Wednesday, September 16, 2009

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ...

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..

പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....

ഗോപി വെട്ടിക്കാട്ട്

4 comments:

abrooz said...

കൊള്ളാം സുഹൃത്തെ,
സ്വര്‍ഗ നരകങ്ങള്‍ തിരിച്ചറിയാതെ ഈ ഞാനും...

ശാന്ത കാവുമ്പായി said...

ഒട്ടിയ വയറുള്ളവന്‌ നരകം തീർക്കാൻ നീയും അയാളും നിങ്ങളും മത്സരിക്കുമ്പോൾ അവനെങ്ങനെയാണ്‌ സുഹൃത്തേ സ്വർഗ്ഗമുണ്ടാകുന്നത്‌?

മനോഹര്‍ മാണിക്കത്ത് said...

നന്നായി ഗോപി
ഒട്ടിയ വയറുമായി വഴിയരികില്‍
കാണുന്നവരെ തിരിച്ചറിയുക
അവിടെയാണ് നിങ്ങള്‍
സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നത്

നന്ദന said...

നന്നായിരിക്കുന്നു....... തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
നന്ദന