Saturday, December 19, 2009

മുന്‍കരുതല്‍











അന്നൊരു വ്യാഴാഴ്ച്ചയില്‍
ദിനത്തിന്റെ പൊക്കിള്‍ ലക്ഷ്യമാക്കി
സമയം കിതച്ചെത്തിയ നേരം
അച്ഛന്‍ തെങ്ങില്‍ കയറാന്‍
തയ്യാറെടുക്കവേ,
പതിവില്ലാകാഴ്ച്ചതന്‍
കൌതുകം നോക്കിയീയുള്ളോന്‍
തെങ്ങിനരുകിലായ് വന്നു നിന്നു
തലേന്നു പെയ്ത മഴ
തീര്‍ത്ത ദേഹം
പച്ച കുപ്പായമണിഞ്ഞു നില്‍ക്കേ,
അച്ഛന്‍കയറുന്നു
വഴുക്കല്‍ വക വെക്കാതെ
നെഞ്ജുരച്ച് ...
ചൂട്ടുകള്‍ ,കൊതുമ്പുകള്‍
വലിച്ചു താഴെക്കിടുന്നച്ഛന്‍
പിരാകി കൊണ്ടോടുന്ന
ഉറുമ്പിന്‍ നിവാസികളെ
കണ്ടില്ലെന്നു നടിച്ചുവോ?
താഴെയിറങ്ങിയച്ഛന്‍
കൊതുമ്പുകളെല്ലാം
കൂട്ടികെട്ടിയടുക്കി വക്കുന്നു
കൂരതന്‍ മൂലയിലായ് ...
കുളിച്ചു ,തൊഴുതു, കുറി വരച്ചു-
വന്നച്ചന്‍
അമ്മ നല്‍കിയ തണുത്ത
പുട്ടും, കടലയും ആര്‍ത്തി-
യോടെ കഴിക്കുന്ന കാഴ്ച്ച നോക്കി
യമ്മ നിന്നത്‌
ഉച്ചനാശാരി കര വിരുത്
തീര്‍ത്ത കട്ടിള പടിയില്‍ !
ജോലിക്കായ് മടങ്ങുമ്പോള്‍
യാത്ര പറയാറുള്ളാ പതിവും
തെറ്റിച്ചു..
സൈക്കിള്‍ നീങ്ങിയച്ഛനെ
മുതുകിലേറ്റി
വളവും കഴിഞ്ഞങ്ങു്‌
അകന്നു പോയി....
വൈകിയാണെങ്കിലും
അച്ചന്‍ തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം !
ആളുകളങ്ങിങ്ങു ഒത്തു കൂടി
അലമുറകളെങ്ങും ഉയര്‍ന്നു പൊങ്ങി
സങ്കട ചുഴിയില്‍ വീഴുന്ന മുറ്റം
വീടിന്റെ യിരുണ്ടേതോ മൂലയില്‍
കുനിഞ്ഞിരുന്നു കരയുന്ന-
യെന്റെ കര്‍ണ്ണത്തിലേക്ക്
വെട്ടുന്ന മാവിന്റെ ശബ്ദമെത്തവേ,
ആരോ തുരുതുരെ ചുംമ്പിച്ചു
ചൊല്ലിടുന്നു :
'മോനെ ..നടക്കെടാ.. ,അച്ഛനെ
കാണണ്ടെ...?
ഒട്ടും തളരുത് ..എന്റെ കുട്ടന്‍.. '
ബോധം തളര്‍ന്നുപോയ നേരത്ത്‌
ആരോ വലിച്ചു നടത്തിച്ചീടുന്നു ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി
അതാ കിടക്കുന്നച്ഛന്‍
വെള്ളയില്‍ പുതച്ച് നിശ്ചലനായ് ...
കണ്ണീര്‍ തീര്‍ത്ത പുഴയാല്‍
കാഴ്ച്ചകള്‍ മങ്ങിയെ കണ്ടതുള്ളൂ...
സൂക്ഷിച്ചു..സൂക്ഷിച്ചു നോക്കുമ്പോള-
തായച്ഛന്റെ വദനം കണ്ടില്ല
ഞാനവിടെ..
ചിതറി തെറിച്ച വദനം
ചേര്‍ക്കാന്‍ പാടുപ്പെട്ടത്രെ
ഡോക്ടര്‍മാരും....
മാക്ടവല്‍ വിസ്കി കടത്തിപോയ
ലോറിതന്‍ വിധിയുടെ
ചക്രത്താലെന്നു
പിന്നീട് കേട്ട കഥയാണു്‌ കൂട്ടരെ..
അച്ഛന്റെ പട്ടടയൊരുങ്ങുന്നു
വടക്കിനിയില്‍ കുളത്തിനരുകിലായ് ;
തെക്കോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ !
ഈറന്‍ തുണിയുടുത്തച്ഛ-
ന്റെ പട്ടടക്ക് തീ കൊളുത്താന്‍
ഞാന്‍ പിടിച്ച കൊതുമ്പിന്‍ കെട്ടുകള്‍
അച്ഛന്‍ കരുതി വെച്ചതായിരുന്നു.......

അച്ഛന്‍ കരുതി വെച്ചതായിരുന്നു...

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നെഞ്ചുരച്ചാപിതാവ് കയറി പറിച്ചത് സ്വന്തം പട്ടടക്കുള്ള ചൂട്ടാവുമെന്നദ്ദേഹം നിനച്ചുകാണുമോ..?
നെഞ്ചുരുകി നീ പറഞ്ഞിരിക്കുന്നു ...സോണ

ManzoorAluvila said...

OOH...Sorry YAAR....its too touching..sankadam vannu..

മനോഹര്‍ മാണിക്കത്ത് said...

നൊമ്പരമുണര്‍ത്തിക്കൊണ്ട്...