Sunday, July 11, 2010

ഡിവോഴ്സ്

പൂവിനെ കാറ്റും
ഓളത്തെ തീരവും
മൊഴിച്ചൊല്ലി.
പൂവില്‍ വിഷമാണെന്നും,
ഓളത്തില്‍ മാലിന്യമാണെന്നും,
പറഞ്ഞാണ് ഇവര്‍ പിരിഞ്ഞത്!.

Thursday, July 8, 2010

മക്കൾ (ജുബ്രാൻ ഖലീൽ ജുബ്രാൻ) -വിവ: മമ്മൂട്ടി കട്ടയാട്



മക്കൾ
(ജുബ്രാൻ ഖലീൽ ജുബ്രാൻ)
വിവർത്തനം: മമ്മൂട്ടി കട്ടയാട്

നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല.
ജീവിതത്തെ സ്വയമേവ അഭിലഷിക്കുന്ന
ആണ്മക്കളും പെണ്മക്കളുമാകുന്നു അവർ.
നിങ്ങളിലൂടെ അവർ ഈ ലോകത്തിലേക്കു വന്നു;
പക്ഷേ, അവർ നിങ്ങളുടേതല്ല.

നിങ്ങളുടെ കൂടെ അവർ ജീവിക്കുന്നു,
എന്നാൽ അവർ നിങ്ങളുടെ ഉടമസ്ഥതയിലല്ല.

നിങ്ങളുടെ സ്നേഹം അവരിലേക്കു പകർന്നു നൽകാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ നിങ്ങളുടെ ചിന്തകളുടെ വിത്തുകൾ
അവരിലൂടെ നട്ടു വിളയിക്കാൻ നിങ്ങൾക്കു കഴിയില്ല;
കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ടാവും.

അവർക്കു വീടു വെച്ചു കൊടുക്കാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ അവരുടെ ശരീരങ്ങളെ നിങ്ങളുടെ വീടുകളിൽ പാർപ്പിക്കാൻ
നിങ്ങൾക്കു കഴിയില്ല.
നിങ്ങൾക്കു സന്ദർശിക്കാനോ, സ്വപ്നം കാണാനോ കഴിയാത്ത
നാളെയുടെ ഭവനങ്ങളിലാവും അവർ താമസിക്കുന്നത്.

അവർ നിങ്ങളെപ്പോലെയാവാൻ നിങ്ങൾക്കു ശ്രമിക്കാം;
പക്ഷേ, അത്തരം ശ്രമങ്ങൾ വ്യർത്ഥങ്ങളാകുന്നു;
കാരണം ജീവിതം ഒരിക്കലും പിറകോട്ടു പോകില്ല.
നാളെയുടെ ഭവനങ്ങളിൽ താമസിക്കുന്നതിലും
അത് ആനന്ദം കണ്ടെത്തുകയുമില്ല.

നിങ്ങൾ വില്ലുകളും നിങ്ങളുടെ മക്കൾ അമ്പുകളുമാണ്‌.
നിങ്ങളുടെ വില്ലുകളിൽ നിന്നും ജീവിതത്തെ
നിങ്ങൾ തൊടുത്തു വിട്ടു കഴിഞ്ഞു.

അമ്പെയ്യുന്നവൻ അനന്തമായ പാതയിൽ
നാട്ടിയിരിക്കുന്ന ഉന്നങ്ങളെയാണ്‌ നോക്കുക;
സ്വന്തം കഴിവു കൊണ്ട് അതെത്രത്തോളം വേഗത്തിൽ
പായിക്കാൻ കഴിയുമോ എന്ന് അവൻ നോക്കട്ടെ.

അതിനാൽ അമ്പെയ്ത്തുകാരന്റെ
രണ്ടു കൈകൾക്കിടയിലുള്ള ദൂരം
എത്രത്തോളം വളക്കാൻ കഴിയുമോ,
അത്രത്തോളം അവന്‌ സംതൃപ്തിയും സന്തോഷവും ഉണ്ടാവും.

എന്തു കൊണ്ടെന്നാൽ പറന്നു പോകുന്ന അമ്പ്
കുതിക്കാൻ ആഗ്രഹിക്കുന്നതു പോലെ
കൈകൾക്കിടയിൽ ഉറച്ചിരിക്കാൻ
വില്ലും അതിയായി ആഗ്രഹിക്കും.

http://www.podikkat.blogspot.com

Sunday, July 4, 2010

വഴി

ഇത് രാത്രി വൈകിയുള്ള യാത്ര.
ഉള്ളിൽ ബോധം കടം വാങ്ങിയ ലഹരി.
ഒരു exit point ൽ ശ്രദ്ധ മാറിയതു കൊണ്ട്
എത്തിപ്പെട്ട അപരിചിത ഇടം.
വഴി തെറ്റെങ്കിലും
തനിച്ചെങ്കിൽ
ഭയമില്ല
പക്ഷെ
കൂടെ
ഇറങ്ങിവന്ന പെണ്ണും
അവളിലുണ്ടായ കുഞ്ഞും.
ഇന്ധനം തീരാറായെന്ന് അടയാളം.
സൈൻബോർഡുകൾ ഇല്ലാത്ത വഴി.
ഏറെക്കാലത്തിനു ശേഷം
കണ്ണുപതിഞ്ഞ ആകാശം.
രാത്രിയിൽ വെളുത്ത മേഘങ്ങളുണ്ടാകുമോ
എന്ന സംശയം.
പരിഭ്രാന്തി മാറ്റാൻ ട്യൂൺ ചെയ്ത
ഫ്രീക്വൻസിയിൽ
പാടുന്നത്
ലതാമങ്കേഷ്കർ.

ആഗ്രഹിക്കുന്നത്:
അറിയുന്ന വഴിയിലേക്ക്
ഒരു exit point,
ഒരു പെട്രോൾപമ്പ്,
കുഞ്ഞിന്റെ ശാന്തമായ ഉറക്കം,
പെണ്ണിന്റെ പിറുപിറുപ്പിനു വിരാമം,
ചോദ്യങ്ങളില്ലാത്ത മൗനം.

Saturday, July 3, 2010

സ്വപ്‌നങ്ങള്‍ വില്ക്കുന്നവന്‍


സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ


കാണാതെ നിന്നെഞാന്‍ കാമിച്ചു പോയല്ലോ
കാതരയാം മനം തളിരണിഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഞാനിന്ന്‌
നിദ്രാവിഹീനയായ് മാറിയല്ലോ

നേരം പുലരല്ലേയെന്നുള്ളപേക്ഷയാല്‍

ഞാനെന്‍റെ സ്വപ്നങ്ങള്‍ തുടര്‍ന്നുവല്ലോ
കാലത്തെഴുനേറ്റു കണ്ണാടി നോക്കുമ്പോള്‍
കള്ളാ , നിന്നെ കണ്ടുവല്ലോ


നീ വില്‍ക്കും സ്വപ്നങ്ങളൊന്നിച്ചു വാങ്ങുവാന്‍
 എന്‍റെ മനസിതാ തുടിച്ചിടുന്നു

നിന്നുടെ സ്വപ്നവും എന്നുടെ ദു:ഖവും
ഒന്നായിത്തീരുവാന്‍ അനുവദിക്കൂ


സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കരുത്

പെയ്തൊഴിയാതെ

ന്നൊരു മഴയുള്ള രാത്രിയായിരുന്നു.
താരാഗണങ്ങളുടെ  ഇടയില്‍ നിന്ന്
ഒരു വെള്ളി നക്ഷത്രത്തിന്റെ അപ്രതീക്ഷിത വീഴ്ച. 
 


തങ്ങളുടെ പ്രിയ സ്നേഹിതനെ വേര്‍പിരിയനാകാതെ,
വേപഥു വോടെ  വേദനയോടെ വിതുമ്പിയ
നക്ഷത്ര ക്കൂട്ടങ്ങളുടെ കണ്ണുനീരായിരുന്നു മഴ.
സമുദ്രങ്ങളെ പ്പോലും താണ്ഡവമാടിക്കുന്ന  പെരുമഴ.

അന്ന് നീ പറഞ്ഞു 'ഞാനെത്ര ഭാഗ്യവതി ,
ഇത്രമേല്‍ നല്ല സൌഹൃദത്തെ സ്വായത്തമാക്കാന്‍ ,
എത്ര തപസ്സനുഷ്ടിക്കേണ്ടി  വരുമായിരുന്നു ,
അത്രമേല്‍ നീയെനിക്ക് സ്നേഹ സമ്പാദ്യമായ് '.

അടുക്കുവാന്‍ എന്തെളുപ്പമായിരുന്നു.
അളെന്നെടുക്കുവാന്‍  എന്ത് തിടുക്കമായിരുന്നു.
ഇതുവരെക്കാണാത്ത മേച്ചില്‍പ്പുറങ്ങളില്‍ , 
ഇതുവരെ അറിയാത്ത സഞ്ചാര പാതകള്‍.

ഞാനെന്റെ നക്ഷത്ര ക്കൂട്ടങ്ങളെ മറക്കുകയായിരുന്നു.
നീയെനിക്കുതന്ന സൗഹൃദം പ്രണയത്തിനു;
വഴിമാറുമ്പോള്‍ , പൂര്‍വ്വ ജന്മജന്മാന്തരങ്ങളെ ;
കര്‍മ്മ ബന്ധങ്ങളെ , വഴിയിലുപേക്ഷിക്കുകയായിരുന്നു.

നിന്റെ വികൃതികളില്‍  നിന്റെ കുറുമ്പുകളില്‍,
ഞാനെന്റെ താളം കണ്ടെത്തുകയായിരുന്നു .
പരിഭവങ്ങളും വേദനകളും പിന്നെ ദുഖങ്ങളും;
പങ്കുവെക്കുവാന്‍ ഞാനുണ്ടായിരുന്നു കൂടെ.

കൊലുസ്സിന്റെ നാദം പോലെയുള്ള നിന്റെ ചിരി.
എന്റെ ചെവിയില്‍ അടക്കംപറഞ്ഞ  കൊഞ്ചലുകള്‍.
എന്നിണക്കിളിക്കായ്‌  ഞാന്‍ കരുതിവച്ച ,
ആര്‍ദ്രമാം അനുരാഗം നിന്നിലേക്ക്‌ പകര്‍ന്നു തന്നു.

നിറ നിലാവത്ത് ജ്വലിക്കുന്ന മണ്‍ചെരാതുപോല്‍;
തുളുമ്പുന്ന നീലജലാശയം  പോല്‍ , എന്റെ പ്രണയം;
നിന്നിലേക്ക്‌ ചൊരിഞ്ഞിരിന്നു, അത്രമേല്‍ ;
 
സഖീ  നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. 

ഞാനറിയാതെ എന്നോ നിനക്ക് വന്ന മാറ്റങ്ങള്‍ .
നിന്റെ കുറുമ്പുകളില്‍ ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.
തിരിച്ചറിയുമ്പോഴേക്കും  അകലങ്ങള്‍ ഏറിവന്നത്    ;
അടുക്കാതിരിക്കാനായിരുന്നു എന്നറിയാന്‍ വൈകി .

എന്റെ ഹൃദയം നുറുങ്ങിയത് നീയറിഞ്ഞില്ല .
എന്റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നതറിഞ്ഞില്ല.
എന്റെ മോഹങ്ങള്‍ തകര്‍ന്നു വീണതും ,
ഒടുവലഗ്നിയില്‍ എല്ലാം ഒടുങ്ങി അമര്‍ന്നതും .

മഴ പെയ്യുകയാണ് പിന്നെയും ആര്‍ത്തലച്ച് .
പ്രതീക്ഷയോടെ കാത്തിരുന്നവന്‍ വന്നപ്പോളുള്ള; 
നക്ഷത്രക്കൂട്ടങ്ങളുടെ സന്തോഷാശ്രു ക്കളായിരുന്നു.
സമുദ്രങ്ങളെപ്പോലും താണ്ഡവമാടിക്കുന്ന ആ  പെരുമഴ .



(പനിനീര്‍പ്പൂക്കള്‍  എന്ന  ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്  )
ശ്രീജിത്ത്  കുവൈറ്റ്‌  

Saturday, June 5, 2010

പാല്‍പായസം-2

1.ചെണ്ട.
******
ഉണ്ടേ,യുണ്ടുണ്ടുണ്ടുണ്ട്‌,ചെണ്ടയുണ്ടേ
ചെണ്ടപ്പുറത്തുണ്ടുണ്ടുണ്ടുണ്ടും ഘോഷമുണ്ടേ.. !


2. മാനത്തെക്കിണ്ണം
************
മാനത്തെക്കിണ്ണത്തില്‍ പാലാണേ
പാരാകെയൊഴുകണ പാലാണേ
ഒഴുകിനിറഞ്ഞാലും തീരൂല
തീരാത്തത്രയും പാലാണേ...!

3.മത്തങ്ങ
*****
വട്ടത്തിലുള്ളൊരു മത്തങ്ങ
വട്ടിയില്‍ കൊള്ളാത്ത മത്തങ്ങ
ഉരുട്ടിയുരുട്ടിക്കൊണ്ടോയി
എടുക്കാച്ചുമടാം മത്തങ്ങ..

4. പീപ്പി
*****
'പീപ്പിക്കുള്ളില്‍ ആരാണു
പിപ്പിരി പീ പാടണതെന്താണു.. ?'
'പീപ്പിക്കുള്ളില്‍ കാറ്റാണു..
ഊതുമ്പം കാറ്റിണ്റ്റെ കളിയാണു...!'

5.സൌഖ്യം
******
ഇത്തിരി മോഹം
ഒത്തിരി സൌഖ്യം

Thursday, June 3, 2010

ചിലരങ്ങനെയാണ് ...


ചിലരങ്ങനെയാണ് ...
നേരെ വന്നു ചോദിക്കും ..
ഓര്‍മ്മയുണ്ടോ ?

ഇല്ലെങ്കിലും ഉണ്ടെന്നു തലയാട്ടും..
ഓര്മത്താളുകള്‍ മറിച്ച് നോക്കും ..
പറിഞ്ഞ ഏടുകള്‍ തേടി അലയും...

കണ്ണുകള്‍ തിളങ്ങും ..
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
മൂന്നാമത്തെ അല്ലെ...
പുള്ളിപ്പാവടയിട്ട് ..
മൂക്കൊലിച്ച്...

ഒക്കത്തെ കുഞ്ഞിലും ..
കണ്‍ തട കറുപ്പിലും
വായിച്ചെടുക്കാം ..
കാലത്തിന്റെ ദൈര്‍ഘ്യം ...

ഒഴിഞ്ഞ കഴുത്തും
സിന്ധൂര രേഖയും
ചുറ്റിലും തിരയുന്നുണ്ട്
കളഞ്ഞു പോയ കൌമാരം ....

തരിഞ്ഞു നടക്കുമ്പോള്‍ ..
കാതോര്‍ക്കും
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ...


ഗോപി വെട്ടിക്കാട്ട് .....

പ്രണയം





പാരിജാത തരു പാതയില്‍
മൃദു മലര്‍ ദലങ്ങള്‍ പൊഴിക്കവെ
നവ്യ പുഷ്പ സുഗന്ധ വീചികള്‍
സഞ്ചയിച്ചിന്ന് വാടിയില്‍
കാറ്റ് മെല്ലെ കരങ്ങള്‍ തൊട്ടു
അളകങ്ങള്‍ മെല്ലെ ഉലക്കവേ
ദൂരെ ആ വഴി നീളുമ് നീള് മിഴി
ആരെ ആരെയോ തേടുന്നു


വെള്ള മേഘ പിറാവുകള്‍
അതിലൊന്ന് താഴെ ഇറങ്ങിയോ
വര്‍ണ സുന്ദര താളില്‍ തീര്‍ത്ത
മനയോല കൊക്കിലെടുത്തുവോ
പാല്‍ ചുരത്തിടും പൌര്‍ണമി
രാവിനന്ത്യ യാമവും യാത്രയായ്‌
പൂര്‍വ സീമയില് താരജാലങ്ങള്‍
മുനഞ്ഞു മിന്നി വിടയേകയായ്‌


ആരെയോര്‍ത്തു മനോരഥ
ശകട വേഗം പിന്നെയും മാറുന്നു
ആരോ ആരെയോ തേടുന്നു
കാണാതെ കണ്ടതായ് തോന്നുന്നു
മയില്പീലി പെറ്റൊരു കുഞ്ഞു പോല്‍
ഉള്ത്താളിലെങ്ങോ ഗൂഢമായ്
മറച്ചു വച്ച വികാരമേ
പ്രണയമെന്നോ നിനക്കു പേര്‍?








അമ്പിളി ജി മേനോന്‍
ദുബായ്

Wednesday, June 2, 2010

ഒരു നഷ്ട ബാല്യം

കണ്‍മുന്നില്‍ പൊലിഞ്ഞ ഒരു ബാല്യത്തിനായ് ..

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും .

പടികളിറങ്ങിയമ്മ പോകുമ്പോഴും
പടികളേറാന്‍ ഞാന്‍ പഠിച്ചിരുന്നില്ല.

ഏണിലിരുന്നേങ്ങിയ കുഞ്ഞുപെങ്ങള്‍
ഏട്ടാ എന്നെന്നെ വിളിച്ചിരുന്നില്ല

നാണം മറന്നൊരാ നാളുകള്‍
നാട്ടാര്‍ക്കു മുന്നിലെ നാട്യങ്ങള്‍

നിശയുടെ കുളിരിലുറങ്ങുവാനെന്‍
നെഞ്ചിലെ കനലനുവദിച്ചില്ല.

വാതില്ക്കലെത്തിയ തെന്നല്‍ പോലും
വെറുതേ ഒന്നു തലോടിയില്ല

ലഹരിതന്‍ ലോകത്തില്‍ മയങ്ങിയച്ഛന്‍
മിഴിനീരിന്‍ താളത്തിലുറങ്ങി ഞാനും

കാരുണ്യമേകേണ്ട ബന്ധുക്കളാരുമീ-
കര്‍മ്മബന്ധത്തെ കണ്ടതില്ല..

കൂട്ടരോടൊത്തു കളിയാടിയെങ്കിലും
കരളിലെ കരിങ്കല്ലു തകര്‍ന്നതില്ല...

മുന്‍പനായ് ഞാനെന്നും മാറിയിട്ടു -
മാരുമൊരു ഭാവിയും കണ്ടതില്ല..

ഇന്നോ നാളെയോ വഴിതെറ്റിപ്പൊകേണ്ടോന്‍
നാടിനു ഭാരമായ്ത്തീരേണ്ടവന്‍

തെറ്റുകളൊന്നും തിരുത്തിയില്ലെങ്കിലും
ശാപങ്ങള്‍ കൊണ്ടെന്നെ മൂടിയിട്ടു.

ഇന്നു ഞാന്‍ നാടിന്നതിര്‍ത്തിയിലായ്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറമായ്

വേഷത്തില്‍ ഭടനായ് ദേശത്തിന്‍ മകനായ്
മനക്കണ്ണടച്ചു ഞാന്‍ നില്‍ക്കുമെന്നും .

എങ്കിലും വേദനയായൊരു കുഞ്ഞു കൊലുസ്സും
അച്ഛനുമമ്മയും ജയിച്ച നാളും .

Sunday, May 30, 2010

പാല്‍പായസം.

1.മതിലുകള്‍
*********
വേലിയിലായിരം വെള്ളപ്പൂക്കള്‍..
വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍..
ആ കാഴ്ച്ചകളെല്ലാം അകലുന്നു..
പുതിയൊരു മതിലാണുയരുന്നു.

2.ദൈവം
*******
മുറ്റത്തൊരു ചെടി നട്ടാല്‍
പുതുമുളയായ്‌ ദൈവം വരും
നിത്യാര്‍ച്ചന ചെയ്തെന്നാല്‍
നറും പൂവായ്‌ വിരിയും ദൈവം

3.ചിരി
******
ചിരിയിലുണ്ട്‌ ചിരി
ചിരിയില്ലാ ചിരി ..
ചിരി ചിരിയാകണേല്‍
പൂപോല്‍ ചിരിക്കണം
പൂപോല്‍ ചിരിക്കണേല്‍- ചിരി
ചിത്തത്തീന്നുദിക്കണം.

4.ഇന്നലെ,ഇന്ന്,നാളെ ..
*****************
'ഇന്നലെ'യുണ്ടാകയാല്‍
'ഇന്നു'ണ്ടായി
'ഇന്നു'ണ്ടാകയാല്‍
'നാളെ'യുണ്ടാകും.

5.മെമ്മറി
*******
തലയില്‍ മെമ്മറി 'ഫ്രീ'യായി
കമ്പ്യൂട്ടറിലോ 'ഫുള്ളാ'യി.

Wednesday, May 26, 2010

ക്ലാസ്സിക് ഭാഷ / Classic Bhaasha.

ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.  മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതിജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്.... 
വിദ്യാഭ്യാസത്തിനും ,പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ  ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു. അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു. 
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം  കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ   ഗൌരവമായ ഒരു വിഷയം തന്നെയാണിത് 
 ക്ലാസ്സിക് ഭാഷ
ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !

വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം  ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...

പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !,  അധിപുരാതനമിത് ...!
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ ! !

Tuesday, May 25, 2010

ഒരു നുണക്കവിത



പാപത്തിന്റെ ഫലം തിന്നില്ലെന്ന്

ആദം ദൈവത്തോടു പറഞ്ഞതായിരുന്നു

ആദ്യത്തെ കള്ളം.

കള്ളങ്ങളുടെ വേലിയേറ്റത്തില്‍

ഞാന്‍ കേട്ട ആദ്യത്തെ സ്വരം അമ്മയുടേതായിരുന്നു.

കരിപിടിച്ച അടുക്കളയില്‍

ഊര്‍ദ്ധ്വന്‍ വലിക്കുമ്പോഴും

അച്ഛന്‍ തന്നെ നന്നായി നോക്കുന്നുവെന്നു

പറഞ്ഞ് അമ്മ നുണയുടെ വാതില്‍

എനിക്കു മുന്നില്‍ തുറന്നുവെച്ചു.

തങ്ങള്‍ക്കു വേദനിക്കുന്നില്ലെന്നു

മുറിഞ്ഞുപോയ വാലിനെ നോക്കി

പല്ലിയും

തകര്‍ന്ന കഷണങ്ങളെ നോക്കി

മണ്‍കലവും പറഞ്ഞതോടെ

നുണകള്‍ കുത്തിനിറച്ച ചരക്കുവണ്ടി

എനിക്കു മുന്നിലൂടെ പാഞ്ഞുപോയി.



മുള്ളുവേലി നിറഞ്ഞ,

കരിനാഗങ്ങള്‍ ഇണ ചേരുന്ന ഇടവഴിയില്‍

പതിയിരുന്ന് നിന്നെ പ്രണയിക്കുന്നുവെന്നു

പറഞ്ഞ് ചുണ്ടുകളുടെ നനുത്ത സ്പര്‍ശം

ഏറ്റുവാങ്ങിയ നിമിഷത്തിലാണ്

നുണകളുടെ ആകാശഗോപുരം

ഞാന്‍ പടുത്തുയര്‍ത്തിയത്.

ഇരുണ്ട പകലുകളില്‍ ഗോപുരത്തിനു മുകളിലിരുന്ന്

എന്റെ ജോലിക്കാല്‍ എനിക്കായ്

പുതിയ നുണകള്‍ മെനഞ്ഞു.

മൂര്‍ച്ചയുള്ള ആയുധങ്ങളില്‍

നുണ രാകിമിനുക്കി

എന്റെ പടയാളികള്‍ നാടു നന്നാക്കി????

കടലാസുതാളുകള്‍

എന്റെ ജീവിതം ആഘോഷമാക്കി

പുതിയ നുണകള്‍ നെയ്തു.



ഗോപുരത്തിനു മുകളിലെ ഏദന്‍തോട്ടത്തിലിരുന്ന്

ഹവ്വയപ്പോഴും പാപത്തിന്റെ ഫലം തിന്നു.

ഇപ്പോഴെന്റെ സഞ്ചാരം

നുണകളുടെ മേല്‍പ്പാലത്തിലൂടെയാണ്.

പ്രണയത്തിന്റെ പകമുറ്റിയ കണ്ണുകളുമായി

ഇണയെ നഷ്ടപ്പെട്ട കരിമൂര്‍ഖന്‍

ഇടവഴിയിലിരുന്ന് ദംശിച്ചപ്പോഴും

ഞാന്‍ നുണകള്‍ കൂട്ടിക്കുഴച്ച് പുതിയ

മനക്കോട്ടകള്‍ കെട്ടി.

പനിക്കിടക്കയില്‍ ഉറക്കഗുളികകളുടെ രൂപത്തില്‍

മരണത്തെ പുല്‍കുമ്പോഴും

ഉറങ്ങുകയാണെന്നു പറഞ്ഞ്

ഞാന്‍ വീണ്ടുമൊരു നുണ പടച്ചു.

ഉറക്കത്തില്‍,

കരിമ്പനകള്‍ക്കു മുകളിലിരുന്ന് നുണയക്ഷികള്‍

എന്റെ രക്തമൂറ്റിക്കുടിക്കുന്നത് സ്വപ്‌നം കണ്ടു.



നീണ്ട സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴേക്കും

നുണകളുടെ കലക്കവെള്ളത്തില്‍

ചീഞ്ഞുനാറാന്‍ തുടങ്ങിയിരുന്നു

എന്റെ മനസ്സ്.....

Sunday, May 23, 2010

നാസ്സര്‍ കൂടാളി


ത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.

നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.

പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.

നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.

Friday, May 21, 2010

വണ്ടിപ്പുഴയില്‍

റ്റമുറിയുടെ
നിശബ്ദതയിലേക്ക്
വണ്ടിപ്പുഴ തുഴയെ..
ദബായ് , ദേരയിലെ
നൈഫ് റോഡിനടുത്ത്
കെട്ടിട സൌധങ്ങള്‍ക്കിടയില്‍
സവര്‍മ്മ രൂപത്തില്‍
ജീവിതം പൊതിയുന്ന
സുഹൃത്ത് , മുജീബിന്റെ
കഫ്തീരിയയിലേക്ക്
ഇന്നും ഒരു ദിവസം ചുരുങ്ങി വന്നു.

മണലില്‍ വറുത്ത
നിലക്കടല പോലെ...
നിശബ്ദത മരിച്ചുപോയ
ജരാനര ജന്മത്തിരക്ക്
വെയില്‍ തിന്നു പോയ
ശവശിഷ്ടമാകുന്നു !

മൈലുകള്‍ മറച്ച മതില്‍ പുറത്തൊരു നാരായണി
അവന്റെ ആത്മാവറിവവള്‍ നമ്പരാല്‍
ബന്ധിതമായ ഒരിലാസ്തികതയില്‍
ഞങ്ങളുടെ വിവരാന്വേഷണത്തെ
മുറിച്ചു വന്നു

"എത്ര നേരമായ് ഞാന്‍
ചുള്ളിക്കമ്പെറിഞ്ഞു
കൈ കഴക്കുന്നു" ഒന്ന് മിണ്ടിക്കൂടെന്നു?
കണ്ണിലൊരു കടല്‍ ഖബറടക്കുന്നു .
എനിക്കും കേള്‍ക്കാം,
ജയില്‍ മതിലിനപ്പുറത്ത്
പൂഴ്ത്തിപ്പിടിച്ച പെണ്ണൊച്ച,
ഉടലെരിയും വിയര്‍പ്പിന്റെ
ഉപ്പു നോക്കുന്നുണ്ട് !

ഒരു രാത്രിയുടെ പുതപ്പിരുട്ടിലേയ്ക്ക്
യാത്ര പറഞ്ഞിറങ്ങെ
തേടിയ തെരുവുകണ്ണിലെല്ലാം
ഒരു മഴ വേണമെന്ന്
ജീവിതത്തിന്റെ കരിഞ്ഞുണങ്ങിയ മരച്ചില്ല
ഉയര്‍ത്തിയെറിഞ്ഞു അടയാളം കാട്ടുന്നുണ്ട്
ഒരായിരം നാരായാണിമാര്‍ !

Monday, May 17, 2010

ക്രാഷ് ലാന്റ്

ഉണ്ണി കുടിച്ചപ്പോള്‍ ഒലിച്ചു വീണ 
പാല്ത്തുള്ളിയില്‍...
മുത്തശ്ശി കഴിച്ച് എഴുനേറ്റ
ഇലക്കീറില്‍...
മുറിച്ചു വെച്ച കറി ക്കഷ്ണങ്ങളില്‍..
ഇവിടെയെല്ലാം ഇടമുണ്ടായിട്ടും ....

ഇത്ര കൃത്യമായി 
അച്ഛന്  വെച്ച 
ചൂട് ചായയിലേക്ക്
 ഈച്ച  പറന്നിറങ്ങുന്നു....

Saturday, May 15, 2010

സ്‌നേഹം

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.
യാമിനിതന്നന്ത്യയാമം വരെയും
നീര്‍ത്തുള്ളി പൂങ്കവിളില്‍ മുത്തിയുറങ്ങി.
ബാലാര്‍ക്കന്‍ ഭൂമിയെത്തൊട്ടുണര്‍ത്തി.
കിരണങ്ങള്‍ താങ്ങാതെ മഞ്ഞുരുകി.
ഒരുരാത്രി കൂടി മലര്‍ കാത്തിരുന്നു
സ് നേഹിച്ച മുത്തിന്റെ മുത്തങ്ങള്‍ക്കായ്.
പിന്നെ വേര്‍പാടു സഹിയാതെ വാടി വാടി
പ്രേയസിയോടൊപ്പം വീണടിഞ്ഞു.

കണിക്കൊന്ന


അടച്ചിട്ട ജാലകപ്പഴുതിലൂടെ
സൂര്യന്റെ കതിരൊളി ചോദിച്ചു മെല്ലെ.....
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇന്നു നിന്‍ മാവേലി വാണ നാട്ടില്‍
മഞ്ഞ കണിക്കൊന്ന പൂത്ത നാട്ടില്‍
വിഷുവെത്തി! വിഷുവെത്തി! അറിഞ്ഞതില്ലേ?
ഉണരാത്തതെന്തു നീ പൊന്നോമലേ?
ഇല്ലെനിക്കാവില്ലെന്‍ കണ്‍ തുറക്കാന്‍ !
ആ സുന്ദര സ്വപ്നത്തിലാണ്ടുപോയെന്‍ മനം!
മനസില്‍ തെളിയുന്നു വെള്ളോട്ടുരുളിയും
ചക്കയും , മാങ്ങയും ,കായ്കനികളും ,
മഞ്ഞക്കതിരൊളി വീശുന്ന കൊന്നയും ,
നീലക്കാര്‍ വര്‍ണന്റെ സുന്ദര ബിംബവും ,
കോടിയും ,സ്വര്‍ണ്ണവും ,വെള്ളിയും , ധാന്യവും ,
ഏഴു തിരിയിട്ട നിലവിളക്കും ,
നല്ലൊരു നാളെ തന്‍ കണി കാണുവോളം
കണ്‍കള്‍ അടച്ചു പിടിക്കുന്നൊരമ്മ തന്‍ കരങ്ങളും ,
പിന്നെ പുലര്‍കാലം , ഓമനക്കയ്യിലായ്
മുത്തശ്ശന്‍ വച്ചു നീട്ടുന്നൊരാ കൈനീട്ടവും
ഓര്‍ക്കുന്നു ഞാന്‍ ....മനസു വിങ്ങുന്നുവോ?
സ്വപ്നങ്ങല്‍ പൂക്കാത്ത ഈ മരുഭൂമിയില്‍ ?
വേണ്ടെന്നെ വിളിക്കാതെ മടങ്ങു നീ കതിരേ...
ഈ സുന്ദര സ്വപ്നത്തിന്‍ മായിക ലോകത്തില്‍
തെല്ലിട ഞാനിനിയും മയങ്ങിടട്ടെ!......
ഇല്ല വരുവാനാകില്ലെനിക്കീ
സുന്ദര വിഷുക്കാല സ്വപ്നത്തില്‍ നിന്നും..... !

Friday, May 14, 2010

ഒറ്റ്‌

പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍

പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍

ആര്‍ത്തലറിക്കൊണ്ട്‌ പാഞ്ഞുപോയെന്ന്‌

മകള്‍ പേടിച്ചരണ്ട്‌ നിലവിളിച്ചുണരവെ,

തോന്നലെന്നോതി ഞാന്‍; എങ്കിലും...

ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ

കന്യതന്‍ പ്രേതമതെന്ന്‌ ശഠിച്ചവള്‍.

നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ

പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും

പേടിച്ചുറഞ്ഞു നില്‍ക്കുന്നു ഗ്രീഷ്മാകുലം!

നോക്കൂ... മതില്‍ നിറയെ രക്തം വീണ

ജീവിതപ്പേടി തന്‍ നിത്യാര്‍ത്തനാദങ്ങള്‍.

നീല വലംപിരി ശംഖുപുഷ്പങ്ങളില്‍

തീവണ്ട്‌ ചുംബിച്ച വ്രണിത പ്രാണസ്വരം.

വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്‍

ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും.


കാറ്റിന്‍ ജനാലയ്ക്കല്‍ വന്നൊരു കബന്ധം

ഏതെന്‍ ശിരസ്സ്‌, ആരെന്തിനു തകര്‍ത്തെന്ന്‌

നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ

തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍.

ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ,

ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ,

ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി

തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍

നിത്യം മുറിച്ചുമുണക്കിയും രാപ്പകല്

‍സത്യനൂല്‍ കൊണ്ട്‌ തുന്നുന്നൊരീ ജീവിതം...

തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു

രക്തകപാലിയായ്‌ കാലാന്ധഭൈരവന്‍.


നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍

നീട്ടിപ്പരത്തി വായിക്കുന്ന ലോകവും,

നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും

ഭീതിയേറ്റുന്നൊരീ ആസക്തജീവിതം...

നാലുകഴഞ്ച്‌ വിലപേശി വാങ്ങുവാന്

‍ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ...

നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ

നീതിശാസ്ത്രത്തിന്‍ പ്രചണ്ഡസാരങ്ങളെ!

പാദങ്ങള്‍ രണ്ടും പരിചിതബന്ധനം

പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു.


ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ

ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം?

000

Tuesday, May 11, 2010

രക്തപുഷ്പം


ദുഃഖമാം ചുടലക്കാട്ടില് വിരഹത്തിന് ചിത കൂട്ടി



സ്വയം ദഹിപ്പാനൊരുങ്ങി ഞാനിരുപ്പൂ


വരിക…….ശവം തീനികളേ…..


എന്റെ മജ്ജയും മാംസവും എടുത്തു കൊള്ക….


വര്‍ണ്ണസ്വപ്നങ്ങള് മാഞ്ഞുപോവതും


കണ്ടിരുന്നൊരിരു നേത്രങ്ങളുണ്ടെനിയ്ക്ക്


കണ്ണുനീരുപ്പുറഞ്ഞ് ദ്രവിച്ചൊരാ


കണ്‍കളെ ഇനി നിങ്ങള് ചൂഴ്ന്നെടുക്കൂ


രക്തം കുടിച്ചുന്മാദ നൃത്തം ചവിട്ടും


രാത്രി തന് പ്രിയ നിശാചാരികളെ വരിക


എന്റെ ധമനികളെ കടിച്ചു പൊട്ടിക്കുക


സിരയിലൂടൊഴുകുന്ന അവസാനതുള്ളി ചോരയും


കുടിച്ചു നിങ്ങള് ദാഹം ശമിപ്പിക്കുക


നിര്‍ലജ്ജമായെന് ജഡത്തെ നിങ്ങള്


ഒന്നായ് പങ്കിട്ടെടുത്തു കൊള്ക


അസ്ഥിക്കൂട്ടിലായ് തുടിയ്ക്കുമെന് ഹൃദയത്തെ കണ്ടുവോ


ചോരയിറ്റുമാ രക്തപുഷ്പത്തെയെനിക്ക് തന്നേക്കുക


അതിനുള്ളിലായ് നിറഞ്ഞു നില്‍പ്പൂ


എന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകിയ മുഖം


ദംഷ്ട്രകളാല് നിങ്ങളാ മുഖം മുറിയ്ക്കായ്ക


നഖങ്ങളാല് ആ മുഖം വികൃതമാക്കായ്ക്


എന് ദേഹവും ദേഹിയും എടുത്തു കൊള്ക


ചലനമറ്റ ചേതനയും നിങ്ങളെടുത്തോള്ക


ജീവനാം പക്ഷി ചിറകടിച്ചുയരുവോളം മാറോട് ചേര്‍ക്കാന്


ആ മുഖം മാത്രം പകരമായേകീടമോ…?

Monday, May 10, 2010

രാധ....!!!

 
രാധ,ഇവളെന്‍ രാധ
യദുകുല രാധയല്ല
കൃഷ്ണനുമില്ല..ഓടകുഴല്‍ നാദവുമില്ല!
കാല പ്രമാണങ്ങളില്‍ പുനര്‍ജനിപ്പൂ--
പുഴുകുത്തില്‍ വീണു അമര്‍ന്ന ജീവിതങ്ങളില്‍ ഒന്നുമാത്രം!
ജീവിത പന്ഥാവില്‍ നഷ്ടമായ പാവ നാടകത്തിലെ--
ആടി തിമിര്‍ക്കും കഥാപാത്രങ്ങളില്‍ ഒന്നു മാത്രം!!

നിഷ്കളങ്കമാം ബാല്യങ്ങളില്ല
മോഹങ്ങള്‍ പൂക്കുന്ന കൌമാരങ്ങളില്ല
യൌവനത്തിന്റെ ചോര തുടിപ്പുകളും എന്നേ മറഞ്ഞു.!
എന്നിട്ടും..
പിറവിക്കു മുന്‍പ്..മണ്ണില്‍ പുതഞ്ഞ ഭൂതകാലാവശിഷ്ടളില്‍--
അവള്‍ തേടുന്നു സ്വന്തമച്ഛന്റെ മുഖം.!
കളീകൂട്ടുക്കാര്‍ ഇല്ലാതെ
ചിതറി തെറിച്ച വളപൊട്ടില്‍ ഒരു പുല്‍ നാമ്പ് കൊതിച്ചു!
കള്ളിതോഴന്‍ ഇല്ലാതെ
ഹൃദയത്തില്‍ അടവെച്ചു വിരിയിച്ച മയില്‍ പീലി തുണ്ടില്‍ ‍
സ്വപ്‌നങ്ങള്‍ നെയ്തു!

ചില്ല് വിളകിന്റെ കൈത്തിരി വെട്ടത്തില്‍
ഏകാന്തതയുടെ അഗാത ഗര്‍തത്തിലൊരു നിഴല്‍ കൂത്ത് നാടകം !!
കുടുംബ ഭാരങ്ങളില്‍ കരിതിരിയായി എരിഞ്ഞു തീരുന്ന അമ്മയില്‍ -
നിന്ന് ഉള്‍വലിഞ്ഞു പോയിവള്‍!
മുന്‍പേ പറന്നവരോടൊപ്പം പറക്കാന്‍..
ചിറകുകള്‍ ഇല്ലാതെ പോയിവള്‍ക്ക്!

കണ്ണുനീര്‍ കുരുതി കളത്തില്‍ ലയിച്ചു ഒരു തേങ്ങലായി!
മൌനത്തിന്റെ ഇടനാഴികളില്‍ വലിച്ചെറിയപ്പെട്ട-
പൊട്ടിയ തകര ചെണ്ട പോല്‍
നിശബ്ധയാം യാമങ്ങളില്‍ അവള്‍ സ്വന്തം നിഴലില്‍ ഉരുകി ഒലിച്ചു..!
നിലവിളക്കിനു കരിയാക്കിയവര്‍ അന്തകാരം പകരം കൊടുത്തു !.

ഒരു നാള്‍ വരും
നിലാവുള്ള രാത്രികളില്‍ ഒന്നില്‍ നിന്റെ
നിഴലുകല്കു ചിറകുകള്‍ വിടരും..!!
ഒരു നക്ഷത്രമെന്കിലും നിന്റെ വിരല്‍ തുമ്പിനെ തഴുകും !!
കത്തിയമര്‍ന്ന വെണ്ണീരില്‍ നിന്നൊരു പക്ഷി ഉയരും..!!
അത് നിന്റെ സ്വപ്നങ്ങളെ തലോടും..!!
അതിനു മുന്‍പേ ഈടുകൊള്‍ക്ക എന്റെ ഉള്ളിലെ ഈ ഉള്‍തുടിപ്പുകള്‍.

അധികമാകിലോരിക്കലും -
ഞാനെന്റെ ജീവിതം ആ കാല്‍ പാദങ്ങളില്‍--
സമര്‍പ്പിച്ചാല്‍ കൂടി..!!!