Saturday, November 28, 2009

മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍

മുത്തശ്ശനെന്നോടുള്ള സ്നേഹം,
ഉറക്കം മുറിഞ്ഞന്നത്തെ പാതിരാവില്‍
നക്ഷത്രങ്ങളൊളിച്ചൊരു
ആകാശംപോലെ തെളിച്ചം കുറഞ്ഞോരാ
കണ്ണുകളില്‍ തെളിഞ്ഞു കാണുന്നൊരാ
യാത്രാമൊഴി.

മുത്തശ്ശനെന്നോടുള്ള വാത്സല്യം
മുടിയിഴകള്‍ക്കിടയില്‍
ശോഷിച്ചവിരലുകളുടെ നാഗചലനങ്ങളില്‍,
ശിരോലിഖിതമാം നാടുകടക്കലിന്‍
താക്കോല്‍കൂട്ടങ്ങളെക്കുറിച്ചുള്ള
ഇടമുറിഞ്ഞോരാ ഓര്‍മ്മപെടുത്തലുകളില്‍....

പണ്ടു ഞാന്‍ അച്ഛനോടും മുത്തശ്ശനോടും
കാട്ടിയോരാ കുറുമ്പും പിണക്കവും
എനിക്കുമച്ഛനും തിരികെ തരുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യം
കൊടുത്തോരാ അക്ഷമക്കടലിളക്കം

രേഖാടാക്കിസിന്റെ അതിശയവെണ്മയില്‍
നിഴലായ്‌ വന്നുമറഞ്ഞൊരു
സത്യവാന്‍ രാജഹരിശ്ചന്ദ്രനെ
ചിരിയോടെ വരവേറ്റ മുഖമിന്നു
വാര്‍ത്തയില്‍ നിറയും ചുടലക്കളങ്ങളാല്‍
നനവാര്‍ന്നിരുപ്പുണ്ട്

സ്വപ്നത്തിന്‍ സ്പടികജനാലകള്‍ക്കപ്പുറം
അവ്യക്തചിത്രങ്ങളില്‍
മുറ്റത്ത്‌ മുത്തശ്ശന്‍ നട്ടൊരാ
കിളിച്ചുണ്ടന്‍ മാവുണ്ട്

വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട്‌ ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?

3 comments:

രാജേഷ്‌ ചിത്തിര said...

വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട്‌ ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?

Muralee Mukundan , ബിലാത്തിപട്ടണം said...

മുത്തശ്ശന്റെ സ്മരണകൾ നന്നായി ചിത്രീകരിച്ചിക്കുന്നു ..നീ..രാജേഷ്

Unknown said...

ആശയം കൊള്ളാവല്ലോ മാഷേ..
നല്ല കവിത..നന്നായിരിക്കുന്നു.ആശംസകള്‍!!