Tuesday, March 23, 2010

അന്തര്‍മുഖത്വം

മേഘപ്പുരകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് രണ്ടുനാളായി

പുരപ്പുറത്തു തകൃതിയായ ചെണ്ടമേളം

താളം മുറുകിയും അയഞ്ഞും

മിന്നലിന്റെ അലങ്കാരപ്പണികള്‍

മദ്ധ്യേ കാതടപ്പിക്കുന്ന കതിനകള്‍

വാരിക്കോണുകളില്‍ കുംഭീതുണ്ഡങ്ങള്‍

തിടമ്പെടുത്ത കദളീപത്രങ്ങള്‍

തെങ്ങോലവെഞ്ചാമരങ്ങള്‍

മേല്‍പ്പുരത്തുമ്പില്‍ നീര്‍ത്തോരണങ്ങള്‍

മഴവില്ലിന്‍റെ കുടമാറ്റവിസ്മയം

നുരപ്പോളകളുടെ ജനസഞ്ചയം

പുറത്ത് മഴപ്പൂരം പൊടിപൊടിക്കുന്നു.


പക്ഷെ പൂരദൃശ്യങ്ങള്‍ വെടിഞ്ഞു

കരിമ്പടത്തിനുള്ളിലെ ഇരുട്ടില്‍ തപ്പി

ഇല്ലാസ്വപ്നങ്ങള്‍ക്ക് ഇലയിട്ടു

എന്നിലേക്ക്‌ എന്നെ നേദിച്ച്

ഉറക്കം കാത്തിരിക്കാനാണ് എനിക്കിഷ്ടം

8 comments:

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിത, ചടുലമായ ഒരൊഴുക്കുണ്ട് കവിതയ്ക്ക്....

ശ്രദ്ധേയന്‍ | shradheyan said...

'മേഘപ്പുരകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് രണ്ടുനാളായി'

പുതിയൊരു പ്രയോഗം, നല്ലൊരു കവിതയും.

Anonymous said...

nalla kavitha mashe...

''VASHALAN'' enna peru thaangalkku cherilla..
--------------------------------

Sd/
Name: Sona G

S Varghese said...

മേഘപ്പുരകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് രണ്ടുനാളായി
nice words

പട്ടേപ്പാടം റാംജി said...

കരിമ്പടത്തിനുള്ളിലെ ഇരുട്ടില്‍ തപ്പി
ഇല്ലാസ്വപ്നങ്ങള്‍ക്ക് ഇലയിട്ടു
എന്നിലേക്ക്‌ എന്നെ നേദിച്ച്
ഉറക്കം കാത്തിരിക്കാനാണ് എനിക്കിഷ്ടം


തിമിര്‍ത്ത്‌ പെയ്യുന്ന മഴ
കാണാനാനിക്കിഷ്ടം

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ ഉഷാറക്കി എഴുതിയിരിക്കുന്നൂ

Abdulkader kodungallur said...

ഇല്ലാസ്വപ്നങ്ങള്‍ക്ക് ഇലയിട്ടാല്‍ കിട്ടുന്ന വിഭവങ്ങള്‍ക്കെന്തു രസമായിരിക്കും

Anonymous said...

Great post! Maybe you could do a follow up to this topic!!!