അമ്മ തന്ന ചായപ്പെന്‍സിലെടുത്താണ്
ബാല്യം നിന്നെ കുത്തിവരച്ചിട്ടിരുന്നത്.
യാതനകളിലെന്നെ തനിച്ചാക്കിയകലുമ്പോള്‍
ചൊരിയാന്‍ മറന്ന
വാത്സല്യമെനിക്കേകിയ
നെരിപ്പോടുതിര്‍ത്തത്
ആദ്യകൂടിക്കാഴ്ചയവ്യക്തമാക്കി
നിന്റെ കണ്ണുകളെ
നീറ്റിനിറച്ചവെറുപ്പിന്റെ പുക.
പിടിച്ചുനടത്താന്‍
നിന്‍ വിരലുകളില്ലാതെ
ശാപങ്ങളില്‍
തട്ടിയിടറിവീണബാല്യം
കനലായ് കരുതിയ സ്നേഹം
ഉരുകിയൊലിച്ചപ്പോളും
നിന്നെപൊള്ളിച്ചത്
കാത്തുവച്ച പകയുടെ ചൂട്
ഇന്ന്
ഒട്ടുസ്നേഹിച്ചവരെല്ലാം
ചീന്തിവലിച്ചെറിഞ്ഞ്
വീണുകിടക്കുന്നെന്റെ മനസ്സിനെ
ജീവനോടെ നീറ്റിയെരിക്കുന്നത്
ലാളനകള്‍ കുത്തിക്കീറിതുണ്ടമാക്കി
അവഗണനയില്‍ പൊതിഞ്ഞ്
തിരിച്ചുസമ്മാനിക്കുമ്പോഴും
അളവില്ലാതെയാ മിഴികള്‍
ചൊരിഞ്ഞിട്ട
വാത്സല്യജ്വാലയില്‍
കാലം കാത്തുവച്ചിരുന്ന
ശാപമാകാം.
ഞാനണിഞ്ഞു നടക്കുന്ന
ചിരിയുടെ മുഖം മൂടി
ഒരുനോക്കിലലിയിക്കാനുള്ളഉള്‍ക്കാഴ്ച
നീ നേടിയെന്നയറിവാണ്
കാണാനൊരുപാട് കൊതിക്കുമ്പോഴും
അരികില്‍ വരാതെയെന്നെ
തടഞ്ഞുനിര്‍ത്തുന്നത്.
തീര്‍ത്തും തനിച്ചെങ്ങോ ഇരുന്ന്
ഞാനുതിര്‍ക്കുന്ന
മിഴിനീര്‍ തുള്ളികളൊന്നൊഴിയാതെ
യേറ്റുവാങ്ങുന്നാഹൃദയം
അകലെയീ മകള്‍
സുഖമായിരിക്കുന്നുവെന്നാശ്വസിക്കുന്നുണ്ടാവില്ലെങ്കിലും
അറിയുക
ഒരു കുഞ്ഞു ഞരമ്പുപിടഞ്ഞുതിര്‍ക്കുന്ന
മഴയിലാത്മാവൊഴുക്കാതെ
ഉപ്പുനീര്‍ കുടിച്ചു ദാഹം ശമിപ്പിച്ച്
മുന്നോട്ടിഴയാനെനിക്ക് പ്രേരണ
നിന്റേതടക്കം നാലുമുഖങ്ങളാണ്.
നിന്നെക്കാള്‍
നിസ്സഹായയായ
എന്റെ കയ്യിലിനി
"എവിടെയാണെങ്കിലും
ആര്‍ക്കും ഭാരമാകാതൊരുസുഖമരണമേകിയച്ഛനെയനുഗ്രഹിക്കുക"
യെന്നൊരു
പ്രാര്‍ത്ഥനമാത്രം
ബാക്കി.
10 comments:
അകലങ്ങളില്‍പ്പോലും
അടുപ്പത്തിന്റെ സൂചിമുനകള്‍
നെഞ്ചിലേക്കാഴ്ത്തി കടന്നുപോകുന്നവര്‍..
ആഗ്നേയ..,
നെരിപ്പോടിലൊരല്പം പകുത്തെടുക്കുന്നു!
ഇരുളടഞ്ഞ ജീവന്റെ നാരുകള്‍
ഇഴചേര്‍ന്നു മങ്ങിയ ഇലയില്‍നിന്ന്
വാരിയെടുത്ത ചോറുരുളകളില്‍
വീണുടഞ്ഞ കണ്ണുനീരു പകര്‍ന്ന
ഉപ്പിന്റെ നീറ്റല്‍ ഇല്ലാതിരുന്നെങ്കിലെന്ന്
ഒരിറ്റു നേരം കാതോര്‍ത്തു പോയിരിക്കാം...
അമ്മയുണ്ട് അകലെ..
മേഘങ്ങളിലേക്ക് കൈ നീട്ടി..
കാത്തു കൊള്ളും....
പ്രാര്‍ത്ഥന മാത്രം ബാക്കി..
നെഞ്ചില്‍ നിറയുന്ന പ്രാര്‍ത്ഥന!
മിഴിനീര്‍ അനുഗമിക്കുന്ന പ്രാര്‍ത്ഥന!
നന്ദി, വ്യഥകള്‍ ഇങ്ങനെ വരിയില്‍ പൊള്ളിച്ചെടുത്തതിന്...
Akalathavarkkuvendi.... Ashamsakal...!!!
വരികളില്‍ മിഴി നനയുന്ന
വ്യഥകള്‍ കോറിയിട്ടു
മനസുടച്ചു പോയ ആഗ്നേയ..,
നിനക്ക് ആശ്വാസ വാക്കോതുവാന്‍ ഒരു സുഹൃത്തിന്‍റെ വാക്കു ഞാന്‍ കടമായി എടുക്കുന്നു
അമ്മയുണ്ട് അകലെ..
മേഘങ്ങളിലേക്ക് കൈ നീട്ടി..
കാത്തു കൊള്ളും....
"നിന്നെക്കാള്‍
നിസ്സഹായയായ
എന്റെ കയ്യിലിനി
"എവിടെയാണെങ്കിലും
ആര്‍ക്കും ഭാരമാകാതൊരുസുഖമരണമേകിയച്ഛനെയനുഗ്രഹിക്കുക"
യെന്നൊരു
പ്രാര്‍ത്ഥനമാത്രം
ബാക്കി."
ഇത് ആഗ്നേയയുടെ മാത്രം കൈയ്യൊപ്പ്!
ഒരു പാട് ഇഷ്ടായി ഈ കവിത.
ഏറെയിഷ്ടപ്പെട്ട ഒരു വരി തിരഞ്ഞു പലയാവര്‍ത്തി വായിച്ചു ,ഒന്നെടുത്തെഴുതാന്‍...
എല്ലാ വരികളും നന്നായിരിക്കുന്നു....
എന്നോ നഷ്ടമായ ഏറെ സ്നേഹിച്ച ഒരു ആത്മാവിന്‍റെ സജീവ സാന്നിദ്ധ്യം .......വല്ലാതെ ഓര്‍മ്മിപ്പിച്ചു, കണ്ണു നനയിച്ചു.നന്ദി........
പ്രാര്‍ത്ഥനയില്‍ മനസ്സൊന്നു വേദനിച്ചൂട്ടോ.
ആഗ്നൂ , ആ അവസാനവരികള്‍ ...
Post a Comment