Wednesday, March 2, 2011

മൃത്യുഞ്ജയം

അമ്മ മരണക്കിടക്കയിലാണ്;
ചുട്ടുപൊള്ളുന്ന പനി
ചോര തുപ്പിയുള്ള ചുമ
മേലാകെ പഴുത്ത വ്രണങ്ങള്‍
അറ്റുപോയ അവയവങ്ങള്‍ 
നിറയെ ശസ്ത്രക്രിയാപ്പാടുകള്‍ 
അറപ്പുളവാക്കും ദുര്‍ഗന്ധം
മൊളിപിടിച്ച ശരീരം
വരണ്ട കണ്ണീര്‍പ്പാടുകള്‍
കീറിയ ഉടുവസ്ത്രം
പുതപ്പിലും നിറയെ തുളകള്‍;
അമ്മയുടെ ഉടുതുണി മാറ്റിയും
മാറും വയറും പിളര്‍ന്നുംപോലും
ഐശ്വര്യം തിരയും മക്കള്‍;
പരസ്പരം കൊന്നുതള്ളിയും
വെട്ടിപ്പിടിച്ചും സ്വയം നശിക്കുന്നവര്‍;
വേദന കൊണ്ടമ്മ പുളയുന്നു
ദാഹജലത്തിനായി കേഴുന്നു; 
നരച്ചുപാറിയ മുടിയിഴകള്‍
കാഴ്ച മങ്ങിയ കണ്ണുകള്‍
കുഷ്ഠം ബാധിച്ച ചര്‍മം.
പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ്  തിളങ്ങി! 
സഹോദരരേ, നമുക്കൊരുമിച്ചമ്മതന്‍
ശേഷിച്ച സൌഖ്യത്തിനു കാവലാവാം;
കെട്ടതെല്ലാം അഗ്നിയില്‍ വലിച്ചെറിഞ്ഞ്
പുണ്യാഹം തളിച്ച് മനസ്സ് ശുദ്ധമാക്കി
അമ്മയുടെ ദീര്‍ഘായുസ്സിനായ്
നടത്താം നമുക്കൊരു മൃത്യുഞ്ജയം;
ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ...

8 comments:

Unknown said...

നല്ല ചിന്തകൾ, കവിത ഇനിയും നന്നാക്കാമായിരുന്നു!
അശംസകൾ, പ്രവാസകവിത കൂട്ടായ്മയിലേയ്ക്ക് സ്വാഗതം...

അതിരുകള്‍/പുളിക്കല്‍ said...

ഒരുപാടിഷ്ടായി കവിത...ഭാവുകങ്ങള്‍

രമേശ്‌ അരൂര്‍ said...

ഇനിയും മരിക്കാത്ത ഭൂമി .....

വിനുവേട്ടന്‍ said...

അതേ, വരുംതലമുറകള്‍ക്കായി സര്‍വ്വംസഹയായ ഈ അമ്മയെ നമ്മള്‍ സംരക്ഷിച്ചേ തീരൂ...

drkaladharantp said...

രണ്ജിത്തിനോട് യോജിക്കുന്നു. കവിതയുടെ എല്ലാ വൈശിഷ്ട്യങ്ങളും അംഗീകരിച്ചു കൊണ്ട് പറയട്ടെ.കവിതയുടെ ഇടയില്‍ പ്രസ്താവനാ രീതിയിലുള്ള വരികള്‍ വന്നത് ഒഴിവാക്കാമായിരുന്നു..:കീറിയ ഉടു വസ്ത്രം "കഴിഞ്ഞു "വേദന കൊണ്ടമ്മ പുളയുന്നു "എന്നത് മുതല്‍ വായിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്.സ്നേഹത്തിന്റെ തുടുപ്പായി തിളങ്ങി എന്നിടത്ത് കവിതാ വായന അവസാനിപ്പിക്കാനും.
പുലര്‍ച്ചയും സന്ധ്യയും മുടങ്ങാതെ നെറുകയില്‍ ചാര്‍ത്തും സിന്ദൂരം മാത്രം നിറം മങ്ങാതെ സ്നേഹത്തിന്റെ തുടിപ്പായി തിളങ്ങി
എന്ന് തിരുത്തി വായിച്ചാല്‍ കുഴപ്പമുണ്ടോ.
കവിതയില്‍ ഇങ്ങനെ ഇടപെടുന്നത് അമ്മയോടും കവിതയോടുമുള്ള സ്നേഹസ്വാതന്ത്രം കൊണ്ട്..
അവിവേകമായില്ലല്ലോ.

ഒറ്റയാന്‍ said...

പുറത്തേക്കു വലിച്ചെറിയുന്ന ഒരു തുണ്ട്‌ പ്ളാസ്റ്റിക്ക്‌ കടലാസ്സിനു പേൊലും അമ്മയെ ശ്വാസം മുട്ടിക്കാന്‍ കഴ്യിയും.
നമ്മള്‍ നന്നേ വൈകിയിരിക്കുന്നു..
ഒരു മൃത്യുഞ്ജയം ഉടനേെ വേണം.

വരികള്‍ ഒന്നു കൂടി അടുക്കിയെടുക്കാമായിരുന്നു.

വിഷയം കാലിക പ്രസക്തിയുള്ളതു തന്നെ.

അടുത്തതെഴുതുമ്പേൊള്‍ വരികള്‍ക്കിടയിലെ ചെറിയ ചില കല്ലുകടികള്‍ ഒഴിവാക്കുക.(അഭിനയങ്ങളില്‍ വിശ്വാസമില്ലാത്തതു കൊണ്ട്‌ തുറന്നെഴുതിയതാണ്‍.)

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ അമ്മ...!
‘പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ് തിളങ്ങി! ‘
ഇതച്ഛനും...!

Sony velukkaran said...

കവിതയില് വേദന ! Good one !