Wednesday, March 25, 2009

പാട്ടുകഥ

ഭൂവുടമകളുടെ തലകള്‍ കൊയ്തെടുക്കപ്പെട്ട ശേഷമാണ്,
കമ്യൂണിസ്റ്റ്‌പച്ചയുടെ കമ്പിലിരുന്ന്‌
കണ്ടു മറന്ന മുഖങ്ങളോര്‍ത്തും
തലവിധിയില്‍ ചരിത്രം വരച്ചും
തലകള്‍ ഭൂമിയെ നോക്കികാണുമ്പോള്‍
വിളഞ്ഞ നെല്‍വയലുകളുമായൊരു പച്ചപനംതത്ത
പറന്നുവന്ന്‌ കണ്ണ്‌ കൊത്തിതിന്നാന്‍ തുടങ്ങിയത്.

ആട്ടിയോടിക്കാന്‍ കൈകളില്ലാതെ
തെറിവിളിച്ചാട്ടാന്‍ നാവനങ്ങാതെ
കമ്യൂണിസ്റ്റ്‌പച്ചയിലിരുന്നുണങ്ങി.
ഉണങ്ങികൊഴിഞ്ഞല്ലോ തലകളെന്ന്‌
കാറ്റ്‌ പാട്ടുംപാടി പറന്നുപോയ്‌
നെല്‍ക്കതിര്‍ കൊളുത്തിയ കൊക്കിന്‍ തെറ്റത്ത്‌
ഞങ്ങള്‍ വിതയ്ക്കും വിത്തെല്ലാമെന്ന്‌ കൊഞ്ഞനംകുത്തി
പനംതത്തയും കൂടെപോയി.

പഴയ പാട്ടുകഥയാണത്രെ!

അതിനിടയ്ക്കാണ്‌
ആരുമാരും എഴുതിവെക്കാത്തൊരു കൊല്ലവര്‍ഷത്തില്‍
കോട്ടയം താലൂക്കില്‍ കൂനിച്ചിറയാറ്റിന്‍കരയില്‍
തെക്കുവടക്കേതില്‍ വാസുപിള്ള
അയലത്ത്‌ ഔസേപ്പിന്‌റെ മണ്ണില്‍ തൂമ്പയിറക്കിയതും
മകള്‍ ആലീസിന്‌റെയുള്ളില്‍ വിത്ത്‌ വിതച്ചതും.

മുളച്ചതും,തളിര്‍ത്തതും പറിച്ചുകെട്ടി
കോഴിക്കോട്ടങ്ങാടിക്ക്‌ ബസ്സ്‌ കയറുകയും
നടന്നും കാളവണ്ടി കയറിയും
വയനാടിന്‌ നാടെന്ന്‌ പേരിടുകയും,
എട്ടും പത്തും പെറ്റതിനൊക്കെ
പിന്നേം പലതരം പേര്‌ ചാര്‍ത്തുകയും
കൊത്തിയും കിളച്ചും മറിച്ചും
മലഞ്ചരുവില്‍ തലപെരുക്കുകയും ചെയ്ത കാലക്കേടിലാണ്‌
തല കൊയ്യുന്നതെങ്ങിനെയെന്നൊരു സിനിമാപ്പാട്ട്‌
സി. ഡിയിലായതും,ചുരം കയറിവന്ന്‌
മലയിടുക്കിലും,മഞ്ഞിന്‍മറയിലും
തലയനക്കാന്‍ തുടങ്ങിയതും.

പഴയ പാട്ടുകഥയാണത്രെ!

ഉണങ്ങിക്കരിഞ്ഞു പോയ തലകളാണ്‌
മലകളായതെന്നും
തലകളിരുന്നോര്‍ത്ത കമ്യൂണിസ്റ്റ്‌പച്ചയാണ്‌
മലഞ്ചരുവില്‍ മരങ്ങളായതെന്നും
പിന്നെയും കഥകളുണ്ടത്രെ...

ആര്‍ക്കറിയാം,
കണ്ണ്‌ കൊത്തിതിന്ന പച്ചപനംതത്തയുടെ നിറം?

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

മൂര്‍ച്ചയാണ് ഈ വരികളുടെ നന്മ... !

പാവപ്പെട്ടവൻ said...

ചരിത്രങ്ങളാണു നമുക്ക് വഴിക്കട്ടിയും മാര്‍ഗ്ഗ ദര്‍ശിയും.
ചരിത്രങ്ങളാണു നമുക്ക് മുന്നോട്ടുള്ള യാത്രക്കും പ്രചോദനവും . യാഥാര്‍ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാരം .
ആശംസകള്‍

Ranjith chemmad / ചെമ്മാടൻ said...

അധിനിവേശം ആവാസം പ്രവാസം.....
നസീര്‍, നന്ദി നിന്റെ ഈ പച്ചപ്പിന്റെ നാട്ടുശൈലിയ്ക്ക്...