Monday, May 16, 2011

നേട്ടം !


കണ്ണു കത്തുന്ന വെയില്‍
കുളിരിന്‍റെ നേര്‍ത്ത പാട പോലുമില്ലാത്ത
ഉഷ്ണത്തിന്‍റെ ഈ മരുഭൂമി
ഒട്ടകങ്ങളുടെ കപ്പലുകള്‍
ഈന്തപ്പന മേടുകള്‍
കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍
ഇതാ മധ്യപൌരസ്ത്യ ദേശം


ഭൂമിയിലെ എണ്ണ മുഴുവനും ഇവിടെ ഉഷ്ണമായ് പെയ്യുന്നു
ഹയാത്തിലെ* മഞ്ഞു കൂട്ടില്‍
കുട്ടികള്‍ ചക്രവേഗത്തിലോടുന്നു
കറുത്ത ഗലികളില്‍
രണ്ടുചക്രം വലിക്കുന്നവര്‍
ചുമച്ചു തുപ്പുന്ന രക്തം കലര്‍ന്ന കഫം
ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു
എഴുപതു നിലകളുള്ള
ടവര്‍ ക്രെയിനില്‍ നിന്ന് വീണ്
മരിക്കുന്ന നാല്പതുകാരന്‍
നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ
നൂറുപവന്‍ സ്വപ്നമുടയുന്നു


നാദ് അല്‍ ഷീബായില്‍** ഇന്ന് കുതിരയോട്ടമാണ്
ജാക്പോട്ടില്‍ കോടികള്‍ ഒഴുകുന്നു
വിദേശ സുന്ദരിക്ക് ചുണ്ടില്‍ കൂടുതല്‍ ചായം
ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍
മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്
ഇന്ന് മാമോദീസ സ്വീകരിക്കുന്നു
------------------------------------------------------
* ദുബായിലെ പഞ്ച നക്ഷത്ര ഹോട്ടല്‍
** ദുബായിലെ കുതിരപന്തയം ഇവിടെ നടക്കുന്നു
`* ദുബായിലെ കറന്‍സി

9 comments:

പാവപ്പെട്ടവൻ said...

പ്രാവാസഭൂമിയിലെ ദൈന്യവും മുരടിപ്പും ജീവിതവട്ടത്തിന്റെ സ്വപ്നങ്ങളും പറയാൻ ശ്രമിച്ചതാണ്- പൂർണമായി പരാജയപ്പെട്ടന്നു പറയാൻ കഴിയില്ല.

“ചുമച്ചു തുപ്പുന്ന രക്തം കലര്‍ന്ന കഫം
ഗള്‍ഫ് തീരങ്ങളില്‍ പാട കെട്ടുന്നു“
ഈ പ്രയോഗം ഗഭീരമായിട്ടുണ്ട്..

“ദിര്‍ഹം`* ചിതറി, മടികുത്തഴിയുമ്പോള്‍
മൈലുകള്‍ അകലെ അവളുടെ കുഞ്ഞ്
ഇന്ന് മാമോദീസ സ്വീകരിക്കുന്നു “

പച്ചജീവിതത്തിന്റെ നന്നായി തെളിഞ്ഞ ഒരു ചിത്രമാണ് ഈ വരികൾ അസ്സലായിട്ടുണ്ട്.
എന്നാൽ ധൃതിയിൽ തീർത്തതിന്റെ കുഴപ്പങ്ങൾ നിഴലിച്ച് നിക്കുന്നു.

മുകിൽ said...

നല്ലൊരു ചിത്രം തരുന്നു കവിത. ദൈന്യതയുടെ.. തകര്‍ച്ചയുടെ..

MOIDEEN ANGADIMUGAR said...

എഴുപതു നിലകളുള്ള
ടവര്‍ ക്രെയിനില്‍ നിന്ന് വീണ്
മരിക്കുന്ന നാല്പതുകാരന്‍
നാട്ടിലെ പുരനിറഞ്ഞ പെണ്ണിന്‍റെ
നൂറുപവന്‍ സ്വപ്നമുടയുന്നു

പ്രാവാസഭൂമിയിലെ ചില നേർകാഴ്ചകൾ. നന്നായിട്ടുണ്ട്.

Unknown said...

കൊളാഷ്!!!!

കൊടികുത്തി said...

good.........

ഷൈജു.എ.എച്ച് said...

ദാരിദ്ര്യത്തിന്റെയും ധാരാളിതത്തിന്റെയും രണ്ടു മുഖങ്ങള്‍.. കൊള്ളാം

www.ettavattam.blogspot.com

BINDU said...

" പ്രവാസിയുടെ നിത്യജീവിതത്തിലെ നേര്‍കാഴ്ച "..............

Muralee Mukundan , ബിലാത്തിപട്ടണം said...

ഗൾഫ് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ...

Sony velukkaran said...

Ty to all friends .. special thanks to പാവപ്പെട്ടവന്‍ !