Friday, March 20, 2009

ഒരു എന്‍. ആര്‍. ഐ. കൊളാഷ്

(2003 ജൂലായില്‍ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ച
ഒരു പഴയ കവിത! മണല്‍ക്കിനാവില്‍ നിന്നും...)

ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...

പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...

പ്രവാസിയുടെ മുറി,
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍‌പ്പുറ്റുകള്‍,
പാതിയടഞ്ഞ അടരുകളിള്‍
‍അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍,
കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍.

സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്,
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്...,

ഉണരുമ്പോള്‍ ‍സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്,
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം,
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം.

ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നിനച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,

വീട് :
തരംഗ സ്വീകരണികളുടെ
ആകെത്തുക,
അച്ചന്‍ :
മരുന്നുപുരട്ടിയ ഒരു ചാരുകസേര,
മൈക്രോവേവ് തരംഗ വാഹകയായമ്മ,
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍,
ഒരു ഡയല്‍‌ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി.

എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സം‌ഗനായയവെട്ടിക്കിടക്കുന്നു.
കാട് :
ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......

16 comments:

Ranjith chemmad / ചെമ്മാടൻ said...

(2003 ജൂലായില്‍ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ച
ഒരു പഴയ കവിത! മണല്‍ക്കിനാവില്‍ നിന്നും...)

കൂട്ടുകാരന്‍ | Friend said...

ഇവിടെ ക്ലിക്കി ദയവായി ഒരു അഭിപ്രായം പറയുക.

ചങ്കരന്‍ said...

കിടിലം :) അന്നേ പുലിയാണല്ലേ :) ഓരോ വരിയും മികച്ചത്.

Typist | എഴുത്തുകാരി said...

'സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്,
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്...,'

ഇതാ എനിക്കിഷ്ടപ്പെട്ടതു്. സ്വപ്നം അങ്ങിനെ അലിഞ്ഞലിഞ്ഞു പോകുമല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കിടിലന്‍ !!!

പാമരന്‍ said...

പുലിയന്‍ ചെമ്മാടാ!

പ്രയാണ്‍ said...

നല്ല കവിതകള്‍..... എല്ലാത്തിലും പ്രവാസിയുടെ ഏതൊക്കെയോ വികാരങ്ങള്‍.

ഗൗരി നന്ദന said...

അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍,
കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നത് വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍



പ്രവാസത്തിന്‍റെ ആകുലതകള്‍ ആറ്റിക്കുറുക്കിയ കവിത. നന്നായി മാഷേ....

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ നാട്, സ്വപ്‌നം,
പുഴ,മുറി,കാട്,കാറ്റ്...

എന്റെ രണ്‍ജിത്... :)

നിന്‍റെ ഈ വരികള്‍ മനസ്സിനുള്ളില്‍ ആഴ്ന്നിറങ്ങുന്നു... ഒത്തിരി ഇഷ്ടമായി... ആശംസകള്‍...

lalu theyyala said...

"നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു...."

njanum ithupoloraal....

Shaivyam...being nostalgic said...

നന്നായി

ചാണക്യന്‍ said...

“ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും“-
അതെന്താ മാഷെ..?

സമാന്തരന്‍ said...

അന്നും ഇന്നും എന്നും ഇതാണ് ‍ ‍പ്രവാസി.കടുത്തൊരീറ്റുനോവോടെ പ്രവാസി ജനിക്കുന്നു.ഓര്‍മ്മകളുടെ സ്വപ്നങ്ങളുടെ കടമകളുടെ കടത്തില്‍ ജീവിക്കുന്നു. പിന്നെ.. വയലിലെ വിള്ളലുകള്‍ക്കിടയിലേക്ക് ഒടുങ്ങുന്നു..

തണല്‍ said...

എന്റെ നാടേ..,
എന്റെ വീടേ..

Jayasree Lakshmy Kumar said...

വളരേ നന്നായിരിക്കുന്നു ഈ കൊളാഷ്

ഭായി said...

പുലിക്കവിയെന്നോ കവിപ്പുലിയെന്നോ
എന്ത് വിളിച്ചീടും ഞാനീ രണ്‍ജിത്ത് ചെമ്മാടിനെ!
:-)

അസ്സലായിട്ടുണ്ട്.