Friday, March 13, 2009

പ്രവാസി

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

ഓലമടലിനടിയില്‍പ്പെട്ട,
പുല്‍നാമ്പിന്റെ
ആത്മനിന്ദയോടെ...

പകുതി അറുത്തിട്ടും
പിടഞ്ഞെണീക്കും
ബലിമൃഗം പോലെ..

അതിജീവനത്തിന്റെ
തത്രപ്പാടിനിടയില്‍
ഇനിയും കിളിര്‍ക്കാത്ത വേരുകളെ
മന:പൂര്‍വ്വം മറന്ന്‌
മുഖപേശികള്‍
വലിച്ചുനീട്ടി
പുഞ്ചിരിയൊട്ടിക്കുമ്പോള്‍...

സുഖപ്പെട്ടാലും
മായാത്ത മുദ്ര പേറും
ഭ്രാന്തനെപ്പോലെ..
നാട്ടുകാഴ്ചകളുടെ
പുറമ്പോക്കിലാണു നീയെന്ന്‌
ക്രൂരമായി ഓര്‍മ്മപ്പെടുത്തുന്നു
ഈ വിളിപ്പേര്‍.

8 comments:

ചന്ദ്രകാന്തം said...

ഒരിക്കൽ പറഞ്ഞിട്ടും പിന്നെയും പറഞ്ഞിട്ടും കയ്പ്പ്‌ പോകാതെ..

ഗൗരി നന്ദന said...

അതി ജീവന ശ്രമങ്ങള്‍ക്കിടയിലെ ഒറ്റ പെടലും വ്യഥയും ചില നിശ്വാസങ്ങളിലോതുക്കി ,ഉയിരു പിഴിഞ്ഞും മധുരം പകരാനുള്ള തത്രപ്പാട്...!!!

പ്രവാസി.............,ക്രൂരമായ ഒരു വിളിപ്പേര് ആണല്ലേ???

(ചില കയ്പ്പുകള്‍ എത്ര പറഞ്ഞാലും തീരില്ലല്ലോ ??)

രാജീവ്‌ .എ . കുറുപ്പ് said...

ഉയിരു പിഴിഞ്ഞെടുത്ത
മധുരം നുണഞ്ഞ്‌,
കുറഞ്ഞുപോയതില്‍
പരിഭവം കാട്ടി,
തിരിച്ചുപോക്കിന്റെ
തിയതി ഉറപ്പാക്കുന്ന
ബന്ധങ്ങള്‍ക്കു മുന്നില്‍...

തുടക്കം ഗംഭീരം, ഒരു പ്രവാസിയുടെ വേദന മുഴുവന്‍ ആ വരികളില്‍ തന്നെ ഉണ്ട്, കൊട് കൈ, സോറി പിടി കുപ്പി ഒന്ന്

Ranjith chemmad / ചെമ്മാടൻ said...

"നിലാത്തുണ്ടുകളെ കിനാക്കണ്ട്
കാറ്റുപിടിച്ച ഈന്തപ്പനയോലകളുടെ
വന്യതാളമേറ്റ് തനതു സംസ്ക്ര്‌തികളുടെ
ഐതിഹാസിക‌മായപാരമ്പര്യത്തിലൂന്നി,
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടഒരു ജനതഥി........
കാലം അവര്‍ക്കു പ്രവാസിയെന്ന്‌ വിളിപ്പേര്‍ നല്‍കി.
പട്ടയം കിട്ടിയ പൊക്കിള്‍ക്കൊടിയിലേയ്ക്ക്അവര്‍
നാണ്യപുഷ്പങള്‍ കടല്‍ കേറ്റി വിട്ടു....
പിന്നെയും....
പിന്നെയും...."

പകല്‍കിനാവന്‍ | daYdreaMer said...

ഇടനെഞ്ചില്‍ പടരുന്ന തീച്ചൂടില്‍
പൊതിഞ്ഞെടുക്കുവാന്‍ പാതി മുറിഞ്ഞ
കിനാവിന്‍ കൊടിയും,പ്രതീക്ഷയും..
പിന്നെ ...
പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!!

sHihab mOgraL said...

ഇങ്ങനെയൊരു ജീവിതമുണ്ടെന്നിങ്ങാദ്യമണഞ്ഞപ്പൊഴും
ഇനിയങ്ങനെയൊരു ജീവിതമില്ലെന്നിങ്ങിനിയുമണയുമ്പോള്‍...

തണല്‍ said...

പ്രവാസത്തിന്റെ
തിരക്കിലായതിനാല്‍
വൈകിപ്പോയല്ലോ..
-മറ്റൊരു പ്രവാസി.

Sureshkumar Punjhayil said...

Enne pole... Ashamsakal...!!!