Saturday, December 5, 2009

കടല്‍ സാക്ഷിയാകും

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക്‌ പോകാനായ്.

വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും.

തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും.

കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും.

വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും.

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും!
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും!
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും!
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും!

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

<>

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു പഴയ കവിത.

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയതാണെങ്കിലും നല്ല വീര്യം ഇപ്പോഴും ഉണ്ട് കേട്ടൊ...

Ranjith chemmad / ചെമ്മാടൻ said...

ഞാനിപ്പോഴാണ് വായിച്ചത്,
ഇഷ്ടമായി..

ഗൗരി നന്ദന said...

അങ്ങനെയൊക്കെ സംഭവിക്കുമോ??


കൊള്ളാലോ....

Unknown said...

എത്ര മനോഹരം ഈ കവിത....അഭിനന്ദനങ്ങള്‍ !!!