പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍
പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍
ആര്‍ത്തലറിക്കൊണ്ട് പാഞ്ഞുപോയെന്ന്
മകള്‍ പേടിച്ചരണ്ട് നിലവിളിച്ചുണരവെ,
തോന്നലെന്നോതി ഞാന്‍; എങ്കിലും...
ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ
കന്യതന്‍ പ്രേതമതെന്ന് ശഠിച്ചവള്‍.
നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ
പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും
പേടിച്ചുറഞ്ഞു നില്ക്കുന്നു ഗ്രീഷ്മാകുലം!
നോക്കൂ... മതില് നിറയെ രക്തം വീണ
ജീവിതപ്പേടി തന് നിത്യാര്‍ത്തനാദങ്ങള്‍.
നീല വലംപിരി ശംഖുപുഷ്പങ്ങളില്
തീവണ്ട് ചുംബിച്ച വ്രണിത പ്രാണസ്വരം.
വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്
ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും.
കാറ്റിന് ജനാലയ്ക്കല്‍ വന്നൊരു കബന്ധം
ഏതെന് ശിരസ്സ്, ആരെന്തിനു തകര്‍ത്തെന്ന്
നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ
തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍.
ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ,
ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ,
ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി
തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍
നിത്യം മുറിച്ചുമുണക്കിയും രാപ്പകല്‍
സത്യനൂല്‍ കൊണ്ട് തുന്നുന്നൊരീ ജീവിതം...
തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു
രക്തകപാലിയായ് കാലാന്ധഭൈരവന്‍.
നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍
നീട്ടിപ്പരത്തി വായിക്കുന്ന ലോകവും,
നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും
ഭീതിയേറ്റുന്നൊരീ ആസക്തജീവിതം...
നാലുകഴഞ്ച് വിലപേശി വാങ്ങുവാന്‍
ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ...
നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ
നീതിശാസ്ത്രത്തിന് പ്രചണ്ഡസാരങ്ങളെ!
പാദങ്ങള്‍ രണ്ടും പരിചിതബന്ധനം
പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു.
ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ
ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം?
000
3 comments:
vaayicha kavitha onnukoodi vaayichu !
Read
കടും വാക്കുകൾ
കടം ഒറ്റുന്നൂ...
Post a Comment