Wednesday, December 9, 2009

ആകാശത്തിലേക്ക് പറന്നുയര്‍ന്ന മരം!




പുഷ്പാദ്രാവിഡിന്റെ ചിത്രത്തിലെന്ന പോലെ
ഒരു വൃക്ഷത്തിലേക്ക് ലയിക്കാന്‍
ഞാനും കൊതിക്കുന്നു
മരം എന്റെ തൊട്ടരികില്‍
തന്നെയുണ്ട്
ഊഞ്ഞാലു കെട്ടാന്‍ പാകത്തിന്
ചില്ലകള്‍ താഴ്ത്തി തന്ന്
ആകാശം നിറയെ ചൊരിയാനുള്ളത്ര
ഇലകളുമായി

മരമെന്നെ കാണുന്നത്
ആകാശമെന്ന കണ്ണാടിയിലൂടെയാണത്രെ
അതില്‍ ഞാന്‍ ഒരു കലമാന്‍
അതെന്നോട് ഇടക്കിടെ കളിതമാശകള്‍
പറയാറുണ്ട്
വേനലില്‍
മഞ്ഞ ദുപ്പട്ട തരാമെന്നും
വസന്തത്തിലൂടെ ഒരുമിച്ചു
നടക്കാമെന്നും
പൂക്കളുടെ ഭാഷ
അഭ്യസിപ്പിക്കാമെന്നും

ദീര്‍ഘമായ ആലിംഗനങ്ങളുടെ
ലംബമാനതയിലെനിക്ക്
വേണമെങ്കിലതിനോട്
ലയിക്കാമായിരുന്നു
അപ്പോഴേക്കും
കാറ്റിന്റെ ശല്യം
കരിയിലകളിളകുന്ന ശബ്ദം
ഭയന്നു പോയിരിക്കണം
ചില്ലകളെന്നില്‍നിന്നും
വിടര്‍ത്തി
അത് ആകാശത്തിലേക്ക്
ഉയര്‍ന്നു പോയി
ഒരുപക്ഷേ അതൊരു പക്ഷിയായി
മാറിയിരിക്കണം
അതോടെ നിശ്ചലയായി പോയ ഞാനിന്നൊരു
മരമായി മറിയിരിക്കുന്നു
പക്ഷിയായി പോയ
ആ മരം എന്നെങ്കിലുമൊരിക്കല്‍
എന്റെ ചില്ലകളില്‍ വന്നിരിക്കുമായിരിക്കും
ഇലകളുടെ പരിചിതഗന്ധത്തെ തിരിച്ചറിയുമായിരിക്കും!











note
{പുഷ്പാ‍ദ്രാവിഡിന്റെ ചിത്രങ്ങളുടെ പ്രത്യേകത കണ്ടപ്പോളെഴുതിയത്}

6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

തീർച്ചയായും ആ പക്ഷിതിരിച്ചുവന്ന് എന്നെങ്കിലും ആ മരക്കൊമ്പിൽ ഇരിക്കും,ഇലകളുടെ പഴയ മർമരങ്ങൾ കേൾക്കും...

Ranjith chemmad / ചെമ്മാടൻ said...

രാഹുല്‍ ദ്രാവിഡിന്റെ അമ്മയുടെ മരങ്ങള്‍ കണ്ടു; കവിതയും മരങ്ങളും
"ദീര്‍ഘമായ ആലിംഗനങ്ങളുടെ ലംബമാനതയില്‍" ലയിച്ചു ചേരുന്നു! ആശംസകള്‍...

എം പി.ഹാഷിം said...

eshtamaayi

രാജേഷ്‌ ചിത്തിര said...

പുഷ്പ ദ്രാവിഡിന്റെ ചിത്രങ്ങള്‍ക്കൊപ്പം ഈ കവിതയും
നേരത്തെ വായിച്ചിരുന്നു .
രണ്ടാം വായനയിലും ഇഷ്ടം തന്നെ ...
ഒരു ലഘു ചിത്രം കണ്ടത് പോലെ മനോഹരമായി
പറഞ്ഞു വച്ചിരിക്കുന്നു ..തിരിച്ചു വരുന്നതും
വരാത്തതും മരത്തിന്റെ ഇഷ്ടം
രണ്ടെന്ന ഭാവത്തെ ഒന്നാക്കുന്ന ആ കയ്യടക്കം
നല്ലത് തന്നെ

lekshmi. lachu said...

kollaam..

ഗൗരി നന്ദന said...

പക്ഷിയായി പോയ
ആ മരം എന്നെങ്കിലുമൊരിക്കല്‍
എന്റെ ചില്ലകളില്‍ വന്നിരിക്കുമായിരിക്കും
ഇലകളുടെ പരിചിതഗന്ധത്തെ തിരിച്ചറിയുമായിരിക്കും!

വരുമായിരിക്കും..ഇല്ലാതെ വരില്ലാ...
കൊള്ളാം ട്ടോ....നല്ല ചിന്ത...