Thursday, February 18, 2010

എന്റെ ആറാംതമ്പുരാൻ

ഉള്ളം പിടഞ്ഞന്നാവാർത്ത കേട്ടന്റെ
ഹൃദുസ്പന്ദനം നിലച്ചുപോയൊരുമാത്ര.
ജനിച്ചവൻ പതിവിലും നേരത്തെ ഇനീ
കാണുവാൻ ഈ ലോകമെത്രയുണ്ട്!

ആറുമാസംകഴിച്ചവൻ ഗർഭത്തിലേതോ
കാരഗൃഹത്തിലെന്നപോലെ,
പേറ്റുനോവിനാലമ്മ പിടയുമ്പോൾ
കൈകാലിട്ടളിക്കിച്ചിരിച്ചവൻ ഗമിച്ചുവോ ?

ജനിച്ചവൻ, നിൻകുഞ്ഞിപ്പോഴെന്ന്
കേട്ടഞാൻ സ്ത്ബദ്നായ് നിന്നുപോയി…ഒരുമാത്രനിശ്ചലം..!!
ഇനിയും മാസങ്ങൾകഴിഞ്ഞെ പിറക്കാവു
പൂർണ്ണത എത്തിയ എൻപുത്രൻ എന്നോർത്തു ഞാൻ.

കാണാൻ കൊതിച്ചുഞാൻ ,
നിൻപൂമേനിയതിലെന്നെ തിരഞ്ഞു നടക്കാൻ കൊതിച്ചു.
എൻപെണ്ണോ ഞാനോ
നീയായ് പിറന്നതെന്നറിയാൻ.

ഇന്നലെ കണ്ടുഞാൻ നിന്നെ എൻ പുണ്യമെ
നെഞ്ചുപിടഞ്ഞുപോയ് നിന്നുടൽകണ്ട്
ദൈവമെ അടർത്തിമാറ്റെല്ലെൻ-
കുഞ്ഞിനെയെന്നിൽ നിന്ന്……
എന്റെ നെഞ്ചിൽ നിന്ന്…...

വാക്ക് വരച്ച വര

“കാഫര്‍!”

ഉള്ളുതിങ്ങിയിറങ്ങിവന്ന വാക്കറിഞ്ഞില്ല
അകത്തു മുറിഞ്ഞ ഞരമ്പുകളൊന്നിനേയും.
എരിച്ചുകൊണ്ടിറങ്ങിയ തുള്ളികളൊന്നും
നേര്‍പ്പിച്ചില്ല ഒരിറ്റുനോവുപോലും.
ചഷകമേ നിന്നില്‍ തുളുമ്പുന്ന മധു
എപ്രകാരം നിറച്ചുവോ നിന്നുള്ളിനെ
ഒരുതവണ പോലും നിറഞ്ഞില്ലകമതുപോല്‍.
ഇരുട്ടുകൊണ്ട് മെനഞ്ഞ കുടത്തില്‍കോരിയ
വെളിച്ചംപോല്‍ അറിവ് ഒഴിഞ്ഞുതീര്‍ന്നു.
ഏതു പാത്രത്തില്‍ കോരിയളന്നിട്ടും
അളവുകള്‍ പാത്രത്തിന്റെ മാത്രമാക്കുന്ന മായയോ സത്യം?.
ആരറിയുന്നു കണ്ണീരിനെ കണ്ണറിയുന്നപോല്‍
കഴുകിയൊഴുകുന്ന ഉള്‍ക്കാഴ്ച്ചയുടെ പുഴയെ
അളവുകളുടെ അനുപാതത്തെയാകെ കീഴ്മേല്‍ മറിച്ച്
തുളുമ്പുന്ന ഒരു പുതിയകാഴ്ച്ച!
അകത്തുനിരത്തിയ പാത്രങ്ങളില്‍ കൊള്ളാത്ത ഒന്ന്.
പാറപോലുറച്ച സത്യത്തിന്റെ പുസ്തകമേ...
കളിമണ്ണ്പോലെ കുഴഞ്ഞ ജീവിതമേ...
എത്രവടിവുകളില്‍ വാര്‍ത്ത വാക്കാണുനീ.
എത്രവെന്താലുമുറക്കാത്ത അകവുമായി
ഉള്ളെരിഞ്ഞുമരിക്കുന്നവനുചുറ്റും നട്ടംതിരിയുന്ന ലോകത്തിനെ
താങ്ങിനിര്‍ത്താന്‍ കൂര്‍ത്തൊരച്ചുതണ്ട്?.
പറഞ്ഞുകഴിഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും
ഇനിപറയാനിരിക്കുന്നതുമായ
പരമസത്യത്തിന്റെ വാക്ക്!!
നനവായ്പടര്‍ന്ന നോവിന്റെ നേരിനെ
ഒരുതുള്ളിപോലുമറിയാതെ വരണ്ട വാക്ക്.

ഉമ്മ

1 . വൃദ്ധ സദനത്തിന്‍റെ
രജിസ്റ്ററില്‍ ഒപ്പിട്ട്,
കസവ് തുണി മടക്കിക്കുത്തി,
പുറത്തേക്കിറങ്ങേ;
കട്ടിളയില്‍ കാലു മുട്ടി
പടിവാതിലില്‍
ഒന്ന് വീണു...

പൊക്കിള്‍ ചുഴിയില്‍
ഉമ്മാന്‍റെ
നെഞ്ച്
പിടക്കുന്ന ഒരൊച്ച..

നോക്കുമ്പോള്‍
ജാലകത്തില്‍
കണ്ണൊലിപ്പിച്ച്‌
അവരുടെ
നൊന്തു പെറ്റ വാക്കുകള്‍
കിഴിയിട്ടുഴിയാന്‍
മാടി വിളിക്കുന്നു...

2. കുഞ്ഞുന്നാളില്‍
ഉറക്കമിളച്ച്
ദുസ്വപ്നങ്ങള്‍ക്ക് കാവലിരുന്നതും,
തൂറിയ മടിത്തട്ടും
ചോര കിനിയുവോളം
അമ്മിഞ്ഞ പിഴിഞ്ഞതും
വീര്‍പ്പു മുട്ടി ഗര്‍ഭം ചുമന്നതും
പിടഞ്ഞു പ്രസവിച്ചതും
ഒരുമ്മയും
മിണ്ടിയിട്ടില്ലയെന്നിട്ടും...

Wednesday, February 10, 2010

പുതപ്പുകൾ പറയുന്നത്‌...







  

വിയർപ്പുമണമുള്ള ഓരോ പുതപ്പും
ഓരോ കിതപ്പുകളുടേയും
അവസാനത്തെ തുടിപ്പുകളെ
കുറിച്ചാകുമോർക്കുക...

ഓരോ രാത്രിയിലും അവ
സ്വപ്നം കാണുന്നത്‌
നമ്മെപ്പോലെതന്നെ
അനുഭൂതികളുടെ
പുതിയ മഴക്കാടുകളാകും...

നരച്ച പകലുകളിലും,
കുളിരുള്ള പ്രഭാതങ്ങളിലും
ചിലപ്പോഴെങ്കിലും അവ
വിരസതയിൽ വഴുതിപ്പോകാറുണ്ട്‌...

സീൽക്കാരങ്ങളുടെ ഉച്ചസ്ഥായിയിൽ
വികാരങ്ങളുടെ തീയൊളിപ്പിച്ച്‌
നിശബ്ദമായി കരയാറുണ്ട്‌...
പൊട്ടിച്ചിരികളിലും,
അടക്കം പറച്ചിലുകളിലും
ഗൂഡമായി പുളകം കൊള്ളാറുണ്ട്‌...
ചവിട്ടിക്കീറിയ തുന്നലുകളൊളിപ്പിച്ച്‌
എപ്പോഴും പുതുതായിരിക്കാൻ
വൃഥാ പണിപ്പെടാറുണ്ട്‌................

പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!

© സുനിൽ പണിക്കർ  


വെറും രണ്ട് പ്രണയക്കാഴ്ച്ചകൾ ! ! /Verum Rantu Pranayakkaazcchakal !!


പ്രണയ കാലാന്തരങ്ങൾ
പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ ,
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായി ...
പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ; ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം,ശേഷം കൂലിയില്‍ ..!

പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ,
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....!

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???



നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയമുരളിയൂതി അനർഘനിഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
ചെറുപ്പത്തിലെ പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്.....
അതോടെ എന്റെ പ്രണയം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി -
പിന്നീട് പ്രണയം ശരിക്ക് വിടര്‍ന്നു പന്തലിക്കുകയായിരുന്നൂ !

നാട്ടിലെ പ്രണയം പേടിച്ചു ഇവിടെ ലണ്ടനിൽ വന്നപ്പോള്‍
-പട പേടിച്ചു പന്തളത്ത് വന്നപ്പോള്‍ ,പന്തം കൊളുത്തിപ്പട -
എന്ന പോലെയായി എന്റെ സ്ഥിതി .
Second hand to Tenth hand വരെയുള്ള ഇവിടത്തെ
പ്രണനിയിമാര്‍ക്കെല്ലാം , ഒരു ഭാരതീയന്‍ എന്നനിലയില്‍
എന്നോടു ബഹു കമ്പം !
ഇവിടുള്ളവരെ അപേഷിച്ചു -Indians so family oriented -
ആണെന്നുള്ള പരിഗണന വെച്ചുമാത്രമാണ് കേട്ടോ !
എന്തില്ലെങ്കിലും/എന്തായാലും ഉപേക്ഷിച്ച്  പോകില്ലല്ലോ ....?

ഇതുവരെയുള്ള എന്റെ പ്രണയാനുഭവങ്ങള്‍ വെച്ച്
പ്രണയ ദിനങ്ങളോടനുമ്പത്തിച്ച് എഴുതിയ കവിതകളോ
അതോ വെറും പദ്യങ്ങളോ ആണ്
പ്രണയ കാലാന്തരങ്ങളും പിന്നെ
February 14 ഒരു പ്രണയ ശുഭദിനവും





February 14 ഒരു പ്രണയ ശുഭ ദിനം


"പ്രണയിക്കുന്നൂ നിന്നെ ഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും ;
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ;അതിഥിയോടാതിഥേയൻ ;മുതലാളിയോ
പണിയെടുക്കും തൊഴിലാളിയോട് ;അവനാ സഖിയോട്‌ ;

പ്രണയിനി നാഥനോട്.....എല്ലാം വെറും ജല്പനങ്ങള്‍ !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ ; നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വ:ഹൃദയത്തിലേറ്റീപ്രണയ ശുഭദിനം  ! ! !

Wednesday, February 3, 2010

ചാറ്റല്‍ മഴയിലെ ചിന്ത

ചാറ്റല്‍ മഴയിലെ ചിന്ത

ചിന്ത തന്‍ വയല്‍ വരമ്പിലൂടെ
ഏകാന്തനായ് ഞാന്‍ നടന്നു...
പൊടുന്നനെ പെയ്തൊരു ചാറ്റല്‍ മഴയില്‍
ചിന്തകള്‍ ഭംഗിയേറിയ പോലെ...

ചിന്തിച്ച് ചിന്തിച്ച് കുളിരേറി വന്നപ്പോള്‍
ഓര്‍ത്തു ഞാന്‍ പഴയൊരു ചാറ്റല്‍ മഴയെ..
അന്നും നനഞ്ഞു കുളിരേറിയപ്പോള്‍
ചേര്‍ന്നു നടന്നോരാ പ്രണയത്തേയും...

ചറ പറ പെയ്തൊരാ ചാറ്റല്‍ മഴ
പൊടുന്നനെ അവളുടെ ഭാവം മാറ്റി...
കുളിരുള്ള നോവുള്ളോരനുഭൂതിയില്‍
പൊട്ടിക്കരച്ചിലോടെന്നിലേക്കവള്‍ പെയ്തിറങ്ങി...

കാലപ്രവാഹത്തില്‍ ഒരുപാട് നനഞ്ഞിട്ടും
മറക്കില്ല ഞാനന്നത്തെ ചാറ്റല്‍മഴയെ...
പെയ്തുതോര്‍ന്നയവളുടെ മുഖഭംഗിക്കും
ഇന്നിലേ എന്നിലെ ചിന്തകള്‍ക്കും....

പെയ്തടങ്ങിയ ഒരു മഴതന്‍ സാമ്യം....!
ചാറ്റല്‍ മഴ തന്‍ സാമ്യം.....
!

Monday, January 25, 2010

പ്രഭാത പുഷ്പം

പുലര്‍കാലമഞ്ഞിന്‍ കുളിരിളം തറ്റുടുത്ത
നീല ജലാശയത്തിലെ ഏകാന്ത പുഷ്പമേ..
ആദ്യ കിരണത്തിന്‍ മ്രുദലമാം
ആത്മപ്രഹര്‍ഷംകൊണ്ടോ നീ മെല്ലെ കൂമ്പിപ്പോയി..?

തൂവാന മുറ്റത്തെത്തും മുഗ്ദ്ധമാം വെണ്മുകില്‍
തുളുമ്പും ചിരിയാലെന്തോ കളി ചൊല്ലീടുന്നു..
ആരും കേള്‍ക്കാതെ പറയൂ നീ നവ സൂനമേ
ശോണകിരണം കാതിലോതിയ കാവ്യമേത്..?

രാഗ വിസ്താരം തീര്‍ന്ന രാക്കുയിലും കണ്ടുപോയി
രാ'പാര്‍ത്തെത്തിയ ലാ മുഖിയുമറിഞ്ഞുപോയി
എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!

Sunday, January 24, 2010

കാത്തിരിപ്പ്

സന്ധ്യ മയങ്ങുവോളം
കാത്തിരുന്നു ഞാന്‍
നീ വരുമെന്നാശിച്ചു
കാത്തിരിപ്പിലും കാത്തിരിപ്പിന്‍റെ-
സുഖം ഞാനനുഭവിച്ചു
നീ വരുമെന്ന് വിശ്വസിച്ചു
പക്ഷെ നീ വന്നില്ല
നീ ചോദിക്കാറുണ്ടായിരുന്നില്ലേ
ഈ നരവന്ന ചുക്കിച്ചുളിഞ്ഞ
എന്നെ നീ എന്തിനു കാത്തിരിക്കുന്നു

എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
പ്രണയത്തിന്റെ തണുത്ത
തീക്കനലും പേറി !!
തൊട്ടാല്‍ പൊള്ളുമെന്നു തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു തണുപ്പായിരുന്നു,
കുളിരായിരുന്നു.
അതായിരിക്കാം എന്നെ വീണ്ടും വീണ്ടും
പ്രണയത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍,
നനയാന്‍ പ്രേരിപ്പിച്ചത്

ഐസിന്റെ തണുപ്പ് തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു
ഇളം ചൂടായിരുന്നു
ആ ചൂടില്‍ എന്‍റെ തണുപ്പ് മാറിയിരുന്നു
അതായിരിക്കാം ഞാന്‍ വീണ്ടും വീണ്ടും
നിന്നെ പ്രണയിച്ചത്
കാറ്റിന്റെ ഗന്ധം ഞാന്‍ അറിയുന്നു
അതിനു നിന്‍റെ ചൂരാണ്
ആരെക്കാളും എനിക്കല്ലേ അറിയൂ
നര മുഴുവനായില്ലെങ്കിലും
ചെറു മന്ദഹാസം തൂകി
നീ വന്നു
ഞാന്‍ അലിയുകയാണ്
അലിഞ്ഞില്ലതാകുകയാണ്
നമ്മള്‍ ചെരുതാകുകയാണോ
പ്രായം വളരെയധികം
കുറഞ്ഞത്‌ പോലെ

നമുക്കീ അനന്ത വിഹായസ്സില്‍
പറന്നു കളിക്കാമെന്ന്
നീ ഓതിയപ്പോള്‍
എന്‍റെ കണ്ണിലൂര്‍ന്ന
മിഴിനീരില്‍
ഞാന്‍ മുങ്ങികുളിച്ചപ്പോള്‍
നിന്നെ കെട്ടിപ്പുണര്‍ന്നുമ്മവെച്ചു ഞാന്‍
നിന്‍ മധുന്നുകര്‍-
ന്നാനന്ദത്തില്‍ ആറാടി ഞാന്‍

പ്രണയത്തിന് ഇത്ര മധുരമോ
ഞാനറിയാതെ വിതുമ്പി
നിന്‍റെയീ കരവലയത്തില്‍
എന്നും ഞാന്‍ മുറുകട്ടെ
നിന്‍റെ സ്നേഹം മാത്രമാണ്
എന്‍റെ ജീവന്‍റെ തുടിപ്പുകള്‍
നിനക്കിനി പൊട്ടിക്കാന്‍ കഴിയില്ല
ഈ പ്രണയത്തിന്‍റെ പാശം
എനിക്കിനിയും കാത്തിരിക്കാനും
കഴിയില്ല !!!

മായം കലരുമ്പോള്‍...

കേള്‍ക്കാറില്ലേ?
മലയാളമല്ല!!
ഒരുതരം വിഷം കലര്‍ന്ന
മിശ്രിത ഭാഷയിലെ
എങ്കോണിച്ച ചുണ്ടുകളുടെ
കൊഞ്ചലുകള്‍.

സ്വന്തം സംസ്ക്കാരം
പുണര്‍ന്നുറങ്ങാന്‍-
ചാനലിലോടി
തളര്‍ന്നുറങ്ങിയ
രാത്രികളുണ്ട്!

വിരലിലെണ്ണാവുന്നവരുമായി
ഒരു ഭാഷാലോകം
ഉള്‍ വലിഞ്ഞതറിയാഞ്ഞാകാം-
ഉള്ളില്‍ വീര്‍പ്പുമുട്ടി
തികട്ടിവന്നൊരു ചിന്തയുമാകാം-
ഒരിക്കല്‍ ഞാനെന്റെ
ക്ലാവുപിടിച്ച തൂലിക
വാളിനരം വെച്ചു.

അങ്ങനെയാണീ വിശാല
ഭൂവിലൊരഞ്ചുസെന്റു
സ്ഥലം പോലെ
ഒരു നാളത്തെ പത്രത്താളില്‍
പ്രമാണമുള്ളൊരിടമെനിക്ക്
സ്വന്തമായുണ്ടായതും‌-
നിരര്‍ത്ഥങ്ങളര്‍ത്ഥം പേറിയ
ഹിപ്പിസയുഗം പോലൊ
രിടത്തതു പൊഴിഞ്ഞതും.

പിന്നീട് ഉള്ളിയും,
ഉണക്കമീനും പൊതിഞ്ഞ്
തെരുവോരത്ത് ചെളിപുരണ്ട്
ചവിട്ടി മെതിച്ച ആ.. ദുരന്ത
കാഴ്ച്ചയെ നീക്കം ചെയ്തത്
ഒരു കാലവര്‍ഷത്തിലെ
കുത്തൊഴുക്കാണ്!!

Friday, January 22, 2010

ഒരു അറിയിപ്പ്


ചിരി വഞ്ചനയുടെ കഠാര,
കണ്ണുനീര്‍ വേദനയുടെ അട്ടഹാസം 
നാക്ക് സ്വയരക്ഷയുടെ ആയുധം;
ചിന്തകള്‍ പ്രതികാരത്തിന്റെ മുറവിളി;
സ്വപനം സമാധാനത്തിന്റെ ഉള്‍തുടിപ്പ്,
എന്നിരുന്നാലും എല്ലാം വ്യര്‍ത്ഥം,
നിരാകരിക്കപ്പെട്ടവര്‍ക്ക് 
നിരാലംബര്‍ തന്നെ   ശരണം, 
പരിത്യജിക്കപ്പെട്ടവര്‍ക്കെന്നും 
പരസഹായം വേണം .

Wednesday, January 20, 2010

മുഖം മൂടികള്‍ മുഖങ്ങള്‍



ജീവിതയാത്രാ മദ്ധ്യേ 
കണ്ടു മുട്ടുന്നു പല മുഖങ്ങള്‍.
മുഖങ്ങളില്‍ ഏതു സ്വന്തം 
ഏതു അപരന്റെതു?
അറിയില്ല എനിക്ക് !
ജീവിതം സുഖമോ ദുഖമോ?
സുഖമെങ്കില്‍ ഇനി എന്ത് ?
ദുഖമെങ്കില്‍ ഇനി എന്തിനീ ജീവിതം ?
കപട മുഖങ്ങള്‍ ഒരു പാടു,പക്ഷെ 
വേര്‍തിരിക്കാന്‍ വയ്യല്ലോ ഈശ്വരാ !!!
മുഖം മൂടിയണിഞ്ഞ മുഖങ്ങള്‍ 
ചിരിക്കുകയാണെങ്കിലും കരയുന്ന മുഖങ്ങള്‍ 
ചുടുകണ്ണുനീര്‍ വാര്‍ക്കുന്ന മുഖങ്ങള്‍ 
മുതലകണ്ണുനീര്‍ വീഴ്ത്തുന്ന മുഖങ്ങള്‍ 
ആത്മാര്‍ഥതയുടെ കപടമുഖംമൂടി
ധരിക്കാത്ത മുഖമിതിലേത്?
അറിയില്ല എനിക്ക് 
സ്വന്തമേത്,അന്യന്റേതു?   

പ്രവാസ പര്‍വ്വം

പ്രവാസ പര്‍വ്വം

കാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍

കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍

ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.

കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍

കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!

ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!

Tuesday, January 19, 2010

പ്രണയ നൊമ്പരം -കല്യാണ ശേഷം / Pranaya Nomparam -Kallyannashessham .


പ്രണയ സാമ്രാജത്തിലെ ഒരു പാടുരാജകുമാരന്‍ /കുമാരി മാരെ
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ
പിന്നീടൊരിക്കലും അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ
ആയി എനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ
ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിച്ച കുറച്ചു വരികൾ...
ഒരു പ്രണയ കാന്തന്‍ കല്യാണ ശേഷം കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം കേട്ടൊ..

പ്രണയ നൊമ്പരം -കല്യാണ ശേഷം
മണമില്ലായൊരു പനിന്നീര്‍ പൂവുപോലുള്ളീ
പ്രണയനൊമ്പരങ്ങള്‍ ,
കണ്ണീര്‍ പോലും വറ്റിവരണ്ടുണങ്ങിയ
എനിക്കെന്തിനു നല്കിടുന്നൂ ?
നിണമണിഞ്ഞൊരു രുധിരക്കളത്തെ
പോലുള്ള നിന്‍ മനസിനുള്ളില്‍ ,
കണികാണാനില്ല -സ്വാന്ത്വനം ;
തൊട്ടുതലോടലുകള്‍ ,പിന്നെ പ്രേമവും !

പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന്‍
പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ഓര്‍മിച്ചുവോ
എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി
പോലെയാണെനിക്കിപ്പോള്‍ ജീവിതം !
കണവനിതാ കേഴുന്നു ഒരിറ്റു
പ്രേമത്തിനായി നിനക്കു ചുറ്റും ....

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
 വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !

പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവമിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?


പ്രണയനൊമ്പരങ്ങൾ

നിനക്കായി സഖീ




സൌഹൃദത്തിന്‍ പ്രേതത്തെ കാണുന്നു ഞാന്‍ 
വിരഹത്തിന്‍ ചിതയില്‍ എരിഞ്ഞമരുന്നു ഞാന്‍.
എന്‍ നിഴലിനെ ഒന്നു കാണാനാവാതെ;
നിന്‍ കാലൊച്ച ഒന്നു കേള്‍ക്കാനാവാതെ.
നിന്‍ മൌനം എത്ര വാചാലം സഖീ,
എങ്കിലുമിന്നും ഞാനതില്‍ കാണുന്നു,
എന്‍ ഇറ്റു വീണ  കണ്ണുനീര്‍ തുള്ളികള്‍ വറ്റാതെ...
ചേമ്പിലയില്‍ ശേഖരിച്ചെങ്കിലും,സഖീ
ഇനി എത്രയായ്യുസ്സുണ്ടതിനു 
ഒന്നു പുഞ്ചിരിച്ചു മറയാന്‍;
ജീവശ്വാസത്തിനായി പിടയുമെന്‍ ശരീരത്തിന് 
എന്തുകൊണ്ടെകുന്നില്ല നീ ജീവവായു ?
അറിയാനാവുന്നില്ല നിന്‍ മൌനത്തിനര്‍ത്ഥം, 
അലഞ്ഞിട്ടും സഖീ,നിരാശ മാത്രം ഫലം.
എന്‍ ശവകുടീരത്തില്‍ അര്‍പ്പിക്കാനാണോ 
നിന്‍ നയനങ്ങളിലെ കണ്ണീര്‍  പൂക്കള്‍ ?
വിള്ളല്ലേറ്റ മുറിപാടുകളോടെ 
ഒന്നു  മാത്രം ഞാന്‍ പറഞ്ഞിടട്ടെ,
വിശ്വസിച്ചിരുന്നു ഒരു പാടു നിന്നെ ഞാന്‍!!!

Monday, January 18, 2010

കിണറ്റിലെ തവളകള്‍

തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ്‌ ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!

Sunday, January 17, 2010

നിഴലും എത്ര നേരം ???

നിഴലുകളോട് പടവെട്ടി 
മനം മടുത്തവളാണ് ഞാന്‍.
മനസ്സില്‍ കുറിച്ചിട്ട 
മായാത്ത വര്‍ണ്ണങ്ങള്‍ 
മറ്റൊരു രൂപത്തില്‍ 
പ്രതിഫലിപ്പിക്കുന്നതെങ്ങിനെ
 ഞാന്‍?
പലനിഴലുകളെ ത്യജിച്ചും 
പല നിഴലുകളെ സ്വീകരിച്ചും 
പല നിഴലുകളെ സ്വാധീനിച്ചും 
കേവലം ഒരു നിഴലായി ഞാന്‍ 
അവശേഷിച്ചു,എന്നെന്നെക്കുമായി ...
എങ്കിലും സ്വന്തം നിഴലും 
കൂട്ടായി എത്ര നേരം ?
നിഴല്‍ പോലും സന്ധ്യവരെ;
ശേഷം ഞാന്‍ ഏകയായി 
ഇരുട്ടില്‍ തപ്പി തടഞ്ഞു 
വെട്ടത്തെ പ്രതീക്ഷിച്ച്,
എന്‍ നിഴലിനെ കാത്ത്...

എന്‍ ജീവന്റെ സ്പന്ദനം


എന്‍ വാക്കുകള്‍ക്ക് ജീവനുണ്ടെങ്കിലും,
ആത്മാവില്ലാത്തോരവസ്ഥ 
ഈ വാക്ക് ദാരിദ്ര്യം എന്നു തീരും;
എന്‍ വിഷാദക്കുറുപ്പുകളില്‍-
ഞാന്‍ എന്ന് കാണും ജീവന്റെ സ്പന്ദനം .
എന്നു കണ്ടുകിട്ടുമെനിക്കെന്റെ 
മാത്രമാം ആത്മാവിനെ.
അകലങ്ങള്‍ അധികം ഉണ്ടെന്നു 
സമയം വിളിച്ചു പറയുമ്പോഴും 
അരികില്‍ തന്നെയാണെന്ന് 
മനസ്സ് പറയുന്നു.

Tuesday, January 12, 2010

"ചെറുമിപെണ്ണ് "

ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത്‌ കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായി

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

ദൈവത്തിന്റെ മരണം

ചെറുചില്ല ഉരഞ്ഞുകരഞ്ഞു,
ചെറുകിളി കൂടും തേടിഅലഞ്ഞുകരഞ്ഞു.
നിലകളിലലഞ്ഞു കരഞ്ഞെൻ മനസ്സും,
തേടി അലഞ്ഞു,
ഞാനെൻ മനസ്സും തേടിയലഞ്ഞു.!

ചരിഞ്ഞുമലർന്നൊരു കൊമ്പൻപോലെ-
ന്നുള്ളിൽ മലർന്നു ദയതൻ കണികയും
അഴുകിയുടഞ്ഞൊരു ഗജരാജൻപോലെ,
അലിയാതഴുകി എന്നിൽ നീതിയും.

പലകുറി അലറിവിളിച്ചു,
പിന്നെ തുരുതുരെ തുമ്മി ഗണ്ണും പിസ്റ്റലും.
ചെന്നിണമുതിർന്നുകുഴഞ്ഞൊരു മണ്ണിൽ,
പടയണികൂട്ടി എല്ലാ ദൈവവും!

ദേഹിവെടിഞ്ഞൊരു ദേഹത്തിന്നിമ-
പൂട്ടാനാളില്ലാതെ കരഞ്ഞുദേഹി,
കലിയുഗമാണെന്നോതിച്ചിലരാ-
ത്തക്കം നോക്കി കട്ടുമുടിച്ചു.


കണ്ണിൽത്തിമിരം വന്നു നിറഞ്ഞു,
കാണാനാവാതെ കുഴങ്ങി ദേഹി.
അധർമ്മദർഭ കിളിർത്തുഭൂമിയി-
ലന്ന്യം നിന്നു സത്യധർമ്മങ്ങൾ!!

തമ്മിലടിച്ചുമരിക്കും മക്കളെ,
നോക്കിയിരുന്നു ചിരിച്ചു ദൈവം
പിന്നെ
കണ്ണു മിഴിച്ചു മരിച്ചു ദൈവം.

15.05.2005