Wednesday, November 11, 2009

ചരിത്രത്തില്‍ ഇല്ലാത്ത ചിലത് ....





ചരിത്രം ,
അവധൂതരുടെ
അത്മസമര്‍പ്പണങ്ങള്‍
ബാക്കിയാക്കിയ
നെടുവീര്‍പ്പുകളുടെ
ശവപ്പറമ്പ്

അത്,
വിധിപ്രസ്താവങ്ങളുടെ
അവധാനതയോടെ
ഒഴിവാക്കപെടുന്ന
പേരുകളുടെയും
പേരില്ലാ മുഖങ്ങളുടെയും
ഒരാള്‍ക്കൂട്ടം .

അതു കൊണ്ടാവണം,
ചിലപ്പോള്‍
ഒഴിവാക്കപ്പെടലുകള്‍
മാനം മുട്ടെ വളര്‍ന്നു
എഴുതപെട്ടവയെ
മറയ്ക്കുന്നത് ...

കുഴലൂത്തുകാരനും
അനുയാത്രികരും
പാതിവെന്ത
താളിയോലകളില്‍ നിന്ന്
പലായനം ചെയ്യുന്നത്

അതു കൊണ്ട് തന്നെയാവണം ,
നീയില്ലാത്ത നിന്റെയും
ഞാനില്ലാത്ത എന്റെയും
ചരിത്രങ്ങള്‍ എവിടെയോ
എഴുതപെടുമ്പോഴും
നമ്മുടെ ജീവിതം
ഇങ്ങനെ ജീവിച്ചു തീരുന്നത് !

ഒരു കണ്ണാടി സ്നേഹം





നിങ്ങള്ലെന്നും
 നിങ്ങള്ലെതന്നെ
സ്നേഹിക്ക!!!
ഒരു കണ്ണാടി സ്നേഹം
കണക്കെ!!
കാരണം...
ആര്‍ക്കും അറിയില്ല
സ്നേഹം എന്തെന്നു!!
നിസ്വാര്‍ത്ഥ സ്നേഹം
ഒരു ജല്പനം മാത്രം.
എല്ലാം പ്രകടനക്കാര്‍ ...
ഒരുവരൊഴികെ
സ്വയം സ്നേഹിക്കുന്നവര്‍
ഒഴികെ.

എന്‍റെ പ്രേമം







പ്രേമിക്കാനൊരു രൂപം,
വിമര്‍ശിക്കാനൊരു സുഹൃത്ത് ,
കുറുമ്പിനു കൂട്ടായി ഒരു കൂടപ്പിറപ്പ് ,
താലോലിച്ചിടാന്‍ ഒരു പിതാവ്
വഴിതെളിച്ചിടാന്‍ ഒരു ഗുരുനാഥന്‍
അതാണ്‌ നീ എനിക്ക്
ഞാന്‍ നിനക്കേകും നിര്‍വചനം,
വാക്കുകള്‍ക്കതീതം നിന്‍ സ്നേഹം !!!
നീ ചാര്‍ത്തിയ താലിമാല
നിന്‍ സ്നേഹ കടലിലെ തിരമാല.
ഒരു കാന്താകര്‍ഷണ വലയത്താല്‍
എന്‍ കാന്താ,നിന്നെ പ്രാപിച്ചിടുന്നു
സ്നേഹപരിഭവ വേലിയേറ്റത്താല്‍.
സ്നേഹിച്ചിടുന്നു ഞാന്‍ നിന്നെ
എന്‍ ജീവശ്വാസം കണക്കെ.
അറിഞ്ഞിടുന്നു ഞാന്‍ നിന്നെ
എന്‍ ഹൃദയത്തുടിപ്പ്‌ പോലെ.
എന്‍ ആത്മാവും
എന്‍ നിഴലും നീ തന്നെ
എന്‍ പ്രിയനേ!!
നീ ചാരത്തില്ലാതെ
കൊഴിഞ്ഞ വര്‍ഷങ്ങള്‍
സൂര്യനില്ലാ പ്രപഞ്ചം പോലെ.
നീ കൈപിടിച്ചപ്പോള്‍
ഓടി മറഞ്ഞത് നക്ഷത്രങ്ങള്‍ എന്ന്
സ്വയം വിശ്വസിച്ച വെറും
മിന്നാമിന്നി കൂട്ടങ്ങള്‍ .
ഇന്നെന്‍ ധ്രുവ നക്ഷത്രം
നീ മാത്രം .
നിന്നെ നോക്കി ഞാന്‍ എന്‍റെ
ജീവിത നൌക ചലിപ്പിക്കുന്നു.
കടലുകള്‍ മണലായി മാറിയാലും
വറ്റീടില്ല എന്‍ സ്നേഹത്തിന്‍ ഉറവ്
നിനക്കായി എന്‍ കാമുകാ!!!
കടഞ്ഞ രോമം കണക്കെ
പര്‍വ്വതങ്ങള്‍ പാറും ദിനത്തിലും
ഒരുമയോടെ ഉണ്ടായിടെണം
അരുമയാം നമ്മള്‍ !!
ഏഴ് കടല് കടന്നാലും
ഏഴ് ജന്മമെടുത്താലും
നീ തന്നെ ആയിടണം
എന്‍ സ്നേഹഭാജനം.
ഇന്ന് നീ എന്‍ സ്വപ്നം
നീയാണെന്‍ പ്രാര്‍ത്ഥന
എന്‍ സാധന ;
എന്‍ പ്രേരണ,
എന്‍റെ എല്ലാം ......
എന്‍ പ്രാണനാഥാ!!!!!!!
[DEDICATED TO MY LOVE-MY HUS]

അവളുടെ നീ


നീ കണ്ണുനീര്‍ ധാനം നല്‍കുന്നവന്‍ 
നീ പുഞ്ചിരിയെ റാഞ്ചിയവന്‍.
നീ അന്ധകാരം  നല്‍കുന്നവന്‍ 
നീ സ്വസ്ഥതയുടെ  ഘാതകന്‍ .
നീ വെളിച്ചം കാണാത്തവന്‍ 
നീ സ്വകുടുംബത്തെ കല്ലെറിയുന്നവന്‍ 
നീ ആര്‍ത്തു അട്ടഹസിക്കുന്നവന്,
നീ സ്നേഹം നടിക്കുന്നവന്‍ 
നീ വേദന കടം നല്‍കുന്നവന്‍ 
നീ കള്ളിനെ പ്രണയിച്ഛവന്‍ 
നീ ആനന്ദിക്കുന്നവന്‍ ,
നീ അഹങ്കാരി 
നീ ദൈവത്തിന്റെ കൈപിഴ 
നീ അവരുടെ ജന്മ പിഴ 
നീ തോന്നിവാസി!!!


നിന്നെ ഗര്‍ഭം ധരിച്ചവള്‍
എത്ര ഹത ഭാഗ്യ.
നിന്നെ ശാസിച്ചു വളര്‍ത്തിയ 
പിതാവ് എത്ര സാധു.
നിന്നെ പരിണയിച്ച ആ പെണ്ണ് 
എത്ര സഹനശീല 
നിന്നെ സ്നേഹിക്കുന്ന അവര്‍  
വെറും വട്ടപൂജ്യം!!!!!  
[Dedicated to all drunkards who never care or love their Family]

Monday, November 9, 2009

പാട്‌

ആഴം കഴിഞ്ഞും
പോകും വാക്കെ
അതിലുമാഴത്തില്‍
വെട്ടിയൊരു
പാടു കണ്ടൊ.

Sunday, November 8, 2009

കൊലക്കാര്‍ഡ്







പ്രവാസം
തീര്‍ത്ത
ജയിലിലേ
പരോളില്‍
റയിലോരത്ത്
ചിതറിയ
ശേഷിപ്പിലേ
കൊലക്കാര്‍ഡ്
പരിഗണിച്ച്
മരണകാരണം
പ്രയാസമില്ലാതെ
പത്രങ്ങളെഴുതിയ
സംഭവങ്ങളുണ്ട്!

Thursday, November 5, 2009

നടത്തം

വൈകുന്നേരങ്ങളിലെ
നടത്തം തുടങ്ങിയിട്ട്
നാളേറെയായി
കോര്‍ണീഷിലെ
മാര്‍ബിളിട്ട തറയിലൂടെ
ഊന്നിയുള്ള നടത്തത്തില്‍
ഒന്ന് തെന്നിയോ..

അന്ന്
മനക്കലെ
വലിയ മതിലിനോടൊത്ത്
ഇടുങ്ങിയ ഇടവഴികളിലൂടെ
ഒറ്റക്ക് നടക്കുമ്പോള്‍
ചുവന്ന തെച്ചിയും,
വെളുത്ത നന്തിയാര്‍വട്ടവും
എന്റെ പാദങ്ങളെ
ഇക്കിളിയാക്കുമായിരുന്നു
മുള്ളുകള്‍ ചവിട്ടാതെ
ഉരുളന്‍ കല്ലുകള്‍
എടുത്തെറിയാതെ,
മഴകൊണ്ട് നടക്കുമായിരുന്നു.

അന്ന് ഞാന്‍
കാലത്തും,
വൈകീട്ടും നടന്നിരുന്നു
കണ്ണനും, വേലായുധനും,
സീതയും, സുഹറയും
കണക്ക് പഠിപ്പിക്കുന്ന
കുട്ടപ്പന്‍ മാഷും
ഞങ്ങള്‍ ഒപ്പത്തിനൊപ്പം
നടക്കുമായിരുന്നു

പിന്നെ
റേഷന്‍ കടയിലേക്കും
അത്താണിയിലെ
മീന്‍ ചന്തയിലേക്കും
അമ്പലപ്പറമ്പിലേക്കും
പ്രതിഭാക്ലബിലെ
ചിതലെടുത്ത,
ലൈബററിയിലേക്കും
ചെമ്മീന്‍ കളിച്ച
കൃഷ്ണാകൊട്ടകയിലും
മോമാലിക്കയുടെ
വെളിച്ചമില്ലാത്ത
പലചരക്ക് കടയിലേക്കും
ഞാന്‍ അടിതെറ്റാതെ
തെന്നാതെ നടക്കുമായിരുന്നു

ഒറ്റമുണ്ടും
മഞ്ഞച്ച വെളുത്ത ഒറ്റഷര്‍ട്ടും
കോളേജിലേക്കുള്ള
എന്റെ നടത്തത്തിനോടൊപ്പം
കൂട്ടിനുണ്ടായിരുന്നു
ഇന്ദിരേച്ചിയുടെ
പറമ്പിലൂടെ നടക്കുമ്പോള്‍
അങ്ങേ തൊടിയിലേക്ക്
ഒന്ന് നോക്കാതെ
നോക്കിയുള്ള നടത്തവും
പിന്നീട്
മനിലാ കവറുമായി
പോസ്റ്റ്മാനായി നടന്നതും
നടന്ന്, നടന്ന്
ഒന്നും ബാക്കിവെക്കാതെയുള്ള
ഈ നടത്തവും

ടാറിടാത്ത
ചെമ്മണ്‍പ്പാതയില്‍
ഞാന്‍ നടന്ന് തീര്‍ത്തതൊക്കെ
ഇവിടെ
കോര്‍ണീഷിലെ
നക്ഷത്ര തെരുവുകളോടും
ഈ മണല്‍ക്കാറ്റിനോടും
വൈകുന്നേരങ്ങളില്‍
ഒരു ഗമയോടെ
പറഞ്ഞ് നടക്കാറുണ്ട്
അതായിരിക്കാം
ഇവിടെ എന്നെയൊന്ന്
വീഴ്ത്തിക്കളയാമെന്ന്
അസൂയകൊണ്ട
ഈ വഴങ്ങാത്ത
തെരുവിന് തോന്നിയത്.
*****

Monday, October 19, 2009

ഒരു തോറ്റം പാട്ട്

ഉത്തരെ കേട്ടുഞാൻ നിൻ ദീനരോദനം!
ഉത്തരന്മാർ തമ്മിൽ കലഹിപ്പതെന്തെ,
നിൻ വളർത്തുദോഷമോ ?!
താതനുടെ വേർപാടറിയാതെ വളർത്തി-
നീ നിന്നരുമക്കിടാങ്ങളെ,
അന്നമില്ലാത്ത നാളിലും നൽകി നീ-
സ്നേഹത്തിന്നമൃദേത്തുകൾ.
പണ്ടുകണ്ടോരറിയില്ല നിന്നെ,
ഇന്നീ ദരിദ്രകോലത്തെ,
കാലത്തിൻ വിഴുപ്പിനെ.?!
നൽകീ നിനക്കിന്നീ ദുർവിധി,
ദ്രോഹികൾ നിൻ സഹജീവികൾ.
അറിയുവോർക്കെല്ലാം നൽകി നീ,
സ്നേഹത്തിൻ നിറമാലകൾ,
പകരമോ അവർ നിനക്കേകി-
വഞ്ചനതൻ കൂരമ്പുകൾ.!
അന്നുനിന്നൊക്കത്ത് ബിരുദച്ചുമടുകൾ,
ഇന്നു നിന്നൊക്കത്ത് പട്ടണികോലങ്ങൾ!
ഉറക്കെകരഞ്ഞവർ കാലിട്ടടിക്കുന്നു,
ഒട്ടിയമാറിൽ പരതുന്നിറ്റമ്മിഞ്ഞപാലിനായ്!!!
മെല്ലിച്ച പൂമേനി മെല്ലെ തലോടുന്നു,
മാതൃത്വമുണർന്നമ്മ രാരിരം പാടുന്നു.
ആയിരമുണ്ണിതന്നമ്മയായ് ഉത്തര-
പാടുന്നു തോരാത്ത താരാട്ട് പാട്ടുകൾ.
കടിച്ചു കുടഞ്ഞവർ,
നിന്നെ നിന്നിലെ നന്മയെ.
കടിച്ചുകീറികുടിച്ചവർ, മാന്യന്മാർ ?
കുറുനരികൾ നിൻ ചെന്നിണം.
ജനിക്കുന്നിവിടെ, ഈ നാലമ്പലത്തിൽ
മറ്റൊരപഥസഞ്ചാരിണി.
വിങ്ങുന്ന ഹൃദയവും, നോവുന്ന ദേഹവുമായ്
നടന്നകലുന്നെന്നുത്തര………
13-04-1991

Thursday, October 15, 2009

നീയും ഞാനും

നിന്നിലെ ഞാന്‍ തന്നെയാണ്‌
എന്നിലെ ആകെത്തുകയെന്ന്
ധരിച്ചതായിരിക്കണം
ഞാനും എന്നിലെ നീയും ചേര്‍ന്ന്
നമ്മളാവാതിരിക്കുന്നത്..

കണ്ണിലെ ‌ബിം‌ബങ്ങളെല്ലാം
നേര്‍ക്കാഴ്ച്ചകളുടേതാണെന്നുള്‍ക്കൊണ്ട്
കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌
ഉള്ളിലെ നനവു പടര്‍ന്ന്
പച്ചപ്പു നല്‍കപ്പെടാത്തത്..

ഉള്ളില്‍ മുളപൊട്ടുന്നതെല്ലാം ‍
കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?
തളിര്‍ച്ച മുരടിക്കുമ്പൊഴും
നിനക്ക് നിന്റെ കൊയ്ത്തല്ലാതെങ്ങനെ.. ?

Friday, October 9, 2009

സ്ലം ഡോഗ്..


സ്ലം ഡോഗ്..

കഴുത്തില്‍ കുരുക്കുമായ്‌
പുഴുത്തു പുഴുവരിച്ചൊരു നായ .
പട്ടിയെന്നും .. അല്ല പേപ്പട്ടിയെന്നും
പേപ്പട്ടിയാക്കിയാല്‍
തല്ലി കൊല്ലാമെന്നും ചിലര്‍ ..


തൊണ്ടയില്‍ കുരുങ്ങിയ
കുരയുടെ മുഴക്കം
മൂളലും ഞരങ്ങലുമായ്
കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി ..
കണ്ണുകള്‍ മൂടി...


പുത്തന്‍ സാമ്പത്തിക ക്രമത്തില്‍..
ശീമപ്പട്ടികള്‍ കുരയ്ച്ചു നില്‍ക്കുമ്പോള്‍ .
കാവലിനായ് ഇനിയെന്തിനു .
കൊഴിഞ്ഞ പല്ലും
ഫലിക്കാത്ത ശൗര്യവും ..


കുടിയിറക്കപ്പെട്ട ഒരു സ്ലം ഡോഗ്
രാജ പാതയിലെവിടെയോ
ഒളിഞ്ഞിരിക്കുന്നുണ്ടത്രേ
വേട്ടയാടാന്‍ കരാറൊപ്പിട്ട ഡോബര്‍മാന്‍
ഇനിയാ തലപ്പാവില്‍ പൊന്‍ തൂവല്‍ ചാര്‍ത്തട്ടെ ...


ഗോപി വെട്ടിക്കാട്ട്

Sunday, October 4, 2009

ജ്യോനവന് അന്ത്യാഞ്‌ജലി......

പ്രിയ കവി സുഹൃത്ത് ജ്യോനവന് അന്ത്യാഞ്‌ജലി......
പ്രിയ കവിസുഹൃത്ത് ജ്യോനവന്‍ (നവീണ്‍)
നമ്മെ വിട്ടു പോയി........
കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ്
ജ്യോനവനടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ
അത്യാഹിതം സംഭവിച്ചത്!

പ്രിയ സുഹൃത്തിന്റെ ഈ വേര്‍പാടില്‍
കണ്ണുനീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി......
കുടും‌ബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍
പങ്ക് ചേര്‍ന്നുകൊണ്ട്.....
പ്രാര്‍‌ത്ഥനയോടെ.........
പ്രവാസ കവിതാ പ്രവര്‍ത്തകര്‍.....

more details here :
http://boolokakavitha.blogspot.com/2009/10/blog-post_01.html

Monday, September 21, 2009

ദൈവമക്കള്‍ / സന്തോഷ്‌ പല്ലശ്ശന



യോസേഫ്‌....
നിന്‍റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളാണ്‌
ഈ തെരുവില്‍ മറിയയ്ക്ക്‌
മങ്ങിയ നിലാവു തളിച്ചത്‌.

ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
ചുഴലി തിരിഞ്ഞ്‌
ദൈവം കാറ്റായലഞ്ഞു.

യോസേഫ്‌...
നീയൊന്നുറങ്ങിയിരുന്നെങ്കില്‍
‍നിന്‍റെ നിദ്രയില്‍ വീണ്ടുമൊരു സ്വപ്നമായ്‌...

നീയീ ഖനിയില്‍ പണിചെയ്ത്‌
ചോരവറ്റി കരിഞ്ഞുപോയല്ലൊ

മറിയ നിറവയറുമായ്‌
ഹെരൊദായുടെ കാക്കിയിട്ട
ഭടന്‍മാരെ ഭയന്ന്‌
കടത്തിണ്ണയില്‍ ചുരുണ്ടു.

തെരുവില്‍ പതുങ്ങും
ചോദനകളുടെ ചൂട്‌
അവളുടെ ചുണ്ടില്‍
ഒരു വിലാപ മുദ്രയായ്‌
തിണര്‍ത്തു കിടന്നു.

കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌.

ഇനി ഈ ക്രൂശിങ്കലേക്കാവും
ഈ മനുഷ്യപുത്രന്‍റേയും പിറവി.
പൈക്കളും ഇടയരും
കിന്നരകന്യകളുമില്ലാതെ
തെരുവില്‍ അവന്‍ പിറന്നു വീണു.

കിഴക്ക്‌ ഒരു നക്ഷത്രമുദിച്ചു.

രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
യോസഫിനു നേരെ കൈ നീട്ടി.
"സാബ്‌...
മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

Wednesday, September 16, 2009

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ...

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..

പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....

ഗോപി വെട്ടിക്കാട്ട്

Tuesday, September 15, 2009

ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്‍

ഭാവിയെ ഷൂട്ട് ചെയ്യാവുന്ന
പുതിയതരം ക്യാമറ
ഇന്നലെ വാങ്ങി.
മാര്‍ക്കറ്റിലിറങ്ങും മുമ്പെ
ബുക്ക് ചെയ്ത് കാത്തിരുന്നതിനാല്‍
കിട്ടിയ പാടേ ടെറസില്‍ക്കേറി
ടില്‍റ്റും വൈഡും ഇണക്കി
മുന്നാക്കം പിന്നാക്കം
മേലേ കീഴെ നീക്കി
കൈത്തഴക്കം കണ്ടെത്തി.

സന്ധ്യക്ക്
ഗ്രാമത്തിലെ മൈതാനത്ത്
ആല്‍മരത്തിന്റെ താഴെ
യൂണിഫോമില്ലാത്ത കുട്ടികള്‍
കവിത ചൊല്ലിപ്പഠിക്കുന്നതും
ആശാന്‍ അതിന്റെ താളം
ഈണത്തില്‍ ബന്ധിപ്പിക്കുന്നതും
കൊടുങ്കാറ്റിനെ ഗര്‍ഭം ധരിച്ച
പുസ്തകങ്ങള്‍ ജാഥ നടത്തുന്നതും...

ദാരിദ്ര്യരേഖയുടെ മുകളില്‍
പതാകയുയര്‍ത്തുന്ന
ക്രിക്കറ്റ് താരത്തിന്റെ കൂറ്റന്‍ ചിത്രം
തകര്‍ന്നു വീണ്
ഓഹരിവിപണിയുടെ ആസ്ഥാനത്ത്
ഗതാഗതം മുടങ്ങി
തെരുവില്‍ ഉത്സവമാകുന്നതും....

(രാത്രിയില്‍
കളിക്കൂട്ടുകാരിയെ കണ്ടു കൊതിച്ച്
നെല്ലിക്കാവര്‍ത്തമാനത്തില്‍
ഒളിച്ചിരുന്ന മധുരം കുടിച്ച്
പുഴയിലേക്ക് തെന്നിവീണപ്പോള്‍...
വെറുതെയെങ്കിലും തോന്നി
സ്വപ്നത്തെ ഷൂട്ട് ചെയ്യാവുന്ന ക്യാമറയും
വൈകാതെ കണ്ടെത്തണമെന്ന്!)

വെളുപ്പിനുണര്‍ന്ന്
ബാല്‍ക്കണിയില്‍ ട്രൈപോഡ് വച്ച്
പുകമഞ്ഞിലേക്ക് കണ്ണു തുറന്ന്
മുഷിഞ്ഞ് മയങ്ങുമ്പോള്‍,
നഗരമാലിന്യത്തിനരികില്‍
കുടിവെള്ളത്തിനായി ഏറ്റുമുട്ടുന്ന
ഗ്രാമീണരുടെ രോഷവും
പട്ടാളത്തിന്റെ വീറും
ബുള്‍ഡോസറിന്റെ ഇരമ്പവും...
ക്രമത്തില്‍ ഷൂട്ടായി.

മനസ്സിന്റെ അനന്താകാശങ്ങള്‍
തുറന്നുകിട്ടിയ അനുഭവങ്ങളാല്‍
പില്‍ക്കാല ദിനങ്ങളില്‍
ഒരു കോസ്മൊനോട്ടായി
വായുവില്‍ നൃത്തം ചെയ്ത്
ഞ്ഞാന്‍ ചിറകില്ലാതെ പറന്നുപോയി.

സൂര്യനും ചന്ദ്രനും
ചെറുവിളക്കുകളായി
അച്ഛന്റെയും അമ്മയുടെയും
മുഖമെടുത്തണിഞ്ഞു.
ചിരിക്കാനും കരയാനും മത്രമല്ല
എതിര്‍ക്കാനും കൊതിപ്പിക്കാനും കഴിയുന്ന
ദീപ~തനക്ഷത്രങ്ങള്‍ക്ക്
കാമിനിയുടെ ഭാവങ്ങളുണ്ടായി.
ഗുര്‍ത്വാകര്‍ഷണത്താല്‍ ത്രസിപ്പിക്കുന്ന
കുഞ്ഞുങ്ങളുടെ ആലിംഗനങ്ങളില്‍
വിശപ്പും നിലവിളിയും
ഉറഞ്ഞ ചോരയുടെ ചൂടും അറികെ
ഊര്‍ജ്ജപ്രവാഹത്തില്‍ മുഴുകി
ഒഴുകിത്തെറിച്ചു പോകുന്ന
വേദനകളുടെ ഉള്‍ക്കയായി ഞാന്‍.

നട്ടെല്ലില്ലാത്ത ഒരു മഴവില്ല്
താന്‍ പണ്ടേതോ രാജാവിന്റെ
യുദ്ധം ജയിക്കുവാനായി
വളഞ്ഞുവളഞ്ഞാണ്
ഏഴുനിറമുള്ള രാജഹംസമായതെന്ന്
വീമ്പ് പറയുമ്പോഴും....
ഇരുള്‍ക്കിണറിന്റെ കണ്ണറയില്‍
വീണുമരിക്കാനിടയാക്കാതെ
ഒഴിച്ചു തള്ളിവിട്ടതിന്
ദൈവത്തിന് നന്ദി പറയാന്‍
അതിപ്രവേഗമുള്ള ഒരു സന്ദേശം
വിഫലമായി എഴുതിക്കൊണ്ടേയിരുന്നു.

അപ്പോഴേക്കും...
താണുപറന്നു വന്ന മിസൈലുകളിലൊന്ന്
പൂത്തിരി കൊളുത്തിവിട്ട
രാത്രിയുടെ ശവപേടകത്തിലേക്ക്
കാലം കടന്നുപോകുമ്പോള്‍
ആരോ അടക്കം പറഞ്ഞു:
നമ്മള്‍ ഒരു തമോദ്വാരത്തിലാണ്
സ്നേഹിതാ...
തിരിച്ചിറങ്ങാനാവാത്ത വിധം
അടയ്ക്കപ്പെട്ട
ഒരു ചീഞ്ഞ കണ്ണിനുള്ളില്‍.

000

Friday, September 11, 2009

ഉറക്കം വിട്ടുണരുന്നത്

ഉറക്കം വിട്ടുണരുന്നത്


ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്‍ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.

പിന്‍ബെഞ്ചില്‍
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര് മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.

സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!

ഇന്റര്‍ ബെല്ലിന്
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും
കടന്ന് പോകുമ്പോള്‍
ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നവള്‍
ഇടം കണ്ണിടുന്നോയെന്ന്
വെറുതെയാശിച്ച് തിരിഞ്ഞ് നോക്കും.

മാരാര്‍ മാഷിപ്പോഴും വേലിക്കല്‍ നിന്ന്
“അമ്മിണീ‍.., ഒരു കപ്പ് കഞ്ഞി വെള്ളം...”
എന്ന നീട്ടിവിളിയിലൂടെയാണ്
കടന്നു വരുന്നത്.
ഉറക്കത്തില്‍ തന്നെ തുട വേദനിക്കും,
ട്രൌസര്‍ കൂട്ടിപ്പിടിച്ച്
തിരുമ്മിയ കരിവാളിപ്പില്‍.

തിരിച്ചെന്നത്തേയും പോലെ
അമ്പലപ്പറമ്പിലെ ഊട് വഴിയില്‍ കയറി
മൂത്രമൊഴിച്ച് കിടക്ക നനച്ചാണിന്നും
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നത്.
--------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

Thursday, August 20, 2009

ചുംബനങ്ങള്‍

നിന്നെ പോലെ
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകള്‍
നിന്റെ കോളറില്‍ കുത്തുക
പൂവിനു മണമെന്നപോല്‍്
നിന്റെ ഭംഗി വര്‍ദ്ധിക്കട്ടെ

തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിന്റെ അധരത്തില്‍
നിന്നും വീഴാതിരിക്കട്ടെ

ആരുടെയൊക്കെ
പ്രതിബിമ്പങ്ങളാണതില്‍്
നീ എനിക്കായ്‌
കൊരുത്തു നല്‍ക്കുന്നത്?

എന്റെ കയ്യില്‍ എപ്പോഴും
കുറച്ചു ചില്ലറകള്‍് മാത്രം,
(മതിയാവില്ലല്ലോ
എനിക്കൊരിക്കലും)
വരൂ നമുക്കിനി നിന്റെ
ചുംബനങ്ങള്‍ വില്‍ക്കാം

നിന്റെ പാത്രം കളയരുത്
ഇനിയുമെത്ര ചുംബനങ്ങള്‍
നിറയ്ക്കാനുള്ളതാണ്
നിറച്ചു വില്‍ക്കേണ്ടതാണ്....

Monday, August 17, 2009

ഇനി വേലായിയെ കാത്തിരിക്കാം

ഓണത്തിന് നിറം പൂക്കളാണെന്ന്
കര്‍ക്കിടകം
ചുരുണ്ടുകൂടിയിരുന്ന്
ജലച്ചായം വരയ്ക്കുമ്പോള്‍
മുട്ടോളം പാവാട പൊക്കിപ്പിടിച്ച്
തുമ്പപ്പൂവ്
പാടം കടന്നുവരും
ചേമ്പില ചൂടിയിട്ടും തോളുനനച്ച്
മുക്കുറ്റി
തണുത്തുവിറച്ച് പടികയറും
മഴവെള്ളം തട്ടിത്തെറുപ്പിച്ച്
ചെമ്പരത്തി
ഇതളിളക്കി ഓടിയെത്തും

മാവേലിക്ക് കൊമ്പന്‍‌മീശയാണെന്ന്
മേഘങ്ങള്‍
കറുപ്പിച്ച് കറുപ്പിച്ച്
മീശ പിരിക്കുമ്പോള്‍
പരദൂഷണംവേലായി
കട്ടിമീശ കൊമ്പെന്ന് വളച്ച്
കിരീടവും ഓലക്കുടയുമായി
തെക്കുവടക്ക്
മാനുഷരെല്ലാരുമൊന്നുപോലെയെന്ന്
നാടുനന്നാക്കി നടക്കും

ഓണമെന്നാല്‍
മൂന്നടി മണ്ണ് തന്നെയെന്ന്
കര്‍ക്കിടകത്തില്‍ കുത്തിയൊഴുകിപ്പോയ ജലം
കടലില്‍ കിടന്ന് കൈകാലിട്ടടിച്ച്
വിളിച്ചുപറയുന്നത് കേട്ടിട്ടാവണം
മുറ്റത്തെ പൂക്കളം
പരദൂഷണം വേലായിയോടൊപ്പം
ഓടിപ്പോയത്

Thursday, August 6, 2009

ഒരു ലൈംഗിക തൊഴിലാളിയുടെ....

അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.

പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്‌.

സ്വപ്നത്തില്‍
കഴുകന്‍മാര്‍ കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്‌. . . .

അയ്യോ. . . ഞാനുപേക്ഷിച്ച
എന്‍റെ തന്നെ . . .
അവള്‍ നിലവിളിച്ചുകൊണ്ടോടി.

ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള്‍ അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.

"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക്‌ ഊടുവയ്ക്കുന്നവളാണ്‌.

പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കികൊല്ലുവളാണ്‌. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിണ്റ്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."

അവള്‍ കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്‌".

Sunday, August 2, 2009

തെരുവ് വിളക്കുകൾ

കണ്ണാടി ചില്ലിട്ട മാളികയ്ക്കുള്ളിൽ ഞാൻ
കാലത്തെനോക്കി പല്ലിളിച്ചു!
വന്മരം വളർന്നൊരാ മൈദാന-
ത്തിനപ്പുറത്താണെന്റെ മാളിക.
നിലകളിൽപ്പലവർണ്ണ
പ്രഭചൊരിഞ്ഞങ്ങനെ നിൽക്കുന്നു.!
ആയിരമാളുകൾക്കന്നം വിളമ്പുവാൻ
ഇല്ലൊരു ബുദ്ധിമുട്ടുമതിന്നങ്കണത്തിൽ..!
അടഞ്ഞ വാതായനങ്ങൾക്കുപിന്നിൽ
ആരെന്നറിയാതെ ശങ്കിച്ചു നിന്നുഞാൻ
സ്വന്തമാണീ മാളികയെന്നറിയാമെങ്കിലും,
അന്യനാണെന്ന് തോന്നുന്നിതെപ്പോഴും.!?
കാരണമില്ലാതെ ഭയന്നു ഞാൻ പലപ്പോഴും,
കാലത്തിൻ കേവലം കളിചിരിപോലും,
കാലമിതൊട്ടും കാക്കുകില്ലെന്നെയെങ്കിലും,
ഈ മാളിക കാത്തുഞാൻ കാലം കഴിക്കുന്നു.!
എങ്കിലുമീമാളികയ്ക്കെന്തുഭംഗി
എന്നാത്മഗതം കൊണ്ടുപതികരെല്ലാം,
ചില്ലിട്ട ജാലകം മെല്ലെത്തുറന്നുഞാൻ
മൈദാനത്തിനപ്പുറക്കാഴ്ച്ചകാണാൻ…!?

-1-
( ഒരു കവിത കേട്ടപ്പോൾ അതിലെ ചില വരികളിലൂന്നി ഒരു പുഴതാണ്ടാൻ ഞാൻ ശ്രമിക്കുന്നു, മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം എന്ന കവിതയോട് കടപ്പാട്…………..)
ആദ്യമായ് വേറിട്ടൊരൊച്ചകേട്ടു,
മധുസൂദനൻ നായരെന്നോർത്തുപോയി.!
ഇടയ്ക്കയും ഓടക്കുഴലുമായി പാടി,
ഇടനെഞ്ചിൽ സൂക്ഷിച്ച ദുഃഖങ്ങളത്രയും-
മൊരുതുലാവർഷമായ് പെയ്തൊഴിഞ്ഞു
ശ്രോദാക്കളില്ലാതെ, കാണികളില്ലാതെ,
വിജനമാം തെരുവിലേയ്ക്കൂളിയിട്ടകലുന്നു വിലാപങ്ങൾ
“ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം “
നാശത്തിലേയ്ക്ക് ഗമിക്കും മർത്യന്റെ
ചിന്തയെ വിലക്കുവാനാവതെ കവി കരയുന്നു.
തിമിരം കയറിയ കണ്ണിൽ കഴ്ച്ചകൾ
കാവിക്കറയിൽ മറയുന്നു..,
കറുപ്പിനുമുകളിൽ വേശ്യകൾ തന്നുടെ
ചാരിത്ര്യത്തിൻ കഥ നെയ്യുന്നു!
കവിയുടെ ശബ്ദം കാതിൽ
തെല്ലൊരു നൊമ്പരമായ് കിനിയുന്നു.
“ പിഞ്ചുമടിക്കുത്തമ്പതുപേർ
ചേർന്നുഴുതുമറിക്കും കാഴ്ച്ചകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടുമടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം..”
കവിയുടെ കണ്ണൂകൾ ഈറനണിഞ്ഞു,
വാക്കുകളിടറി, കൈകൾ വിറച്ചു.
കണ്ണടവച്ചൊരു കവിയുടെ
കവിളിൽ നീർച്ചാലൊഴുകിയ പാടുകൾ കാണാം
കാവിക്കുള്ളിൽ മറഞ്ഞുകിടക്കും
കരിവേഷത്തിൻ മുറവിളികേൾക്കാം
മൈദാനത്തിൻ അതിരുകൾ താണ്ടി,
തെരുവോരം ചേർന്നു നടന്നു
തെരുവുവിളക്കുകൾ
ഇടവിട്ടകലെ ശോകം തൂങ്ങി ചിരിപ്പതു കാണാം
പിന്നവൾ നാണത്താലിമ പൂട്ടുകയായി
രാവിൻ നിറമതുകാണാൻ
കണ്ണിൽ തിമിരംവന്നുനിറയുകയരുത്!
പ്രാപ്പിടിയന്മാർ അലയും തെരുവിൽ
ചെറുകാമക്കുരുവികൾ വിലസുവതുകാണാം
കാക്കിപ്പടയുടെ നെറിവില്ലായ്മകൾ
കാലത്തിനുമേൽ കാലായി!!
ജോതകദോഷം ചൊല്ലി തന്ത്രികൾ
തന്ത്രം മെനയും കാഴ്ച്ചകൾ കാണാം
എച്ചിൽകുപ്പയിലന്നം തിരയും
ശ്വാനപ്പടയുടെ നിലവിളികേൾക്കാം…?
അതിൽ സ്വന്തം പങ്കിന് കടിപിടികൂട്ടും
രാഷ്ട്രീയത്തിൻ നയങ്ങൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം!!

-2-
(കാലത്തിന്റെ അനിവാര്യതയിലേയ്ക്ക് കവി
നടന്നടുക്കുമ്പോൾ സ്വന്തം സ്വരം മാത്രം അനുഗമിക്കുന്നു)
“ പലിശപ്പട്ടണി പടികയറുമ്പോൾ
പിറകിലെ മാവിൽ കയറുകൾ കാണാം“
ചത്തുപിറക്കും ആത്മാക്കൾക്കൊരു
നെരമ്പോക്കോ ഈ പാഴ്ജന്മം,
തെരുവിലലഞ്ഞു കരഞ്ഞുനടന്നൊരാ
യുവതിതൻ നൊമ്പരമാരും കണ്ടില്ലന്നോ ?
പർദ്ദയ്ക്കുള്ളിലെ ദുഖം കാണാൻ
തൊണ്ണൂറെത്തിയ കിഴവനും കഴിഞ്ഞില്ല!!
കല്ലടകോറിയ അക്ഷരമത്രയും.
കമലത്തിൻ യുക്തിക്കപ്പുറത്തായതെന്തെ?
കാക്കിതൻ ശബ്ദമോ ? ഖദറിന്റെ കട്ടിയോ ?
അതോ ചുവപ്പിന്റെ കാഠിന്യമേറിയ യുകതിയോ ?
മൈദാനത്തിനപ്പുറം ഇത്രയും വേദന കൂട്ടമായ്-
ത്തിരയുന്നതാരെയെന്നോർത്തുഞാൻ!..
ചെമ്മൺ പാതയിൽപ്പാദങ്ങളൂന്നിഞാൻ
ഗ്രാമത്തിന്നാത്മാവിലേക്കായ്ഗമിച്ചു,
മങ്ങിയ കാഴ്ച്ചകളൊക്കെ മറന്നു
കണ്ണടകൾ വേണ്ട
ഇനി കണ്ണടകൾ വേണ്ടാ……
(18-04-20005)