Wednesday, December 28, 2011

ജന്മാന്തരങ്ങള്‍






ഒടുവില്‍,

നീ എന്നില്‍ നിന്നു മുറിഞ്ഞ്

നേര്‍ത്തൊരു ജലരേഖയായി

പാതയോരം കടന്ന് പുഴയിലേക്ക്..

ഞാനോ?

മഴയിലേയ്ക്കിറങ്ങി

ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം തേടി

കാട്ടിലേയ്ക്ക്...



ഇനിയുമൊരു ശിംശപാ വൃക്ഷത്തിന്റെ

ചുവട്ടിലേയ്ക്ക് നീയെന്നെ

തേടി വരുമെന്ന പ്രതീക്ഷയില്ലാതെ..

പക്ഷേ,

വീണ്ടുമൊരിക്കല്‍ക്കൂടി

നീയെന്നെ തീക്കുണ്ഡമാക്കുന്നതും

ഹൃദയം വെണ്ണീറാക്കുന്നതും

സ്വപ്‌നം കണ്ട്

ഭയത്തിന്റെ മാറാലപ്പുതപ്പിനുള്ളില്‍

കൂനിക്കൂടിയിരിക്കാന്‍

മറ്റൊരു വാല്‍മീകിയുടെ വാസസ്ഥലം തേടി..





നീ എന്നില്‍ നിന്നുയര്‍ന്ന്

വിണ്ണില്‍ നിന്നു മഴനൂലുകള്‍

കൊണ്ട് വരണ്ട മണ്ണിനെ

പുഷ്പിണിയാക്കി..

ഞാനോ?

കൊട്ടാരത്തില്‍ നിന്നുയര്‍ന്ന,

പട്ടുമെത്തയില്‍ ഉഴുതുമറിക്കപ്പെട്ട

നിന്റെ വിയര്‍പ്പിന്റെ തിളയ്ക്കുന്ന

ഗന്ധത്തില്‍ മനംമടുത്ത്

നീ മൂലം പുഷ്പിണിയായ മണ്ണിന്റെ

മാറോടലിഞ്ഞ്...

ഇനിയൊരിക്കലും ഉണരുവാനാകാതെ

മറ്റൊരു വൈശാലിയാക്കപ്പെട്ട്

തനിയെ....



ഇനിയേതു കാലം വരെ കാത്തിരിക്കണം

ഒരു മുദ്രമോതിരത്തിന്റെ മറവിലല്ലാതെ

നീയെന്നെ തേടിയെത്തുന്ന നിമിഷത്തിന്?



നീ മഴക്കീറുകള്‍

ഓരോന്നായി അടര്‍ത്തിയെടുത്ത്

എന്നില്‍ നിന്നും

മുറിഞ്ഞുപോയ നിന്റെ ഹൃദയം

മഴനാരുകള്‍ കൊണ്ട്

തുന്നിയെടുക്കുന്നു

ഞാനോ?

ഇനിയൊരിക്കലും

മുറിഞ്ഞുപോകാനാകാത്തവിധം

എന്റെ ഹൃദയത്തെ ഇടിനാരുകള്‍

കൊണ്ട് പുതുക്കിയെടുക്കുന്നു..്

എന്നിട്ടും...

എന്നിട്ടും നീ മുറിഞ്ഞുപോയ്..

പാതിഭാഗം ഇവള്‍ക്കെന്ന ചൊല്ലുമാറ്റി

നീ വാനപ്രസ്ഥം തേടിയിറങ്ങി..

ഇനിയുമീ അകത്തളത്തില്‍ തനിച്ചിരുന്ന്

വനാന്തരത്തിലേക്കു മിഴി പറിക്കാന്‍,

പുറത്ത് മഴ നനഞ്ഞ്

അകം വരണ്ട ഭൂമിയാക്കി

കാത്തിരിക്കാന്‍

ഇനിയൊരു ഊര്‍മിളയാവാന്‍..

വയ്യ,

കാലം കഴിഞ്ഞിരിക്കുന്നു..



നീ എന്നില്‍ നിന്നകന്ന്

നേര്‍ത്ത ഹിമധൂളിയായി

നരച്ച ആകാശം നോക്കി മുകളിലേയ്ക്ക്..

ഞാനോ?

ഒരുവനാല്‍ അപഹരിക്കപ്പെട്ട്

നിന്നാല്‍ അപമാനിതയായി

പ്രതികാരത്തിന്റെ കനല്‍പ്പൂക്കളേന്തിയ

വരണമാല്യം തേടി കാട്ടിലേയ്ക്ക്..

പടരട്ടെ തീ,

നിന്നെരിയട്ടെ തീ.

നിന്നു കത്തട്ടെ ഞാനെന്ന സ്ത്രീ..

ഇനിയുമൊരു പതിനാറു

സംവത്സരങ്ങള്‍ കാത്തിരിക്കാം.

തീ പിടിച്ച ഹൃദയത്താല്‍,

ശരീരത്തെ പകരം കൊടുത്ത്

പുതിയൊരു ജന്മമെടുത്ത്

പകമുറ്റാം..



ഒറ്റയടിപ്പാതകളുടെ ഭൂമിശാസ്ത്രം

തേടിയവള്‍ പാത പിളര്‍ന്ന് താഴേയ്ക്ക്..

പെണ്ണിന്റെ ശരീരശാസ്ത്രം

പഠിപ്പിച്ചവള്‍ പുഴയിലലിഞ്ഞലിഞ്ഞ്....

അംബേ,

നീ മതി...

നിന്റെ ഹൃദയം മതി

എനിക്കു കടമെടുക്കാന്‍...







10 comments:

വെള്ളരി പ്രാവ് said...

:).....:(

grkaviyoor said...

മൈ ഡ്രീം
നല്ല ഡ്രീം
അതും
രാമായണ
ഭാരത
യാത്രകളിലുടെ
അവളെ തേടി
ഇനിയും
പുതു വത്സരങ്ങള്‍
യുഗങ്ങള്‍ തേടട്ടെ
ആശംസകള്‍ അല്ലാതെ
ഞാന്‍ എന്നത് പറയേണ്ടു

kochumol(കുങ്കുമം) said...

പുതുവത്സരാശംസകള്‍ ..

ente lokam said...

ashamsakal....

ബെഞ്ചാലി said...

നീ മതി...
നിന്റെ ഹൃദയം മതി
എനിക്കു കടമെടുക്കാന്‍.....


പുതുവത്സരാശംസകള്‍

rameshglobaldreams.blogspot.com said...

വാക്കുകള്‍ക്കതീതമായ ബിംബങ്ങളാല്‍ എന്നെ ആശ്ചര്യ ഭരിതനാക്കി! വളരെ നന്നായിരിക്കുന്നു...

മഴയുടെ മകള്‍ said...

happy new year to all
thanks 4 the comments

കുസുമം ആര്‍ പുന്നപ്ര said...

നല്ല കവിത

Muralee Mukundan , ബിലാത്തിപട്ടണം said...

നീ എന്നില്‍ നിന്നുയര്‍ന്ന്

വിണ്ണില്‍ നിന്നു മഴനൂലുകള്‍

കൊണ്ട് വരണ്ട മണ്ണിനെ

പുഷ്പിണിയാക്കി

Unknown said...

manOharamaaya oru kavitha ithaa iviTe..