പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം. വര്‍ഷങ്ങള്‍ക്കു മുമ്പ് മരപ്പൊത്ത് എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്.
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.
അവരീ ദേശങ്ങളെ -
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ -
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു.
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ
കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.
ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി
എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.
ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല
4 comments:
വളരെ നന്നായിരിക്കുന്നു കേട്ടൊ കൂമൻസ്.
"Pazham Pori" by
യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ...
:)
ഇത് വളരെ നന്നായീ
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, സുഹൃത്തുക്കളേ ...
Post a Comment