Saturday, March 21, 2009

*കൊറിയയിലെ അമ്മമ്മേ...

(2007-ല്‍ പ്രമാദം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)
കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിന്റെ മുന്നില്‍നിന്നും
എച്ചിലുകള്‍ എടുത്തുകൊണ്ടുപോകാന്‍
എല്ലാ ദിവസവും പുലര്‍ച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...

എനിക്കുമുണ്ടൊരമ്മമ്മ.

ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.
ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,
എന്നൊക്കെ നോക്കാമെന്നു വിചാരിച്ച്
മുറ്റത്തേക്കിറങ്ങിയാല്‍
ഞാന്‍,അച്ഛന് സിഗ്നല്‍ കൊടുക്കും.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.

ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
--------------------------------------------------------
*കൊറിയയില്‍ പ്രായമായവരാണ് വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. വ്യായാമമോ സേവനമോ ഒക്കെ ആയി പ്രായമായവര്‍ മിക്കവരും പുലര്‍ച്ചെ തന്നെ കൈവണ്ടിയുമായി ഇറങ്ങും.വീടുകള്‍ക്കു മുന്നില്‍ പ്രത്യേകം സഞ്ചികളിലാക്കി വെച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടുപോകും.

6 comments:

പകല്‍കിനാവന്‍ | daYdreaMer said...

ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.

:)

Ranjith chemmad / ചെമ്മാടൻ said...

കുലം, ദേശം ഇവ അനിവാര്യമായ നൈരന്തര്യങ്ങളില്‍
വരുത്തുന്ന സമീകൃതമായ മാറ്റം!

ആജ്ഞാപിക്കാനും, അനുസരിപ്പിക്കാനും
വൃഥാ ശ്രമിക്കുന്ന മൂത്തോരും
ചെയ്ത് കൊടുത്ത് മാതൃകയാക്കുന്ന
ചില മുന്‍‌ഗാമികളും!!!!
വ്യത്യസ്ഥവും ലളിതവുമായി ചില
തുരങ്കങ്ങളിലേക്ക് തുറക്കുന്നു ഈ കവി വാതിലുകള്‍!

പാവപ്പെട്ടവൻ said...

സഞ്ചാര സ്വാതന്ത്രിയത്തെ വയസാകുമ്പോള്‍ വിലക്കുന്നത് പാപമാണ്

Jayasree Lakshmy Kumar said...

ഇഷ്ടപ്പെട്ടു ഈ വരികൾ

ഹൈദര്‍തിരുന്നാവായ said...

മാറ്റത്തിന്റെ കാറ്റ് നമ്മുടെ നാട്ടിലും വീശട്ടെ!
നല്ല കവിതയ്ക്ക് അഭിനന്ദങ്ങള്‍!

ഗൗരി നന്ദന said...

എന്‍റെ അച്ഛമ്മ ഈ കവിത വായിച്ചാല്‍ കൊറിയയില്‍ പോകണം ന്നു പറയുമായിരിക്കും....

വൃദ്ധ മന്ദിരങ്ങളില്‍ കിട്ടുന്ന സ്വാതന്ത്ര്യം കൂടി വീടുകളില്‍ വിലക്കപ്പെടുന്നു....