Tuesday, May 24, 2011

എഴുന്നേല്‍ക്കു കൂട്ടുകാരീ / ഷൈന

'എന്തിനാണ്  ഞങ്ങളെയിങ്ങനെ...?
'ആത്മാവില്‍ തീ കൊളുത്തുന്ന
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍  നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍
തലകുനിച്ചു കടന്നു പോകുന്നു.


മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന്
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത്
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന്
പടര്‍ന്നിറങ്ങിയ ചോര
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും
നിങ്ങള്‍, നിങ്ങളുടെ പൊള്ളയായ  മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി
ഖിന്നതയുടെ അന്ധകാരത്തില്‍
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍
ഞാവല്‍ക്കാടുകള്‍ക്കു നേരെ
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത്
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
 നമ്മുടെ പിരിയന്‍ വഴികളുടെ
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?


ഷൈന.അഭിഭാഷക, തൃശ്ശൂർ സ്വദേശം,
ഇപ്പോൾ കുടുംബസമേതം ഒമാനിൽ താമസിക്കുന്നു.
ഓൺലൈൻ മാഗസിനുകളിലും ബ്ളോഗിലും കവിത
എഴുതുന്നു.
ബ്ളോഗ് : അലയൊതുങ്ങിയ...
http://alayothungiya.blogspot.com

12 comments:

Unknown said...

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി
ഖിന്നതയുടെ അന്ധകാരത്തില്‍
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

ബൈജൂസ് said...

നല്ല വരികൾ.

Unknown said...

ഉത്തരം നല്‍കാതെ
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍
തലകുനിച്ചു കടന്നു പോകുന്നു...!!

Lipi Ranju said...

കാപട്യം കോലം മാറ്റാത്ത
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
നല്ല വരികൾ...

ചന്തു നായർ said...

നല്ല വരികളിൽ രോഷവും,തീഷ്ണതയും തിളക്കുന്നൂ... ഈ നല്ല കവിതക്കെന്റെ നമസ്കാരം

നാമൂസ് said...

Nice and strong lines.. Keep it up..

മേഘമല്‍ഹാര്‍(സുധീര്‍) said...

നല്ല കവിത

Sabu Hariharan said...

ഖിന്നതയെ പിഴുതെടുത്ത്
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .

Good lines.

Anonymous said...

good one..

CYRILS.ART.COM said...

ചോദ്യങ്ങളുടെ അന്തസ്സാരങ്ങൾ പലപ്പോഴും ബോധപൂർവ്വം അവഗണിക്കപ്പെടാം, അവ ചേതം വരുത്തുന്ന യാഥാർത്ഥ്യങ്ങളാണെങ്കിൽ. അപ്പോൾ പൊള്ളയായ മരക്കുതിരപ്പുറത്ത് തലകുമ്പിട്ട് പോകുകയേ പറ്റു. കവയിത്രി ഒളിച്ചു പറയുന്ന പച്ചയായ വസ്തുതകളെ വെളിവാക്കിയൊരെഴുത്ത് ശരിയല്ലല്ലോ...? എങ്കിലും പറയട്ടേ....?പാതയോരത്തിൽ വിരിഞ്ഞു നിൽക്കുന്ന പുതിയ ലില്ലിപ്പൂക്കളെ വാടാതിരിക്കാൻ ആർക്കെന്തു ചെയ്യാൻ കഴിയും? കരിവണ്ടിൻറെ മൂളലുകളിൽ നിന്നും കൈകാലുകൾ ഏല്പിക്കുന്ന പോറലുകളേയും എങ്ങനെ സംരക്ഷിക്കാൻ? നമ്മുടെ ചുണ്ടുകളിലൂറുന്ന യാത്രാഗാനത്തിലും സാന്ത്വനരാഗത്തിനുമപ്പുറം ഒരു കാപട്യം തന്നെയായിരിക്കും ഒളിച്ചിരിപ്പുണ്ടാകുക.......മെച്ചമായ കവിതയ്ക്കും ഷൈനയ്ക്കും നന്ദി........

Muralee Mukundan , ബിലാത്തിപട്ടണം said...

തീവ്ര വ്യഥയാല്‍ നാവുകള്‍
ബന്ധിക്കപ്പെട്ടിരുന്നിട്ടും ഇനിയുമെന്തിന് ചോദ്യങ്ങൾ...

മനോഹര്‍ മാണിക്കത്ത് said...

good attempt.....