമെ ഇന്‍ഡ്യയുടെ ഭീകരമായ
ഈ ദാരിദ്ര്യാവസ്തക്ക് മാറ്റം വരികയുള്ളൂ. കവിത നന്നായിരിക്കുന്നു.
വീണ്ടുമെഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
തബാരക് റഹ്മാന്‍

ഗൗരി നന്ദന said...

സ്വപ്നത്തെ ഷൂട്ട്‌ ചെയ്യാവുന്ന ഒരു കാമറ വളരെ അത്യാവശ്യമാണ്...!!!