Wednesday, April 29, 2009
ആത്മഗതം
ഇണക്കിളികള്‍ തന്‍ ആത്മവേദന
നേര്‍ത്തൊരീണമായ്, നൊമ്പരമായ് ,
പ്രപഞ്ചമേറ്റു വാങ്ങീടവേ
ഉന്മേഷമില്ലാതുണരുന്ന അര്‍ക്കനിലും
തെളിയുന്നതിന്‍ പ്രതിഫലനം .
നെഞ്ചോടൊട്ടിയ ഓര്‍മ്മകളെ
കമ്പിളിയില്‍ പൊതിഞ്ഞു വച്ച്
വീണ്ടും കാണാമെന്ന പാഴല്ലാതൊരു
വാക്കും നല്‍കി പുറപ്പെട്ടത്
ഓര്‍മ്മ പോലും അല്ലാതാകുന്ന
ഇന്നിന്‍ ചാരം മൂടിയ കനല്‍
വാരിയെടുക്കാനായിരുന്നു എന്നത്
വൈചിത്ര്യം ആയിരിക്കാം .
അകക്കാമ്പില്‍ തെളിയുന്ന
ചിത്രങ്ങളില്‍ ഏതിനു നിറ-
മേതിനു നിഴലിന്‍ നിഴലു-
മെന്നതും അജ്ഞാതം .
പിടി തരാതലയുന്ന വന്ധ്യമേഘങ്ങളെ
പിന്തുടരാന്‍ മനസ്സ് വെമ്പിയതും
ഏതോ ഭ്രമാത്മകമാം ചിന്തകളാല്‍
ഒപ്പം യാത്രയാകാന്‍ പ്രേരിതമായതും
ജീവിതത്തിന് നാനാര്‍ത്ഥങ്ങള്‍
കണ്ടെത്താനുള്ള ശ്രമം ആയിരുന്നിരിക്കാം.
അല്ലെന്നും , ഒരെയൊരര്‍ത്ഥം മാത്രം,
ഇതാണ് നേരായ വഴിയെന്നും
മന്ത്രിച്ചത് ഹൃദയം തന്നെയായിരുന്നു.
ഇളം കാറ്റേകിയ സുഗന്ധവും
കൊടുങ്കാറ്റിന്‍ രൌദ്രതയും
ഏറ്റു പാടിയ കവി തൊണ്ട-
പൊട്ടിയലറിയതും അതു തന്നെ
ആയിരുന്നു എന്നത് കാലത്തിന്‍
വികൃതി മാത്രമായിരിക്കാം .
സന്ധ്യയ്ക്ക് കൂടണഞ്ഞ്
ഓര്‍മ്മകള്‍ തിരഞ്ഞവര്‍ക്ക്
നെറ്റിയില്‍ തൊടാനോ അതോ,
ഉമ്മറത്ത് തൂക്കാനോ,
ഇന്നിന്‍ ചാരം നല്‍കിയതെന്നത്
ഒരു കടങ്കഥയുമായിരിക്കാം.
Monday, April 20, 2009
കാലവും ഞാനും
കടലുകള്‍ നിന്‍ കണ്ണീരിന്‍
ഉപ്പു ഏറ്റു വാങ്ങുമെന്ന്
കരുതരുത് ...
അവയ്ക്കുണ്ട് മറ്റു ധര്‍മ്മങ്ങള്‍
എന്നത് മറക്കരുത് .
ചിരിക്കരുത് ...
അത് ഭ്രാന്തിന്‍റെ തുടക്കവും
ഒടുക്കവുമെന്നു വിധിയെഴുതാന്‍
കച്ചകെട്ടിയ വമ്പന്‍ ഭ്രാന്തുകളിവിടെ
കാത്തിരിക്കുന്നു ... മറക്കരുത് ...
മിണ്ടരുത് ...
നിന്‍ വാക്കുകള്‍
തേനില്‍ മുക്കിയ വിഷമെന്നും
വിഷം പുരട്ടിയ ശരമെന്നും
വിലപിക്കുവാന്‍ തൂലികകള്‍
ഉറക്കമിളയ്ക്കുന്നു .
എന്നിട്ടും ,
നിന്‍ മിഴികള്‍ വരണ്ടുണങ്ങുന്നതു വരെ
ചിരിച്ചു കൊണ്ടു നീ പുലമ്പുന്നുവോ ..
നിന്‍ ഭാഷണങ്ങള്‍ പതിച്ച കര്‍ണ്ണങ്ങള്‍
കണ്ണ് ചൂഴ്ന്നെടുക്കപ്പെടുന്ന കുരുന്നുകളുടെ
നിലവിളികള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നുവോ ...?
അറിയാ തീരത്തെവിടെയോ
ഉപ്പു പരലുകള്‍ തിരയുന്നുവോ
ആ വിരലുകള്‍ ..?
ചക്രവാളങ്ങള്‍ മൌനം പാലിക്കുന്നത്
നിന്‍ തേങ്ങലുകള്‍ക്ക് കാതോര്‍ക്കാനെന്നോ ...
ചിറകടിച്ചു പറന്നകലുന്നത്
മോക്ഷം തേടുന്ന ആത്മാക്കളെന്നോ ...
അപ്പോഴും ,
മുന്നിലും പിന്നിലും എന്നിലും
നിറയുന്ന ശൂന്യതയില്‍ മുഴങ്ങുന്നത്
നിന്‍ പ്രഭാഷണങ്ങളല്ലോ
എങ്ങും പ്രതിധ്വനിക്കുന്നതും അവയല്ലോ ...
അരുതുകള്‍ ഒത്തിരി ..
എന്നിട്ടുമെന്തേ ഇന്നു നീയെനിക്കു
നല്‍കിയീ മഹാ ശൂന്യത ..?
കാലമേ നിയതമാം നിന്‍ വഴിക്കു നീ പോകവേ
കഥയറിയാതെ ആട്ടം കാണുവോര്‍ ഞങ്ങള്‍
പിന്നാലെയും...
നമ്മെ ബന്ധിപ്പിക്കുവാന്‍
കാലപാശവും ...
Sunday, April 19, 2009
പിറവി
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ച്
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...
നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...
പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ
മറഞ്ഞ ഒരു താരത്തിന്റെ
ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
<>
Thursday, April 16, 2009
ബലി തര്‍പ്പണം...
ഇടി മുഴക്കം തുടരുന്നു വാനില്‍
മിന്നല്‍ പിണര്‍ അശനി പാതമായി
പിതാവിന്‍റെ ദുഖം മഹാമാരിയായി..
ഇരുളിന്‍റെ ഗര്‍ഭ പാത്രത്തില്‍ നിന്നും
ഹിംസ്ര ജന്തുക്കള്‍ .പിറന്നു വീഴുന്നു
അമ്മെ മഹാകാളി മന്ത്രം ജപിച്ച്..
ശിരസുകളെല്ലാം അരിഞ്ഞു തള്ളുന്നു..
വാളും ചിലമ്പും ചുഴറ്റിച്ചുഴറ്റി
കോമരം തുള്ളുന്ന കാവിലെയമ്മേ..
നെഞ്ഞു പിളര്‍ന്നു ചുടു ചോരക്കായി
നാവു നീട്ടി നാട് തെണ്ടുന്നതെന്തേ
വിത്ത് വിതച്ചു നീ കൊയ്തെടുക്കുന്നു
കാറ്റ് വിതയ്ച്ചു കൊടുംകാറ്റ് കൊയ്യും..
ആത്മാവറുത്തു നീ ആണിയായ് മാറ്റി
പാല മരത്തില്‍ തറച്ചു വെക്കുന്നു
നെഞ്ഞില്‍ കടും തുടിത്താളം തുടങ്ങി
പ്രാണന്‍ പറിഞ്ഞു പോകുന്ന പോലെ..
കണ്ണുകള്‍ അഗ്നി ഗോളങ്ങളായി
ഉരുകിയൊലിക്കും ലാവയായ് മാറി
കോടി മുണ്ടില്‍ ഉറക്കിക്കിടത്തി
വായ്ക്കരിയിട്ടു തെക്കൊട്ടെടുത്തു..
കത്തിയമരും ചിതയിലെ ചാരം
ബലിക്കാക്കയായ് ഉണര്‍ന്നെണീക്കുന്നു
ഒരു പിടിയരിയിട്ടു നെഞ്ഞിന്നടുപ്പില്‍
ഊതിയൂതി തീപ്പിടിപ്പിച്ച് ..
ബലി തര്‍പ്പണത്തിന്ന് മുങ്ങിക്കുളിച്ച്
ഈറനുടുത്തു കൈ കൂപ്പി നിന്ന്
ഓരിലപ്പുവ്വും എള്ളും വിതറി
ഓര്‍മകളൊക്കെയും ഉരുളയുരുട്ടി..
മകനേ ക്ഷമിക്കൂ..നിനക്കു തരാനായ്
ഈ ഉരുളയല്ലാതിനി ഇല്ലെനിക്കൊന്നും..
ഗോപി വെട്ടിക്കാട്ട് .
Thursday, April 9, 2009
എന്റെ നിയോഗം.
പറയാതെ പോകുന്ന വാക്കുകളുടെ
അര്‍ത്ഥാനര്‍ത്ഥങ്ങള്‍..
ഒരുനോക്കിലടങ്ങിയ മനസ്സിന്റെ
സംഘര്‍ഷ തലങ്ങളിലേക്കിറങ്ങാ-
നെനിക്ക് ഭയമാകുന്നു.
പ്രതീക്ഷ വറ്റിയ നരച്ച കണ്ണുകളില്‍
ഇരുട്ടുനിറച്ചതാരാണ്?
എന്റെ നേര്‍ക്കു നീളുന്ന
കുഴിഞ്ഞ കണ്ണിലെ ഇരുട്ടിനെ
ഞാന്‍ ഭയക്കുന്നു.
അവരുടെ സ്വപ്നങ്ങളെ
അന്ധകാരപൂര്‍ണ്ണമാക്കിയാതാര്?
അവരുടെ വസന്ത മനസ്സുകളെ
മരുഭൂമിയാക്കിയതാര്?
അവസാന നീരുറവയും
ഊറ്റി വറ്റിച്ചതാര്?
ഉത്തരങ്ങള്‍ തിരയുന്ന ശോഷിച്ച
വിരലുകള്‍ ശക്തിയാര്‍ജ്ജിക്കുന്നുവോ?
മരിച്ച കണ്ണുകളിലഗ്നി നിറയുന്നുവോ?
എനിക്ക് പൊള്ളുന്നതെന്തിന്?
തിരിഞ്ഞോടുവാന്‍ പോലുമാകാതെ
കാലുകള്‍ കുഴഞ്ഞു പോകുന്നു.
ബന്ധ ബന്ധനങ്ങളെന്നെ മുറുക്കുന്ന
കെട്ടു പൊട്ടിച്ചോടാനാവില്ലെനിക്ക്.
ഇനിയൊരു തിരിഞ്ഞു നോട്ടമില്ല
ഇനിയൊരു തിരിഞ്ഞോട്ടവും.
ഇനി ഞാനീയഗ്നിക്കു ഹവിസ്സാകട്ടെ
അവരുടെ ശോഷിച്ച വിരലുകള്‍ക്കൂര്‍ജ്ജവും.
--------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
അകലാനായ് അരികു ചേർന്നു പോയവയെത്ര

കാറ്റും വെളിച്ചവും
വീതിയും വിസ്താരവുമുള്ള
എത്രയോ മുറികൾ
എന്നിട്ടും, കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിലാണു
പ്രണയത്തെ ഞാൻ ആദ്യമായ് കണ്ടത്
പൂക്കളും, പഴങ്ങളും
മയിൽ പീലിയും
മഞ്ചാടിമണികളുമായ്
എത്രയോ, എന്നിട്ടും
വെറുതെ നീട്ടിയ
ചായ പെൻസിലിലാണു
പ്രണയം കൈവിരൽ കോർത്തത്
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്
അരികു ചേർന്നു പോയവയെത്ര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്
Monday, April 6, 2009
തീറ്റ.
Sunday, April 5, 2009
തിരഞ്ഞെടുപ്പ്
നാനാവിധ കാഴ്ച്ചകളുമായ് ..
കഴുതകളുടെ കാലുതൊട്ടു അനുഗ്രഹം -
തേടും ഭക്തരുടെ ആനന്ദാതിരേകം
കണ്ടു കോള്‍മയിര്‍ കൊള്‍ക ...
ഇന്നലെ ഇരുളിന്‍ മറവില്‍
വെട്ടിമാറ്റിയ തലയില്ലാ ഉടലിനു
ഇന്ന് കണ്ണീരോടെ പൂക്കളര്‍പ്പിക്കുന്ന
അധികാര മൃഗതൃഷ്ണ..
ദന്ത പരിപാലകര്‍ക്ക് ശുക്രകാലം
തെളിയുന്നിവരുടെ പുഞ്ചിരി തെളിച്ച്
എന്തും പറയാം ആര്‍ക്കുമിന്നേരം
മനം മയക്കും മന്ദസ്മിതത്താല്‍
ക്ഷമയുടെ പര്യായമാകുന്ന
അഭിനവ ആചാര്യന്‍മാര്‍ കാട്ടുന്ന
പാത പിന്തുടരാന്‍ കുട്ടിക്കഴുതകള്‍
പിന്നാമ്പുറത്തു കുപ്പായം ഒരുക്കുന്നു .
കൊമ്പത്തേറാന്‍ മത്സരിപ്പോര്‍
ചൊല്ലുന്നതൊക്കെയും വേദവാക്യമായി
കണ്ടോരു തലമുറ മറഞ്ഞ വിവരം
അറിയാത്ത ഇന്നത്തെ കഴുതകള്‍ ആര്?
ഇന്നലെ കടിച്ചോരു പാമ്പിനെ
ഇന്ന് പാലൂട്ടി തോളേറ്റുന്ന
കാഴ്ചകള്‍ മറയ്ക്കാന്‍ പലരും
നെട്ടോട്ടമോടുമ്പോള്‍ അറിയുക
നിങ്ങള്‍ക്കായി ഒരുങ്ങുന്നു വടികള്‍
ജനഹൃദയങ്ങളില്‍ ഏറെയേറെ .
കാറ്റത്തു പാറിയ പൊടിമണ്ണില്‍
മക്കള്‍ തന്‍ ചോരമണം അറിയുന്ന
അമ്മമാരുടെ തേങ്ങലുകള്‍
ഓര്‍ക്കുക നാം ഇത്തരുണം ...
പണത്തിന്നായ് നാടിനെ ഒറ്റിയ
പിണങ്ങളെ തിരിച്ചറിയുക നാം ...
ഭരണം മറന്ന അധികാരികളുടെ
നിഷ്ക്രിയത്വം കുരുക്കിട്ട
കര്‍ഷകര്‍ തന്‍ ദുര്‍വിധി മറക്കരുത് നാം ...
ബാലികമാരില്‍ കാമപ്പേക്കൂത്ത് നടത്തിയ
പിശാചുക്കളെ നിയമ പുസ്തകത്തിലൊളിപ്പിച്ച
അധികാര കോണിപ്പടികളെ തകര്‍ക്കുക നാം ...
ഇല്ലെങ്കില്‍ ,
ദിശാസൂചി നേര്‍ ദിശയിലല്ലെങ്കില്‍
ഇനി ഉറങ്ങുക ...
ചൂണ്ടു വിരല്‍ മടക്കി ഉറങ്ങുക നാം ...
Friday, April 3, 2009
ഭ്രാന്തി......
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
അവളോ...
ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഊളിയിട്ടു ..
കക്ക വാരി ....കണ്ണീരൊഴിച്ചു ...
മനസ്സിലിട്ടു നീറ്റി...
അഴുക്കു പിടിച്ച ചുവരുകള്‍....
വെള്ള പൂശി......
നമ്മള്‍ വഴിപോക്കര്‍ ...
അത് ചുണ്ണാബ്ആക്കി .....
മുറുക്കി ചുവപ്പിച്ച് ....
ആ ചുവരില്‍ നീട്ടിത്തുപ്പി....
ആര്‍ത്തു വിളിച്ചു...ഭ്രാന്തി....
ആരവങ്ങള്‍ക്കൊടുവില്‍ .........
ഇരുളിന്‍റെ മറവില്‍.....
ഭ്രാന്തിനു വിലപേശി.....
കച്ചവട മുറപ്പിച്ചവര്‍.....
ആ ചുവരുകളില്‍ കോറി വരച്ചു..
ഒരുപിടി കക്കക്കായി....
അവളിപ്പോള്‍...
ഉദരത്തില്‍ പുതു ജീവനുമായി.....
തെരുവിലലയുന്നു.....
നമുക്കവളെ ഭ്രാന്തി എന്ന് വിളിക്കാം ...
ഗോപി വെട്ടിക്കാട്ട്...
നൊമ്പരങ്ങള്‍ അഥവാ നിലവിളികള്‍
വേനല്‍ ചൂടില്‍ വരണ്ടുണങ്ങിയത്
പറയാന്‍ പുതിയ വിശേഷം .
വിയര്‍ക്കുന്ന കൊടും ചൂടില്‍
വരണ്ട തൊണ്ട പിളര്‍ന്നത്
ജലമറ്റ നിലവിളിക്ക് !
പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക് .
ആദ്യവും അന്ത്യവും ആലയില്‍ വെന്ത
കാരിരുമ്പിന്‍റെ ജീവന്‍ .
വികാരം,പൊള്ളുന്ന പകലിന്‍റെ പക.
പുരാതനവും നവീനവും
എന്തിനേറെ നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍
നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍
ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുക്കാറ്റ് നിലക്കുമ്പോള്‍ മാത്രം .
Monday, March 30, 2009
ആര്‍ക്കും ആരെയും ..
എന്തിനെയും സ്നേഹിക്കാം.
തൊടിയിലെ പാഴ്ചെടിയില്‍
വിടൊര്‍ന്നൊരു പൂവിനെ...
കാറ്റത്തടര്‍ന്ന കൂട്ടിലെ
തെറിച്ചു വീണൊരു
കിളിക്കുഞ്ഞിനെ...
തെരുവിലലയുന്നൊരു
അനാഥ ബാല്യത്തെ...
ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
മഴുവേറ്റ് വീണൊരു
വന്‍ മരത്തെ...
വറ്റി വരണ്ടൊരു
മണല്‍ പുഴയെ...
മണ്ണെടുത്ത് വീഴാറായൊരു
മൊട്ടക്കുന്നിനെ...
തരിശു കിടക്കുന്ന
പുഞ്ചപ്പാടത്തെ...
ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
വഴിയില്‍ ചിതറിത്തെറിച്ച
ചോരപ്പൂക്കളെ...
ആര്‍ത്തലച്ചൊഴുകുന്ന
കണ്ണുനീര്‍പ്പുഴയെ...
തലയെണ്ണിക്കാത്തിരിക്കും
കഴുകന്‍ കണ്ണുകളെ...
ആര്‍ക്കും ആരെയും....
---------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ഞാനൊരു മലയാളി
വിശപ്പകറ്റാനൊരു വിഷക്കായെങ്കിലും തരൂ
നിങ്ങളെനിക്കൊരു വിഷക്കായെങ്കിലും തരൂ
ഇല്ലെന്റെ പാടത്തും പറമ്പിലുമതി -
നെനിക്കില്ലിന്നു പാടവും പറമ്പും.
പാടം കുഴിച്ചു കുഴച്ചു ചുട്ടെടുത്തും
കുന്നുകളിടിച്ചു കുളങ്ങള്‍ നികത്തിയും
കൊട്ടാരങ്ങള്‍ കെട്ടിയുയര്‍ത്തിയപ്പോഴോന്നും
മറന്നതല്ലക്കാര്യം , നടുവേ ഓടി
ഞാനൊരു മലയാളിയെന്നു തെളിയിക്കാനായി
നടത്തിയോരു പാഴ് വേലകള്‍ മാത്രം.
മുറ്റത്തെ മുല്ലയുടെയും തൂശനിലയുടെയും
ആറ്റിലെ മീനിന്റെയും
ആരോഗ്യപ്പച്ചയുടെയും
കുത്തകാവകാശം പാശ്ചാത്യനു
തീറെഴുതി കൊടുത്തിട്ടു
വിശ്രമിച്ച ഞാനൊരു മലയാളി …
ഇല്ലാക്കഥകളിലൂടെ ഇന്നലെകള്‍
ഗൃഹാതുരത്വം അയവിറക്കാനായി
കുപ്പിയില്‍ സൂക്ഷിച്ച
ഞാനൊരു മലയാളി ...
ചൂടു കൊതിച്ചടുപ്പുകള്‍ പുകക്കുഴലുകളെ
നോക്കി കണ്ണീര്‍ വാര്‍ക്കുന്നു .
ജഠരാഗ്നി കെടുത്താനീ
മണ്ണിലൊന്നും ബാക്കിയില്ലാ.
ഒരു വിഷവിത്തെങ്കിലും
തനിയേ വീണുമുളയ്ക്കാനൊരു-
നാഴി മണ്ണു പോലും ബാക്കിയില്ലാതെ ,
ഉണ്ടെന്നു പൊളി പാടുന്നവന്‍ ,
ഞാനൊരു മലയാളി ...
പാല്‍മണം മറന്ന പാല്‍ക്കുപ്പികളെ
പൈതങ്ങള്‍ പോലും മറന്നേപോയീ
താരാട്ടിന്നീണവും പണയം വച്ച
ഞാനൊരു മലയാളി ...
അയല്‍നാടിന്‍ വണ്ടികളെ കാത്തു
പൊരിയുന്ന വയറോടെ കാത്തിരുന്നു മടുത്തു
പ്രതീക്ഷകള്‍ അസ്തമിച്ച ഞാനിനി
മരിക്കാനായി തേടുന്നൊരു വിഷക്കായ
വേണമെനിക്കീ മലയാള മണ്ണില്‍
നിന്നൊരു വിഷക്കായെങ്കിലും
അങ്ങനെയും അഭിമാനിക്കട്ടെ
ഞാനെന്ന മലയാളി ...
Sunday, March 29, 2009
"കവിതാപുരസ്കാരം 2008-2009"
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കു വഴി പോകൂ...
Saturday, March 28, 2009
സാന്ത്വന വെള്ളി
വെള്ളി ഒരു സ്വാന്തനമാണ്
യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത
കര്‍ത്തവ്യ ബോധത്തിന്‍റെ ഉള്‍വിളികള്‍ ഇല്ലാത്ത
ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി .
പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും
ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി .
വിവരം ഇല്ലാത്തവരുടെ വിവരകെടുകള്‍ക്ക്
റാന്‍ മൂളി നില്കെണ്ടാത്തൊരു വെള്ളി .
ടിവി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍
ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .
വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍
വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി .
ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍
അലക്കി വെളുപ്പിക്കേണ്ട വെള്ളി .
ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന
പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .
പൊന്നും പണവും ഇല്ലെങ്കിലും ങ്ങള് വേഗം വന്നാ മതിന്ന
കിളിമൊഴിക്ക് മുന്നില്‍ വാക്കുകള്‍ മുറിയുന്ന വെള്ളി .
നള പാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാന്‍ ഒരു വെള്ളി.
വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍
തല പൂഴ്ത്തി അലിഞ്ഞില്ലതാകാന്‍ ഒരു വെള്ളി .
വെള്ളി ഒരു അനുഗ്രഹമാണ്
മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്
ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .
Thursday, March 26, 2009
ബാല്യമായിരുന്നെങ്കിലും

ഒന്നു മോഹിച്ചോട്ടെ .....
മഞ്ചാടി മണികളും
തളിർ ഇലയിൽ നിന്നു
നീ തൊട്ടു നീട്ടിയ
ചന്ദന കുറിയും ,
പിന്നെ എനിക്കായ്
നീ കാത്തു നിന്നതും
സ്നേഹമായിരുന്നെന്ന്....
ഒന്നു മോഹിച്ചോട്ടെ .....
കിനാവായ് വരുന്നതും
നിലാവിനോടോപ്പം നാം
നീല വാനിൽ പറന്നതും
സ്നേഹമായിരുനെന്ന് ....
ഒന്നു മോഹിച്ചോട്ടെ
Wednesday, March 25, 2009
പാട്ടുകഥ
കമ്യൂണിസ്റ്റ്‌പച്ചയുടെ കമ്പിലിരുന്ന്
കണ്ടു മറന്ന മുഖങ്ങളോര്‍ത്തും
തലവിധിയില്‍ ചരിത്രം വരച്ചും
തലകള്‍ ഭൂമിയെ നോക്കികാണുമ്പോള്‍
വിളഞ്ഞ നെല്‍വയലുകളുമായൊരു പച്ചപനംതത്ത
പറന്നുവന്ന് കണ്ണ് കൊത്തിതിന്നാന്‍ തുടങ്ങിയത്.
ആട്ടിയോടിക്കാന്‍ കൈകളില്ലാതെ
തെറിവിളിച്ചാട്ടാന്‍ നാവനങ്ങാതെ
കമ്യൂണിസ്റ്റ്‌പച്ചയിലിരുന്നുണങ്ങി.
ഉണങ്ങികൊഴിഞ്ഞല്ലോ തലകളെന്ന്
കാറ്റ് പാട്ടുംപാടി പറന്നുപോയ്
നെല്‍ക്കതിര്‍ കൊളുത്തിയ കൊക്കിന്‍ തെറ്റത്ത്
ഞങ്ങള്‍ വിതയ്ക്കും വിത്തെല്ലാമെന്ന് കൊഞ്ഞനംകുത്തി
പനംതത്തയും കൂടെപോയി.
പഴയ പാട്ടുകഥയാണത്രെ!
അതിനിടയ്ക്കാണ്
ആരുമാരും എഴുതിവെക്കാത്തൊരു കൊല്ലവര്‍ഷത്തില്‍
കോട്ടയം താലൂക്കില്‍ കൂനിച്ചിറയാറ്റിന്‍കരയില്‍
തെക്കുവടക്കേതില്‍ വാസുപിള്ള
അയലത്ത് ഔസേപ്പിന്‌റെ മണ്ണില്‍ തൂമ്പയിറക്കിയതും
മകള്‍ ആലീസിന്‌റെയുള്ളില്‍ വിത്ത് വിതച്ചതും.
മുളച്ചതും,തളിര്‍ത്തതും പറിച്ചുകെട്ടി
കോഴിക്കോട്ടങ്ങാടിക്ക് ബസ്സ് കയറുകയും
നടന്നും കാളവണ്ടി കയറിയും
വയനാടിന് നാടെന്ന് പേരിടുകയും,
എട്ടും പത്തും പെറ്റതിനൊക്കെ
പിന്നേം പലതരം പേര് ചാര്‍ത്തുകയും
കൊത്തിയും കിളച്ചും മറിച്ചും
മലഞ്ചരുവില്‍ തലപെരുക്കുകയും ചെയ്ത കാലക്കേടിലാണ്
തല കൊയ്യുന്നതെങ്ങിനെയെന്നൊരു സിനിമാപ്പാട്ട്
സി. ഡിയിലായതും,ചുരം കയറിവന്ന്
മലയിടുക്കിലും,മഞ്ഞിന്‍മറയിലും
തലയനക്കാന്‍ തുടങ്ങിയതും.
പഴയ പാട്ടുകഥയാണത്രെ!
ഉണങ്ങിക്കരിഞ്ഞു പോയ തലകളാണ്
മലകളായതെന്നും
തലകളിരുന്നോര്‍ത്ത കമ്യൂണിസ്റ്റ്‌പച്ചയാണ്
മലഞ്ചരുവില്‍ മരങ്ങളായതെന്നും
പിന്നെയും കഥകളുണ്ടത്രെ...
ആര്‍ക്കറിയാം,
കണ്ണ് കൊത്തിതിന്ന പച്ചപനംതത്തയുടെ നിറം?
Tuesday, March 24, 2009
ഇതിനായിരുന്നോ?
അവളുടെ മാറില്‍
സ്വര്‍ണ്ണക്കുരിശിലെ
യേശുവിന് ശ്വാസം മുട്ടി.
അതു കണ്ട്
അതിലൊരുവന്റെ കൈയിലെ
പച്ച കുത്തിയ
ചെഗുവേര ചിത്രത്തിന്
ചിരി പൊട്ടി.
“ഗുവേര,
ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്‍…”
“അറിയാതല്ല സഖാവേ,
പുതിയ അധിനിവേശങ്ങള്‍ക്ക്
സാക്ഷിയായി
എനിക്കും മടുത്തിരിക്കുന്നു”.
ഇതെല്ലാം കേട്ട്
അവളുടെ കാലിലപ്പോഴും
ചെരിപ്പുണ്ടായിരുന്നു.
---------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Monday, March 23, 2009
ഒരു യാത്രയുടെ അവസാനം.
----------------------------------------------------
ഒരു അവധിക്ക്
റോഡില്‍ നിറയെ ബ്ലോക്ക്
റോഡ് പണിയായിരിക്കും
കാഴ്ചയുടെ വിള്ളലുകളിലൂടെ
കുറേ തമിഴന്മാരെ കണ്ടു.
മണ്ണിനെ മുറിവേല്‍പ്പിക്കുന്നവര്‍
കുറേയെണ്ണമുണ്ട് മണ്ണിനെ
മുറിവേല്‍പ്പിച്ച് നടക്കുന്നവര്‍
റോഡ് സൈഡിലേ വിരിപ്പിലേക്ക്
കേറി കിടക്കുന്നുണ്ട്
ഒരു അണ്ണാച്ചി കുട്ടി
മറ്റൊരവധിക്ക്
നഗരത്തിന്റെ ഇടവഴിയിലൂടെ
ഒന്ന് നടന്ന് പോവണം
ഇടവഴി നിറയെ മറ്റേതോ ആളുകള്‍
ശരീരം നിറയെ സിമന്റിന്റെ
ബാക്കിപത്രങ്ങള്‍
ബംഗാളികളും ഒറീസക്കാരും
പിന്നേ മറ്റേതെക്കെയോ ജീവജാലങ്ങള്‍
ഒന്നോ രണ്ടോ അണ്ണാച്ചികളും
ചോദിക്കാതേ വച്ച് നീട്ടിയ
കാലാവധിയില്ലാത്ത
നിര്‍ബന്ധിത അവധിക്ക്
റോഡ് ശൂന്യം
കച്ചവടക്കാര്‍ മാടി വിളിക്കുന്നു
ചിതറിയ കാഴ്ച്ചകളാണ്
ചുറ്റിലും
സ്റ്റേഷനില്‍ തമ്മില്‍ തല്ല്
ഫ്ലാറ്റ് ഫോമില്‍ നിറയെ വിരിപ്പുകള്‍
വിരിപ്പുകള്കടിയില്‍
അടയാളങ്ങളില്ലാത്ത
കുറേ ചരക്കുകള്‍
ജീവന്‍ മാത്രം നിലനിറുത്തുന്നവര്‍
കൂടേ ചിഹ്നങ്ങളും
ഒരു യാത്രയുടെ അവസാനത്തിന്റെ
അതിനിടയിലേക്ക്
ഒരു മൂലയില്‍
മറ്റെരു വിരിപ്പിനടിയിലേക്ക്
ഞാനും ഒതുങ്ങിനിന്നു
ഇനി
എനിക്ക്
ഇവിടെ ശരിക്കും എനിക്ക് എന്ത് പണിയാണറിയുക
?
ചുറ്റിലുള്ള അണ്ണാച്ചികളും ഒറിയക്കാരും
പിറുപിറുക്കുന്നുണ്ട്
ഒരേ തെണ്ടികള്‍ വരും
നമ്മുടെ പണി കളയാന്‍
സുപ്രഭാതങ്ങളേ..!
തുള്ളികള്‍ താഴാതെ തങ്ങി നില്‍ക്കുന്നു,മഴവില്ലു മായാതെ മങ്ങി നില്‍ക്കുന്നു!
പതിനഞ്ചു സംവല്സരങ്ങള്‍ക്ക് മുന്‍പു ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന മുറ്റങ്ങളും,
ഇന്നെന്‍റെ കയ്കള്‍ക്കലങ്കാരം അക്ഷരം കുത്തിക്കുറിച്ചു പഠിച്ച മുറികളും,
നല്ലതും നല്ലതിന്നുള്ളതും നന്‍മയും കയ്പിടിച്ചെഴുതിച്ച വന്ദ്യഗുരുനാഥരും,
ഇന്നെന്‍റെ കണ്മുന്നില്‍ ഉണ്ടെങ്കിലെന്നു ഞാന്‍ ഏറെക്കൊതിക്കുന്ന കൂട്ടുകാരും,
ഒട്ടേറെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന കളിമുറ്റമാണാ കൊച്ചു കലാലയം!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!
ഒരുകുടം മെത്തുന്ന മാരിക്കണങ്ങളെ തെല്ലും വകക്കാതെ പോന്നകാലങ്ങളേ!
പച്ചക്കു കത്തുന്ന നട്ടുച്ച സൂര്യനെ വെല്ലുവിളിച്ചു നടന്ന ദിനങ്ങളേ!
കുകിയും കൂടുകരോത്ത് കൂത്താടിക്കളിച്ചു നടന്ന കഴിഞ്ഞ കാലങ്ങളേ!
എന്നുമെന്‍ ഓര്‍മ്മയില്‍ തോരാതെ പെയ്യുന്ന മഞ്ഞു കണങ്ങളേ ബാല്യകാലങ്ങളേ!
ഇപ്രഭാതങ്ങളില്‍ നഷ്ടസ്വപ്നങ്ങളാം അപ്രഭാതങ്ങളേ സുപ്രഭാതങ്ങളേ!
അന്നാ വരാന്തയില്‍ ആമണ്‍പരപ്പില്‍, അങ്ങേ തലക്കലുള്ളാ മുളംകൂട്ടില്‍,
ഇങ്ങേ തലക്കലെ കാണാതെ പോയൊരാ രാക്ഷസപ്പാലതന്‍ ശീതലചായയില്;
കുട്ടിയും കോലും ഗുസ്തിയും തല്ലും കിളിമാസും അരിയാസും ഏറുപന്തും,
കൂടെക്കളിച്ചവര്‍ കൂടെച്ചിരിച്ചവര്‍ തോറ്റുപിണങ്ങിപ്പിരിഞ്ഞു പോയോര്‍,
കള്ളം കളിച്ചിട്ടു തര്‍ക്കം പറഞ്ഞിട്ടു തല്ല് പിടിച്ചിട്ടു തല്ലുകൊണ്ടോര്‍,
എല്ലാരും ഓര്‍മ്മയില്‍ ഓടിവന്നെത്തുമ്പോള്‍,ഏകനായ് നിങ്ങള്‍ക്കു മുന്നിലീ ഞാന്‍!
ഏകനായ് ഈ മരുക്കാട്ടിലീ ഞാന്‍!
ഈ മരുക്കാട്ടിലെ കാറ്റിന്‍റെ കയ്കളില്‍ മാമല നാടിന്‍ സുഗന്ധമില്ല,
ഈ മണല്‍ക്കാട്ടിലെ മണ്ണിന്നു പൂക്കളെ പെറ്റുവളര്‍ത്താന്‍ മനസ്സുമില്ല!
ക്രൂരനാണിവിടുത്തെ സുര്യനല്ലേ?ക്രൂരനാം സുര്യനെ വെല്ലുവാന്‍ ഇന്നെനിക്കാവതില്ലതിനുള്ള ബാല്യമില്ല!ബാലികാ ബാലകന്‍മാരേ; ബാല്യമുണ്ടെങ്കില്‍;നിങ്ങളാനേറ്റവും ശക്തര്‍! നിങ്ങളാനേറെ സമ്പന്നര്‍!
Sunday, March 22, 2009
പ്രവാസത്തിലെ മൂന്നു വേളകള്‍
1
എന്തിനെന്നറിയാത്ത പരിവേദനത്തില്‍
എങ്ങുമെത്താത്ത വിദൂരതയില്‍ വെച്ച്
വാക്കുകള്‍ മുറിച്ച് വിട വാങ്ങുമ്പൊഴും
പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?
2
നിര്‍വികാരനായി നിരത്തിലൂടെ നടക്കവേ
ഇരയെ തിരഞ്ഞ നിരകളില്‍ നിന്ന്
ഇരച്ചു കയറിയ "ഹൗ ആര്‍ യൂ" വില്‍
നോവാതിരിക്കാന്‍ കരുതിയപ്പൊഴും
മനസില്‍ കിനിഞ്ഞ രക്തം
പിശാചിന്റേതു തന്നെയല്ലേ..
ഒരു വേള എന്റേതു തന്നെ. . ?
3
ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍
അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍
അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?