Thursday, July 16, 2009
ഡിജിറ്റല്‍ ബോഡി
ഉടലില്‍ നിന്നും
തല വെട്ടിയെടുക്കുമ്പോള്‍
ശങ്കിച്ചിരുന്നോ ദൈവത്തെ;
പാപപരിഹാരാര്‍ത്ഥം
പുഴയില്‍ മുങ്ങിയിരുന്നൊ.
പിന്നെ പിന്നെ
എത്ര പെട്ടെന്നാണ്
ഡിജിറ്റല്‍റിവര്‍ വന്നു
പഴയതെല്ലാം ഒഴുക്കിയത്.
ക്യാമ്പിലിരുന്ന് തീവ്രനാഥന്‍
പഠിപ്പിക്കുന്നു:
ഉടലിനെ പടമായ് കാണുക
ഡിജിറ്റല്‍ ബോഡിയായ്;
പ്രസ്സ് വണ്‍
തലയെടുക്കുന്നു
പ്രസ്സ് ടു
ബാക്കിയും
ഡിലിറ്റഡ്.
അവര്‍ കൂട്ടം കൂടി
ചിരിക്കുമ്പോള്‍
വായുവിന്‍
കണികക്കാട്ടില്‍
അക്കങ്ങളില്ലാതെ
ആത്മാക്കള്‍.
Tuesday, July 7, 2009
അപമാനിതം
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.
പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.
ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!
കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.
കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.
***
അപമാനിതം
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.
പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.
ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!
കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.
കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.
***
Tuesday, June 30, 2009
പാലം
മനുഷ്യര്‍ ഉറഞ്ഞു തീരുന്ന
ഒരു വരം ഉണ്ടെങ്കില്‍
അഭയാര്‍ത്ഥികള്‍
നദി കടക്കുമ്പോള്‍
ആള്‍പ്പാലങ്ങളൊക്കെയും
അനങ്ങാപ്പാലങ്ങ-
ളായേനെ.
Thursday, June 25, 2009
പെരുമഴയിലൂടെ ...
കൈകോര്‍ത്തു നമുക്കിറങ്ങാം
ഈ പെരുമഴയിലേയ്ക്ക് സഖേ ...
മഴത്തുള്ളികള്‍ നമുക്കായ്
പാടുന്നൂ ഗസലുകള്‍ … നീ കേള്‍പ്പതില്ലേ സഖേ …
ഇലച്ചാര്‍ത്തുകള്‍ എന്തിനായ്
പാഴ്പണികള്‍ ചെയ്‌വൂ ...
തടയുവാന്‍ നോക്കുവതെന്തിനേ
അവയീ മഴ തന്‍ പ്രണയ ഗീതങ്ങള്‍ ...
നിന്‍ സാമീപ്യമോ,
മഴയോ,
ആരു നല്‍കുവതീ കുളിരിന്‍
മോഹന സുന്ദരാനുഭവമെന്‍ സഖേ...
പെയ്തിറങ്ങട്ടെ സാന്ത്വനമായ്
ഒഴിയട്ടെ മനസ്സിന്‍ ഭാരങ്ങള്‍
ഒഴുകട്ടെ മാലിന്യങ്ങള്‍ പേറുന്ന
ഓര്‍മ്മകള്‍ തന്‍ നൊമ്പരങ്ങള്‍ …
ഇല്ലൊരു ചിന്തയും നീയല്ലാതെ
ഇല്ലൊരു സ്വപ്നവും നീയില്ലാതെ
ഈ കുളിരില്‍ ഉറയുന്ന
ഇന്നലെയുടെ നിനവുകളാല്‍
മുറുകെ പിടിക്കട്ടെ നിന്‍ ചുമലില്‍
തളരാതെ താങ്ങാം എന്നുമീ കരങ്ങള്‍ ...
ചേര്‍ന്നു നടക്കൂ സഖേ
എന്നാത്മാവിനോട് ഒട്ടി നില്‍ക്കൂ നീ...
കൈകോര്‍ത്തു പോകാം നമ്മുടെ ലോകത്ത്
പോകാം നമുക്കാ സ്വപ്നതീരത്ത്
അലിഞ്ഞു ചേരാം ഈ പെരുമഴയില്‍
ഒടുവില്‍ ഇലത്തുമ്പിലൊരു തുള്ളിയായ് മാറാം …
Tuesday, June 23, 2009
പ്രണയം ഇങ്ങനെയൊക്കെ ആയിരിക്കാം …
പങ്കു വയ്ക്കലാണ് …
പുഞ്ചിരിക്കു പിന്നിലെ
സങ്കടം കാണാനാകുന്നത്,
പ്രാണന്‍ പ്രണയത്തെ
ഉള്‍ക്കൊള്ളുമ്പോഴായിരിക്കാം…
മിഴികളിലെ നൊമ്പരം
വായിച്ചെടുക്കാനാകുന്നത്,
കണ്ണീരിന്‍റെ ഉപ്പുരസം
നിത്യ പരിചയം
ആയതു കൊണ്ടാകാം…
തെറ്റുന്ന ശ്വാസ താളം,
ഹൃദയതാള ഗതി
പറഞ്ഞു തരുന്നത്,
കാലം തെറ്റി പെയ്യുന്ന
മഴ പതിവായതു കൊണ്ടാകാം…
വിറയാര്‍ന്ന വിരലുകളില്‍
നിന്നൂര്‍ന്ന അക്ഷരങ്ങള്‍ പറഞ്ഞത്,
ആത്മാവിന്‍റെ പിടച്ചിലാണെന്ന്
പറയാതെ അറിയുന്നത്,
ആത്മാവുകള്‍
ഒട്ടിച്ചേരുമ്പോഴാകാം …
എങ്കിലും ,
പ്രാണനില്‍ ലയിച്ച
പ്രണയത്തെ വേറിട്ടു കാണാന്‍
പാഴ്ശ്രമം നടത്തുന്നത്
പ്രാണനില്‍ കൊതിയില്ലാത്തതു
കൊണ്ടാകാം…
ചുടു നിശ്വാസവും
ചൂടുകാറ്റും
ഒരുപോലെ എന്ന തോന്നല്‍
ചുടുകാടിന്‍ അകലം
കുറവായതിനാലാകാം ...
ഇരകള്‍
ഇരതേടി ഇറങ്ങിയവനു കിട്ടിയത്
ഒരു പെരുമ്പാമ്പിനെ ...
ആ ചൂണ്ടയില്‍ കുടുങ്ങിയത്
ഒരു കുഞ്ഞു പരല്‍ മീനും ...
പിന്നാലെ അവന്‍റെ കുടുംബം
കരയില്‍ കയറി ആത്മഹത്യ ചെയ്തു.
വിവരം തിരക്കാനെത്തിയ
പത്രക്കാരന്‍ , ടീവീക്കാരന്‍റെ
ക്യാമറയ്ക്ക് മുന്നില്‍ നിന്ന്
മുടി മാടിയൊതുക്കി ...
ആകെയുള്ള അഞ്ചാറു
നീളന്‍ മുടികള്‍ വളച്ചൊടിച്ചു
കഷണ്ടി മറയ്ക്കാന്‍
പെടാപ്പാട് പെട്ടപ്പോള്‍
അതാ വരുന്നൂ പെരുമ്പാമ്പ്,
അതേ പാമ്പ് ...
ചൂണ്ട അന്വേഷിച്ചാണത്രേ
പുള്ളിയുടെ ഇപ്പോഴത്തെ ഇഴയല്‍ ...
പരമ്പര കണ്ടു കരഞ്ഞു-
തളര്‍ന്നവര്‍ അന്നം-
വേണ്ടെന്നു വച്ച് ഉറങ്ങിയത്
തസ്കരന്, ദൂരദര്‍ശനം
സ്വന്തമാക്കാന്‍ സഹായമാത്
മടിയോടെ നോക്കിക്കിടന്നു പാമ്പ്.
അരും കൊല ചെയ്യപ്പെട്ട
അടുത്ത വീട്ടിലെ ബാലന്‍റെ
നഗ്ന ശരീരം കണ്ടു
തളര്‍ന്നു പോയ അമ്മമാരുടെ
നിലവിളികള്‍ മുങ്ങിപ്പോയത്,
തേങ്ങലുകള്‍ അലിഞ്ഞു പോയത്,
കണ്ണുപോലും അറിയാത്ത
കള്ളക്കണ്ണീരിന്‍റെ പെരുമഴയിലായിരുന്നു
എന്നറിഞ്ഞ ചൂണ്ട നിവരുകയായിരുന്നു ...
ഇനിയൊരിക്കലും വളയില്ല
എന്ന തീരുമാനത്തോടെ ...
ആഘോഷിക്കപ്പെടുന്നത്.
എനിക്ക് നുണ.
എന്റെ സത്യം
നിനക്കും നുണ.
എന്റെയും നിന്റെയും
നുണയിലെ
വലിയ സത്യത്തെ
തിരഞ്ഞു പോയവര്‍
തിരികെ വരാത്തതിലാണത്രെ
എന്റെയു നിന്റെയും
നുണകള്‍
വലിയ സത്യമെന്ന് നാട് നീളെ
ആഘോഷിക്കപ്പെടുന്നത്...
--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Saturday, June 20, 2009
കുരിശുരൂപത്തില്‍
കൂട്ടം ചേര്‍ന്ന്
പറന്നു പോകുന്നു;
കുരിശുരൂപത്തില്‍.
ആകാശമേ
പറഞ്ഞു തരൂ
പക്ഷിപ്പുറത്ത്
ശവമുണ്ടൊ?
ഭൂമിയില്‍ നിന്നു
കാണാന്‍ വയ്യ.
ഉണ്ടെങ്കില്‍
ഞാന്‍ കരയില്ലെ;
മേഘം പറഞ്ഞു.
എന്നാല്‍
അടക്കം
കഴിഞ്ഞു
പോകുന്നതായിരിക്കും.
അമ്മ
വീടെത്തണം,
മനസ്സിന്‍റെയും ശരീരത്തിന്‍റെയും
അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും
വീട് കാക്കാന്‍ വിധിക്കപ്പെട്ട
പാവം വൃദ്ധയുണ്ടവിടെ...
വീടെത്തണം,
കരളില്‍ നിന്നും അടര്‍ത്തിയെടുത്ത
ഒരു ഓട്ടമുക്കാലും
അച്ഛന്‍റെ ഹൃദയത്തില്‍ നിന്നും
പണ്ടെപ്പോഴോ പറിച്ചെടുത്ത
ഗാന്ധിസാഹിത്യത്തിന്‍റെ ഒരേടും,
കണ്ണാടിയുടഞ്ഞ കണ്ണടയും
രണ്ടുകോപ്പ മിഴിനീര്‍ ചറവും
നരകമാത്രകളില്‍ അമൃത് പോലെ,
ഹരിചന്ദനം പോലെ,
ആത്മാവില്‍ നിറയുന്ന
സാന്ത്വനവും ഉണ്ടവിടെ...
പകരംഒരു കരണ്ടി
കഷായം നല്‍കണം...
വീടെത്തണം,
സ്നേഹലാളനകള്‍
കോന്തലയില്‍ പൊതിഞ്ഞ്,
സമനില തെറ്റിയ മനസ്സുമായി
കാത്തിരിക്കുന്ന
പാവം വൃദ്ധയുണ്ടവിടെ...
.............................................
ഷാനവാസ് കൊനാരത്ത്
.............................................
Saturday, June 13, 2009
മരുപ്പുറം പാലം
മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്
ചിന്നം വിളിക്കുന്ന മിഥുന മേഘങ്ങള്‍
തുള്ളിക്കൊരു കുടം പെയ്‌തൊഴിഞ്ഞ്
നിലമ്പൂര്‍ കാടുകളിലിറങ്ങി മേയുമ്പോള്‍
ആര്‍ത്തലച്ചൊഴുകുന്ന കാട്ടാറിനു കുറുകെ
കെട്ടിയുണ്ടാക്കിയ ഒറ്റത്തടിപ്പാലം
പേടിച്ചിടറിയിഴഞ്ഞു കടന്ന കൗമാരത്തിലാണ്
എന്നില്‍ പാലബോധം അങ്കുരിക്കുന്നത്.
പല പല പാലങ്ങളിലൂടെ പിന്നീട്
പല നദി വണ്ടിയിലിരുന്നും നടന്നും കടന്നു.
പുലരി വെളിച്ചത്തില്‍,
താണിറങ്ങുന്ന വിമാനത്തിലിരുന്ന്
എണ്ണമറ്റ റെയില്‍പാലങ്ങളിലൂടെ
ഉന്മേഷത്തോടെ
ഉണര്‍ന്നെണീറ്റോടുന്ന
മുംബൈ നഗരത്തെ കണ്ടു.
അപ്പോഴൊക്കെയും മഴ പുഴ പാലം
എന്ന ത്രിയേകത്വത്തില്‍തന്നെ
മൂടുറച്ചുപോയ ഗ്രാമാതുരത്വമാര്‍ന്ന
എന്റെ പാലബോധത്തെ
പാടെ കുഴമറിക്കുന്നു
മഴയും പുഴയുമില്ലാത്ത
മരുനഗരത്തിലെ
മേല്‍പാലപ്പെരുപ്പം.
ജിദ്ദയിലെ നടന്നെത്തും ദൂരത്തിനിടയിലുള്ള
ബലദ്, ബാബ് മക്ക, ശറഫിയ്യ
നഗരങ്ങളില്‍ മാത്രം എത്രയെത്ര പാലങ്ങള്‍!
മരുക്കാറ്റിന്റെ വേവിനെത്തടുക്കുവാന്‍
ഇന്ത്യന്‍ പതാക
തുംഗഹിമാലയക്കുളിര്‍ചാമരമാക്കി
നെറുകയില്‍ വീശിവീശി നില്‍ക്കുന്ന
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നിലൂടെ
ബാബ് മക്കയില്‍നിന്ന്
*ത്വരീഖ് മദീന വഴി
ഇത്തിരി മുന്നോട്ടുപോയാല്‍
സെമിറ്റിക് സ്വരലയം പേരുചൂടി
ഫലസ്‌തീന്‍ ഫ്‌ളൈ ഓവറായി.
(ഇടമുറിയാതെ
വാഹനപ്പുഴയൊഴുകുന്ന
മദീനാ റോഡിലെ പാലത്തിലേറിയാല്‍
ഇടശ്ശേരി
`കുറ്റിപ്പുറം പാലം'
എങ്ങനെയാകും തിരുത്തിത്തുടങ്ങുക?)
അധിനിവേശ മുരള്‍ച്ചകളോ
അഭയാര്‍ഥി വിലാപങ്ങളോ
വാഗ്‌ദത്ത ഭൂമിയിലെ കാറ്റുകള്‍
ഒലിവുകളില്‍ ഭാവിയില്‍ മീട്ടാനിടയുള്ള
ശാന്തിയുടെ വെളിപാടിനൊലികളോ
കാതോര്‍ത്തുകൊണ്ട്
ഫലസ്‌തീന്‍ മേല്‍പാലത്തിനടിയിലൂടെ
മുന്നോട്ടു ചെന്നാല്‍
ജിദ്ദയില്‍ പെപ്‌സിക്കമ്പനിയൊഴുക്കുന്ന
കോള(കാകോള?)പ്പുഴയിലേക്കുള്ള
പ്രധാന കൈവഴിയായ
ഗോഡൗണിനോടുചേര്‍ന്ന് പെപ്‌സിപ്പാലം.
സെമിറ്റിക്, സംസം സംസ്‌കൃതിയില്‍നിന്നും
കോള കമ്മോഡിറ്റി-
ക്കമ്പോള യുഗത്തിലേക്ക്
പ്രകാശ വര്‍ഷങ്ങള്‍ പോയിട്ട്
സുബ്‌ഹി ബാങ്കിന്റെ ദൂരദൈര്‍ഘ്യം
പോലുമില്ലെന്നു ചൂണ്ടുന്നുവോ
ഫലസ്‌തീന്‍-പെപ്‌സിപ്പാലങ്ങള്‍?
പെപ്‌സിപ്പാലത്തിലെ ട്രാഫിക് സിഗ്നലില്‍
പച്ചകണ്ടാശ്വാസ നെടുവീര്‍പ്പിടുമ്പൊഴേ-
ക്കപ്പുറം **കുബ്‌രി മുറബ്ബയില്‍ കാണാം
നിര്‍ത്തിയ നീണ്ടനിര വാഹന
പിന്‍വെളിച്ചങ്ങളില്‍
ട്രാഫിക്കില്‍നിന്നും പകര്‍ന്ന
ചുവപ്പിന്റെ ഒഴുക്കറ്റ നദി.
തെന്നിമാറുന്ന നഗരക്കാഴ്‌ചകള്‍
കണ്ടുകണ്ടോടുന്ന വണ്ടിയിലിരുന്ന്,
റോഡു പാലമായ് രൂപമാളുന്നതും
പാലമോ നഗരമായ് വളര്‍ന്നു കേറുന്നതും
പാലമോ, റോഡോ, നഗരമോ
ചുറ്റുന്നതെന്നൊരു
പാല-സ്ഥല ഭ്രമത്തിലാഴ്‌ന്നു പോകുന്നതു-
മറിയാതെയങ്ങനെ
ഇടംപിരി വലംപിരിപ്പാലങ്ങളോരോന്നു
കേറിയുമിറങ്ങിയും പോകവേ
ഒദു ദീര്‍ഘത്തുരങ്കം.
പാലവും റോഡും നഗരവും കാണാത്ത
പ്രാകൃത സത്വമെന്ന ശാപവും പേറി
അരങ്ങൊഴിയേണ്ടിവന്ന
ഭൂതകാലം പ്രേതമായ് പതുങ്ങുന്ന
ഇരുള്‍ത്തുരങ്കത്തിലിന്നും
മുഴങ്ങുന്നതേതോ പുരാതനം
നദിയില്‍ മുങ്ങിയൊരേതോ
പരാജിതപ്പടയുടെ കുളമ്പടിയൊച്ചകള്‍?
അതുകേട്ടു പരിഭ്രമിച്ചപ്പുറം
മേല്‍പാലമേറി നോക്കുമ്പോള്‍,
ചുവന്നു തുടുത്ത
സാന്ധ്യ മരുസൂര്യന്‍
ഇരുളിന്‍ നിരോധം പിന്‍വലിച്ച്
ട്രാഫിക് ജംങ്‌ഷന്‍ കടന്ന്
ചെങ്കടലില്‍ മുങ്ങുവാന്‍
പാലമിറങ്ങുകയായിരുന്നു.
++++++++++++++++++++++++++++++++++++++++
* ജിദ്ദയിലെ ഏറ്റവും തിരക്കേറിയ റോഡ്. ദിവസം മുഴുവന്‍ കാത്തുനിന്നാലും ഇതു മുറിച്ചുകടക്കാനാവില്ല. ** നാല്‍ക്കവലപ്പാലം.
-------------------------------------------
Friday, June 12, 2009
ഓര്‍മ്മകളിലേക്ക് യാത്രയാകുന്നു
എന്‍റെകാല്‍ വരിഞ്ഞുകെട്ടിയിരുന്നപ്പോള്‍
നിന്‍റെ സ്നേഹത്തിന്‍റെ
വരമ്പുകള്‍ ഞാന്‍ അളക്കുകയായിരുന്നു .
സ്വബോധത്തില്‍ നീ പകര്‍ന്ന
സ്നേഹത്തിനു കൈപ്പയിരുന്നു.
വെറുപ്പില്‍ ഞാന്‍
നിന്‍റെ കൂടെ ശയിക്കുമ്പോളും
സ്നേഹം ഞാന്‍ അടക്കിവച്ച മാണിക്കമായിരുന്നു.
നഷ്ടപ്പെട്ട പകലിരവുകളുടെ നെറുകയില്‍
നീ ഇന്നും
രക്തം കിനിയുന്ന മുറിവാണ് .
പരിഭവങ്ങളുടെ കാരിരുമ്പുകള്‍
പൊള്ളിച്ചത് ഇന്നലെയുടെ ഓര്‍മ്മകള്‍.
ഞാന്‍ പിന്നെയും ഓര്‍മ്മകളിലേക്ക് യാത്രയാകുന്നു .
Monday, June 8, 2009
ഒരു പ്രവാസകവിത
..................................................
ഒറ്റ വാക്കുകൊണ്ട്
മഴയെ മറവുചെയ്യാം,
ഒറ്റ വാക്കുകൊണ്ട്
വെയിലും
മഞ്ഞും...
ഒറ്റ വാക്കിലെന്നിട്ടും
പെയ്യാതെ നില്‍ക്കും
മഴയും
വെയിലും
മഞ്ഞും.
ഒറ്റ വാക്കിന്നറ്റത്ത്
പട്ടം
പല നിറത്തില്‍
കാറ്റിനോട്
കഥ പറഞ്ഞുപോകും
ആകാശം
വെളുക്കും
നീലിക്കും
കറുക്കും
പട്ടം പറന്നുവന്ന്
ആകാശം തൊടുമ്പോള്‍
കാണാം
കരയെ
കടലെടുക്കുന്നത്!
Sunday, June 7, 2009
ഞാന്‍, മലയാളി.
അഴിമതിയും തട്ടിപ്പും
വായിച്ചാത്മ രോഷം കൊണ്ട്
ഞാനോഫീസിലെത്തിപ്പതിവു-
പോലെ പ്പതിനൊന്നേ മുപ്പതിന്.
മുന്നിലെ ഫയലില്‍ തീര്‍പ്പ്
കാണാനൊരെമ്പോക്കി
കാത്തു നില്‍ക്കുന്നു, നാശം.
വിലപേശി രണ്ട് ഗാന്ധിയി-
ലൊതുക്കിയാപ്പഹയന്‍.
നാളെയൊരമേരിക്കന്‍ വിരുദ്ധ
ധര്‍ണ്ണയുണ്ടി, ന്നുച്ചക്ക്
കെന്റക്കിയും കോളയുമാകാം.
കുടിക്കാന്‍ കരുതിയ ‘ബിസ്ലേരി’
യൊരു കവിളിറക്കി, ഞാനെഴുതിയ
“പാരിസ്ഥിതി മലിനീകരണ” മെന്ന
കൌമുദിയിലെ ലേഖനമൊന്ന് മറിച്ചു
നോക്കി ആത്മഹര്‍ഷം കൊണ്ടു.
നിളാ തീരത്തൊരു കവിയരങ്ങു-
ണ്ടതിനൊന്ന് പോണം.
മരിക്കുന്ന പുഴയാണ് വിഷയം.
ഇന്നലെയാണാ മണല്‍
മാഫിയാക്കാരന് പത്ത് ലോഡി-
നഡ്വാന്‍സ് കൊടുത്തത്.
നാലായിരം സ്ക്വയര്‍ ഫീറ്റിലാണ്
ഞാന്‍ പണിയുന്ന പുതിയ വീട്!
വീടില്ലാത്തവരെക്കുറിച്ച് ഞാനൊരു
കഥയെഴുതിയിരുന്നു, മാതൃഭൂമിയില്‍.
പിന്നൊരു രഹസ്യം,
ഇന്നൊരു “പീസിനേം” കൂട്ടി
വരാമെന്നേറ്റിട്ടുണ്ടാ കോണ്ട്രാക്റ്റര്‍;
തീരാത്ത പണിയുടെ
ബില്ലൊപ്പിട്ടതിന്‍
ഉപകാര സ്മരണക്കായ്.
നോക്കൂ എന്നും പീഡന വാര്‍ത്തകള്‍!
കഷ്ടം! എന്റെ ചോര തിളക്കുന്നു.
ഇന്നലെ മദ്യവിരുദ്ധ ജാഥയു-
ദ്ഘാടനം ചെയ്തത് ഞാനാണ്.
രാവിലെ “കെട്ട്” മാറാന്‍
കാലത്തേയൊന്ന് ‘വീശേണ്ടി‘ വന്നു.
നോക്കൂ, എല്ലാം കണ്ടിട്ടെനി-
ക്കിരിക്കാനാവുന്നില്ല.
കഷ്ടം, നമ്മളെന്നാണ് നേരെയാവുക?
സഹിക്കാനാവാതെ ഞാനെ-
ന്നത്തേയും പോലെ മൂന്ന്
മണി ക്കോഫീസില്‍ നിന്നിറങ്ങി.
കോണ്ട്രാക്ക്ടര്‍ അളകാപുരിയില്‍
കാത്തിരിക്കുന്നെന്ന ഓര്‍മ്മയി-
ലെന്റെ ചോരയിരമ്പിക്കയറി...
-----------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
Thursday, May 28, 2009
പാല്‍ മധുരം
ഷാനവാസ് കൊനാരത്ത്
ഗര്‍ഭഗൃഹത്തിന്റെ
പുറന്തോട് പിളരും മുമ്പ്
നിരപരാധിയായ കുഞ്ഞ്
ഫ്രോയിഡിനെ അറിഞ്ഞുതുടങ്ങുന്നു.
കുഞ്ഞ് അമ്മിഞ്ഞ നുണയുമ്പോള്‍
അമ്മക്കിളി കാല്‍ വിരലാല്‍
ഇക്കിളി മാറ്റുന്നു.
സ്ഥാപനത്തിന്‍റെ പേരുകളിലേതല്ലാത്ത
മുലയുള്ള അമ്മമാര്‍.
ഇളം ചുണ്ടുകള്‍ക്കിടയില്‍
തിരുകികയറ്റുന്ന
പെണ്ണവയവത്തിന്‍റെ കണ്ണുകള്‍
പാല്‍ കൊടുക്കുന്നു.
അച്ഛന്‍ കുടിച്ച്
ബാക്കി വെച്ചത്...
Tuesday, May 19, 2009
ഓര്‍ക്കാപ്പുറത്ത്
ഓര്‍ക്കാപ്പുറത്താണത്രെ,
ചെത്തുകാരന്‍ ഭാസ്കരന്‍
തെങ്ങില്‍ നിന്നു വീണ്
നട്ടെല്ലൊടിഞ്ഞ് കിടപ്പിലായത്
ചൊണിയന്‍ മുസ്തഫ
കൂട്ടുകാരന്റെ ഭാര്യയേയും മക്കളേയും കൊണ്ട്
ഒളിച്ചോടിയത്
കാറ്റിലും കടലേറ്റത്തിലും പെട്ട്
മന്ദലാംകുന്നിലെ വീടുകള്‍ കാണാതായത്.
അങ്ങിനെയൊക്കെ തന്നെയാണ് ഇപ്പോഴും
ഓര്‍ക്കാപ്പുറത്ത്
ആലിക്കുട്ടിക്കാടെ ആകെയുള്ള ആണ്‍തരി
കാശ്മീരിലേക്ക് വണ്ടി കയറും
ഒരു തീവണ്ടി പൊട്ടിത്തെറിക്കും
കണ്ണൂര്‍ക്കുള്ള ബസ്സ് തെറ്റി,ചുറ്റിത്തിരിഞ്ഞ്
സതീശന്‍ കൊച്ചിയില്‍ അറസ്റ്റിലാവും
പത്തുസെന്റിലെ അമ്മിണിയുടെ ചെക്കന്‍
മനയ്ക്കലെ പറമ്പും
മേനോന്മാരുടെ കണ്ണെത്താത്ത പാടവും
വാങ്ങിക്കൂട്ടും.
ഓര്‍ക്കാപ്പുറത്തിങ്ങനെ ഇരുന്നിരുന്ന്
പേടിയാവുന്നു,
താഴേക്കൊന്നിറക്കി തരാമോ?
നിലം തൊടാനാണ്
മണ്ണില്‍ ചവുട്ടി നടക്കാനാണ്.
Monday, May 18, 2009
ചില കാര്യങ്ങള്‍
ചില കാര്യങ്ങള്‍ അങ്ങനെയാണ്
നമ്മുക്കൊരു ഉറപ്പുമില്ല
മനസ്സിന്റെ നിഴല്‍ പോലെ
അറിയില്ലേ ?
നിഴല്‍ നിയമങ്ങള്‍
വെളിച്ചത്തിനെതിരാണെന്നു.......
ചില കാര്യങ്ങള്‍ അങ്ങനെയാണ്
നമ്മുക്കൊരു ഉറപ്പുമില്ല
മുറിഞ്ഞ കഴുത്തില്‍ നിന്നും
വാക്കു ചിതറും പോലെ
മരണ മൊഴി പോലെ
കിട്ടിയാല്‍ കിട്ടി
ചില വാര്‍ത്തകള്‍ പോലെ
വന്നാല്‍ വന്നു
നമ്മുക്കൊരു ഉറപ്പുമില്ല
എന്നാല്‍ ഉറപ്പുള്ള ചിലതുണ്ട്
ചെറിയതുറയിലെ ബോംബ് ഏറു പോലെ
ഭീമാ പള്ളിയില്‍ കത്തിയ
ഖുര്‍ ആന്‍ പോലെ
പാവപെട്ടവന്റെ കറന്‍സികള്‍ പോലെ
ചിതറിയ ചോര പോലെ
എന്നുമുണ്ടാകുമെന്നു
ഉറപ്പുള്ള ചിലത്
ചോര മണക്കുന്ന ജനാധിപത്യം
അല്ലെങ്കില്‍
തീ തിന്നുന്ന മനസ്സുകള്‍
ഭാവി
മണ്ണില്‍ നിന്നു
പുറത്തേക്ക് തല നീട്ടി സന്തോഷിക്കുന്നതും
മനുഷ്യനോടു സംവദിച്ചു നില്‍ക്കുന്നതും
വെറും കാഴ്ച.
ഭുമി ,
അതില്‍
ഇപ്പോള്‍ വരണ്ട രേഖകള്‍ മാത്രം !
അവ നോക്കി
എനിക്കും നിങ്ങള്‍ക്കും ഭാവി പറയാം
Sunday, May 17, 2009
വേട്ടക്കാരനും ഇരകളും
വേട്ടക്ക്
വേട്ടക്കാരനിര
തുണ.
2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.
പിന്നെയവര്‍
പരസ്പരം വേട്ടയാടി.
3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.
4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.
5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.
---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
വേട്ടക്കാരനും ഇരകളും
വേട്ടക്ക്
വേട്ടക്കാരനിര
തുണ.
2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.
പിന്നെയവര്‍
പരസ്പരം വേട്ടയാടി.
3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.
4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.
5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.
---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.