Sunday, November 22, 2009

സുഷുപ്തിയിലും, ജാഗരത്തിലും നീയാണെന്‍ ഓമലേ..

ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണം


ഒരു മൃദു ചുംബനം, പാല്‍ മണമുള്ളത്‌

കണ്ണിലും, കവിളിലും തെരു തെരെ

മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി

പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി

കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍

കണ്‍ തുറന്നപ്പോള്‍ കുഞ്ഞെവിടെ , പാല്‍ മണക്കും കളി കൊഞ്ചലെവിടെ

ബോധമുണര്‍ന്നപ്പോള്‍, നൈരാശ്യം മേലങ്കിയുമായ്‌ വന്നു പൊതിഞ്ഞു

വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്‌

കണ്‍ നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി

ചുറ്റിലും ഉറങ്ങുന്ന സഹജരുടെ ശ്വാസ നിശ്വാസങ്ങളുടെ താളം

ഒരുവന്‍, മധുവിധുവിന്റെ മധുരം ഏറെ രുചിക്കും മുന്‍പു പറന്നവന്‍

ഉറക്കത്തില്‍ മെല്ലെ പുഞ്ചിരിക്കുന്നു, മുഖം തെല്ലു വിടര്‍ന്നു ചുവക്കുന്നു

പ്രിയയായിരിക്കാം, സ്വപ്നത്തില്‍ സല്ലപിച്ചിരിക്കയും

നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ

ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു

തെല്ലു കൂടിയുറങ്ങാം, സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ

7 comments:

ഒരു നുറുങ്ങ് said...

പ്രവാസവാസികള്‍ക്കെന്നും
പാല്‍ മണമുള്ളസ്വപ്നങ്ങള്‍തന്നെ!
കിനാവ് കണ്ടുറങ്ങാനുള്ള,
സ്വപ്നങ്ങള്‍ എങ്കിലും
നഷ്ടമാവാതിരിക്കട്ടെ !

Muralee Mukundan , ബിലാത്തിപട്ടണം said...

നഷ്ട്ടമാവാത്തതൊന്നീനറുകിനാവുകൾ മാത്രം
കഷ്ട്ടമീപ്രവാസിതൻ ദു:ഖമീവിരഹം മാത്രം !

വെഞ്ഞാറന്‍ said...

congrats!

Mayilpeeli said...

അകലും തോറും സ്നേഹം കൂടും , പക്ഷെ ദുഃഖം അതിനെക്കാള്‍ കൂടും . ശെരി അല്ലേ. കവിത നന്നായിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

"വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്‌

കണ്‍ നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി "

അങ്ങിനെ എത്രയെത്ര നൊമ്പരങ്ങള്‍....കൊള്ളാം മഷെ.

രാജേഷ്‌ ചിത്തിര said...

feeling the inner pain...

good one!

ramanika said...

സ്വപങ്ങള്‍ സാന്ത്വനങ്ങള്‍ ആവട്ടെ
മനസ്സിന് ചെറു കുളിരു നല്‍കട്ടെ

കവിത മനോഹരം