ഒരു മണിക്കൂര്‍ നേരത്തെ പ്രണയം
അവസാനിച്ചപ്പോഴാണ് എല്ലാം തുടങ്ങിയത്..
ഒരു മണിക്കൂര്‍ നേരത്തെ പ്രണയം അവസാനിച്ചപ്പോള്‍
നമ്മള് പരസ്പരം ചാരിയിരുന്നു.
ക്ലോക്കില്‍ വലുത് ചെറുത്
തീരെ നേര്‍ത്തത്..
സൂചികളുടെ
വൃത്ത സഞ്ചാരപാതകള്‍ .
അടച്ചിട്ട വാതിലിനപ്പുറം
സൂചിതുമ്പില്‍ പിടഞ്ഞോടും
ജീവിതങ്ങള്‍.
ഓഫീസ്, സ്കൂള്‍,
നിലക്കാത്ത ഹോണടികള്‍
എല്ലാറ്റില്‍ നിന്നും മോഷ്ടിച്ചെടുത്ത
ഒരു മണിക്കൂര്‍.
ചുവരില്‍ വീണ വെയിലിന്റെ വെള്ളിസൂചി
സമയം കഴിഞ്ഞെന്നു നമ്മെ ഓര്‍മിപ്പിക്കുന്നു.
ഒരു മണിക്കൂര്‍ നമ്മളിലെന്താണ് പെയ്തത്..?
ആശുപത്രി വരാന്തകളിലെ കൂട്ടിരുപ്പു ഗന്ധങ്ങള്‍..
കയ്പ്പും എരിവും അല്പം മധുരവും തികട്ടുന്ന രുചികള്‍..
നടന്നു തേഞ്ഞ കാല്പാടിന്റെ മാറാല എഴുത്തുകള്‍..
അടുക്കിവെയ്ക്കാത്ത അലമാരയിലെ ഓര്‍മ്മകള്‍..
വീണ്ടും മുളക്കുന്ന പ്രണയം !!
കാറ്റില്‍ ഉലയുന്ന മരമായി
നമ്മുടെ ജീവിതമാടിയുലഞ്ഞു..
കൂര്‍ത്ത സൂചിമുന കണ്ണുകളാല്‍
നീയെന്നെ നിന്നോട് ചേര്‍ത്ത് തുന്നി
ഒഴുക്കിലകലും മുന്‍പ് ഇലകള്‍ പരസ്പരമെന്ന പോലെ...
ഒരു മണിക്കൂര്‍ നേരത്തെ പ്രണയം
ഈയൊരു കൂര്‍ത്ത കവിതയില്‍ അവസാനിക്കട്ടെ..
4 comments:
ഈ ഒരു മണിക്കൂര്‍ നമ്മളിലെന്താണ് പെയ്തത്..?
ഒരു മണിക്കൂര്‍ നേരത്തെ പ്രണയം
ഈയൊരു കൂര്‍ത്ത കവിതയില്‍ തന്നെ അവസാനിക്കട്ടെ.....
(ഒഴുക്കിലകലും മുന്‍പ് ഇലകള്‍ പരസ്പരമെന്ന പോലെ...?)
nandi suhruthe....
ഒരു മണിക്കൂര്‍ നേരത്തെ പ്രണയം
ഈയൊരു കൂര്‍ത്ത കവിതയില്‍ അവസാനിക്കട്ടെ..
അവസാനിക്കുമോ അതങ്ങനെ?
അവസാനിക്കില്ലായിരുക്കും....പക്ഷെ അതല്ലേ ജീവിതം...
Post a Comment