Friday, May 6, 2011

"കാ കാ" കാക്ക ചിരിച്ചു ചിരിച്ചു മലർന്നു പറക്കുന്ന ഒരു പുസ്തകം...

കവിത എങ്ങനെയല്ലെന്ന് പകച്ചു നിന്നത് നസീർ കടിക്കാടിന്റെ സംക്രമണത്തിനു മുന്നിലാണ്‌! ദൂരെയേതോ കരിമ്പിൻതോട്ടത്തിന്റെ ഉന്മാദം മണത്തു കൂട്ടം തെറ്റിപ്പോകുന്ന ഒറ്റയാന്റെ ചടുലക്രമവും പിടി തരാത്ത വ്യഗ്രതയുമായി സംക്രമണം ചിഹ്നം വിളിച്ചു നിൽക്കുന്നു...
അടുക്കാൻ പേടി തോന്നുന്ന കവിതകൾ..... പിടി തരാത്ത കവിതകൾ..... മുൻപെവിടെയും കേട്ടുകേൾവിയില്ലാത്ത കവിതകൾ... ഇങ്ങനെയും കവിതയെന്ന് സൗന്ദര്യപ്പെടുത്തുന്ന വരികൾ......

കവിതയുടെ ഉന്മാദത്തിലേയ്ക്ക് പകച്ചത് നസീറിന്റെയും കൂഴൂരിന്റെയും ലതീഷിന്റെയും കരിയാടിന്റെയും വിഷ്ണുമാഷിന്റെയുമൊക്കെ വ്യത്യസ്ഥകൾ കണ്ടുകൊണ്ടാണ്‌......
ആനുകാലിങ്ങളിൽനിന്നുപോലും പകർന്നുതരാത്ത കവിതയുടെ മജ്ജ ഇവരുടെ ബ്ളോഗുകളിലൂടെ അസ്ഥികളിലേയ്ക്ക് പകർന്നു തരാറുണ്ട്....എപ്പോഴും......

കവിത ഇങ്ങിനെയും പുകയു/യ്ക്കു/ന്നു എന്ന് ദ്രവിച്ചിരിക്കുമ്പോഴാണ്‌,
ശശിയുടെ 'ചിരിച്ചോടും മൽസ്യങ്ങ'ളോടും ജയദേവിന്റെ 'കപ്പലെന്ന നിലയിൽ കട്ലാസ്സു തുണ്ടിന്റെ ജീവിത'ത്തിനോടും അനീഷിന്റെ 'കുട്ടികളും മുതിർന്നവരും ഞാവല്പ്പഴങ്ങ'ളോടുമൊപ്പം തത്തകളുടെ സ്കൂളുമായി ശ്രീകുമാർ കരിയാട് ഞെട്ടിച്ചത്....! ടി.എ. ശശി ദുബായിൽ എത്തിച്ചു തന്ന സൈകതം ബുക്സിന്റെ പുസ്തകങ്ങളിൽ 'തത്തകളുടെ സ്കൂൾ' വായിച്ച്, വായിക്കുന്നതിനു മുൻപു വരെയുള്ള കാലത്തിന്റെ ശൂന്യതയെ പുച്ചിച്ചാണ്‌ പുതിയ സ്കൂളിലേയ്ക്ക് കാലെടുത്തു വച്ചത്...



"പൊക്കാളികൃഷിപ്പാടം
തനതു സൗന്ദര്യത്തെ
രക്ഷിച്ചു തെക്കൻ കാറ്റിൻ
ഓർക്കസ്ട്ര കതോർക്കുമ്പോൾ
തത്തകൾ ഗൃഹപാഠം
കഴിഞ്ഞു മധു മോന്താൻ
വൃശ്ചിക നിലാവുള്ള
പനയിൽ വിലയിച്ചു
കുട്ടികളുടെ മുഖ-
ചഛായയിൽ നിരക്കുന്ന
സ്ഫടികക്കുപ്പിക്കുള്ളിൽ
നിഷ്കളങ്ക ദ്രവം നിന്നു.
................................"

എന്ന 'പേറ്റന്റ് റൈറ്റിലൂടെ' മാറാതെ നിന്ന ഞെട്ടലിനിടയിലാണ്‌ 'മലയാളനാടിൽ' എ.സി ശ്രീഹരിയുടെ ഇടച്ചേരി വായിച്ചത്....
ഇടച്ചേരിയും തത്തക്കൂട്ടങ്ങളും തികട്ടിവരുന്ന പുതിയ കാഹളത്തിന്റെ ഒരു പുലർകാലത്ത് നസീർ  ഫോണിലൂടെ 'കാ കാ' യുടെ പ്രകാശനം വിളിച്ചറിയിച്ചത്.....
രണ്ടു വരി ചൊല്ലിക്കേൾക്കാനുള്ള ഭീകരമായ നിർബന്ധത്തിൽ,
കടിക്കാടൻ തനതു ഗാംഭീര്യത്തിൽ 'കാ കാ' യിലെ ചില കവിത ചൊല്ലി കേൾപ്പിച്ചത്....
മറുതലയ്ക്കൽ ശൈലകവി....,
ഫേസ്ബുക്ക് ചാറ്റിൽ, നാട്ടിലെത്തിയാലുള്ള റം പ്ളാനിനെക്കുറിച്ച് ഭാവി പരുവപ്പെടുത്തുമ്പോൾ നസീറിന്റെ കാക്കകൾ എന്നെ വട്ടമിട്ടു തുടങ്ങിയിരുന്നു...
ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണെന്ന് ആവർത്തിച്ച് പറഞ്ഞ നസീർ, ബ്ളോഗിലൂടെ നമുക്ക് തരാതെ കൂട്ടിലടച്ച മുപ്പത് കവിതകളുടെ ഒരു കാക്കക്കെണിയാണ്‌ ഈ പുസ്തകത്തിൽ അതീവകൗശലത്തോടെ അടുക്കി വച്ചിരിക്കുന്നത്...

തലക്കുമുകളിൽ കാറിയാർക്കുന്ന കറുത്ത പ്രളയത്തിന്റെ
തിരത്തള്ളലിൽ സ്തബ്ധമായ നിമിഷങ്ങൾ...
ഇങ്ങനെയും കവിതയെഴുതുന്ന ഒരാൾ നമുക്കിടയിൽ ജീവിച്ചിരിക്കുന്നു...
അല്ലെങ്കിൽ അയാളുടെ കാലത്ത് ഞാൻ ജീവിക്കുന്നു എന്നത് വല്ലാത്തൊരു വിറയലോടെ ഞാനാ കവിതകൾ ജീവനോടെ കേൾക്കുന്നു... തലയ്ക്കു ചുറ്റും കറുത്ത ചിറകുകൾ പ്രളയമാകുന്നു...കവിതയുടെ പുതുപ്രളയം........
'കാകാ' എന്നു മാത്രം പറഞ്ഞുകേട്ട ഈ പുസ്തകത്തെക്കുറിച്ച് ഉള്ളിലുണ്ടായ ചില ചോദ്യങ്ങൾ ആ ലഹരിയിൽ കവിയോട് തന്നെ ചോദിച്ചു...:
? ശബ്ദം കൊണ്ട് ഒരു കവിതാപുസ്തകം മലയാളത്തിൽ ആദ്യമായിരിക്കും?

"എനിക്കൊന്നു മൂളാനേ ഒക്കൂ...
മൂളുക, ... മ്....
 എന്ന് പറഞ്ഞാൽ അതൊരു മനുഷുന്റെ ശബ്ദമാണ്‌
കാക്കയുടെ കരച്ചിൽ, മനുഷ്യന്റെ ശബ്ദം ഇത്രയേയുള്ളൂ...
ഈ കൊച്ചു പുസ്തകം...
കറുത്തവരുടെ പാട്ടും താളവും ഉന്മാദവും ചോദിക്കുന്ന നിന്നെപ്പോലെ ഉത്തരത്തിലിരിക്കുന്ന എന്റെ പല്ലിച്ചിലക്കലിലും ചിലപ്പോഴെങ്കിലും സത്യമാണ്. സത്യം ഇല്ലാതാകുന്ന മനുഷ്യർക്കിടയിൽ നിന്നാവണം ഞാനോ നീയോ അല്ലെങ്കിൽ മറ്റാരോ കാ കാ എന്നു കരയുന്നത് .കാക്ക കരയുന്നതാണാ ശബ്ദമെന്ന് എനിക്കൊരുറപ്പുമില്ല.ഒരു പക്ഷെ കാക്ക ചിരിക്കുന്നതാണെങ്കിലോ ?ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ് .ഞാൻ കരയുകയാണോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട."
? കാക്കയുടെ ചോര കണ്ടിട്ടുണ്ടോ?
"എനിക്കിഷടമുള്ളതു പോലെയെല്ലാം ഞാൻ കാക്കയുടെ കരച്ചിൽ കേട്ടിട്ടുണ്ട്. എനിക്കിഷ്ടമുള്ളതു പോലെയൊക്കെ കാക്ക എങ്ങിനെയൊക്കെ കരഞ്ഞാലും കാ കാ എന്നേ കേട്ടിട്ടുള്ളൂ. അതാണെന്റെ സങ്കടം.സങ്കടമുള്ളതു കൊണ്ടാവാം കാക്കയുടെ ചോര ഞാൻ കണ്ടിട്ടില്ല.(കാക്കച്ചോര എന്നൊരു കവിത ഈ പുസ്തകത്തിലുണ്ട്)എന്നാലും സങ്കടങ്ങൾക്കിടയിലും എനിക്കുറപ്പാണ്, കാക്കയുടെ ചോര മഞ്ഞച്ചിട്ടാണ്. കാക്കയെനിക്കു മഞ്ഞക്കിളിയാണ് .എന്നെങ്കിലും മധുരം തിന്നും. കാക്ക കാ കാ എന്നു ചിരിക്കും.ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ്.ഞാൻ കരയുന്നുണ്ടോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട."
? ഈ കരച്ചിലൊന്ന് നിർത്താമോ?
"ഈ പുസ്തകത്തിലുള്ള കാക്കകളോടെല്ലാം ചോദിച്ചുനോക്കി.അവറ്റകൾ അപ്പോഴും കരഞ്ഞതേയുള്ളൂ. ഉത്തരം മുട്ടിയപ്പോൾ ഞാൻ അതു തന്നെ പറയുന്നു. ഈ പുസ്തകം ചിരിപ്പിക്കാനുള്ളതാണ്. ഞാൻ കരയുന്നുണ്ടോ എന്ന് ആരും ഒളിഞ്ഞു നോക്കേണ്ട. കാക്ക ഇപ്പോഴും കാ കാ
കാക്കയെ ആരും കൂട്ടിലടക്കുന്നില്ല.ആരും തുറന്നുവിടുന്നില്ല. കാ കാ"


കവിയുടെ കാക്കക്കരച്ചിലുകൾ ഇതിലൊതുങ്ങുന്നില്ല....
ചിരഞ്ചീവിയായി കറുത്ത ചിറകടികളും ക്രമാനുസൃതമല്ലാത്ത കറുത്ത താളങ്ങളുമായി കവിത കൂട്ടം ചേർന്ന് ആക്രമിച്ചുകൊണ്ടിരിക്കുന്നു....
കരിംചിറകു കെട്ടി അവരിലൊരാളായി, കവിതയാകുന്നവരെ അവരെന്നെ കൂട്ടം ചേർന്ന് ക്രാക്രിക്കൊണ്ടിരിക്കുന്നു....
കറന്റ് ബുക്സ് പുറത്തിറക്കുന്ന നസീർ കടിക്കാടിന്റെ 'കാകാ' എന്ന കവിതാസമാഹാരം ഈ ഞായറാഴ്ച 8 ആം തിയ്യതി അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ചു
ശ്രീ കെ.ജി.ശങ്കരപ്പിള്ള പ്രകാശനം ചെയ്യുന്നു...

ചിരിച്ചു ചിരിച്ചു കാക്ക മലർന്നു പറക്കുന്ന ഒരു കാലം നമുക്കുമുന്നിൽ അനാവൃതമാകുന്നു...
കൂഴൂർ വിൽസൺ ഈ കവിതയ്ക്കെഴുതിയ മുഖക്കുറിപ്പ് ഇവിടെ  വായിക്കാം...

12 comments:

Unknown said...

ചിരിച്ചു ചിരിച്ചു കാക്ക മലർന്നു പറക്കുന്ന ഒരു കാലം നമുക്കുമുന്നിൽ അനാവൃതമാകുന്നു...

ഏറനാടന്‍ said...

ആള്‍ ദി ബെസ്റ്റ്‌. മബ്രൂക് ആശംസകള്‍

രാജേഷ്‌ ചിത്തിര said...

nannayi renjith,

ksc yil varan shramikkunnu...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കിളികളുടെ ശബ്ദം കളകൂജനവും ചിലക്കലും മറ്റുമായി കൊണ്ടാടപ്പെടുമ്പോൾ കാക്കയുടെ ശബ്ദം മാത്രം എന്നും കരച്ചിലായാണ് പറയപ്പെട്ടതെന്ന് അൽഭുതത്തോടേയോർത്തത് കാ കാ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്ന ഈ കുറിപ്പ് വായിച്ചപ്പോൾ മാത്രമാണ്. ഗ്രന്ഥകാരൻ പറയുന്നപോലെ എന്തുകൊണ്ട് അത് കരച്ചിലാണെന്നു വരുത്തിത്തീർക്കണം? ചിരിയുമാവാലോ..

പുതിയ ചിന്തയും തദനുസാരിയായ പുതിയ ഭാവുകത്വവും ഈ ക്ര്‌തി പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷ.

ഭാവുകങ്ങൾ.

Kalavallabhan said...

പറക്കട്ടെ പറക്കട്ടെ, ഇലകൾ കൊത്തി വലിക്കാതെ പറക്കട്ടെ

Unknown said...

കരിംചിറകു കെട്ടി അവരിലൊരാളായി, കവിതയാകുന്നവരെ അവരെന്നെ കൂട്ടം ചേർന്ന് ക്രാക്രിക്കൊണ്ടിരിക്കുന്നു..

kaviurava said...

നന്നായിരിക്കുന്നുRenjinthea.. ..ഒരു വിരുന്നു വിളിപോലെ......bhaavukangalodea.KC.

Sinai Voice said...

namukku ennum chirikkaan kazhiyatte

പാര്‍ത്ഥന്‍ said...

വെളുത്ത കാക്കയുടേ കറുത്ത അക്ഷരങ്ങൾ വിരുന്നു വിളിക്കുന്നുണ്ട്. എനിക്കും ചിരിച്ച് ചിരിച് മലന്നു പറക്കണം.

പാവപ്പെട്ടവൻ said...

നസീറിന്റെ കവിതകൾ അത്യാധുനികമാണ് പലപ്പോഴും അതിന്റെ കടുകട്ടി വർത്തമാനത്തിന്റെ പുതിയ മുഖങ്ങളുമായി സല്ലപിക്കുന്നുണ്ടാവാം പക്ഷേ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ അല്പം പാടാ
.

Sabu Hariharan said...

പൊക്കാളികൃഷിപ്പാടം..
It will be nice if somebody explain this kavitha. Thank you. (Really mean it)

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പരിചയപ്പെടുത്തലായി കേട്ടൊ