Saturday, May 15, 2010

കണിക്കൊന്ന


അടച്ചിട്ട ജാലകപ്പഴുതിലൂടെ
സൂര്യന്റെ കതിരൊളി ചോദിച്ചു മെല്ലെ.....
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇന്നു നിന്‍ മാവേലി വാണ നാട്ടില്‍
മഞ്ഞ കണിക്കൊന്ന പൂത്ത നാട്ടില്‍
വിഷുവെത്തി! വിഷുവെത്തി! അറിഞ്ഞതില്ലേ?
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇല്ലെനിക്കാവില്ലെന്‍ കണ്‍ തുറക്കാന്‍ !
ആ സുന്ദര സ്വപ്നത്തിലാണ്ടുപോയെന്‍ മനം!
മനസില്‍ തെളിയുന്നു വെള്ളോട്ടുരുളിയും
ചക്കയും , മാങ്ങയും ,കായ്കനികളും ,
മഞ്ഞക്കതിരൊളി വീശുന്ന കൊന്നയും ,
നീലക്കാര്‍ വര്‍ണന്റെ സുന്ദര ബിംബവും ,
കോടിയും ,സ്വര്‍ണ്ണവും ,വെള്ളിയും , ധാന്യവും ,
ഏഴു തിരിയിട്ട നിലവിളക്കും ,
നല്ലൊരു നാളെ തന്‍ കണി കാണുവോളം
കണ്‍കള്‍ അടച്ചു പിടിക്കുന്നൊരമ്മ തന്‍ കരങ്ങളും ,
പിന്നെ പുലര്‍കാലം , ഓമനക്കയ്യിലായ്
മുത്തശ്ശന്‍ വച്ചു നീട്ടുന്നൊരാ കൈനീട്ടവും
ഓര്‍ക്കുന്നു ഞാന്‍ ....മനസു വിങ്ങുന്നുവോ?
സ്വപ്നങ്ങല്‍ പൂക്കാത്ത ഈ മരുഭൂമിയില്‍ ?
വേണ്ടെന്നെ വിളിക്കാതെ മടങ്ങു നീ കതിരേ...
ഈ സുന്ദര സ്വപ്നത്തിന്‍ മായിക ലോകത്തില്‍
തെല്ലിട ഞാനിനിയും മയങ്ങിടട്ടെ!......
ഇല്ല വരുവാനാകില്ലെനിക്കീ
സുന്ദര വിഷുക്കാല സ്വപ്നത്തില്‍ നിന്നും..... !

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സുന്ദര സ്വപ്നത്തിന്‍ മായിക ലോകത്തില്‍
തെല്ലിട ഞാനിനിയും മയങ്ങിടട്ടെ!......
ഇല്ല വരുവാനാകില്ലെനിക്കീ
സുന്ദര വിഷുക്കാല സ്വപ്നത്തില്‍ നിന്നും.....

സ്വപ്നം കണ്ടുകൊണ്ടിരിക്കൂ....