പൊന്നാനി 
----------------
പ്രലോഭനങ്ങള്‍ക്ക് നടുവിലും 
നഗരമാകാന്‍ കൂട്ടാക്കാത്ത 
പൊന്നാനിയുടെ ആഴ്ചാവസാന തിരക്കില്‍ 
പരിചിതരായ അപരിചിതരെപോലെ നാം
 
നമുക്ക് മുന്നില്‍ അപരിചിതത്വത്തിന്റെ 
തണുപ്പ് നിറച്ച പഴച്ചാറ് ഗ്ളാസ്സുകള്‍
എത്ര നേരമായോ എന്തോ 
ആരൊക്കെയോ വരാനിരിക്കുന്നു 
കാണാനിരിക്കുന്നു വെന്ന് 
വിയര്‍ക്കുന്ന  ഞാന്‍ 
 
ബുസ്സിരങ്ങിയും കയറിയും 
പോകുന്നവരില്‍ പരിചയക്കാര്‍ ഉണ്ടാവാം
ചിലപ്പോള്‍ ബന്ധുക്കളും 
ബൂട്ടി പാര്‍ലറില്‍ കയറി 
എത്ര കഴുകി തുടച്ചിട്ടും പോകുന്നില്ല 
പരന്വര്യത്തിന്റെ അടയാളങ്ങള്‍
 
പണ്ട് 
എന്റെ ഗ്രാമം 
നിഷ്കളങ്കതകള്‍ വിറ്റ് 
വീട്ടു സാമാനങ്ങള്‍ വാങ്ങാന്‍ 
വരുന്നിടം ആയിരുന്നു അവിടം 
പൊട്ടിയ ഒരു കമ്മലോ 
ഞ്ളുങ്ങിയ അലുമിനിയ പാത്രത്തിനോ പകരം 
തിളങ്ങുന്ന കല്ല് വെച്ച ഒന്നോ 
മിന്നുന്ന ഒരു സ്റ്റീല്‍ പാത്രമോ
സ്വന്തമാക്കുന്നയിടം 
 
ചിലപ്പോള്‍ വഴിയാത്രക്കാരില്‍ 
ഉണ്ടാവാം 
കുടമണി കിലുക്കുന്ന വെളുത്ത 
കാളക്കുട്ടന്മാരുമായി  ദാസേട്ടന്‍ 
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ 
പായാരം നിറച്ച കാളവണ്ടിയുമായി 
 
അച്ഛന്റെ പെന്‍ഷന്‍ കൂട്ടുകാര്‍ 
കറന്റ് ബില്ലടക്കാന്‍ ഗ്രാമത്തില്‍ 
നിന്നയക്കുന്ന ശിങ്കിടി പയ്യന്മാര്‍ 
ആര് കണ്ടാലും അത്ഭുതപ്പെടും 
ഗ്രാമത്തില്‍ നിന്ന് പ്രേമിച്ചു 
ഒളിച്ചോടി പോയവരുടെയും 
ആത്മഹത്യ ചെയ്തവരുടെയും 
ലിസ്റ്റില്‍ ഇല്ലാത്ത ഒരു പേര് 
ചിലപ്പോള്‍ പുതുതായി 
എഴുതി ചേര്ക്കപ്പെടാം 
 
എത്ര മാറിയിരിക്കുന്നു എല്ലാം 
വെള്ളമില്ലാത്ത ചമ്രവട്ടം പുഴയ്ക്കു
വൈകി കിട്ടിയ ശാപ മോക്ഷം പോലെ 
ഒരു  പാലം
 
മെയിന്‍ റോഡില്‍ നിന്ന് ചന്തപടി 
വരെ നീളുന്ന പരിചിതമായ കടകള്‍ 
സ്പൈക് ചെയ്ത   ചെറുപ്പക്കാരെ 
കാണുമ്പോള്‍ അപകര്‍ഷത്വം 
കൊണ്ട് ചൂളുന്ന പഴയ 
 കഷണ്ടിക്കാരെ പോലെ
പിന്നിലേക്ക് മാറിയിരിക്കുന്നു 
എന്റെ കല്യാണത്തിന് 
സ്വര്‍ണ്ണം വാങ്ങിയ പുഞ്ചിരി ജെവേല്ലേരി ഇന്നു
വലിയൊരു പൊട്ടിച്ചിരിയായി നഗര മധ്യത്തില്‍ 
 
ചിലപ്പോള്‍ ആരുമുണ്ടാവില്ല 
എന്നെ അറിയുന്നവരായിട്ടു 
ഗ്രാമം എഴുതി തീര്‍ത്ത കഥകളിലെ 
കഥാപാത്രമാകാം ഞാന്‍ 
ഇനി ഞാനെത്ര മാറ്റി എഴുതിയാലും 
അവര്‍ സമ്മതിച്ചു തരില്ല 
തോട്ടുമുഖത്ത് ഭഗവതിയെയും 
തോന്നി കുരുംബ കാവില്‍ അമ്മയെയും
 ഒക്കെ പോലെ അവര്‍ എന്നെയും ഒരിടത്ത്
പ്രതിഷ്തടിച്ചിരിക്കുന്നു 
പണ്ടെങ്ങോ കല്യാണം കഴിഞ്ഞു പോയവള്‍ 
ഗ്രാമം കടന്നു 
പുഴ കടന്നു
കടല്‍ കടന്നു
പോയവള്‍ 
എഴുതി കഴിഞ്ഞ കഥകള്‍ 
തിരുത്തനാഗ്രഹിക്കാത്തവര്‍ 
ആയിരുന്നു എന്റെ നാട്ടുകാര്‍ 
ഉത്സവ പറന്വുകളിലെ   നാടകങ്ങള്‍ 
പോലെ ഒരേ ക്ലൈമാക്സ് 
എന്നും രാജേട്ടന്‍ തന്നെ നായകന്‍ 
വേണുവേട്ടന്‍ വില്ലന്‍ 
എല്ലാം മാറ്റി മറിചെന്നഹങ്കരിക്കുന്ന 
അച്ഛന്റെ തൂലിക 
 
പൊന്നാനിയുടെ സാരിത്തുമ്പില്‍
നാണിച്ചു  മുഖം മറച്ചിരിക്കുന്ന  
 പുളിക്കകടവിനും  കിട്ടി ഇക്കുറി 
  കാറ്റില്‍ ആടുന്ന ഒരു തൂക്കു പാലം
 
ഒടുവില്‍ പാലങ്ങളുടെ നഗരമായി
 തീരുമോയിത്  എന്ന് അതിശയിപ്പിക്കും വിധം 
 
എന്നിട്ടും   ഉത്തരം കിട്ടാത്ത 
 ഒരായിരം യാത്രാസമസ്യകള്‍
 
അക്കരെക്കും ഇക്കരക്കു മിടയില്‍ 
നിശ്ചലമായി പോയ  
ഓര്‍മയുടെ  കളി വഞ്ചികള്‍ 
   
വറ്റിപോകുന്നു കാല്‍ നനയ്ക്കും  മുന്‍പേ 
 ഉള്ളിലെ  നാടെന്ന  ജലാശയം 
 
എങ്കിലും പൊന്നനിയെന്നും പൊന്നാനി തന്നെ
ആഗ്ര ചര്‍മ്മം മുറിക്കപ്പെട്ട 
മീസാന്‍ കല്ലുകളുടെ പ്രതാപത്തിലല്ല 
ഒരു കടലുണ്ടെന്ന അഹങ്കാരത്തിലുമല്ലാതെ  
ഞങ്ങള്‍ക്ക് ഉടഞ്ഞതും 
പൊട്ടിയതും നിറം മങ്ങിയതും 
വിളക്കി  ചേര്‍ക്കാനും 
വെളുപ്പിക്കാനും ഉള്ളയിടം 
 
എന്റെ കൌമാരം നീളന്‍ പാവാടയുടുത്തു 
പുതിയ അറിവുകളിലേക്ക് ബസ്സിറങ്ങിയതിവിടെയാണ് 
എ വി എച് എസ്സില്‍ നിന്നും 
പുതിയ അക്ഷരങ്ങള്‍ തുടിക്കുന്ന 
മനസിലേക്ക് 
മഷി നിറക്കാന്‍ പോയിരുന്ന  ബൈണ്ടരുടെ 
 പീടികയും 
എം ഈ എസ്സില്‍ നിന്ന് ഒരു മൂളിപ്പാട്ടോടെ 
പുറപ്പെടുന്ന സിന്ധു ബസ്സിലും 
വെച്ച് മറന്നെന്റെ കൌമാരത്തിന്റെ 
കുടയില്‍ ഇന്നു നാം 
പരസ്പരം കാണാതെ  കണ്ട്
ഒരായിരം കണ്ണുകള്‍ പെയ്യുന്ന
 മഴയിലേക്കിറങ്ങി 
 
ഒരു കുടയിലെങ്കിലും
അജ്ഞാതമായ ഭയത്തിന്റെ 
രണ്ടു മഴയത്ത് നമ്മള്‍ 
കണ്ണിറുക്കി കാട്ടുന്നു 
കൂടെ വരട്ടെയെന്ന് ചോദിക്കുന്നു 
വെയിലും മഴയും ഒരുമിച്ചു 
ഈ കുടയില്‍ 
ഒടുവില്‍ ഒരു മഴ ഇടപ്പാളിലേക്കും
മറ്റേ മഴ മാറഞ്ചെറിയിലേക്കും 
ബസ്സു കയറി പോകും വരെ 
പല നിറത്തിലുള്ള ചിരി ചിരിച്ച 
എത്ര കുടകളാണ് നമ്മെ കടന്നു പോയത് 
അപ്പോളും അവശേഷിക്കുന്നു 
കുടിച്ചു തീരാത്ത അപരിചിതത്വത്തിന്റെ 
തണുപ്പായ് നമുക്കിടയില്‍ പൊന്നാനി 
പ്രലോഭനങ്ങള്‍ക്ക് നടുവിലും 
നഗരമാകാന്‍ കൂട്ടാക്കാതെ 
ഉള്ളില്‍ ഒരു കടലുണ്ടെന്ന അഹങ്കാരമില്ലാതെ
.....................