Sunday, July 11, 2010

മഴവില്ല്

ഡയറിയിലെ നനഞ്ഞ പേജുകൾ മുഴുവൻ
മകൾ
ക്രയോൺസ് കൊണ്ട് വെട്ടിക്കളഞ്ഞിരിക്കുന്നു.

അവിടെ
അവൾക്ക് മാത്രം പരിചയമുള്ള
മഴവില്ലുകൾ
നിറയെ വിരിഞ്ഞിരിക്കുന്നു.

അവയ്ക്കിടയിൽ
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ

എല്ലാം അവളുടെ ശരികൾ.

പ്രായം പഴുത്ത് തുടങ്ങിയ കാലത്താണ്‌
എന്റെ മഴവില്ലിന്റെ നിറം മാറിയത്.
ചിലപ്പോൾ
അനവധി.

മറ്റു ചിലപ്പോൾ
ഒരു നേർത്ത വര.

കൈപ്പശയുള്ള ലെൻസ്
കണ്ണിനും കാഴ്ചയ്ക്കും ഇടയിൽ
കാറ്റിനും നനവിനുമൊപ്പം
ഇടം പിടിച്ചപ്പോൾ
മഴവില്ലിലെ നിറങ്ങളെ
എനിക്ക് പലയിടങ്ങളിലായി മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.

മനസ്സെന്ന നിയമങ്ങളില്ലാത്ത ദേശത്ത്
മഴവില്ല് പിന്നെ വന്നതേയില്ല.

ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാതെ-
പകുതി വെന്ത മാംസം പോലെ
ഉപയോഗശൂന്യമാകേണ്ടെന്നു കരുതി-
ചിന്തകളെ
വിചാരങ്ങളെ
സ്വപ്നങ്ങളെ
ആഗ്രഹങ്ങളെ
പ്രത്യേകം പ്രത്യേകം
പ്ലാസ്റ്റിക് കൂടുകളിലായി ഫ്രീസറിൽ എടുത്തു വെച്ചപ്പോഴും ,

തണുപ്പിൽ
നാളകളിലേക്കായി സ്വയം കരുതി വെച്ചപ്പോഴും,

മഴവില്ലുകളെ കണ്ടതേയില്ല.
അവിടേതു ജലകണം ബാക്കി ഒരു മഴവില്ല് തരാൻ?

ഉറക്കത്തിനിടയിൽ
ഉണരുന്നതിനു മുൻപ്
രണ്ട് പകലുകൾ നഷ്ടമായെന്ന വേവലാതിയിൽ തുടങ്ങുന്ന
നിറം കെട്ട പുലർച്ചകൾ
ഈർപ്പം കൊണ്ട് പൂതലുപിടിച്ച രാത്രികൾ-

അതിനിടയിൽ കിഴികെട്ടി ഞാത്തിയ
മനസ്സെന്ന സാധനം.

അവിടേതു മേഘം
മഴവില്ലുകൊണ്ട് ചിരിയ്ക്കാൻ?

ഇന്ന് മകൾക്ക്
എനിക്കു തരാനൊരു മഴവില്ല്.

കൂട്ടിന്‌
മഞ്ഞ മേഘങ്ങൾ
പച്ച സൂര്യൻ
ചുവന്ന ഇലകൾ
എല്ലാം അവളുടെ ശരികൾ.

അതോ
ഇതാണോ എന്നത്തേയും ശരി?