Friday, March 26, 2010

നാസര്‍ കൂടാളി

യുവജനോത്സവ മത്സരത്തില്‍ ഇന്ന്

പേരറിയാത്ത
മരങ്ങളുടെ വേരുകളില്‍
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ
മനോഹരമായ
ശില്‍പ്പം തീര്‍ക്കുകയായിരുന്നു അവള്‍.

കഴിഞ്ഞ പ്രാവിശ്യം
ക്ലേ മോഡലിംഗിലായിരുന്നു മത്സരിച്ചത്.

അടുത്തെങ്ങും
വയലുകളില്ലാത്തതിനാല്‍
അച്ഛന്‍ കളിമണ്ണിന്
തിരക്കിപ്പോയിട്ട് വന്നതേയില്ല.

കാട്ടില്‍ വെട്ടിയിട്ട
ബാക്കിയായ മരങ്ങളൂടെ വേരുകള്‍
ഒടിച്ച് മടക്കിയതിന്റെ
തിണര്‍പ്പ് മാറും വരേയെങ്കിലും
മുറ്റത്ത് വെയിലേറ്റ് കിടന്നിരിക്കണം
അമ്മയോളം ഉണങ്ങിപ്പോയിരിക്കണം.

ഇനി തിരിച്ച് ചെല്ലുമ്പോള്‍ കൊണ്ടു പോവേണം
പകുതിയില്‍ തീര്‍ത്ത
ക്രൂശിത രൂപത്തേയും
താജ് മഹലിനേയും
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയേയും...
അടുപ്പിലെന്തെങ്കിലും വേവിക്കുവാന്‍...

4 comments:

സൂര്യ said...

wow.. great... touching...

shimna said...

നല്ല കവിത....
നന്ദി.

Ranjith chemmad / ചെമ്മാടൻ said...

നന്ദി, നാസര്‍ കവിതയുടെ മനോഹരിതവുമായി
പ്രവാസകവിതയിടത്തെ സമ്പന്നമാക്കിയതിന്...

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം