Saturday, April 3, 2010

ആഞ്ചലോസ് ചരിതം ഒരു വഞ്ചിപ്പാട്ട് / Anchalose Charitham Oru Vanchippaattu.




അന്നത്തെ ആ  ആഞ്ചലോസ്

ഒരാറുകൊല്ലം മുമ്പ് ഒരു പഴ കമ്പനിയിലെ സഹചാരിയായിട്ടാണ് ,ആഞ്ചലോസിനെ ഞാൻ  പരിചയപെടുന്നത് ,വിസ തീർന്നുനിൽക്കുന്ന ഒരുവനായിട്ട് !
അതും ധാരാളം നഷ്ട്ടബോധങ്ങളുമായി . അപ്പച്ചന്‍ മരണപ്പെട്ട ശേഷം , അവനെ ഈ യുകെ പഠനത്തിന്റെ പേരിൽ ഭാഗപത്രത്തില്‍ നിന്നും എഴുതി തള്ളിയപ്പോൾ ; ബന്ധങ്ങളേക്കാള്‍ വില സ്വത്തിനാനെന്നു മനസിലാക്കിയവൻ !
എല്ലാവരാലും ഉപേഷിക്കപ്പെട്ട ഒരുവനായി.....ബ്രിട്ടനിൽ  MBA ഡിഗ്രി എടുക്കാന്‍ വന്ന് ഒരു ഗതിയും
കിട്ടാതെ ഇങ്ങനെ അലയേണ്ടി വന്ന സ്ഥിതിവിശേഷങ്ങളെ കുറിച്ച് ,അവൻ പലപ്പോഴായി  എന്നോട് പറഞ്ഞ കഥകളാണിവ കേട്ടൊ...
ഇതാ ഒരു വഞ്ചിപ്പാട്ടുരൂപത്തിൽ ...



ഒരു യു കെ നൈറ്റ് ക്ലബ്ബ് 


മാഞ്ചസ്റ്ററിൽ പഠിയ്ക്കുന്ന , മലയാളി പയ്യന്‍ തന്റെ ,
അഞ്ചുവര്‍ഷ യു.കെ ക്കഥ, ചൊല്ലാംതന്നെ ഇപ്പോള്‍മെല്ലെ ;
അഞ്ചാറടി പൊക്കമുള്ള, ഒത്തവണ്ണം തടിയുള്ള ,
ആഞ്ചലെന്ന് പേരുക്കേട്ട, അടിപൊളി ചെത്തുപയ്യന്‍ !

കാഞ്ചിക്കോട്ടെ ചാക്കോചേട്ടൻ‍, വല്ലഭനാം മുതലാളി ,
കാഞ്ചനത്തിൻ ജ്വല്ലറിയാൽ ,പണമെല്ലാം വാരിക്കോരി,
പഞ്ചായത്തില്‍ കേമനായി, നാട്ടുകാരെ വിറപ്പിച്ചു !
അഞ്ചാ ണ്മക്കള്‍ പഠിപ്പിലും, കേമത്തങ്ങള്‍ കാണിക്കാനും ,

കഞ്ചാവെല്ലാംപുകയ്ക്കാനും , തല്ലുക്കൊള്ളി തരത്തിനും ,
പുഞ്ചപ്പാടം വിളഞ്ഞ പോല്‍ ,ഒന്നിച്ചായി ശോഭിച്ചല്ലോ ....
പഞ്ചാബില്‍പ്പോയി പഠിച്ചിട്ട് , താഴെയുള്ള പയ്യനപ്പോള്‍
എഞ്ചിനീറായി വന്നനേരം, വിട്ടയച്ചു ‘യുകെ‘ യില് .

അഞ്ചാമത്തെ പൊന്നുപുത്രന്‍ , ‘യുകെ‘കണ്ടു വാപൊളിച്ചു !
വഞ്ചിപെട്ട കയം പോലെ , ചുറ്റി ചുറ്റി തിരിഞ്ഞല്ലോ ?
മൊഞ്ചുള്ളയാ പ്പബ്ബുകളും, പഠിപ്പെങ്കില്‍ ക്ലബ്ബില്‍ മാത്രം !
അഞ്ചുപത്തു ലക്ഷം വീതം ,കൊല്ലം തോറും അയച്ചിട്ടും ,

ആഞ്ചലോസ് മോനെപ്പോഴും ,പൈസയൊന്നും തികഞ്ഞില്ല !
ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
വെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;

കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കിയാഞ്ചലോസിന്‍ , ഭാവി തന്റെ ചക്രംങ്ങളും !
അഞ്ചുപെനി ഇല്ലാതവന്‍ ,ലഹരിയില്‍ മുക്തി നേടി
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ ,തേങ്ങി തേങ്ങി ക്കരയുന്നൂ ....

പുഞ്ചിരിച്ച ക്കൂട്ടരെല്ലാം, കണ്ട ഭാവം നടിക്കാതെ ;
പഞ്ചപാവ മിപ്പയ്യനെ, തെരുവില് തള്ളിയിട്ടൂ ....
വഞ്ചനയില്‍ പെട്ടിട്ടാണ് , സ്വന്തം കാര്യം നോക്കാതാണ് ,
ആഞ്ചലോസിന്‍ കഥയിത് ; ഗുണപാഠം കൂട്ടുകാരെ !!




കഴിഞ്ഞ മാസം ആഞ്ചലോസിനെ അവിചാരിതമായി ഞാന്‍ ലണ്ടനില്‍ വെച്ചുവീണ്ടും കണ്ടുമുട്ടി !
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മേനോത്തി കുട്ടിയുടെ കെട്ടിയോനായിട്ടാണ് അപ്പോൾ കണ്ടത്, ഇവിടെയാണെങ്കിൽ ജാതി ,മതം ,നാട് ,വര്‍ഗ്ഗം ......ഒന്നും തന്നെയില്ലല്ലോ !
പോരാത്തതിന് ബ്രിട്ടീഷ് ടെലഫോൺസിൽ ഉഗ്രനൊരുജോലിയുമായി മൂപ്പർക്ക്.
ബ്രിട്ടനില്‍ കാലുകുത്തി നിലയുറപ്പിക്കാന്‍ വേണ്ടിമാത്രം ,
ഈ  പെൺക്കുട്ടിയെ വിവാഹം കഴിച്ച് ,ബ്രിട്ടൻ സിറ്റിസൻഷിപ്പ്
കിട്ടിയശേഷം  ഇവളെ പലകാരണങ്ങൾ പറഞ്ഞ് ഉപേഷിച്ചുപോയ ഒരു വില്ലന്‍ ഭര്‍ത്താവിന്റെ കഥയും ഇവരുടെ പുത്തന്‍ ജീവിതകഥയ്ക്ക് പിന്നിലുണ്ട് കേട്ടൊ..

7 comments:

Junaiths said...

ജീവിതം...നിറമുള്ളതും ഇല്ലാത്തതും

ഗീത രാജന്‍ said...

വളരെ ശരിയാണ് ....
നന്നായീ അവതരിപ്പിച്ചിരിക്കുന്നു

പി. ഉണ്ണിക്കൃഷ്ണന്‍ said...

നല്ല പ്രാസം ... നന്നായിട്ടുണ്ട്...

shimna said...

വന്ജിപ്പാട്ട് കേമം.........

Anil cheleri kumaran said...

കലക്കി.

shibin said...

വഞ്ചനയില്‍ പെട്ടിട്ടാണ് , സ്വന്തം കാര്യം നോക്കാതാണ് ,
ആഞ്ചലോസിന്‍ കഥയിത് ; ഗുണപാഠം കൂട്ടുകാരെ !!


കലക്കി...

kallyanapennu said...

വഞ്ചിപ്പാട്ട് അതികേമമായി,അതോടൊപ്പം എഴുതിയ ഗദ്യവും നന്നായീട്ടാ...