Wednesday, November 17, 2010

മലയാളമേ മാപ്പ്

മലയാളമാണെന്റെ നാട്ടു ഭാഷ
മലനാട്ടില്‍ മൊഴിയുന്ന നല്ല ഭാഷ
വാണീദേവിതന്‍ കേരള ഭാഷിതം
വാമൊഴിയ്ക്കിതുമൊരു നല്ല ഭൂഷ.

അമ്മയെന്നാദ്യം വിളിച്ച ഭാഷ
അച്ഛനാദ്യമെഴുതിച്ച മന്ത്ര ഭാഷ
തുഞ്ചത്തു കിളിപ്പാട്ടൊഴുകിയ ഭാഷ
തൂവെള്ളപ്പട്ടാടയുടുത്ത ഭാഷ

ഹാ! കഷ്ടം , മുലപ്പാല്‍ മധുരമവര്‍ മറന്നു-
മലയാളം പെറ്റിട്ട പുതിയ മക്കള്‍
ഫാഷനായ്, ചാനലായ്, പരിഷ്കാരമായ്
മലയാളമിന്നു മലയാംഗലേയമായ്.

മാപ്പപേക്ഷിപ്പൂ ഞാന്‍ മാതൃഭാഷേ
ഭാഷയില്‍ നാണിക്കും സോദരര്‍ക്കായ് ,
അഭിമാനമാണെനിയ്ക്കെന്നുമെന്നും
മലയാളിയായെന്നെയറിഞ്ഞിടാനായ്.

Monday, November 8, 2010

ചൊറിച്ചില്‍...!!!

ചൊറിച്ചില്‍ ,എനിക്കും ചൊറിച്ചിലായാന്നെന്നു
പറഞ്ഞതാരായെന്നുയറിയാതെ
ഞാനും ചൊറിഞ്ഞുകൊണ്ടേയിരുന്നു

ഓരോ ചൊറിച്ചിലും പിരിച്ചേഴുതുബോഴാന്നു
ചൊറിച്ചിലിന്റെ വകഭേദങ്ങളെ ഞാന്‍ വായിച്ചെടുത്തത്

ചൊറിച്ചില്‍ ,

സുഖ ശീതള മുറിയില്‍ അമര്‍ന്നിരുന്ന
പത്രക്കാരന്‍റെ പോക്കറ്റിലെ
പേനക്കുമുണ്ട് .

മാനം മുട്ടെ പറന്നുയരുന്ന
പറവകളുടെ ചിറകിനോട്
കിരണങ്ങള്‍ക്കുമുണ്ട്.

തന്ത്രങ്ങളയറിയുന്ന മന്ത്രിയോടു
മന്ത്രം മാത്രമറിഞ്ഞ തന്ത്രിയുടെ
പൂന്നൂലിന്നുമുണ്ട്

പച്ച പരിഷ്കാരി പെണ്ണിന്‍റെ-
മുട്ടോളം താഴാന്‍ മടിച്ച -
പാവാടയോട് ചാവാലി -
പട്ടിക്കുമൊരു ചൊറിച്ചില്‍

വഞ്ചനയുടെ ലാഞ്ചനയില്‍
പിടഞ്ഞയമരുന്ന പ്രണയത്തിന്റെ
കനവിലൊരു ചൊറിച്ചില്‍

അപഥ സഞ്ചാര പാതയില്‍ നടത്തം
തുടരുന്ന 'സൗഹൃദ കൂട്ടത്തിനു
ഓര്‍മയുടെ ഓളങ്ങളിലൊരു ചൊറിച്ചില്‍

ഏതോ മൌനജാഥ
ചൊറിഞ്ഞു ഉടച്ച
തെരുവ് പ്രതിമയോടു
പാറി പറക്കും കാക്കയ്ക്കുമൊരു ചൊറിച്ചില്‍

ചുമ്മാ ചൊറിഞ്ഞതായിരുന്നു
ചെന്ന് വീണതോ
ചൊറിഞ്ഞു തൊലിയും നഖവും പോയ
ചെന്നായ കൂട്ടില്‍

എല്ലാ ചൊറിച്ചിലും ചേര്‍ന്ന്
വ്രണത്തില്‍ നിന്ന് ചലമോലിച്ചപോള്‍
നായികുരണ രസായന പൊടി പുരട്ടിയാല്‍
മതിയെന്ന് വൈദ്യനായ വൈദ്യന്‍മാര്‍ എല്ലാം കല്പിച്ചു

(ചോറിയുന്നവര്‍
തുണിയുരിഞ്ഞു മുരിക്ക്‌ മരത്തില്‍
കയറാമെന്ന് ഒറ്റമൂലി മറന്നിട്ടല്ല ;
ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത് )

ഈ നായികുരണ രസായന പൊടി
എവിടെ കിട്ടും എന്ന് അറിയാതെ
ഞാന്‍ വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടേയിരുന്നു

Thursday, October 28, 2010

വാഴ്ത്തുക്കൾ(മരിച്ച് കഴിഞ്ഞവരെയൊക്കേയും ഇനി സ്നേഹിച്ച് കൊല്ലണം)

അവസാനത്തെ കടത്തിണ്ണ കിട്ടിയത്

അവരുടെ വാഴ്ത്തുക്കളുടെ കലാപഭൂമിയിൽ.

മരണമേ, നിന്നെ ചുംബിക്കാതിരിക്കാൻ
നമുക്കിടയിൽ അവർ കൊണ്ടുവയ്ക്കുന്നു
സ്നേഹവാക്കുകൾവളച്ചുണ്ടാക്കിയ
കുരുക്കുകൾ.

ജീവനുള്ളപ്പോള്‍ കാണാതെ പോയ
ജന്മത്തിന്റെ വാഴ്ത്തുക്കൾ,
ചലം പോലെ പൊട്ടിയൊലിച്ച്
പലവട്ടം നഗ്നനാക്കുന്നു.

പക്ഷേ
തിരിച്ചറിവുകളിലെ
ഈ പുതുമകളൊന്നും തന്നെ
എന്നിലേക്കെത്താതെ പോട്ടെ...
***************************************
(മരണശേഷം കൂടുതൽ കൂടുതൽ സ്നേഹിക്കപ്പെടാൻ നിയോഗമുള്ള എല്ലാവർക്കും എന്റെ വാഴ്ത്തുക്കൾ...


മരിച്ചവന്റെ മാംസം മണക്കുന്ന
ഉടുപ്പുകള്‍ കാഴ്ചക്കായ് തൂക്കിയിടരുത്;
അവന്റെ കണ്ണട മുഖത്തെടുത്ത് വെച്ച്
അവന്‍ കണ്ടതെല്ലാം കാണാമെന്ന് മോഹിക്കരുത്...)

Sunday, October 24, 2010

തൂലിക...!!!!

തൂലികേ....എഴുതുവാനെന്തേ മറന്നു സഖീ
എന്‍ ഹൃദയരക്തത്തിലുന്മാദമടയാഞ്ഞോ
കദനത്തിന്‍ ശീലുകള്‍ ചൊല്ലിത്തളര്‍ന്നിട്ടോ
കഥ മുഴുമിപ്പിക്കാതെന്തെ എഴുത്ത് നിര്‍ത്തി നീ
മുക്തഹാസത്തിലെന്‍ ചിരിപ്പൂക്കള്‍ കോര്‍ത്തും
അശ്രു ബിന്ദുക്കളില്‍ മൌനമായ് തേങ്ങിയും
മായകിനാക്കളാം ചിതല്‍ കാര്‍ന്ന താളില്‍
നേരിന്റെ നിറവാര്‍ന്നു വരച്ചിട്ടു നീയെന്നെ
ആര്‍ദ്രമാം ഏകാന്തത കുറുകുമെന്‍ തപ്തമാം മനസ്സില്‍
കുളിരാര്‍ന്നൊരു പദനിസ്വനം പോലെ
നിശ്വാസമകലെ നിന്നെന്നുമെന്നെ പുണര്‍ന്നു നീ
പ്രകൃതി രൌദ്രമാര്‍ന്നിടുന്നൊരു തുലാവര്‍ഷ രാവില്‍
അണയ്ക്കുമാ കരങ്ങള്‍ക്കായിരുട്ടില്‍ ഞാന്‍ തിരയവെ
കണ്ണുനീരൊപ്പി നീ അമ്മ വാത്സല്യമായ്
നഷ്ടബോധത്തിന്റെ പുസ്തകത്താളില്‍
ഒളിപ്പിച്ച പീലിയായ് ബാല്യം വരച്ച നീ
ഏഴു വര്‍ണ്ണങ്ങളില്‍ പ്രണയം വരയ്ക്കവേ
കണ്ണുനീര്‍ വീണോ ചായം പടര്‍ന്നു.....
പറയുവാനിനിയും ബാക്കിവച്ചെന്റെ
മൌന രാഗങ്ങള്‍ക്കായ് നീ ശ്രുതി ചേരവേ...
അരുതെ സഖീ....ചക്രവ്യൂഹത്തിലായുധമില്ലാതെ
തളരുമീയെന്നെ തനിച്ചാക്കി മടങ്ങായ്ക
കണ്ണീരിനിന്നലെകളെരിഞ്ഞടങ്ങിയ ചാരത്തില്‍
നാളെയെനിക്കായ് പുലരികളുദിക്കാതിരിക്കില്ല
അന്നെന്റെ നിറമില്ലാ ചിത്രങ്ങള്‍ക്കുണര്‍വ്വേകുവാന്‍
അര്‍ത്ഥശൂന്യതയ്ക്കര്‍ത്ഥം പകരുവാന്‍
ഇനിയും ചലിക്കണം നീയെന്‍ ജീവഗന്ധിയായ്

Thursday, October 21, 2010

അക്കരപച്ച തേടി..


പിന്‍ തിരിഞ്ഞൊന്നു ഞാന്‍ നോക്കി എന്‍
രമ്യഹര്‍മ്മ്യത്തിന്‍ പൂമുഖം ചെമ്മേ
മങ്ങി തെളിഞ്ഞതേയുള്ളു മല്‍ക്കാഴ്ച കണ്‍-
പ്പീലി തുമ്പില്‍ കൊരുത്ത നീര്‍മുത്താല്‍



ഇന്നീ നിമിനേരം തൊട്ടെന്‍ തൊടിയില്‍,
ഇലച്ചിത്രം വരയ്ക്കുന്ന കാറ്റും
വെള്ള പളുങ്കിന്‍ മണി പോല്‍ വീഴും
തുള്ളിക്കൊരു കുടം മഴയും

ചക്കര മാവിന്റെ ചോട്ടില്‍ എന്നോമല്‍
ആടിയൊരൂഞ്ഞാല്‍ പടിയും
അന്യമെന്നോര്‍ക്കവേ ഉള്ളില്‍ ഒരു
നൊമ്പരപക്ഷിയോ തേങ്ങി



ഓര്‍മ്മകള്‍കൈകോര്‍ത്ത്‌നില്‍ക്കും
എന്‍ മണ്ണില്‍ പരക്കും സുഗന്ധം
നട്ടതിന്‍ പിറ്റേന്നു പൂത്ത
ചെറുമുല്ല കൈ തൊട്ട പോലെ

ചെമ്പക ചോട്ടില്‍ വന്നെത്തും, തുമ്പി
പ്പെണ്ണിനും നൂറു സ്വകാര്യം
കേള്‍ക്കുവാന്‍ കാതുമായ് ചെല്ലും
പൂങ്കാറ്റിന്റെ ചുണ്ടിലും രാഗം

എന്നു നീ എന്നു നീ പോരും
തിരികെ ഈ സ്നേഹ പഞ്ജരം തന്നില്‍
നോവൊഴുകും മിഴിയാലെ കേണു
പൂമുഖ തൂണിന്മേല്‍ ചാരിയെന്നമ്മ

കൊച്ചനുജത്തി ഒന്നുണ്ട് കൂട്ടായ്
എണ്ണിപറഞ്ഞിടാന്‍ ആയിരം കാര്യം
കുഞ്ഞു മഞ്ചാടി ചെപ്പില്‍ മണി പോല്‍, എല്ലാം
ഭദ്രം സ്വകാര്യം ആ കയ്യില്‍


നാമ മന്ത്രങ്ങള്‍ തന്‍ പുണ്യം, കോടി
പൂവായ് മൃദുസ്മേരം തൂകും
ഉമ്മറ തിണ്ണയില്‍ മിന്നും വിളക്കായ്,എന്നും
എന്‍ മുത്തശ്ശിയമ്മയുമുണ്ടേ

എന്‍ പ്രിയ ഗേഹം വെടിഞ്ഞു, ഞാന്‍
പോവതേതൊരു സ്വര്ഗ്ഗത്തെ തേടി
വ്യറ്ത്ഥമിതത്രയും ഒക്കെ, വൃഥാ
അക്കരപച്ചയോ ദൂരെ






അമ്പിളി ജി മേനോന്‍
ദുബായ്

Tuesday, October 19, 2010

നീശൂന്യം.!

ചിതറിയ ചിന്തകള്‍
കൂടൊഴിഞ്ഞ കനവുകള്‍
ചിറക് കരിഞ്ഞ സ്വപങ്ങള്‍
മുരടിച്ച മോഹങ്ങള്‍
ദേ നോക്കു
ഇതാണ്എന്റെ മനസ്
ഓട കുഴലിന്റെ ഉള്ള വശം പോലെ ശൂന്യം



Tuesday, October 5, 2010

കലാലയ ചിത്രങ്ങള്‍

പരിഭ്രമിച്ചിരുന്നു ഞാനീയങ്കണത്തിലാദ്യം വന്നനാള്‍
കലാലയവര്‍ണ്ണങ്ങള്‍ വിരിയിച്ചു പറക്കുന്നവരെ കണ്ട നാള്‍
അവരിലൊരാളാകാന്‍ പ്രായം എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു
അങ്കണവും എന്തൊക്കെയോ പ്രതീക്ഷിക്കുന്നതായി തോന്നി.

നിറഞ്ഞും ഒഴിഞ്ഞും വിരസമായും കടന്നു പോയ പഠനമുറികള്‍
പഠനവേളകള്‍ പാഠ്യേതരമാക്കി പറഞ്ഞു തീര്‍ ത്ത വിശേഷങ്ങള്‍
അന്നു വേദിയൊരുക്കി സാക്ഷികളായ മരത്തണലും പടിക്കെട്ടുകളും
സജീവമാക്കിയ മൈതാനവും വെറുതേ ക്ഷണിച്ച വായനാമന്ദിരവും .

സമരം മുഴങ്ങിയ ഇടനാഴികള്‍ , കൂകിത്തെളിഞ്ഞ സഭാഗൃഹം ,
വിശപ്പടക്കിയ ഭക്ഷണശാല, ഒളികണ്ണെറിഞ്ഞ പ്രവേശനകവാടം ,
തമാശകള്‍ , പൊട്ടിച്ചിരികള്‍ ,പരിഹാസങ്ങള്‍ , സംഘര്‍ ഷങ്ങള്‍
ഒളിമങ്ങാത്ത ഒരുമയുടെ ശോഭിക്കുന്ന എത്രയെത്ര ഓര്‍ മ്മകള്‍ !

ഹഠാദാകര്‍ ഷിച്ച പ്രത്യയശാസ്ത്രങ്ങള്‍ , ആദര്‍ശവാക്യങ്ങള്‍
അവയുടെ ആവേശത്തള്ളലിലുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍
അവ പകര്‍ന്നുതന്ന ദിശാബോധവും സാമൂഹ്യദര്‍ശനവും
ഭാവിജീവിതത്തില്‍ കരുക്കളായ് മാറിയ ആശയശിലകള്‍

നേര്‍വഴി കാട്ടിയ അദ്ധ്യാപകര്‍ , സ്നേഹിച്ച ഗുരുസ്ഥാനീയര്‍
എവിടെയും പിന്‍ തുണച്ച, എല്ലാം പങ്കുവച്ച നല്ല സുഹൃത്തുക്കള്‍
അറിയാതെ ഉള്‍പ്പൂവില്‍ കുടുങ്ങി ചിറകടിച്ചിരുന്ന പ്രണയവും
ഇന്നും കൂടെയുള്ളവര്‍ , പിരിഞ്ഞവര്‍ , അടുക്കാന്‍ വെമ്പുന്നവര്‍ ..

സമ്പൂര്‍ണ്ണ ജീവിതാനുഭവങ്ങളുടെയും ഒരു ചെറിയ മാതൃകയാണു നീ.
വിദ്യാര്‍ത്ഥി തലമുറകള്‍ കൈമാറിയ, നിത്യപരിശീലനക്കളരിയാണു നീ.
എന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടാന്‍
കലാലയമേ നീ ചാലിച്ച വര്‍ണ്ണങ്ങള്‍ക്കായി. .ആയിരമായിരം നന്ദി..

കുഞ്ഞു കവിതകള്‍

http://pookaalam.blogspot.com


പ്രത്യയശാസ്ത്രം
പ്രത്യയശാസ്ത്ര പ്രായോഗികതയുടെ 
പ്രായോജകരറിയുന്നുവോ ?
പ്രാണന്‍ കുരുങ്ങി ജീവന്‍ വെടിയുന്ന
പ്രാവിന്‍റെ ആത്മനോവുകള്‍ !
വാദ പ്രതിവാദ ഭാഗസം‌വാദങ്ങള്‍ക്കിടയില്‍ 
എപ്പോഴോ നിരാലംബ ജന്മജന്മാന്തരങ്ങള്‍
തളിര്‍ത്തതും തകരുന്നതും ആരറിയാന്‍....
  
 
-------------------------------------------------------

സുന്ദരം
ആമാശയം നിറഞ്ഞവന്റെ ഗീര്‍വാണം
സൂചിക്കുഴലിലൂടെ ഒട്ടകം കടന്ന പോകുന്നത് പോലെ
സുന്ദരവും സരസവുമായ സ്വപനങ്ങളാണ്..!!!


_______________________________________


ഉദയം
ഏതോ പായ്ക്കപ്പല്‍ കപ്പിത്താന്റെ  
അവധിക്കാല വിനോദം മാത്രമായിരുന്നു
പുതുസംസ്കാരത്തിന്റെ പരിണാമം !!
________________________________________


Tuesday, September 21, 2010

രണ്ടു കവിതകള്‍

http://www.saikatham.com/Poem-Dileej-%28Mydreams%29.php

കണ്‍മഷി
ഓര്‍മ്മ  പുസ്തകങ്ങള്‍ ചിതലുകള്‍
ചീന്തിയെറിയുമ്പോള്‍ 
ഒരു താളില്‍ മിഴിച്ചിരിക്കുന്നൂ, നിന്‍ മിഴിനീര്‍ക്കുടം
ചുളിവുവീണയെന്‍ കൈകളാല്‍ തുടച്ചെറിഞ്ഞിട്ടും
മിച്ചമായതുയെന്‍ വരണ്ട ചുണ്ടിനാല്‍ ഒപ്പിയെടുത്തിട്ടും
ഊറിച്ചിരിക്കുന്നൂ കലങ്ങിയ മഷിപ്പാടുകള്‍
നിന്‍ കവിള്‍ത്തടത്തില്‍ പിന്നെയും
അണക്കെട്ട്
ആ അണക്കെട്ടിനു മറുപുറം 
ഒരു കോരനും ചീരുവും ജീവിച്ചിരുന്നുവെന്ന് 
എന്നോടു പറഞ്ഞത് മുത്തശ്ശിയായിരുന്നു
മുത്തശ്ശി മരിച്ചു, അണക്കെട്ടും പൊട്ടി 
പിന്നെ.... 
ഇപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നും
വായിച്ചെടുക്കുന്നത് 
ഇപ്പുറവും ഒരണക്കെട്ട് വന്നിരിക്കുന്നുവേന്നാണ് !!



http://pookaalam.blogspot.com/

Wednesday, September 8, 2010

സൈകതം കഥാ അവാര്‍ഡ്‌













നിലാവിന്റെ നാട് ഓണ്‍ലൈന്‍ മലയാളം കമ്മ്യൂണിറ്റിയുടെയും സൈകതം ഓണ്‍ലൈന്‍ മാസികയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ചെറുകഥാ മത്സരത്തിലേക്ക് പുസ്തകങ്ങളും കഥകളും ക്ഷണിക്കുന്നു. സാഹിത്യ ലോകത്തെ മികച്ച രചനകളെയും മികച്ച എഴുത്തുകാരെയും കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നതിന് വേണ്ടി എല്ലാ വര്‍ഷവും ഇത് തുടരുന്നതായിരിക്കും. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ അടങ്ങുന്ന ജഡ്ജിങ് പാനല്‍ ആയിരിക്കും മികച്ച രചനകള്‍ തിരഞ്ഞെടുക്കുക. 2010 ല്‍ കഥാ മത്സരങ്ങള്‍ രണ്ട് വിഭാഗത്തിലായാണ് നടത്തുന്നത്.
മത്സരങ്ങള്‍
1) മികച്ച കഥാ സമാഹാരം -10,000 രൂപയും പ്രശസ്തി പത്രവും.
പതിനായിരം രൂപയും പ്രശസ്തി പത്രവുമാണവാർഡ്.
2008 ജനുവരി മുതൽ 2010 ഓഗസ്റ്റിനുള്ളിൽ മലയാളത്തിൽ ഇറങ്ങിയ കഥാ പുസ്തകങ്ങളാണ് അവാർഡിന് പരിഗണിക്കുക.
പ്രായ പരിധി ഇല്ല
എഴുത്തുകാർ അവരുടെ പൂര്‍ണ്ണമായ വിലാസം, ഫോണ്‍ നമ്പര്‍, പുസ്തകത്തിന്റെ നാല് കോപ്പി, ഇവ സഹിതം
Nazar Koodali,
Saikatham Book Club,
P. B. No. 57,
Kothamangalam P.O.,
PIN – 686691.
എന്ന വിലാസത്തിൽ അയക്കുക.
2) മികച്ച ബ്ലോഗ് കഥ – 3,000 രൂപയും പ്രശസ്തി പത്രവും.
മലയാളം ബ്ലോഗുകളിലെ മികച്ച കഥകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി യുവ ബ്ലോഗ് എഴുത്തുകാർക്കു വേണ്ടിയുള്ളതാണീ അവാർഡ്. ചെറുകഥാ മത്സരം മലയാളം ബ്ലോഗേര്സിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബ്ലോഗിൽ പ്രസിദ്ധീകരിച്ച കഥയുടെ ലിങ്കുകൾ mtsahithyam@gmail.com എന്ന ഇമെയിൽ വിലാസത്തില്‍ അയക്കുക. കൃതികള്‍ പോസ്റ്റല്‍ ആയി അയക്കുന്നവര്‍ മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഓക്ടൊബർ മധ്യത്തോടെ കണ്ണരിൽ വെച്ചു നടക്കുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവാർഡ് സമ്മാനിക്കും.‍

Thursday, September 2, 2010

ഘോഷയാത്ര ... !!!

ജനിച്ചപ്പോള്‍ തൊട്ടു കേട്ടു തുടങ്ങിയതാണൊരു-
ഘോഷയാത്രതന്‍ അലയൊലികള്‍
ഓരോന്നാളും കലണ്ടറില്‍ ചുവന്ന കളം-
വരച്ചു കാത്തിരിപ്പു തുടങ്ങി.


വീടു വെടിപ്പാക്കി കൂടൊരുക്കി,
പൂക്കള്‍ വിതറി നടയൊരുക്കി,
ചെത്തി മിനുക്കീ പുല്‍മേടുകള്‍
മോടികൂട്ടാന്‍ പാതയില്‍ ചെടികള്‍ നട്ടു
സ്വാഗതഗാനം ചില്ലിട്ടു ചുമരില്‍ തൂക്കി
അപ്പവും വീഞ്ഞുമൊരുക്കി കാത്തിരുന്നു.


അന്തി കറുത്ത് നിലാവെളിച്ചവും വന്നു
പുലരിയും പകലും വന്നുംപോയുമിരുന്നു
സുര്യാഘാതമേറ്റു ചിലത് വാടിയും
ചിലത് വാടാതെയുമിരുന്നു
പ്രളയത്തില്‍ ചിലത് മുങ്ങിയും
ചിലത് മുങ്ങാതെയുമിരുന്നു



വാദ്യഘോഷങ്ങളും ആരവങ്ങളും
പലതവണ വന്നുപോകിലും
ഘോഷയാത്ര മാത്രം വന്നില്ല
അയലത്തു വന്നു അയല്‍ക്കാരനിലും വന്നു
എന്നില്‍ മാത്രമെന്തേ വന്നില്ല?
വിരിച്ച വിരിപ്പ് പലവട്ടം മാറ്റി
കരുതി വച്ച അപ്പവും വീഞ്ഞും
പലവട്ടം തണുത്തുറഞ്ഞു
പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമൊടുവില്‍


ഘോഷയാത്രയുടെ മാറ്റൊലികള്‍ കേട്ടു തുടങ്ങി
തല നരച്ചു, മുടി കൊഴിഞ്ഞു
കണ്ണില്‍ തിമിരം,മുതുകില്‍ കൂന് മുളച്ചു
അവസാനം ഘോഷയാത്ര വന്നപ്പോള്‍
ഘോഷയാത്രയെ ഞാന്‍ കണ്ടില്ല
പക്ഷേ,ഘോഷയാത്രയെന്നെ കണ്ടിരുന്നു !!

സ്വത്വം

അക്ഷരങ്ങള്‍ വില്‍പ്പനയ്ക്ക്‌
ആത്മ വിലാപ കാവ്യം
ഒഴുകുമീ തുരുത്തില്‍
ആസിഡ്‌ മഴയ്ക്കായ്‌
വേഴാമ്പലായിടാം
പെരുകും ജാതിയ)യ്‌
ഈ ഉലകത്തില്‍
വൈരം പൂണ്ട്‌ കഴിഞ്ഞീടാം

മനീഷികള്‍ തന്‍ തത്വം
തനിയ്ക്കായ്‌ പകര്‍ന്നാടി
ആഗോള ശാഖകള്‍ തീര്‍ത്തിടാം

സ്വപനങ്ങളിലാറാടി
ശൂന്യതയെ
സ്വപനമെന്നപലപിക്കെ
അര്‍ത്ഥ ശൂന്യമെന്നോതി
താണ്ടി തീര്‍ത്തൊരാ വീഥികള്‍
വിസ്‌മൃതിയിലാഴ്‌ത്തിടാം

എവിടെ തിരയും സ്വത്വം
തകര്‍ന്നടിഞ്ഞൊരീ കൂബാരത്തിലൊ
ചിന്നി തെറിച്ചൊരാ
മസ്തിഷ്ക കഷണത്തിലൊ.

പിന്നെയും യാചനയോ? - മമ്മൂട്ടി കട്ടയാട്‌.



(ഒരു പഴയ കവിത / രണ്ടായിരത്തിയൊമ്പത്‌ ജൂലൈയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന പരാതിക്ക്‌ ഒരു വിയോജനക്കുറിപ്പ്‌)

പിന്നെയും യാചനയോ?
മമ്മൂട്ടി കട്ടയാട്‌.

ചോദിക്കുവാൻ മടിച്ചിട്ടാണു നാമേറെ
യാതനയേകും പ്രവാസം വരിച്ചത്‌.
യാചിക്കുവാൻ കഴിയാത്തതു കൊണ്ടാണ്‌
മോചനം തേടിയലഞ്ഞു തിരിഞ്ഞത്‌.

എന്നിട്ടു വന്നീ മരുപ്പച്ചയിൽ നിന്നു-
മന്നത്തെയന്നത്തിനായ്‌ വേർപ്പൊഴുക്കവേ,
പിന്നെയും പിന്നെയും കൈനീട്ടി നാമിര-
ക്കുന്നതിലെന്തോരപാകത കാണുന്നു.

ആശ്രയമന്യേ ഭുജിക്കുവാനും പൂർണ്ണ
സ്വാശ്രയാനായിക്കഴിയാനുമുള്ള നി-
ന്നാശകൾക്കെന്തേ പ്രവാസ ബന്ധൂവിന്ന്‌
ശോഷണം വന്നുവോ, ഭൂഷണമല്ലത്‌.

* * * *
അകലെയിന്ദ്രപ്രസ്ഥമതിലൊന്നിനുപവിഷ്ഠ-
നാകിയ ധനമന്ത്രിയാറു മാസം കൊ-
ണ്ടുരുക്കിയുണ്ടാക്കിയ ബഡ്ജറ്റിലൊന്നിലും
പേരിനു പോലും പ്രവാസികളില്ലത്രെ!!

കക്ഷി രാഷ്ട്രീയങ്ങളെല്ലാം മറന്നൊരു
കക്ഷിയായ്‌ മാറിയിരുന്നു വിലപിക്കു-
മക്ഷമരായൊരെൻ ചങ്ങാതിമാരോ-
ടപേക്ഷിച്ചു ഞാനുമന്നെല്ലാം പൊറുക്കുവാൻ.

എന്തിനാധി നമ്മളന്യ ജാതിയൊന്നു
പൂതി വെക്കാൻ പോലുമില്ലനുമതി
സമ്മതി ദാനവു(1)മസ്തിത്വവും കൂടി
നമ്മൾക്കയിത്തമാണീ ഭൂമിയിൽ

അകിടു ചുരത്തിയ പാലുപോലിന്നുനാം
തിരികെ മടങ്ങുവാൻ കഴിയാഥനാഥരായ്‌
ഏവരും പിഴിയുന്ന കറവപ്പശുക്കളാ-
യവസാനമറവിനു നൽകുന്ന മാടുമായ്‌.

ഇലകളിലേറ്റവും പോഷക മൂല്യമു-
ള്ളിലയായ കറിവേപ്പിലയ്ക്കു വരും ഗതി
പലയിടത്തും പരദേശി മാറാപ്പുമാ-
യലയുന്നവർക്കു ലഭിച്ചാലതൃപ്പമോ?

കൈകളിൽ വന്നു ലഭിച്ചോരനുഗ്രഹം
കൈമുതലാക്കുക, അതിനു ശേഷം മതി
കൈകളിലെത്താതെയകലെപ്പറക്കുന്ന
പൈങ്കിളിയെന്നതുമോർമ്മയിൽ വെക്കുക.
----------------------------------------
(1) വോട്ടവകാശം കിട്ടിയെന്നു കേൾക്കുന്നു. അതു കിട്ടിയാൽ പോലും വലിയ പ്രതീക്ഷയൊന്നും വേണ്ട. ആറു പതിറ്റാണ്ടായി നമ്മുടെ നാട്ടിലുള്ളവർ കുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കോരനു കഞ്ഞി കുമ്പിളിൽ തന്നെയല്ലേ?

Friday, August 27, 2010

പാല്‍പായസം -3

1.കുമ്പളം.
-------
താനേ മുളച്ചൊരു കുമ്പളത്തൈ
ചേറില്‍ വളര്‍ന്നൊരു കുമ്പളത്തൈ
മുട്ടിനു മുട്ടിനു പൂവണിഞ്ഞു
കുന്നോളം തന്നു കുമ്പളങ്ങ.

2. മഴ
--------
മാനത്ത്‌ കാറു മറിഞ്ഞു
താഴത്ത്‌ ചേറു പുതഞ്ഞു
പാടത്ത്‌ പച്ച പുതഞ്ഞു
മാടത്ത്‌ ചിരി വിരിഞ്ഞു

3. മാങ്ങക്കൊതിയന്‍
-----------------
മാങ്ങാക്കൊതിയന്‍ മാക്കുണ്ണി
മാവേല്‍ കേറി വീണല്ലൊ
മാങ്ങകള്‍ വെക്കം പെറുക്കീട്ട്‌
മുടന്തി മുടന്തിപ്പോയല്ലൊ.

4. മിയോ..മിയോ..
----------------
പൂച്ച പെറ്റു പുരമച്ചില്‍
മച്ചിന്‍പുറമാകെ മിയോ...മിയോ...
വെള്ള രണ്ട്‌ വരയന്‍ മൂന്ന്
കണ്ടനൊന്ന് കൊറ്റികള്‍ നാലു
കുഞ്ഞുങ്ങളഞ്ചും മിയോ.. മിയോ..

5.ബലൂണ്‍
----------
ഉത്സവത്തിനമ്മ കൊണ്ടുപോയി
ഉത്സാഹത്തോടെ നടന്നു പോയി
വലിയ ബലൂണ്‍ ഒന്നു വാങ്ങിയല്ലൊ
തട്ടി മൂട്ടി 'ഠോ'ന്നു പൊട്ടിയല്ലൊ.

Sunday, August 22, 2010

പുതുകവിത ഓണപ്പതിപ്പ്

കവിതാ പൂക്കളം

ഓണമല്ലെ ഓണപതിപ്പുണ്ട്
എഡിറ്റര്‍മാര്‍ ഓടിനടന്നു
മാവേലിമന്നനെ എതിരേല്‍ക്കാന്‍
പറ്റിയൊരു പൂക്കളത്തിനായീ

ചിങ്ങമാസം തൊട്ടുണര്‍ത്തിയ
തെറ്റിയും മന്ദാരവും പോലെ
തുമ്പയും തുളസിയും പോലെ
ചെത്തിയും ചെമ്പരത്തിയും പോലെ
വര്‍ണനകള്ക്കതീതമായ
പദവിന്യാസം ചെയ്തൊരുക്കി
അത്യുഗ്രമായൊരു പൂക്കളം
കവിതാ പൂക്കളം !!!

ഓണപതിപ്പ് റെഡി
മാവേലിമന്നനും ഹാപ്പി !!

Tuesday, August 17, 2010

മഹാബലി ....


എന്തിനായ്‌
പൂക്കളും പൂവിളിയും
പാതാളത്തോളം ..
ഉണര്‍ത്തുന്നു
പോയ്‌പ്പോയ നാളിന്‍ ..
ഓര്‍മ്മകള്‍ പിന്നെയും ..

അസുരന്‍റെ
ഭരണത്തിന്‍ ശിക്ഷ്യായ്‌ .
കുനിഞ്ഞ ശിരസ്സില്‍ .
പതിഞ്ഞ കാല്‍പ്പാടുകള്‍

അന്നെന്‍ പ്രജകള്‍ നിങ്ങള്‍ ..
ഉണര്‍ത്തു പാട്ടായ്‌ ഏറ്റുപാടി
സമത്വം ..സാഹോദര്യം ..
നടുങ്ങി കോട്ടകള്‍ കൊത്തളങ്ങള്‍ ..
വിറച്ചു സിംഹാസനം ..
തകര്‍ന്നു സാമ്രാജ്യങ്ങള്‍..

കൊച്ചു കുടിലില്‍ മുറ്റത്ത്
കുഞ്ഞേ നീയോരുക്കിയോരീ പൂക്കളം .
ഒരു തെച്ചിപ്പൂക്കുലയില്‍ ..
വിടരുന്ന നിന്‍റെ സുസ്മിതം ..
ആവില്ലെനിക്ക് കാണാതിരിക്കാന്‍

ചുറ്റിലും പെരുകുന്നു ..വാമനര്‍
യുഗങ്ങളായ്‌ കെട്ടുന്നു ഞാനീ ..
വിദൂഷക വേഷം ..
ഉയരട്ടെ പാദങ്ങള്‍..
അമരട്ടെ ശിരസ്സില്‍ .
പാതാളത്തോളം ..


ഗോപി വെട്ടിക്കാട്ട്

Monday, August 16, 2010

ഓണച്ചിന്ത്

മാവേലി നാടിന്റെ ഖ്യാതിയോതി
മലയാളനാലകത്തോണമെത്തി.
രാമായണം ചൊല്ലി തരണം ചെയ് തൊരു
കര്‍ക്കിടക ദുരിതങ്ങള്‍ക്കന്ത്യമായി.
ഇന്നു പൂക്കളമന്യമായ് പൂവിളി മൌനമായ്‌
ഓണക്കളികള്‍ തന്നാര്‍പ്പുവിളിയകലെയായ് .
കൈവിട്ടു പോവതു സ്വത്തു തന്നെ
കാണുവാനാമോയീ സ്വത്വ നഷ്ടം ?
കൊഴിഞ്ഞ മുത്തുകള്‍ കോര്‍ത്തെടുക്കാം
നമുക്കാശ തീരുംവരെയൂഞ്ഞാലിലാടാം .
ചുവരുകള്‍ക്കുള്ളിലെ ബാല്യകൌമാരങ്ങളെ -
യാകാശ വിശാലതയില്‍ വിന്യസിക്കാം .
മദവും മദ്യവുമൊരു തുള്ളിയുമില്ലാതെ
യൌവ്വനം ലഹരിയിലാറാടി നിര്‍ത്താം .
സ് നേഹവും ത്യാഗവുമൊത്തു വിളമ്പും
സദ്യയാല്‍ ഹൃദയങ്ങളുണ്ടു നിറയ്ക്കാം .
ഒരുമയുടെ ഗീതങ്ങളീണത്തില്‍ പാടാമീ -
യോണ നിലാവെന്നുമോര്‍മ്മയില്‍ പടരട്ടെ.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ....

നന്മയുടെ ഓണം

നന്മയുടെ ഓണം
ഈ കവിത ഓരോ വായനക്കാര്‍ക്കും ഉള്ള എന്‍റെ ഓണസമ്മാനം ആണ്

ഓണത്തിന്റെ എല്ലാ ഐശര്യങ്ങളും നേരുന്നു
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കല്ലേ
ജോഷി പുലിക്കൂട്ടില്‍